‘നിങ്ങൾ കാണുകയല്ല, നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുകയാണ്’! നെറ്റ്ഫ്ലിക്സ് സ്വകാര്യതയിൽ കൈകടത്തുന്നതായി പരാതി
text_fieldsടെക്സസ്: മെറ്റക്കും യൂട്യൂബിനും പിന്നാലെ ഉപയോക്താക്കളെ അടിമപ്പെടുത്തുന്നു എന്ന ആരോപണത്തിൽ ഇപ്പോൾ നെറ്റ്ഫ്ലിക്സും കുടുങ്ങിയിരിക്കുകയാണ്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ വിവരങ്ങൾ ശേഖരിക്കുകയും, 'ഡാർക്ക് പാറ്റേണുകൾ' ഉപയോഗിച്ച് കുട്ടികളെയും മുതിർന്നവരെയും മണിക്കൂറുകളോളം സ്ക്രീനിൽ തളച്ചിടുകയും ചെയ്യുന്നു എന്നതാണ് നെറ്റ്ഫ്ലിക്സിനെതിരെയുള്ള പ്രധാന പരാതി.
ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വഭാവരീതികൾ നിരീക്ഷിക്കുകയും ആ വിവരങ്ങൾ വലിയ ലാഭമുണ്ടാക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെയും കുടുംബങ്ങളെയും സ്ക്രീനിന് മുന്നിൽ നിന്ന് മാറാൻ അനുവദിക്കാത്ത രീതിയിലുള്ള ഡിസൈൻ മാറ്റങ്ങൾ ആപ്പിൽ വരുത്തുന്നു. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കി നൽകുന്നതുമായ സാങ്കേതിക വിദ്യകളാണ് ഇവ. ഉദാഹരണത്തിന് ഉപയോക്താവിന്റെ താല്പര്യങ്ങൾക്കനുസരിച്ച് അവരെ കൂടുതൽ സമയം ആപ്പിൽ നിർത്താൻ പ്രേരിപ്പിക്കുന്ന റെക്കമെൻഡേഷൻ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം.
‘നിങ്ങൾ നെറ്റ്ഫ്ലിക്സ് കാണുമ്പോൾ നെറ്റ്ഫ്ലിക്സ് നിങ്ങളെയും നിരീക്ഷിക്കുന്നു’ എന്നാണ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. നിങ്ങളുടെ സ്വീകരണമുറിയിലെ കാമറയിലൂടെ നിങ്ങളെ നേരിട്ട് കാണുന്നു എന്നതിലുപരി, നിങ്ങൾ എപ്പോൾ സിനിമ കാണുന്നു, എപ്പോൾ പോസ് ചെയ്യുന്നു, ഏത് ഭാഗമാണ് വീണ്ടും കാണുന്നത് തുടങ്ങിയ ഓരോ ചലനവും നെറ്റ്ഫ്ലിക്സ് രഹസ്യമായി ട്രാക്ക് ചെയ്യുന്നു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ഉപയോക്താവിനും വ്യത്യസ്തമായ ഹോം സ്ക്രീൻ നൽകുന്നതിലൂടെ അവരെ ആപ്പിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പ്രതികരിച്ചു. വികലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരാതിയെന്നും ഉപയോക്താക്കളുടെ സ്വകാര്യതക്ക് തങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. നിലവിലുള്ള എല്ലാ സ്വകാര്യതാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ കേസ് യു.എസ് കോടതിയിൽ പുരോഗമിക്കുമ്പോൾ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

