മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ യാഥാര്‍ഥ്യത്തിലേക്ക്
text_fieldsആപ്പിളിനുവേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനി ഫോക്സ്കോണ്‍ ഇന്ത്യയിലും ഐഫോണുകളും ഐപാഡുകളും നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. 2020ഓടെ ഡാറ്റ സെന്ററുകളും ഫാക്ടറികളും അടക്കം ഇന്ത്യയില്‍ തുറക്കാനുള്ള ചര്ച്ചകളിലാണെന്നാണ് സൂചന. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ ഇന്ത്യയില്‍ വില കൂടുതലുള്ള ഐഫോണുകള്‍ ഇതോടെ കുറഞ്ഞ വിലക്ക് കൊടുക്കാന്‍ കഴിയും. ഇപ്പോള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ചൈനയില്‍ തൊഴില്‍വേതനം കൂടിയതും നിര്‍മാണച്ചെലവ് ഏറിയതുമാണ് ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ലിമിറ്റഡ് എന്ന് വ്യാപാര നാമമുള്ള ഫോക്സ്കോണെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ജപ്പാന് കമ്പനി സോണി, തയ്വാന് കമ്പനി ഏസര്‍, ചൈനീസ് കമ്പനി ഷിയോമി എന്നിവക്കും സ്മാര്‍ട്ട്ഫോണ്‍ ഘടകങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത് ഫോക്സ്കോണ്‍ ആണ്. കേന്ദ്രം അനുമതി നല്കിയാല് മഹാരാഷ്ട്രയിലാകും പ്ളാന്റ് സ്ഥാപിക്കുകയെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര സര്‍ക്കാറുമായി ഫോക്സ്കോണ്‍ ചര്‍ച്ചകള്‍ നടത്തിയായി പറയുന്നു. ആപ്പിള്‍, ഫോക്സ്കോണ്‍ എന്നിവ ഒൗദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ളെങ്കിലും ഇന്ത്യയില്‍ സ്ഥലംനോക്കാന്‍ ഫോക്സ്കോണ്‍ ഉദ്യോഗസ്ഥ സംഘത്തെ ഉടന്‍ അയക്കുമെന്ന് മഹാരാഷ്ട്രയിലെ വ്യവസായമന്ത്രി സുഭാഷ് ദേശായിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മൂന്നാമതാണ് ഇന്ത്യ. സ്മാര്‍ട്ട്ഫോണ്‍ ഉടമകളുടെ എണ്ണത്തില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ് ജനസംഖ്യ ഏറെയുള്ള ഇന്ത്യ. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുന്ന സാംസങ്ങും മൈക്രോമാക്സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികളുമാണ് ഇപ്പോള്‍ ഇവിടത്തെ വിപണിയില്‍ മേധാവിത്തം പുലര്‍ത്തുന്നത്. ആപ്പിളിന്‍െറ ഇന്ത്യയിലെ വിപണി വിഹിതം പത്ത് ശതമാനമാണ്. 2019ഓടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളുടെ എണ്ണം 650 ദശലക്ഷമാകുമെന്നും ടാബ്ലറ്റുകള് 18.7 ദശലക്ഷമാവുമെന്നുമാണ് നെറ്റ്വര്‍ക്കിങ് കമ്പനിയായ സിസ്കോ സിസ്റ്റംസിന്‍െറ കണക്കുകൂട്ടല്‍.
വില അരലക്ഷത്തിന് മേലെയായിട്ടും ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വന്‍ ജനപ്രീതിയാണുള്ളത്. വിപണിക്കടുത്ത് ഉല്പാദനശാലകള് ആരംഭിക്കുന്നതോടെ ചെലവ് കുറയും. 2014ന്‍െറ അവസാനപാദത്തില്‍ മാത്രം അഞ്ചുലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. 2013 വര്‍ഷമാകട്ടെ പത്തുലക്ഷമായിരുന്നു വില്പന. ചില റീസെല്ലര്മാരുമായി ഇന്ത്യയില്‍ സഹകരിക്കുന്നുണ്ടെങ്കിലും ആപ്പിളിന് സ്വന്തം സ്റ്റോറുകള്‍ രാജ്യത്തില്ല. ഇപ്പോഴത്തേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഐഫോണുകള്‍ ലഭ്യമാക്കുന്നതിനൊപ്പം ചെലവുകുറഞ്ഞ രീതിയില്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയാണ് ആപ്പിളിന്‍െറ ലക്ഷ്യം. ഫോക്സ്കോണ്‍ ഭാവിയില്‍ ഇന്ത്യയില്‍ 1012 ഷോപ്പുകള്‍ തുറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
മികച്ച അടിസ്ഥാനസൗകര്യങ്ങളും വിതരണക്കാരും കുറവുള്ള ഇന്ത്യയില്‍ സാങ്കേതിക ഉല്പന്നങ്ങള് നിര്‍മിച്ചിറക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാലാണ് ഇന്ത്യയിലെ നൂറോളം വരുന്ന കമ്പനികള്‍ ചൈന, തയ്വാന് എന്നിവിടങ്ങളില്‍ നിര്‍മിച്ചിറക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.