ഇന്ത്യയിലെ ആദ്യ എ.ഐ ഗോത്ര ഭാഷാ ട്രാസ്ലേറ്റർ; ‘ആദി വാണി’യുമായി ഗോത്രകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ഗോത്ര ഭാഷകൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ എ.ഐ പവർഡ് ട്രാൻസ്ലേറ്ററായ ആദി വാണിയുടെ ബീറ്റാ പതിപ്പ് ഗോത്രകാര്യ മന്ത്രാലയം പുറത്തിറക്കി. ഗോത്രവർഗക്കാരെ ശാക്തീകരിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനുമാണ് ഈ പദ്ധതി ഉപയോഗപ്പെടുന്നത്. ജൻജാതിയ ഗൗരവ് വർഷിന്റെ ബാനറിൽ വികസിപ്പിച്ചെടുത്ത ഈ നൂതന സംരംഭം ഗോത്ര മേഖലകളിലെ ഭാഷാപരവും വിദ്യാഭ്യാസപരവുമായ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുമെന്ന് ഗോത്രകാര്യ മന്ത്രാലയം അറിയിച്ചു.
പ്ലേ സ്റ്റോറിൽ ലഭ്യമായ ആദി വാണി ആദിവാസി, ആദിവാസി ഇതര സമൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയ വിടവുകൾ നികത്തുന്നതിനും നൂതന കൃത്രിമ ബുദ്ധി ഉപയോഗിച്ച് വംശനാശ ഭീഷണി നേരിടുന്ന ഗോത്ര ഭാഷകളെ സംരക്ഷിക്കുന്നതിനുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഗോത്ര ഭാഷകളെയും സംസ്കാരങ്ങളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കാനാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതെന്നും ഗോത്രകാര്യ മന്ത്രാലയം വ്യക്തമാക്കി.
2011ലെ സെൻസസ് പ്രകാരം പട്ടികവർഗക്കാർ സംസാരിക്കുന്ന 461 ഗോത്ര ഭാഷകളുടെയും 71 വ്യത്യസ്ത ഗോത്ര മാതൃഭാഷകളുടെയും ആവാസ കേന്ദ്രമാണ് ഇന്ത്യ. ഇതിൽ 81 ഭാഷകൾ ദുർബലവും 42 എണ്ണം അന്യം നിന്ന് പോയതുമാണ്. പരിമിതമായ രേഖകളുടെ ലഭ്യതയും തലമുറകൾ തമ്മിലുള്ള കൈമാറ്റം കുറയുന്നതും ഇതിന്‍റെ കാരണങ്ങളിൽ ചിലതാണ്. ഗോത്ര ഭാഷകളുടെ വ്യവസ്ഥാപിത ഡിജിറ്റൈസേഷൻ, സംരക്ഷണം, പുനരുജ്ജീവനം എന്നിവക്കായി എ.ഐ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആദി വാണി ഈ വെല്ലുവിളിയെ നേരിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഐ.ഐ.ടി ഡൽഹി നയിക്കുന്ന പ്രമുഖ സ്ഥാപനങ്ങളുടെ ദേശീയ കൺസോർഷ്യം, ബി.ഐ.ടി.എസ് പിലാനി, ഐ.ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ഐ.ടി നയാ റായ്പൂർ എന്നിവ ചേർന്ന് ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ എന്നിവിടങ്ങളിലെ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി (ടി.ആർ.ഐ) സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ പദ്ധതി, ഹിന്ദി/ഇംഗ്ലീഷ്, ട്രൈബൽ ഭാഷകൾക്കിടയിൽ തത്സമയ വിവർത്തനം (ടെക്സ്റ്റ്, സ്പീച്ച്) പ്രാപ്തമാക്കുന്നതിനും വിദ്യാർഥികൾക്ക് സംവേദനാത്മക ഭാഷാ പഠനം നൽകുന്നതിനും ലക്ഷ്യമിടുന്നു.
നാടോടിക്കഥകൾ, വാമൊഴി പാരമ്പര്യങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ ഡിജിറ്റലായി സംരക്ഷിക്കുക, ആദിവാസി സമൂഹങ്ങളിൽ ഡിജിറ്റൽ സാക്ഷരത ഉണ്ടാക്കുക, ആരോഗ്യ സംരക്ഷണ ആശയവിനിമയം, സർക്കാർ പദ്ധതികളെയും പ്രധാന പ്രസംഗങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. ആദി വാണിയുടെ ബീറ്റാ ലോഞ്ചിൽ, സന്താലി (ഒഡീഷ), ഭിലി (മധ്യപ്രദേശ്), മുണ്ടാരി (ജാർഖണ്ഡ്), ഗോണ്ടി (ഛത്തീസ്ഗഡ്) എന്നീ ഭാഷകൾ പിന്തുണക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. കുയി, ഗാരോ എന്നിവയുൾപ്പെടെയുള്ള അധിക ഭാഷകൾ അടുത്ത ഘട്ടത്തിനായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ ഇന്ത്യ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, ആദി കർമയോഗി അഭിയാൻ, ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ, പ്രധാനമന്ത്രി ജൻമൻ എന്നിവയുൾപ്പെടെ മുൻനിര ദേശീയ ദൗത്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ ഈ സംരംഭം സാംസ്കാരിക വൈവിധ്യത്തിന്‍റെയും സമത്വത്തിന്‍റെയും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.