ചന്ദ്രയാന്‍ 5ല്‍ ഇന്ത്യക്കൊപ്പം ജപ്പാനും സഹകരിക്കും; നിർണായക പ്രഖ്യാപനവുമായി മോദി
text_fieldsടോക്യോ: വരാനിരിക്കുന്ന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 5ല്‍ ഇന്ത്യക്കൊപ്പം ജപ്പാനും കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ദ്വിദിന സന്ദർശനത്തിനായി ജാപ്പനീസ് തലസ്ഥാനമായ ടോക്യോയിൽ എത്തിയ വേളയിലാണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. തന്ത്രപ്രധാന മേഖലകളിലും ബഹിരാകാശ ഗവേഷണത്തിലും ഇരുരാജ്യങ്ങളും സഹകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ചാന്ദ്രയാന്‍ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍ 5. ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ശാസ്ത്രീയ ധാരണ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ദൗത്യം. അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വൈദഗ്ധ്യവും പ്രയോജനപ്പെടുത്താന്‍ ജപ്പാനുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ നിര്‍മിച്ച ലാന്‍ഡറും ജപ്പാന്‍ വികസിപ്പിക്കുന്ന റോവറുമായിരിക്കും ചന്ദ്രയാൻ 5ൽ ഉണ്ടാകുക. ഇതുവരെ ചന്ദ്രോപരിതലത്തില്‍ വിന്യസിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ റോവര്‍ ഇതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്ഷേപണം ജപ്പാനിൽനിന്നാകും.
ചന്ദ്രനില്‍നിന്ന് പാറകളും മണ്ണും തിരികെ കൊണ്ടുവരാനായി ഇന്ത്യ വികസിപ്പിക്കുന്ന ചാന്ദ്രയാന്‍ 4ന് ശേഷമായിരിക്കും ജപ്പാനൊപ്പമുള്ള ദൗത്യം വിക്ഷേപിക്കുക.വിശാലമായ ഇന്തോ-ജാപ്പനീസ് സഖ്യത്തിന്റെ പ്രതീകം കൂടിയാണ് ഈ സംയുക്ത ദൗത്യം. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കും തന്ത്രപരമായ സഹകരണത്തിനുമുള്ള ഒരു മേഖലയെന്ന നിലയില്‍ ബഹിരാകാശ മേഖലയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം ഇരു രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്.
2023ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു. വിക്രം ലാന്‍ഡര്‍ പ്രഗ്യാന്‍ റോവറുമായി ശിവശക്തി പോയിന്റില്‍ ഇറങ്ങുകയും ഒരു ചാന്ദ്രദിനം, (14 ഭൗമ ദിനങ്ങള്‍) പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പല സുപ്രധാന കണ്ടെത്തലുകളിലും ഈ പേടകം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ അടക്കമുള്ള ദൗത്യങ്ങൾക്കായാണ് ഇന്ത്യ തയാറെടുക്കുന്നത്. സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ’ പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. ഇതിന്റെ ആദ്യ ഘടകം 2028ല്‍ വിക്ഷേപിക്കുമെന്നാണ് നേരത്തെ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.