ട്രംപിന്‍റെ ഭീഷണി ഏറ്റില്ല; ഇന്ത്യയില്‍ നാലാമത്തെ സ്റ്റോര്‍ തുറക്കാനൊരുങ്ങി ആപ്പിള്‍
text_fieldsപുണെ: ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾക്ക് വമ്പൻ താരിഫ് പ്രഖ്യാപിച്ച് ഭീഷണി ഉയർത്തിയെങ്കിലും രാജ്യത്തെ മാർക്കറ്റ് വിടാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കുകയാണ് ടെക് ഭീമന്മാരായ ആപ്പിൾ. ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്‌റ്റോര്‍ സെപ്റ്റംബര്‍ നാലിന് തുറക്കാനുള്ള തയാറെടുപ്പുകൾ കമ്പനി പൂർത്തിയാക്കി. പുണെയിലെ കൊറേഗാവ് പാര്‍ക്കിലാണ് ആപ്പിളിന്‍റെ പുതിയ സ്റ്റോർ തുറക്കുന്നത്. ബംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത സ്റ്റോര്‍ കമ്പനി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസിന്റെ അവതരണ പരിപാടി നടക്കുന്നതിന് മുന്നോടിയായി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. കൊറേഗാവ് പാര്‍ക്കിലെ കോപാ മാളിനു മുന്നില്‍ സ്റ്റോര്‍ ആരംഭിക്കുന്ന തീയതി അറിയിച്ചുള്ള പരസ്യ ബോർഡുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിലാണ് സ്റ്റോര്‍ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ വലിയ വിപണിയാണ് എന്നതിലുപരിയായി യു.എസിലേക്കുള്ള കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ പാദത്തിൽ ചൈനയെ പിന്തള്ളി ഐഫോൺ കയറ്റുമതിയിൽ ഇന്ത്യ ഒന്നാമതെത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ ബെല്ലാരി റോഡിലുള്ള ഫീനിക്‌സ് മാളിൽ സെപ്റ്റംബര്‍ രണ്ടിനാണ് ആപ്പിൾ നേരത്ത പ്രഖ്യാപിച്ച സ്റ്റോർ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയില്‍ സ്വന്തം റീട്ടെയില്‍ ശൃംഖല ശക്തമാക്കാനുള്ള തകൃതിയായ നീക്കത്തിലാണ് ആപ്പിള്‍. 2023 ഏപ്രിലില്‍ മുംബൈയിലെ ബി.കെ.സി കോംപ്ലക്‌സിലാണ് ആപ്പിള്‍ ഇന്ത്യയിലെ ആദ്യ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചത്. അതേ വര്‍ഷം തന്നെ ഡല്‍ഹിയിലെ സാകേതിലും സ്റ്റോര്‍ ആരംഭിച്ചു. ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച്, ഐപാഡ് ഉള്‍പ്പടെ എല്ലാ ആപ്പിള്‍ ഉൽപന്നങ്ങളും സ്റ്റോറുകളില്‍ ലഭ്യമാവും. കമ്പനിയില്‍നിന്ന് നേരിട്ടുള്ള സേവനങ്ങളും ഈ സ്റ്റോറുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.