ജിപിടി-5 വന്നു; ഇനി കളി മാറും
text_fieldsനിത്യജീവിതത്തിലും ജോലിയിലും സർഗാത്മക പ്രവൃത്തിയിലുമെല്ലാം എ.ഐ ടൂളുകൾ ഇത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് കാണിച്ചുതന്നത് ഓപൺ എ.ഐയുടെ ‘ചാറ്റ്ജിപിടി’ ആണെന്നതിൽ സംശയമില്ല. ഇതടക്കം ലാർജ് ലാംഗ്വേജ് മോഡലുകൾ ജീവിതത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കെ, ആരാധകർക്ക് ആവേശം പകർന്ന് ഇതാ ChatGPT 5 എത്തിയിരിക്കുന്നു.
ആഴത്തിലുള്ള സംഭാഷണങ്ങളും ടെക്സ്റ്റ്, സംസാരം, വിഡിയോ, ആംഗ്യം, സ്പർശനം എന്നു തുടങ്ങി മുഖഭാവം കൊണ്ടുവരെയുള്ള വ്യത്യസ്ത സങ്കേതങ്ങൾ വഴി (multimodal engagement) ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ജിപിടി-5ൽ ഉൾച്ചേർത്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. GPT-4o (ഓംനി)ന്റെ അടിസ്ഥാനത്തിൽ ഒരുക്കിയ പുതിയ പതിപ്പ്, മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതുമാത്രമല്ല, എ.ഐയെ കൂടുതൽ സംഭാഷണപരവും സഹജവുമാക്കുന്നു.
വിപ്ലവത്തിന്മേൽ വിപ്ലവം
സങ്കീർണമായ ഇമേജുകൾ വിശകലനം ചെയ്യുക, തത്സമയ ശബ്ദസംഭാഷണത്തിൽ പങ്കെടുക്കുക, വ്യത്യസ്ത സെഷനുകളിലെല്ലാം ഉപയോക്താവിന്റെ മുൻഗണനകൾ ഓർത്തുവെച്ച് പെരുമാറുക തുടങ്ങി, ഓരോ സന്ദർഭവും കൂടുതൽ കൃത്യതയോടെ കൈകാര്യം ചെയ്യാൻ ജിപിടി-5ന് സാധിക്കും. ഇമോഷനൽ ഇന്റലിജൻറ്സാണ് കമ്പനി അവകാശപ്പെടുന്ന പ്രധാന ഫീച്ചർ. കുറേക്കൂടി മനുഷ്യരൂപത്തിൽ മനസ്സിലാക്കാനും വിദ്യാഭ്യാസം മുതൽ ചികിത്സ വരെ വിവിധ ഉപയോഗങ്ങളിൽ കൂടുതൽ ഫലപ്രദമായ സഹായിയാകാനും ഇതിന് കഴിയും.
പ്രത്യേകതകൾ എന്തെല്ലാം?
വർധിച്ച മൾട്ടിമോഡാൽ കഴിവ്: ഒരേസമയം ചിത്രങ്ങൾ, ഡോക്യുമെന്റുകൾ, ഓഡിയോ തുടങ്ങിയവ പങ്കുവെക്കാം. ഇതിന് കൃത്യവും പ്രസക്തവും പെട്ടെന്നുള്ളതുമായ പ്രതികരണങ്ങൾ ലഭിക്കും. വർധിപ്പിച്ച മെമ്മറി: ഉപയോക്താവിന്റെ മുൻഗണനകളും അഭിരുചിയും മുമ്പത്തെ ആശയവിനിമയവും ഓർത്തുവെച്ച് അതിനനുസരിച്ച് ഉത്തരം നൽകാനാവും. അതിലൂടെ കൂടുതൽ വ്യക്തിഗതമായ സംഭാഷണം സാധ്യമാകും. റീസണിങ് കൂടുതൽ സ്മാർട്ടാകും: ബുദ്ധിമുട്ടേറിയ കണക്കുകളും അനലറ്റിക്കൽ റീസണിങ്ങും പരിഷ്കരിച്ചതിലൂടെ സങ്കീർണമായ ചോദ്യങ്ങൾക്ക് കൂടുതൽ മികച്ച ഉത്തരം. തത്സമയ പ്രതികരണം: വേഗതക്ക് പ്രാധാന്യം നൽകി രൂപകൽപന ചെയ്ത GPT-5 ഉടനടി ഉത്തരവും ഉപദേശവും നൽകും.
വെറും കളിയല്ല, വോയ്സ് മോഡ്
ജിപിടി-5ലെ വോയ്സ് മോഡ് വഴി ജീവസ്സുറ്റതും തൽസമയവുമായ വോയ്സ് ഇന്ററാക്ഷൻ സാധ്യമാക്കുമെന്നാണ് കമ്പനി വാദം. സ്വാഭാവികവും അതേസമയം തൽസമയവും പ്രതികരണം ലഭിക്കും. സിറി, അലെക്സ, ഗൂഗ്ൾ അസിസ്റ്റന്റ് തുടങ്ങിയവയെ എല്ലാം കവച്ചുവെക്കുന്ന പ്രകടനമായിരിക്കുമെന്നാണ് സിലക്കൺവാലിയിലെ സംസാരം.
എങ്ങനെ ലഭ്യമാകും ?
ചാറ്റ്ജിപിടിയുടെ ഔദ്യോഗിക മൊബൈൽ ആപ്, ഡെസ്ക്ടോപ് വെബ് ഇന്റർഫേസ് എന്നിവ വഴിയാണ് ആക്സസ്. അതേസമയം, ഇമേജ് ജനറേഷൻ, കോഡ് ഡീബഗ്ഗിങ്, ഫയൽ അനാലിസിസ് തുടങ്ങിയവ പ്രീമിയം സബ്സ്ക്രിപ്ഷൻ വഴിയാണ് ലഭിക്കുക. സൗജന്യ പ്ലാൻ, പ്ലസ് പ്ലാൻ, പ്രോ പ്ലാൻ, ടീം പ്ലാൻ, എന്റർപ്രൈസ് പ്ലാൻ എന്നിങ്ങനെ വൻ സബ്സ്ക്രിപ്ഷൻ ശ്രേണിതന്നെ കമ്പനി ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.