റീലുകളുടെ ദൈര്‍ഘ്യം മൂന്ന് മിനിറ്റാക്കും, എഡിറ്റിങ്ങിന് പ്രത്യേകം ആപ്പ്; മാറ്റങ്ങൾക്കൊരുങ്ങി ഇൻസ്റ്റഗ്രാം
text_fieldsഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം ഒന്നരമിനിറ്റില്‍നിന്ന് മൂന്ന് മിനിറ്റിലേക്ക് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. സമയം തികയുന്നില്ലെന്ന കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഏറെ കാലത്തെ പരാതികൂടിയാണ് മെറ്റ ഇതോടെ തീര്‍പ്പാക്കുന്നത്. നിലവില്‍ ദൈര്‍ഘ്യമേറിയ വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ ഇത് റീലായല്ല, മറിച്ച് സാധാരണ പോസ്റ്റായാണ് വന്നിരുന്നത്.
വിഡിയോ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡിലെ മാറ്റം, വീഡിയോ എഡിറ്റിങ് ആപ്പായ എഡിറ്റ്സിന്റെ അവതരണം എന്നിവയും മെറ്റ പ്രഖ്യാപിച്ച മാറ്റങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നിലവില്‍ സമചതുരാകൃതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രിഡ് കാണാന്‍ കഴിയുക. ഇത് ദീര്‍ഘചതുരാകൃതിയിലാകും ഇനിമുതല്‍ ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണാനാകും ആളുകള്‍ക്ക് ഇഷ്ടമെന്നാണ് ഇന്‍സ്റ്റ മേധാവി ആദം മോസെരിയുടെ അഭിപ്രായം.
റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്തും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന സംവിധാനം കൂടി അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം ചെയ്തിരിക്കുന്നത്. പ്രത്യേക ഫീഡിലാണ് ഈ വീഡിയോകള്‍ കാണാന്‍ കഴിയുക. ആദ്യഘട്ടത്തില്‍ തെരഞ്ഞടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ മാത്രമാണ് മാറ്റങ്ങള്‍ ലഭ്യമാകുക. മറ്റിടങ്ങളിലേക്ക് പിന്നീട് ഈ മാറ്റങ്ങളെത്തും.
ഉന്നത നിലവാരമുള്ള വിഡിയോ, ഡ്രാഫ്റ്റ് വിഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഓപ്ഷന്‍ എന്നിവ അടങ്ങുന്നതാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച എഡിറ്റ്സ് ആപ്പ്. അതേസമയം ആപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. മാര്‍ച്ച് 13-നാകും ആപ്പ് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.