കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം; ആസ്ട്രേലിയ മാതൃകയോ?
text_fields16 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്താൻ പോവുകയാണ് ആസ്ട്രേലിയൻ ഗവൺമെന്റ്. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് പിഴയും ഈടാക്കും. കുട്ടികളെ ഓൺലൈൻ ഇടങ്ങളിൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി മാതാപിതാക്കൾക്കിടയിൽ നിരോധന തീരുമാനം ജനപ്രിയമാണ്. എന്നാൽ, വിമർശകർ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
പ്രത്യേകം ഐ.ഡി, മുഖം തിരിച്ചറിയൽ, മാതാപിതാക്കളിൽനിന്നോ രക്ഷിതാവിൽനിന്നോ ഉള്ള അനുവാദം എന്നിവ ഉപയോഗിച്ചാണ് ആസ്ട്രേലിയ വിലക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത്തരം മാർഗങ്ങൾ പൂർണമായും വിശ്വാസയോഗ്യമല്ല എന്നത് പ്രതിസന്ധിയാണ്. ഐ.ഡികൾ വ്യാജമായി നിർമിക്കുകയോ, രക്ഷാകർത്താക്കളുടെ അനുവാദം ദുരുപയോഗം ചെയ്യാനോ സാധ്യതയുണ്ട്. അതിനാൽ, ഇതിന് കൃത്യമായ സാങ്കേതിക പരിഹാരമില്ലെന്നും പകരം, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെ പിന്തുണയുള്ള നടപടിക്രമങ്ങളുമാണ് ആവശ്യമെന്ന് മാർഗനിർദേശങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്ലാറ്റ്ഫോമുകൾ പിഴകൾ നേരിടേണ്ടിവരുമെന്നും ഇതിൽ കൂട്ടിച്ചേർക്കുന്നു. മിക്ക രക്ഷിതാക്കളും ഗവൺമെന്റിന്റെ പുതിയ തീരുമാനത്തെ പിന്തുണക്കുന്നവരാണ്. എന്നാൽ, ഇത് കുട്ടികളെ സമൂഹ ബന്ധങ്ങളിൽനിന്ന് അകറ്റുമെന്നും നിയന്ത്രണങ്ങൾ കുറവുള്ള ഇന്റർനെറ്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകാൻ അവരെ നിർബന്ധിതരാക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടുതന്നെ അവരെ ഓൺലൈനിൽ സുരക്ഷിതരാക്കാൻ ശ്രമിക്കുന്നതിന് ഉദാഹരണമാണ് ആസ്ട്രേലിയൻ ഗവൺമെന്റിന്റെ നടപടികൾ.
നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികൾക്ക് ദോഷകരമായ ഉള്ളടക്കം, സൈബർ ഇടത്തിലെ കളിയാക്കലുകൾ, നിരന്തരം മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുക, ലൈക്കുകളുടെ എണ്ണത്തെ കുറിച്ചുള്ള ആവലാതികൾ തുടങ്ങിയവ കുറക്കാനും മികച്ച ഉറക്കം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഓഫ്ലൈൻ സൗഹൃദങ്ങൾക്ക് ഇടം ലഭിക്കുക എന്നിവയൊക്കെ സാധ്യമാകും.
അതോടൊപ്പംതന്നെ കുട്ടികൾക്ക് സമപ്രായക്കാരുടെ പിന്തുണ ലഭിക്കാവുന്ന പ്രധാന ഉറവിടം ഇല്ലാതാകാനുള്ള സാധ്യത കൂടുതലാണെന്ന് സൈക്കോളജിസ്റ്റായ ഡോ. അഫ്രീൻ പർവീൻ പറയുന്നു.
പൂർണ നിരോധനത്തിന് പകരം, ഡിജിറ്റൽ സാക്ഷരത വിദ്യാഭ്യാസം, പ്രായത്തിനനുസരിച്ചുള്ള ഓൺലൈൻ ഇടങ്ങൾ, മാതാപിതാക്കളുടെ പങ്കാളിത്തം എന്നിവയുടെ സംയോജനമാണ് മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്നത്. കായികം, കല തുടങ്ങിയ ഓഫ്ലൈൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കുട്ടികളുടെ ഡിജിറ്റൽ ആസക്തി കുറക്കാൻ സഹായിക്കും.
കുട്ടികൾക്ക് വഴികാട്ടുക എന്നതായിരിക്കണം പരിഷ്കരണത്തിന്റെ പ്രാഥമിക ലക്ഷ്യം. പരിധികൾ മനസ്സിലാക്കി മറ്റുള്ളവരുടെ പിന്തുണയോടെ സോഷ്യൽ മീഡിയ എങ്ങനെ ബോധപൂർവം ഉപയോഗിക്കാമെന്ന് കുട്ടികൾ പഠിക്കുമ്പോൾ, അവർ അതിന്റെ നെഗറ്റിവ് ഇഫക്റ്റുകളെ പ്രതിരോധിക്കാനും പോസിറ്റിവ് ഇഫക്റ്റുകളെ പ്രയോജനപ്പെടുത്താനും പ്രാപ്തരാകുമെന്നും ഡോ. അഫ്രീൻ പർവീൻ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.