
ഐഫോൺ യൂസർമാരെ അസൂയപ്പെടുത്തുന്ന ആറ് കിടിലൻ ആൻഡ്രോയ്ഡ് ഫീച്ചറുകൾ...
text_fieldsകഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഒരു ഓപറേറ്റിങ് സിസ്റ്റം എന്ന നിലയിൽ ആൻഡ്രോയ്ഡ് കൈവരിച്ച വളർച്ച ഞെട്ടിപ്പിക്കുന്നതാണ്. വർഷങ്ങളായി ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിച്ചുവന്ന ഒരാൾക്ക് ഒരുപക്ഷെ ഇനി ഐ.ഒ.എസി-ലേക്ക് മാറുന്നത് അങ്ങേയറ്റം കഠിനമായിരിക്കും. കാരണം, ആൻഡ്രോയ്ഡ് ഒ.എസ് നിലവിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളും സ്വാതന്ത്ര്യവും ഐ.ഒ.എസിൽ നിന്ന് നിങ്ങൾക്ക് ലഭിക്കില്ല. ഐഫോണുകളിൽ സമീപകാലത്തായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഫീച്ചറുകളിൽ പലതും വർഷങ്ങൾക്ക് മുമ്പ് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാക്കിയതായിരുന്നു. ആൻഡ്രോയ്ഡ് ലോകത്ത് നിന്ന് ഐ.ഒ.എസിലേക്ക് പോകുന്നതിൽ നിന്ന് എന്നെ തടയുന്ന് ആറ് പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്...
കസ്റ്റമൈസേഷൻ...
ആൻഡ്രോയ്ഡ് യൂസറെന്ന നിലയിൽ ഐ.ഒ.എസിലേക്ക് പോകുന്നതിൽ നിന്ന് തടയുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം, ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം അനുവദിക്കുന്ന കസ്റ്റമൈസേഷൻ തന്നെയാണ്.
Image - gizchina
ഇഷ്ടമുള്ള ഐകണുകളും ലോഞ്ചറുകളും ഫോണ്ടുകളും വിഡ്ജറ്റുകളും തിരഞ്ഞെടുത്ത് ഫോണിന്റെ ഹോം സ്ക്രീൻ ഇഷ്ടാനുസൃതമാക്കാനുള്ള സ്വാതന്ത്ര്യം ആൻഡ്രോയ്ഡിൽ മാത്രമേയുള്ളൂ. ആപ്പ് ഐകണുകൾ ഇഷ്ടമുള്ള ഇടത്തേക്ക് നീക്കി വെക്കാനുള്ള ഓപ്ഷൻ പോലും ഐ.ഒ.എസിൽ ഇല്ലെന്നത് വലിയ പോരായ്മയാണ്.
എന്തിന്, ഇഷ്ടമുള്ള റിങ്ടോണുകൾ സെറ്റ് ചെയ്യാനോ ക്വിക് സെറ്റിങ്സ് ടൈൽസിൽ മാറ്റങ്ങൾ വരുത്താനോ, ആപ്പുകൾ നൽകുന്ന ക്വിക് സെറ്റിങ്സ് ആക്ഷനുകൾ ചേർക്കാനോ ഉള്ള ഓപ്ഷൻ പോലും ഐ.ഒ.എസ് ഇതുവരെ നൽകിയിട്ടില്ല.
നോട്ടിഫിക്കേഷൻ ചാനൽസ്
ഒരു ആപ്പ് അനാവശ്യമായ നിരവധി നോട്ടിഫിക്കേഷനുകൾ (അറിയിപ്പുകൾ) അയച്ച് നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, ആ ആപ്പിന്റെ മാത്രമായി നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാൻ iOS നിങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാൽ, അങ്ങനെ ചെയ്യുന്നതിലൂടെ ആപ്പുകളിൽ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകളും നിങ്ങൾക്ക് ലഭിക്കാതെയാകും. പ്രത്യേകിച്ച് ഇ-കൊമേഴ്സ്, ഫുഡ് ഡെലിവറി തുടങ്ങിയ ആപ്പുകളിൽ നിന്നുള്ള ഡെലിഫറി സന്ദേശങ്ങൾ ലഭിക്കാതിരുന്നാൽ അതൊരു ബുദ്ധിമുട്ടാകും.
ആൻഡ്രോയ്ഡ് യൂസർമാർക്ക് പക്ഷെ അക്കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ല. "നോട്ടിഫിക്കേഷൻ ചാനൽസ്" എന്ന ഫീച്ചർ അതിനുള്ള മികച്ച പരിഹാരം നൽകുന്നുണ്ട്. ആൻഡ്രോയ്ഡ് 8.0-ലൂടെ കൊണ്ടുവന്ന ആ ഫീച്ചർ ഒരു ആപ്പിലെ ‘ചില നോട്ടിഫിക്കേഷനുകൾ’ മാത്രം നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്നു. അതായത്, ഫ്ലിപ്കാർട്ടിലെ പ്രമോഷണൽ - മാർക്കറ്റിങ് നോട്ടിഫിക്കേഷനുകൾ മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്തിടാം, നിങ്ങൾ ഓർഡർ ചെയ്തിരിക്കുന്ന ഉത്പന്നത്തിന്റെ വിവരങ്ങൾ നൽകുന്ന നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
മൾട്ടിപ്പിൾ പ്രൊഫൈൽസ്
ഐഫോൺ പരിഗണിക്കാത്തതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് ആൻഡ്രോയ്ഡിലെ മൾട്ടിപ്പിൾ പ്രൊഫൈൽ അല്ലെങ്കിൽ മൾട്ടിപ്പിൾ യൂസർ എന്ന ഫീച്ചർ. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ സ്വകാര്യത നൽകുന്ന ഫീച്ചറാണിത്. സുഹൃത്തുക്കൾക്കായാലും കുട്ടികൾക്കായാലും ഫോൺ സ്ഥിരമായി കൈമാറുന്നത് നിങ്ങളുടെ സ്വകാര്യതയെ ബാധിച്ചേക്കാം. ആൻഡ്രോയ്ഡ് യൂസർമാർക്ക് അവരുടെ ഫോണിലുള്ള ഗസ്റ്റ് പ്രൊഫൈലോ രണ്ടാമതായി നിർമിച്ച പ്രൊഫൈലോ തിരഞ്ഞെടുത്തതിന് ശേഷം ഫോൺ മറ്റൊരാൾക്ക് കൈമാറാനുള്ള സൗകര്യമുണ്ട്.
കൂടാതെ ഫോൺ നഷ്ടപ്പെട്ട നിങ്ങളുടെ കുടുംബാംഗത്തിനോ സുഹൃത്തിനോ നിങ്ങളുടെ ഫോൺ താൽക്കാലികമായി നൽകുമ്പോൾ രണ്ടാമതായൊരു യൂസർ പ്രൊഫൈൽ നിർമിച്ച് അത് തിരഞ്ഞെടുത്തതിന് ശേഷം കൈമാറാവുന്നതാണ്.
ആപ്പ് ലോക്ക്
ഏറ്റവും സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമായി സ്വയം മേനി നടിക്കുന്ന ഐ.ഒ.എസിൽ ആപ്പുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നത് അങ്ങേയറ്റം നാണക്കേടാണ്. ആപ്പ് ലോക്ക് പോലെ വളരെ ബേസിക്കായൊരു സവിശേഷത തങ്ങളുടെ പ്ലാറ്റ്ഫോമിലെത്തിക്കാൻ ആപ്പിളിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഗൂഗിളിന്റെ സ്വന്തം പിക്സൽ ഫോണുകളൊഴിച്ചുള്ള എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ആപ്പ് ലോക്ക് സൗകര്യം ഇൻ-ബിൽറ്റായി തന്നെ നൽകിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 15 പതിപ്പിലൂടെ ആപ്പ്ലോക്ക് സൗകര്യം പിക്സലിന് ലഭിക്കമെന്നാണ് റപ്പോർട്ടുകൾ. പിക്സൽ ഫോണുകളിൽ തേർഡ്-പാർട്ടി ആപ്പുകൾ ഉപയോഗിച്ച് ഈ ഫീച്ചർ നിലവിൽ നേടിയെടുക്കാനും കഴിയും. പാസ്കോഡുകൾ ഉപയോഗിച്ചും ഫിംഗർ പ്രിന്റ് സൗകര്യം ഉപയോഗിച്ചും ആപ്പുകൾ ലോക്ക് ചെയ്യാൻ കഴിയും.
ഡിഫോൾട്ട് ആപ്പുകൾ
ഏറെ കാത്തിരിപ്പിന് ശേഷം ഐഒഎസ് 14-ലായിരുന്നു ഡിഫോൾട്ട് ആപ്പുകൾ മാറ്റാനുള്ള കഴിവ് ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ, മാറ്റാൻ കഴിയുന്ന ഡിഫോൾട്ട് ആപ്പുകളുടെ എണ്ണം നോക്കിയാൽ ഐ.ഒ.എസ് ഇപ്പോഴും ആൻഡ്രോയ്ഡിനേക്കാൾ ഒരുപാട് താഴെയാണ്.
മെസ്സേജിങ് ആപ്പുകൾ മുതൽ ഡയലറുകൾ, ലോഞ്ചറുകൾ, ഡിജിറ്റൽ അസിസ്റ്റൻ്റുകൾ, ബ്രൗസറുകൾ, വാലറ്റുകൾ, കോളർ ഐഡി, സ്പാം ആപ്പുകൾ എന്നിവയടക്കം, നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ഇഷ്ടമുള്ള ആപ്പുകൾ ആൻഡ്രോയ്ഡിൽ ഡിഫോൾട്ടായി സജ്ജീകരിക്കാനാകും.
ഫയൽട്രാൻസ്ഫർ
കംപ്യൂട്ടറിലേക്കും ഫോണുകളിലേക്കും എളുപ്പത്തിൽ ഫയലുകൾ ഓഫ് ലൈനായി അയക്കാനുള്ള സൗകര്യം ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമാണുള്ളത്. ഐ.ഒ.എസിലേക്ക് മാറിയാൽ ആപ്പിൾ ഉപകരണങ്ങളിലേക്ക് ഓഫ്ലൈനായി ഫയലുകൾ എളുപ്പത്തിൽ അയക്കാൻ കഴിയും, എന്നാൽ, വിൻഡോസ് കംപ്യൂട്ടറുകളിലും ടാബ്ലെറ്റുകളിലുമൊക്കെയുള്ള ഫയൽ കൈമാറ്റം വലിയ തലവേദന തന്നെയാണ്..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.