ഇനി 4ജിയുടെ അതിവേഗ യുദ്ധം
text_fields‘അതിവേഗ ഡൗണ്‍ലോഡിങ്’ ആഗ്രഹിക്കുന്ന പുതുതലമുറക്കായി ‘4ജി’ യുദ്ധത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. പരമാവധി ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്വര്‍ക്കിലാക്കാനുള്ള യുദ്ധത്തിനാണ് മൊബൈല്‍ സേവന ദാതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സൗകര്യ വാഗ്ദാനങ്ങള്‍ക്കൊപ്പം വെല്ലുവിളികളുമായാണ് കമ്പനികള്‍ രംഗം കൊഴുപ്പിക്കുന്നത്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ തുരുതുരാ ഫോര്‍ജി സംവിധാനമുള്ള സ്മാര്‍ട്ട്ഫോണുകളും ഇറക്കുന്നുണ്ട്.
തടസ്സങ്ങളില്ലാതെ ഹൈ ഡെഫനിഷന്‍ വിഡിയോ സ്ട്രീമിങ്, അതിവേഗ അപ്ലോഡിങ്, സിനിമ, മ്യൂസിക്, ഇമേജ് എന്നിവയുടെ ഡൗണ്‍ലോഡിങ്, വീഡിയോ കോളിങ് തുടങ്ങിയവയാണ് പുതുതലമുറക്കായി ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവുമാണ് പ്രമുഖ കമ്പനികളെല്ലാം ഉന്നംവെക്കുന്നത്. ഈ നഗരങ്ങളിലെ ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയശേഷം മറ്റു നഗരങ്ങളിലേക്കും ഗ്രാമീണമേഖലകളിലേക്കും ‘4ജി’ ചുവടുറപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എയര്‍ടെല്‍ ഇതിനകംതന്നെ കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 4ജി സേവനമൊരുക്കിക്കഴിഞ്ഞു. തങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ ആണെന്നാണ് ഇവരുടെ അവകാശവാദം. മൊബൈല്‍ ഫോണ്‍, ഡോംഗിള്‍സ്, 4ജി ഹോട്ട്സ്പോട്ടുകള്‍ തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളില്‍ 4ജി സേവനം ലഭ്യമാക്കിയതായും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള ലോഞ്ചുകള്‍ക്ക് മികച്ച പ്രതികരണമാണത്രെ ലഭിച്ചത്.
2012 ഏപ്രിലില്‍ കൊല്‍ക്കത്തയിലാണ് എയര്‍ടെല്‍ ആദ്യ 4ജി നെറ്റ്വര്‍ക് അവതരിപ്പിച്ചത്. ഈവര്‍ഷം രാജ്യത്തെ 296 നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുമായി ബിസിനസ് കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍വഴി സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ തങ്ങളുടെ 4ജി സിം സമ്മാനമായി നല്‍കണമെന്നാണ് ധാരണ.
എയര്‍ടെലിന് പിന്നാലെ രംഗം കൊഴുപ്പിക്കാന്‍ വോഡഫോണും രംഗത്തിറങ്ങി. കൊച്ചി, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു എന്നിവയാണ് വോഡഫോണ്‍ 4ജിയുടെ പരിധിയില്‍വരുന്ന ആദ്യ നഗരങ്ങളെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം കേരളം, അസം, നോര്‍ത് ഈസ്റ്റ്്, യു.പി വെസ്റ്റ്, രാജസ്ഥാന്‍, കര്‍ണാടക, ഒഡിഷ എന്നീ ഏഴ് സര്‍ക്കിളുകളില്‍ക്കൂടി വോഡഫോണ്‍ തങ്ങളുടെ സ്വന്തം 3ജി നെറ്റ്വര്‍ക്കിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ കേരളം, കര്‍ണാടകം, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നീ അഞ്ചു സര്‍ക്കിളുകളില്‍ 4ജി നല്‍കുന്നതിനുള്ള സ്പെക്ട്രം വോഡഫോണ്‍ സ്വന്തമാക്കിയിരുന്നു. സേവനം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ടവര്‍ സൈറ്റുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തികവര്‍ഷം 23,000ലേറെ വര്‍ധിപ്പിച്ച് മൊത്തം 1,31,000 മായി ഉയര്‍ത്തിയിരുന്നു.
വണ്‍ജി മുതല്‍ ഫോര്‍ജി വരെ
1987ല്‍ രംഗത്തത്തെിയ വണ്‍ജി എന്ന ഒന്നാം തലമുറയില്‍ ഫോണ്‍ വിളി (ശബ്ദം) മാത്രമായിരുന്നു സാധ്യമായിരുന്നത്. അഡ്വാന്‍സ്ഡ് മൊബൈല്‍ ഫോണ്‍ സിസ്റ്റം (എ.എം.പി.എസ്) എന്നായിരുന്നു ഈ സാങ്കേതികവിദ്യയുടെ പേര്. ഇത് അനലോഗ് ഫോര്‍മാറ്റിലായിരുന്നു. സാധാരണ റേഡിയോയുടേതുപോലെ 800 മെഗാഹെര്‍ട്സ് ബാന്‍ഡിനെ പല ചാനലുകളാക്കി തിരിച്ചായിരുന്നു പ്രവര്‍ത്തനം. കോള്‍ മുറിയുകയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനം ശബ്ദശല്യമുണ്ടാക്കുകയും പതിവായിരുന്നു.
രണ്ടാംതലമുറയായ 2ജി ഡിജിറ്റല്‍ ഫോര്‍മാറ്റായിരുന്നു. സിം കാര്‍ഡ് ഇതിനൊപ്പമാണ് പ്രചാരത്തിലായത്. ടെക്സ്റ്റ് മെസേജിങ്, മള്‍ട്ടി മീഡിയ മെസേജിങ്, 2.5 ജിയില്‍ ഇന്‍റര്‍നെറ്റ് സൗകര്യം, 2.75 ജിയില്‍ കുറച്ചുകൂടി വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് (എഡ്ജ് വഴി) എന്നിവ ഇത് സാധ്യമാക്കി. സെക്കന്‍ഡില്‍ 9.6 മുതല്‍ 14.4 കിലോബൈറ്റ്സ് ആയിരുന്നു ഇന്‍റര്‍നെറ്റ് വേഗം. ത്രീജിയില്‍ 144 കിലോബൈറ്റ്സ് മുതല്‍ രണ്ട് മെഗാബൈറ്റ്സ് വരെയായിരുന്നു വേഗം. 3.5 ജിയില്‍ ഇന്‍റര്‍നെറ്റിന്‍െറ വേഗം കൂടി. ഫോര്‍ജിയില്‍ ഇന്‍റര്‍നെറ്റിന് (ഡാറ്റ) സെക്കന്‍ഡില്‍ 10 മെഗാബൈറ്റ്സ് മുതല്‍ 100 മെഗാബൈറ്റ്സ് വരെയും ഫോര്‍ജി ലോങ് ടേം ഇവലൂഷന്‍ (എല്‍ടിഇ) അഡ്വാന്‍സ്ഡില്‍ ഒരു ജിഗാബൈറ്റ്സ് വരെയുമാണ് വേഗം. വയര്‍ലസ് ബ്രോഡ്ബാന്‍ഡും സാധ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.