വിമാനത്തിൽ മൊബൈൽ ഫോൺ ഫ്ളൈറ്റ് മോഡിലാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
text_fieldsസാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിമാനം തിരിച്ചിറക്കി, പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കി എന്നിങ്ങനെ വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതും ഡിലേ ചെയ്തതുമായ നിരവധി വാർത്തകളാണ് സമീപകാലത്ത് വരുന്നത്. ഇപ്പോൾ ഒരു പൈലറ്റിന്‍റെ പഴയ വിഡിയോ വൈറലാകുന്നുണ്ട്. മൊബൈലിൽ ഫ്ളൈറ്റ് മോഡ് ഓൺ ആക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിഡിയോ ആണ് വൈറലാകുന്നത്. വിമാനത്തിൽ നമ്മുടെ മൊബൈൽ ഫോണിൽ ഫ്ളൈറ്റ് മോഡ് ഓൺ ചെയ്യാൻ നിർദേശം ലഭിക്കാറുണ്ട്. ഇങ്ങനെ ഫ്ളൈറ്റ് മോഡ് ഓൺ ആക്കിയില്ലെങ്കിൽ എന്താണ് സംഭവിക്കുക?
ഫ്‌ളൈറ്റ് മോഡ് എന്നത് കോൺസ്പിറസി തിയറി മാത്രമല്ലെന്നും അത് വളരെ പ്രധാനമാണെന്നും പൈലറ്റ് വിഡിയോയിൽ പറയുന്നു. 'നിങ്ങളുടെ ഫോൺ എയർപ്ലെയിൻ മോഡിൽ വെക്കാൻ മറന്നാൽ അത് ലോകാവസാനമല്ല, വിമാനം ആകാശത്ത് നിന്ന് വീഴുകയുമില്ല, വിമാനത്തിലുള്ള സിസ്റ്റങ്ങളെ പോലും അത് കുഴപ്പത്തിലാക്കില്ല'- പൈലറ്റ് പറയുന്നു.
എന്നാൽ അപകടസാധ്യതകൾ ഉള്ളതിനാൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്.എ.എ) എയർലൈനുകളും ഫ്ളൈറ്റ് മോഡിനെ ഗൗരവമായാണ് കാണുന്നത്. ഫോണിന്റെ സിഗ്നൽ വിമാനത്തിന്റെ ആശയവിനിമയ, നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്തുമെന്നും ഇത് സുരക്ഷ പ്രശ്നങ്ങൾക്കും വിമാനം ഡിലേ ആക്കുന്നതിനും കാൻസൽ ചെയ്യുന്നതിനും കാരണമാകുന്നു.
നിങ്ങൾ എഴുപത് മുതൽ 150 വരെ യാത്രക്കാരുള്ള വിമാനത്തിലാണെങ്കിൽ അതിൽ മൂന്നോ നാലോ ആളുകളുടെ ഫോണുകൾ കോളിനായി റേഡിയോ ടവറുമായി കണക്ഷൻ സ്ഥാപിക്കാൻ ശ്രമിക്കാൻ തുടങ്ങിയാൽ അത് റേഡിയോ തരംഗങ്ങൾ അയക്കുന്നു. ഈ റേഡിയോ തരംഗങ്ങൾ പൈലറ്റുമാർ ഉപയോഗിക്കുന്ന ഹെഡ്‌സെറ്റുകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
ഇത്തരത്തിൽ റേഡിയോ വേവുകളിൽ തടസ്സമുണ്ടാകുന്നത് നിർദേശങ്ങൾ പകർത്താൻ ശ്രമിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുമെന്നും ഒരു കടന്നൽ ചുറ്റിനും പറക്കുന്നത് പോലെയുള്ള അരോചകശബ്ദം കേൾക്കുമെന്നും പൈലറ്റ് പറയുന്നു. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇത്തരമൊരു തടസ്സം നേരിട്ട അനുഭവവും പൈലറ്റ് പങ്കുവെച്ചു.
എയർപ്ലെയിൻ മോഡ് പ്രവർത്തനക്ഷമമാക്കാത്തത് ബാറ്ററി വേഗത്തിൽ തീർന്നുപോകാൻ ഇടയാക്കും. കാരണം നിങ്ങളുടെ ഫോൺ തുടർച്ചയായി സെല്ലുലാർ സിഗ്നലുകൾക്കായി തിരയുന്നു. ഫോൺ ഇടപെടൽ മൂലമുണ്ടായ വിമാനാപകടങ്ങൾ നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്ളൈറ്റ് മോഡിലേക്ക് മാറുന്നത് എപ്പോഴും മുൻകരുതൽ നടപടിയായാണ് കണക്കാക്കപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.