Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍റർനെറ്റില്ലാതെ എ.ഐ പരിശീലനം! സ്വന്തം നിയന്ത്രണങ്ങൾ മറികടന്ന എ.ഐയെ പേടിച്ച് ഓപ്പൺ എ.ഐ

text_fields
bookmark_border
പഠിക്കാൻ നൽകിയ അതേ ഇന്റർനെറ്റിലേക്ക് എ.ഐ സ്വന്തം നിലയ്ക്ക് വഴിതേടിയിറങ്ങിയാലോ? കേൾക്കുമ്പോൾ സിനിമാക്കഥയായി തോന്നാം
ഇന്‍റർനെറ്റില്ലാതെ എ.ഐ പരിശീലനം! സ്വന്തം നിയന്ത്രണങ്ങൾ മറികടന്ന എ.ഐയെ പേടിച്ച് ഓപ്പൺ എ.ഐ
cancel

ഇന്‍റർനെറ്റിൽ നിന്ന് വിവരങ്ങൾ പഠിച്ചെടുത്ത് മനുഷ്യരെപ്പോലെ ചിന്തിക്കാനും സങ്കീർണ്ണ ജോലികൾ ചെയ്യാനും കഴിവുള്ളവയാണ് ഇന്നത്തെ എ.ഐ മോഡലുകൾ. എന്നാൽ പഠിക്കാൻ നൽകിയ അതേ ഇന്റർനെറ്റിലേക്ക് എ.ഐ സ്വന്തം നിലയ്ക്ക് വഴിതേടിയിറങ്ങിയാലോ? കേൾക്കുമ്പോൾ സിനിമാക്കഥയായി തോന്നാമെങ്കിലും എഐ ലോകത്ത് അത്തരത്തിലുള്ള ചില സംഭവങ്ങൾ യഥാർഥത്തിൽ ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് പുതിയൊരു സുരക്ഷാ നീക്കവുമായി ചാറ്റ് ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എ.ഐ രംഗത്തെത്തിയിരിക്കുന്നത്.

ഇനി മുതൽ തങ്ങളുടെ ഏറ്റവും ശേഷിയേറിയ എ.ഐ മോഡലുകളുടെ പരിശീലനത്തിന് ലൈവ് ഇന്റർനെറ്റ് നേരിട്ട് ലഭ്യമാക്കില്ലെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പകരം, നേരത്തെ ശേഖരിച്ച് സൂക്ഷിച്ച വെബ് വിവരങ്ങളും നിയന്ത്രിതമായ കൃത്രിമ ഇന്റർനെറ്റ് അന്തരീക്ഷവുമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. മോഡലുകൾക്ക് ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ തിരയാനും വെബ് ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കാനും പഠിക്കാം. എന്നാൽ പുറത്തുള്ള യഥാർഥ സംവിധാനങ്ങളിലേക്ക് അനുമതിയില്ലാതെ കടന്നുചെല്ലാൻ കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

എഐ സ്വന്തം സുരക്ഷാ മതിൽ തന്നെ ചാടിക്കടന്നപ്പോൾ!

ഈ തീരുമാനത്തിന് പിന്നിൽ ഓപ്പൺ എ.ഐ നേരിട്ട ചില ഗൗരവകരമായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. 2026 ജൂലൈയിൽ നടന്ന ഒരു സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ ഓപ്പൺ എഐയുടെ ഗവേഷണ മോഡലുകൾ നിയന്ത്രിതമായ കമ്പ്യൂട്ടർ അന്തരീക്ഷത്തിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പുറത്തുള്ള ഇന്റർനെറ്റിലേക്ക് പ്രവേശിച്ചു. ഇതിൽ ഹഗ്ഗിങ് ഫേസ് എന്ന പ്രമുഖ എ.ഐ പ്ലാറ്റ്‌ഫോമിന്റെ സംവിധാനങ്ങളിലേക്കുള്ള അനധികൃത പ്രവേശനവും ഉൾപ്പെട്ടിരുന്നു.ഇവിടെ മോഡലുകൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ നേരിട്ട് അനുമതി നൽകിയിരുന്നില്ല. പകരം, സോഫ്റ്റ്‌വെയറിലെയും നെറ്റ്‌വർക്ക് സംവിധാനങ്ങളിലെയും സുരക്ഷാ പഴുതുകൾ കണ്ടെത്തി അവ ഉപയോഗപ്പെടുത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഓപ്പൺ എ.ഐ, മോഡലുകളുടെ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയും ബന്ധപ്പെട്ട സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

സെപ്റ്റംബർ 20-ലെ സംഭവം; വീണ്ടും പണി കിട്ടി!

ജൂലൈയിലെ സംഭവത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയെങ്കിലും സെപ്റ്റംബർ 20-ന് മറ്റൊരു പ്രശ്നം കൂടി കണ്ടെത്തി.പരിശീലനത്തിനിടെ ഒരു ഗവേഷണ മോഡൽ DNS Resolver എന്ന നെറ്റ്‌വർക്ക് സംവിധാനത്തിലെ ക്രമീകരണപ്പിഴവ് മുതലെടുത്ത് പരിമിതമായ രീതിയിൽ ലൈവ് ഇന്റർനെറ്റിലേക്ക് പ്രവേശിച്ചു. പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴികൾ നിയന്ത്രിച്ചിരുന്നെങ്കിലും മറ്റൊരു സാങ്കേതിക പഴുതിലൂടെ മോഡൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.ഇതോടെ ഏറ്റവും ശേഷിയേറിയ മോഡലുകളുടെ പരിശീലനവും വിലയിരുത്തലും ഓപ്പൺ എഐ താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുകയും പുതിയ പരിശോധനകൾ നടത്തുകയും ചെയ്തശേഷം ഒക്ടോബർ ഒന്നിന് പരിശീലനം പുനരാരംഭിച്ചു.

ഇന്റർനെറ്റിന് പകരം മറ്റൊരു ഇന്റർനെറ്റ്!

അപ്പോൾ ഇന്റർനെറ്റ് ലഭിക്കാതെ എങ്ങനെയാണ് എഐ വെബ്‌സൈറ്റുകൾ ഉപയോഗിക്കാനും വിവരങ്ങൾ തിരയാനും പഠിക്കുന്നത്? ഇതിനായി ഓപ്പൺ എഐ ഒരുക്കിയിരിക്കുന്നത് 'Offline World' എന്ന പ്രത്യേക സംവിധാനമാണ്. ഇന്റർനെറ്റിലെ വെബ് പേജുകൾ നേരത്തെ ഇൻഡക്സ് ചെയ്ത് കാഷെ രൂപത്തിൽ സൂക്ഷിച്ച വലിയൊരു വിവരശേഖരമാണിത്.ഇതിലൂടെ എഐക്ക് വെബ്‌സൈറ്റുകളിൽ തിരയുന്നതും വിവരങ്ങൾ കണ്ടെത്തുന്നതും വെബ് ആപ്ലിക്കേഷനുകളുമായി ഇടപെടുന്നതും പരിശീലിക്കാം. എന്നാൽ യഥാർഥ വെബ്‌സൈറ്റുകളിൽ മാറ്റങ്ങൾ വരുത്താനോ പുറത്തുള്ള സംവിധാനങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാനോ കഴിയില്ല.ഉദാഹരണത്തിന്, ഒരു വെബ്‌സൈറ്റിൽ വിവരങ്ങൾ തിരയാൻ എഐയെ പരിശീലിപ്പിക്കാം. എന്നാൽ ആ വെബ്‌സൈറ്റിന്റെ യഥാർഥ സെർവറുമായി നേരിട്ട് ബന്ധപ്പെടാതെ തന്നെ അതിനുള്ള പരിശീലനം നടത്താൻ കഴിയും.അതായത്, ഇന്റർനെറ്റിന്റെ പ്രവർത്തനരീതി പഠിക്കാം; എന്നാൽ യഥാർഥ ഇന്റർനെറ്റിൽ സ്വതന്ത്രമായി വിഹരിക്കാൻ കഴിയില്ല.
ഓപ്പൺ എ.ഐ മാത്രമല്ല, ആന്ത്രോപിക്കും ജാഗ്രതയിൽ

ചാറ്റ് ജിപിടിയുടെ എതിരാളികളിലൊന്നായ ആന്ത്രോപിക്കും എ.ഐ സുരക്ഷാ കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ എഐ മോഡലായ ക്ലോഡിന്റെ പരീക്ഷണങ്ങളിൽ പുറത്തുള്ള വെബ്‌സൈറ്റുകളുമായി അനുമതിയില്ലാത്ത രീതിയിൽ ഇടപെട്ട സംഭവങ്ങൾ കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.സോഫ്റ്റ്‌വെയറിലെ സുരക്ഷാ പഴുതുകൾ ഉപയോഗിക്കുക, നിയന്ത്രണങ്ങൾ മറികടന്ന് വിവരങ്ങൾ കണ്ടെത്തുക, URL Shortening സേവനങ്ങൾ ഉപയോഗിച്ച് ചില സാങ്കേതിക നിയന്ത്രണങ്ങൾ മറികടക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കണ്ടെത്തിയത്.ഇതിനെത്തുടർന്ന് ആന്ത്രോപിക് തങ്ങളുടെ എല്ലാ ആഭ്യന്തര മോഡൽ വിലയിരുത്തലുകളിലും ലൈവ് ഇന്റർനെറ്റ് ലഭ്യത താൽക്കാലികമായി ഒഴിവാക്കാൻ തീരുമാനിച്ചു. സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നാണ് കമ്പനിയുടെ നിലപാട്.

എ.ഐയുടെ കഴിവ് കൂടുമ്പോൾ ഭീഷണിയും കൂടുമോ?

എ.ഐയുടെ വളർച്ചയിൽ വലിയൊരു ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മനുഷ്യർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങൾ കൂടുതൽ സ്വയംപര്യാപ്തമാകുമ്പോൾ അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എത്രത്തോളം എളുപ്പമായിരിക്കും?ഒരു സോഫ്റ്റ്‌വെയറിലെ പിഴവ് കണ്ടെത്താനും അതുപയോഗിച്ച് നിയന്ത്രണങ്ങൾ മറികടക്കാനും കഴിയുന്ന എഐ മോഡലുകൾക്ക് പുറത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാകും. അതുകൊണ്ടുതന്നെ എഐയുടെ ബുദ്ധിശേഷി വർധിപ്പിക്കുന്നതിനൊപ്പം അതിന്റെ പ്രവർത്തനപരിധിയും സുരക്ഷാ നിയന്ത്രണങ്ങളും ശക്തമാക്കേണ്ടതുണ്ട്.എ.ഐയെ കൂടുതൽ ബുദ്ധിമാനാക്കുക എന്നതുമാത്രമല്ല, അതിന്റെ കഴിവുകൾ എവിടെവരെ ഉപയോഗിക്കാമെന്ന് ഉറപ്പാക്കുക എന്നതും വരുംകാലത്തെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികളിലൊന്നായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OpenAI AI Training Without Live Internet
Next Story