ഇന്ത്യൻ വിപണിയിൽ കുതിപ്പ് തുടർന്ന് ആപ്പിൾ; വാർഷിക വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു
text_fieldsഇന്ത്യയിലെ ബിസിനസ്സ് ചരിത്രത്തിൽ ആപ്പിൾ കമ്പനി പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഇന്ത്യയിലെ വാർഷിക വരുമാനം ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കള് പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലെ കമ്പനി ഫയലിങുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയുടെ പ്രവർത്തന വരുമാനം 1,03,853 കോടി രൂപയായാണ് ഉയർന്നത്. മുൻവർഷം ഇത് 79,060 കോടി രൂപയായിരുന്നു. അതായത് ഒറ്റയടിക്ക് വരുമാനത്തിൽ 31 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വരുമാനത്തിനൊപ്പം കമ്പനിയുടെ അറ്റാദായത്തിലും വലിയ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ അറ്റാദായം 66 ശതമാനം വർധിച്ച് 5,311 കോടി രൂപയിലെത്തി. രാജ്യത്ത് ഐഫോണുകൾക്കായുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതും കമ്പനി ഇന്ത്യയിലുടനീളം പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറന്നതും ഇതിന് ആക്കം കൂട്ടി. കൂടാതെ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ലളിതമായ ഫിനാൻസിങ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും സാധാരണക്കാർക്ക് ആപ്പിൾ ഫോണുകൾ സ്വന്തമാക്കുന്നത് കൂടുതൽ എളുപ്പമാക്കി.
മൊത്തത്തിലുള്ള സ്മാർട്ട്ഫോൺ വിപണിയുടെ വളർച്ച മന്ദഗതിയിലാണെങ്കിലും പ്രീമിയം ഫോണുകൾ വാങ്ങാൻ താൽപ്പര്യപ്പെടുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എണ്ണം കൂടിയത് ആപ്പിളിന് അനുകൂലമായി മാറി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയുടെ വേഗതയും ഇരട്ടിയായിട്ടുണ്ട്. അതേസമയം ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ ഇന്ത്യയിലെ മൊബൈൽ ഫോൺ വരുമാനത്തിൽ നേരിയ ഇടിവുണ്ടായിരിക്കുന്നത് വിപണിയിൽ ആപ്പിളിന്റെ സ്വാധീനം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു. സാംസങ്ങിന് മറ്റ് ഉൽപ്പന്നങ്ങളിലൂടെ വലിയ വിപണിയുണ്ടെങ്കിലും പ്രീമിയം ഫോൺ വിഭാഗത്തിൽ ആപ്പിൾ വ്യക്തമായ മേധാവിത്വം നേടിക്കൊണ്ടിരിക്കുകയാണ്.
ഫോണുകളുടെ വിൽപ്പന മാത്രമല്ല ഉപഭോക്താക്കൾക്കിടയിലെ ജനപ്രീതിയും കമ്പനിയുടെ ലാഭക്ഷമതയും ഒരേപോലെ ഉയരുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിനെ സംബന്ധിച്ചിടത്തോളം അമേരിക്കക്കും ചൈനക്കുമൊപ്പം ഏറ്റവും പ്രധാനപ്പെട്ടതും അതിവേഗം വളരുന്നതുമായ ഒരു വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ റെക്കോർഡ് നേട്ടം.

