ജി.ടി.എ 6ന് ബംഗളൂരു ബന്ധം: റോക്ക്സ്റ്റാറിന്റെ ഏറ്റവും വലിയ ഗെയിമിന് പിന്നിൽ പ്രവർത്തിച്ചത് 1,600ലധികം ഇന്ത്യൻ ഡെവലപ്പർമാർ
text_fieldsജി.ടി.എ 6 ആഗോളതലത്തിൽ പുറത്തിറങ്ങിയതോടെ ബ്ലോക്ക്ബസ്റ്റർ വിഡിയോ ഗെയിമിന്റെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച നഗരമായി ബംഗളൂരു മാറിയിരിക്കുകയാണ്. ഗെയിമിന്റെ വിവിധ ഭാഗങ്ങളുടെ നിർമാണത്തിൽ റോക്ക്സ്റ്റാർ ഇന്ത്യയുടെ ബംഗളൂരു വൈറ്റ്ഫീൽഡിലുള്ള സ്റ്റുഡിയോയിലെ ഏകദേശം 1,615 ഡെവലപ്പർമാരാണ് പങ്കാളികളായത്. ഗെയിമിലെ ഓപ്പൺ-വേൾഡ് പശ്ചാത്തലം ഒരുക്കുന്നതിലും ഡിജിറ്റൽ അസറ്റുകൾ ഡിസൈൻ ചെയ്യുന്നതിലും, ജി.ടി.എ 6ന്റെ കഥ നടക്കുന്ന സാങ്കൽപ്പിക സംസ്ഥാനമായ ലിയോണിഡയിലെ പ്രധാന സ്ഥലങ്ങളിലൊന്നായ വൈസ് ബീച്ച് നിർമിക്കുന്നതിലും ഇവരുടെ സംഭാവനയുണ്ട്.
1995ൽ രാജേഷ് റാവു വെറും ഒരൊറ്റ കമ്പ്യൂട്ടറുമായാണ് ബംഗളൂരുവിൽ 'ധ്രുവ ഇന്ററാക്ടീവ്' സ്ഥാപിച്ചത്. പിന്നീട് 2019ൽ റോക്ക്സ്റ്റാർ ഗെയിംസ് ഏറ്റെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗെയിം ഡെവലപ്മെന്റ് സ്റ്റുഡിയോയായി ഈ സ്ഥാപനം മാറി. വിവിധ രാജ്യങ്ങളിൽ പ്രാദേശിക സമയം അർദ്ധരാത്രിയിൽ ഗെയിം റിലീസ് ചെയ്യുന്ന രീതിയാണ് റോക്ക്സ്റ്റാർ ഗെയിംസ് പിന്തുടരുന്നത്.
ജനപ്രിയ ഗെയിമിങ് സീരീസിലെ ഈ ഏറ്റവും പുതിയ പതിപ്പിന്റെ കഥ നടക്കുന്നത് യു.എസിലെ ഫ്ലോറിഡയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ലിയോണിഡ എന്ന സാങ്കൽപ്പിക സംസ്ഥാനത്താണ്. ലൂസിയ കാമിനോസ്, ജേസൺ ഡുവാൽ എന്നീ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ കുറ്റകൃത്യങ്ങൾ നിറഞ്ഞ ജീവിതയാത്രയാണ് ഗെയിമിന്റെ പ്രമേയം. പ്രശസ്ത അമേരിക്കൻ കുറ്റവാളി ദമ്പതികളായ ബോണിയോടും ക്ലൈഡിനോടുമാണ് ഇവരെ ഉപമിക്കുന്നത്.
ഇതുവരെ നിർമിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും ചെലവേറിയ വിഡിയോ ഗെയിമുകളിലൊന്നായി ജി.ടി.എ 6 മാറുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ നിർമാണച്ചെലവ് 1 ബില്യൻ ഡോളറിനും 1.5 ബില്യൻ ഡോളറിനും ഇടയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റോക്ക്സ്റ്റാർ ഗെയിംസ് ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

