Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലാസ് മുറി കൈയ്യടക്കി ചാറ്റ് ജിപിടി; ജെൻ സിക്കൊപ്പം അധ്യാപകർക്ക് പിടിച്ചുനിൽക്കാനാകുമോ?

text_fields
bookmark_border
ക്ലാസ് മുറി കൈയ്യടക്കി ചാറ്റ് ജിപിടി; ജെൻ സിക്കൊപ്പം അധ്യാപകർക്ക് പിടിച്ചുനിൽക്കാനാകുമോ?
cancel

ഹോംവർക്ക് കിട്ടിയാൽ അധ്യാപകനോട് ചോദിക്കുകയോ പാഠപുസ്തകം തുറക്കുകയോ ചെയ്യുന്നതിനുപകരം മൊബൈലിൽ ചാറ്റ് ജിപിടിയിലോ ജെമിനിയിലോ ചോദിക്കുന്ന വിദ്യാർഥി. 15 വയസ്സുകാരന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കൂ എന്ന് ടൈപ്പ് ചെയ്താൽ നിമിഷങ്ങൾക്കകം മറുപടിയും ഉദാഹരണങ്ങളും ക്വിസും ലഭിക്കും. പിറ്റേന്ന് ക്ലാസിലെത്തുന്ന അധ്യാപകന് മുന്നിലുള്ള വെല്ലുവിളി പാഠഭാഗം പഠിപ്പിക്കുക മാത്രമല്ല; എ.ഐ നൽകിയ മറുപടി ശരിയാണോ എന്ന് പരിശോധിക്കാനും വിദ്യാർഥിയെ പഠിപ്പിക്കുകയാണ്.

വിവരത്തിലേക്കുള്ള വിദ്യാർഥിയുടെ യാത്ര അധ്യാപകനിൽനിന്ന് പാഠപുസ്തകത്തിലേക്കും ഗൂഗിളിലേക്കും യൂട്യൂബിലേക്കും സമൂഹമാധ്യമങ്ങളിലേക്കും ഒടുവിൽ ജനറേറ്റീവ് എ.ഐയിലേക്കുമെത്തിയിരിക്കുന്നു. ഒരു ആശയം വിശദീകരിക്കുന്നതിനപ്പുറം, പ്രായത്തിനും ഭാഷക്കും പഠനനിലവാരത്തിനും അനുസരിച്ച് വിശദീകരിക്കാനും ഉദാഹരണങ്ങൾ നൽകാനും ക്വിസ് നടത്താനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും ഇന്ന് എ.ഐക്ക് കഴിയും.

അധ്യാപക-വിദ്യാർഥി ബന്ധം ‘അധ്യാപകൻ-എ.ഐ-വിദ്യാർഥി’ എന്ന പുതിയ ഘട്ടത്തിലേക്ക് മാറുകയാണെന്ന് യുനെസ്കോ വിലയിരുത്തുന്നു. അധ്യാപകർക്ക് എ.ഐ നൈതികത, സാങ്കേതിക അറിവ്, അധ്യാപനരീതി എന്നിവയുൾപ്പെടെ അഞ്ച് മേഖലകളിലായി 15 കഴിവുകളും യുനെസ്കോയുടെ ചട്ടക്കൂട് നിർദേശിക്കുന്നു. സാങ്കേതികവിദ്യയ്ക്കൊപ്പം മനുഷ്യന്റെ നിയന്ത്രണവും ഉത്തരവാദിത്തവും നിലനിർത്തണമെന്നതാണ് ഇതിലെ പ്രധാന ആശയം.

എ.ഐ അധ്യാപകർക്ക് വ്യക്തിഗത പഠനസഹായം നൽകാനും ക്വിസുകളും പാഠപദ്ധതികളും തയ്യാറാക്കാനും തൽക്ഷണ ഫീഡ്ബാക്ക് നൽകാനും വിവിധ ഭാഷകളിലേക്ക് പഠനസാമഗ്രികൾ മാറ്റാനും സഹായിക്കും. ഇന്ത്യയും ഈ മാറ്റത്തിന് അനുസരിച്ച് വിദ്യാഭ്യാസരംഗത്ത് എ.ഐ ഉൾപ്പെടുത്തുകയാണ്. 2026–27 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും കമ്പ്യൂട്ടേഷനൽ തിങ്കിങ്ങും ഘട്ടംഘട്ടമായി അവതരിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ എ.ഐക്ക് അധ്യാപകന്റെ മുഴുവൻ പങ്കും ഏറ്റെടുക്കാനാകില്ല. ഒരു കുട്ടി നിശ്ശബ്ദമായി ബുദ്ധിമുട്ടുമ്പോൾ അത് തിരിച്ചറിയാനും പ്രചോദനം നൽകാനും സംഘർഷങ്ങൾ പരിഹരിക്കാനും മൂല്യബോധം വളർത്താനും വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയായി ഒപ്പമുണ്ടാകാനും മനുഷ്യ അധ്യാപകന്റെ സാന്നിധ്യം ആവശ്യമാണ്.

ചരിത്രം, ജാതി, മതം, ഭരണഘടന, കശ്മീർ, വിദേശനയം തുടങ്ങിയ സങ്കീർണ വിഷയങ്ങളിൽ എ.ഐ നൽകുന്ന വിവരങ്ങൾ പരിശീലന ഡാറ്റയിലെ പക്ഷപാതങ്ങൾ പ്രതിഫലിപ്പിച്ചേക്കാം. തെറ്റായ വിവരങ്ങൾ, സ്വകാര്യതാ പ്രശ്നങ്ങൾ, എ.ഐ ഉപയോഗിച്ചുള്ള കോപ്പിയടി എന്നിവയും പുതിയ വെല്ലുവിളികളാണ്. അതിനാൽ എ.ഐയെ ആശ്രയിക്കുന്നതിനൊപ്പം ലഭിക്കുന്ന വിവരങ്ങളെ ചോദ്യം ചെയ്യാനും പരിശോധിക്കാനും വിദ്യാർഥികളെ പഠിപ്പിക്കേണ്ടതുണ്ട്.

ഇതിനൊപ്പം ഡിജിറ്റൽ വിഭജനവും നിർണായകമാണ്. ലാപ്ടോപ്പും അതിവേഗ ഇന്റർനെറ്റും പണമടച്ചുള്ള എ.ഐ സേവനങ്ങളും ലഭിക്കുന്ന വിദ്യാർഥിക്കും പരിമിതമായ ഇന്റർനെറ്റിൽ ഒരു മൊബൈൽ പങ്കിട്ട് ഉപയോഗിക്കുന്ന വിദ്യാർഥിക്കും എ.ഐ നൽകുന്ന അവസരങ്ങൾ ഒരുപോലെയാകണമെന്നില്ല. ഇന്ത്യൻ ഭാഷകളിൽ എ.ഐയുടെ നിലവാരവും കൃത്യമായ പദപ്രയോഗവും മറ്റൊരു ചോദ്യമാണ്.

എ.ഐ കാലത്ത് പരീക്ഷാരീതികളും മാറേണ്ടിവരുമെന്ന ചർച്ചയും ശക്തമാണ്. വിവരങ്ങൾ ഓർത്തുപറയുന്നതിനേക്കാൾ യുക്തിചിന്ത, പ്രോജക്ടുകൾ, സംവാദം, അവതരണം, അറിവിന്റെ പ്രയോഗം എന്നിവ വിലയിരുത്തുന്ന രീതിയിലേക്ക് പഠനം മാറേണ്ടതുണ്ട്.

അധ്യാപക ദിനത്തിൽ ഡോ. എസ്. രാധാകൃഷ്ണനെ അനുസ്മരിക്കുമ്പോൾ ഈ മാറ്റത്തിന് കൂടുതൽ പ്രസക്തിയുണ്ട്. നിമിഷങ്ങൾക്കകം ഉത്തരങ്ങൾ നൽകാൻ എ.ഐക്ക് കഴിയുന്ന കാലത്ത്, ഉത്തരങ്ങൾ സ്വീകരിക്കുന്നതിനുപകരം അവയെ ചോദ്യം ചെയ്യാനും സ്വന്തം നിലയിൽ ചിന്തിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരിക്കും അധ്യാപകന്റെ ഏറ്റവും വലിയ ദൗത്യം.

അധ്യാപകനെ എ.ഐ കൊണ്ട് മാറ്റിസ്ഥാപിക്കുകയല്ല; അധ്യാപകന് എ.ഐയെ മികച്ചൊരു പഠനസഹായിയാക്കുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AI Transforming Classrooms And Teachers
Next Story