സിനിമ തിരഞ്ഞ് സമയം കളയേണ്ട; നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ ഇനി നെറ്റ്ഫ്ലിക്സിന്റെ എഐ ടൂൾ കണ്ടുപിടിക്കും
text_fieldsഒരു സിനിമ കാണാൻ എടുക്കുന്ന സമയത്തെക്കാൾ കൂടുതലാണ് നല്ല സിനിമ തിരഞ്ഞെടുക്കാൻ വേണ്ടത്. നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലാണെങ്കിൽ സിനിമ സെർച്ച് ചെയ്ത് തന്നെ ഒരുപാട് സമയം പോകും. ഉപയോക്താക്കളുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായെത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇനി മുതൽ ഉപയോക്താക്കളുടെ മൂഡിനും താൽപ്പര്യങ്ങൾക്കും അനുസരിച്ച് സിനിമകളും സീരീസുകളും തിരഞ്ഞെടുക്കാൻ സഹായിക്കുന്ന AI Discover എന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പ്ലാറ്റ്ഫോമിൽ ലഭ്യമായ കാറ്റഗറികൾക്ക് പുറമേ ഉപയോക്താക്കളുടെ തത്സമയ മാനസികാവസ്ഥ മനസ്സിലാക്കി അതിനു ചേർന്ന ഷോപ്പുകളും സിനിമകളും നിർദ്ദേശിക്കുകയാണ് ഈ പുതിയ സംവിധാനം ചെയ്യുന്നത്. എന്തെങ്കിലും ലൈറ്റ് ആയിട്ടുള്ളത് കാണണം, പേടിപ്പിക്കുന്ന സിനിമകൾ, കുടുംബത്തോടൊപ്പമുള്ള സമയം, അല്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ കണ്ടുതീർക്കാവുന്നത് എന്നിങ്ങനെ പലവിധ തീമുകളിൽ നിന്നും ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ തിരഞ്ഞെടുക്കാം.
ഉപയോക്താക്കൾ നൽകുന്ന ഫീഡ്ബാക്കുകൾ തത്സമയം മനസ്സിലാക്കി പ്രവർത്തിക്കാൻ ഈ പുതിയ എഐ ലെയറിന് സാധിക്കും. ഒരു നിർദ്ദേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് വീണ്ടും കാണിക്കാത്ത രീതിയിൽ സിസ്റ്റം സ്വയം അപ്ഡേറ്റ് ചെയ്യും. നിലവിൽ അമേരിക്കയിലെ ചില ഇംഗ്ലീഷ് അക്കൗണ്ടുകളിലെ ടിവി ആപ്പുകളിലാണ് ഈ പരീക്ഷണാത്മക ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. വരുംആഴ്ചകളിൽ ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. കുട്ടികളുടെ പ്രൊഫൈലുകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല.
മണിക്കൂറുകളോളം പുതിയ കണ്ടെന്റുകൾക്കായി തിരഞ്ഞ് സമയം കളയുന്ന ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാനും, കൂടുതൽ വ്യക്തിഗതമായ സ്ട്രീമിംഗ് അനുഭവം നൽകാനും പുതിയ മാറ്റത്തിന് സാധിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും എഐ അധിഷ്ഠിത ഫീച്ചറുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നെറ്റ്ഫ്ലിക്സിന്റെ ഈ പുതിയ ചുവടുവെപ്പ്.

