ഇന്ത്യയിൽ 5ജി നെറ്റ്‌വർക്കിന്റെ വ്യാപ്തി യൂറോപ്പിലെ മൊത്തം ജനസംഖ്യക്ക് തുല്യം; 6ജിയിൽ ഇന്ത്യ ലോകത്തിന് നേതൃത്വം നൽകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ 5ജി നെറ്റ്‌വർക്കിന്റെ വ്യാപ്തി യൂറോപ്പിലെ മൊത്തം ജനസംഖ്യക്ക് തുല്യമായതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2030-ഓടെ രാജ്യത്തെ 100 കോടി ആളുകളെ 5ജി സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ന്റെ മുന്നോടിയായുള്ള ചടങ്ങിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
നിലവിൽ രാജ്യത്ത് ഏകദേശം 50 കോടി ആളുകളിലേക്ക് 5ജി സേവനങ്ങൾ എത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ ജനങ്ങളുടെ എണ്ണത്തിന് തുല്യമാണിത്. വെറും രണ്ടര വർഷം കൊണ്ടാണ് റെക്കോർഡ് വേഗതയിൽ ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇതിനോടകം അഞ്ച് ലക്ഷത്തിലധികം 5ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു. 5G-യിൽ ലോകത്തോടൊപ്പം സഞ്ചരിച്ച ഇന്ത്യ, വരാനിരിക്കുന്ന 6ജി സാങ്കേതികവിദ്യയിൽ ലോകത്തിന് നേതൃത്വം നൽകുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ രാജ്യത്തെ ആദ്യത്തെ ടെലികോം മാനുഫാക്ചറിങ് സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സിന്ധ്യ അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് നിരക്കുകളിൽ 97 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും ഇത് സാധാരണക്കാരുടെ ഡിജിറ്റൽ ലഭ്യത ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും സർക്കാർ വ്യക്തമാക്കുന്നു. ഡിജിറ്റൽ രംഗത്ത് രാജ്യം കൈവരിക്കുന്ന വൻ നേട്ടത്തിന്‍റെ തെളിവാണ് ഇതെന്ന് അധികൃതർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

