ടെലിഗ്രാമിൽ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം
text_fieldsകോഴിക്കോട്: മെസ്സേജിങ് ആപ്പായ ടെലിഗ്രാം അക്കൗണ്ടുകളിൽ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം സജീവം. സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ സ്ലീപ്പർസെല്ലുകൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ടെലിഗ്രാം അക്കൗണ്ടുകൾ സജീവമായി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഹാക്കർമാരെ ഉപയോഗിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുന്നത്.
പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകൾക്ക് സമാനമായി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് ഹാക്കർമാർ വിവരങ്ങൾ ശേഖരിക്കുന്നത്. ടെലിഗ്രാമിൽ വ്യാജ സന്ദേശം കൈമാറുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സൈബർ പൊലീസിൽ എത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് 150 വ്യാജ ടെലിഗ്രാം അക്കൗണ്ടുകളാണ് പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് നിശ്ചലമാക്കിയത്. നിലവിൽ പരമാവധി അക്കൗണ്ടുകൾ ശേഖരിക്കുകയെന്നതാണ് സ്ലീപ്പർസെല്ലുകൾ ലക്ഷ്യമിടുന്നതെന്ന് സൈബർ പൊലീസ് അറിയിച്ചു.
ടെലിഗ്രാം ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി അക്കൗണ്ടുടമയുടെ അതേപേരിൽ മറ്റൊരു ഫോൺനമ്പറിൽ അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അവരുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് സന്ദേശമയക്കും. പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിനിടെ വെബ്സൈറ്റിന്റെ ലിങ്ക് അയക്കും. ഈ ലിങ്ക് തുറക്കുന്നതോടെ തുറന്നയാളുടെ ടെലിഗ്രാം അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ കരസ്ഥമാക്കും.
തുടർന്ന് ഇവരുടെ പേരിലും അക്കൗണ്ട് നിർമിച്ച് അവരുടെയും സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയും പിന്നീട് ലിങ്ക് അയക്കുകയും ചെയ്യും. ഇതു ഒരു ചെയിൻപോലെ തുടരുന്നതാണ് ഇവരുടെ പ്രവർത്തന രീതി. ഇപ്രകാരം നിരവധി അക്കൗണ്ടുകളാണ് വ്യാജമായി ഹാക്കർമാർ കൈകാര്യം ചെയ്യുന്നത്. സന്ദേശം കൈമാറുന്നതിന് പുറമെ അശ്ലീല സൈറ്റുകളിലേക്ക് ക്ഷണിച്ചുള്ള ലിങ്കുകളും അക്കൗണ്ടിലെത്തുന്നുണ്ട്.
പരിചയക്കാരും സുഹൃത്തുക്കളും പരസ്പരം അയക്കാത്ത വിധത്തിലുള്ള അശ്ലീല സൈറ്റുകൾ സംബന്ധിച്ചും മറ്റുമുള്ള സന്ദേശങ്ങളിൽ സംശയം തോന്നി അന്വേഷിക്കുമ്പോൾ മാത്രമാണ് വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന ടെലിഗ്രാം അക്കൗണ്ടുകൾ ഫോണിൽനിന്ന് ഒഴിവാക്കിയാലും ഹാക്കർമാരുടെ കൈവശം അക്കൗണ്ട് ഉണ്ടാകും. ഇവർ ഇവ ഉപയോഗിച്ച് ദുരുപയോഗം തുടരുകയും ചെയ്യും. ഇതോടെയാണ് പലരും സൈബർ പൊലീസിനെ സമീപിക്കുന്നത്.
സിനിമകളും ദൈർഘ്യമേറിയ വിഡിയോകളുമടക്കം വലിയ ഫയലുകൾ പങ്കുവെക്കാൻ ആളുകൾ ടെലിഗ്രാം വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. സുരക്ഷാക്രമീകരണ സംവിധാനമായ ടു സ്റ്റെപ് ഒാതന്റിഫിക്കേഷൻ ഉപയോഗപ്പെടുത്താൻ പലപ്പോഴും ഉപഭോക്താക്കൾ തയാറാകാത്തതാണ് അക്കൗണ്ടുകൾ ലക്ഷ്യമിടാൻ ഹാക്കർമാരെ പ്രേരിപ്പിക്കുന്നതെന്ന് സൈബർ വിദഗ്ധർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.