എ.ഐ മേഖലയിലേക്ക് റിലയന്‍സും, മെറ്റയും ഗൂഗ്ളുമായി കൈകോര്‍ക്കും; റിലയന്‍സ് ഇന്റലിജന്‍സ് പ്രഖ്യാപിച്ച് മുകേഷ് അംബാനി
text_fieldsനിര്‍മിതബുദ്ധിയുടെ (എ.ഐ) മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ആഗോള ടെക് ഭീമന്മാരായ ഗൂഗ്ള്‍, മെറ്റ എന്നിവയുമായി എ.ഐ പങ്കാളിത്തവും അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മിതബുദ്ധിയുടെ മേഖലയിലുള്ള മുന്നേറ്റത്തിന് കൂടുതല്‍ ശ്രദ്ധയും വേഗവും നല്‍കുന്നതിനായാണ് പുതിയ സ്ഥാപനം രൂപവത്കരിക്കുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞു.
ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ക്ക് എ.ഐ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നല്‍കാന്‍ പുതിയ സംരംഭത്തിനാകും. കുറഞ്ഞ ചെലവില്‍ ഹൈ പെര്‍ഫോമന്‍സ് മോഡലുകള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഇടത്തരം സംരംഭങ്ങള്‍ക്ക് മുതല്‍ ബ്ലൂചിപ്പ് കോര്‍പറേറ്റുകള്‍ക്ക് വരെ സേവനങ്ങള്‍ ലഭ്യമാക്കി എന്റര്‍പ്രൈസ് എ.ഐ ജനാധിപത്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി പറഞ്ഞു.
കാര്യക്ഷമത മെച്ചപ്പെടുത്താനും ആഗോളതലത്തില്‍ മല്‍സരിക്കാനുമെല്ലാം അത് ഇന്ത്യന്‍ കമ്പനികളെ പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്റലിജന്‍സ് ഹരിത ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയോടെ രൂപകല്‍പന ചെയ്തതുമായ എ.ഐ-റെഡി ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കും. ജാംനഗറില്‍ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
റിലയന്‍സിന്റെ പുതിയ ഊര്‍ജ്ജ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതും പരിശീലനത്തിനടക്കം സൗകര്യങ്ങള്‍ ഉള്ളതുമായ ഇവ രാജ്യത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഘട്ടംഘട്ടമായി ലഭ്യമാക്കും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മഖലകളില്‍ എ.ഐ സേവനങ്ങള്‍ ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇവ വിശ്വസനീയവും ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്നതുമായിരിക്കും. ലോകോത്തര ഗവേഷകര്‍, എൻജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, പ്രൊഡക്റ്റ് നിര്‍മാതാക്കള്‍ എന്നിവരെ ഒന്നിപ്പിക്കാന്‍ റിലയന്‍സ് ഇന്റലിജന്‍സ് സംവിധാനം ഒരുക്കും.
ഗൂഗ്ളും റിലയന്‍സും കൈകോര്‍ത്താണ് ജാംനഗറില്‍ പ്രത്യേക ക്ലൗഡ് റീജിയൻ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യക്ക് എപ്പോഴും പ്രത്യേക സ്ഥാനമാണ് ഗൂഗ്ള്‍ നല്‍കുന്നതെന്ന് സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യന്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മെറ്റയും റിലയന്‍സും ഓപണ്‍ സോഴ്സ് എ.ഐ മോഡലുകള്‍ നല്‍കുമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.