സിം കാർഡ് ഫോണിലില്ലെങ്കിൽ വാട്സ്ആപ്പും ടെലിഗ്രാമും പണിമുടക്കുമോ?
text_fieldsഫോണിൽനിന്ന് സിം കാർഡ് ഊരിമാറ്റിയിട്ടും വാട്സ്ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ? പഴയ ഫോണിലെ സിം പുതിയ ഫോണിലേക്ക് മാറ്റിയശേഷവും വൈഫൈ വഴി പഴയ ഫോണിൽ വാട്സ്ആപ്പ് പ്രവർത്തിച്ചിട്ടുണ്ടാകാം. സിം ഇല്ലാത്ത ടാബ്ലെറ്റിലും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ട്. ഇതുവരെ അങ്ങനെയൊക്കെ സാധ്യമായിരുന്നു. എന്നാൽ ഇനി ആ പതിവിന് മാറ്റം വരാൻ പോവുകയാണ്. വാട്സ്ആപ്പും ടെലിഗ്രാമും ഉൾപ്പെടെയുള്ള ചില മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്ന ഫോണിൽ തന്നെ അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ പുതിയ നിർദേശം. എന്താണ് ഈ മാറ്റം? ഇപ്പോൾ തന്നെ നടപ്പാക്കിയോ? സിം ഫോണിൽനിന്ന് മാറ്റിയാൽ നിങ്ങളുടെ വാട്സ്ആപ്പിനും എന്ത് സംഭവിക്കും?
എന്താണ് സിം-ബൈൻഡിങ്?
നമ്മൾ വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകുകയും ഒ.ടി.പി ഉപയോഗിച്ച് അത് സ്ഥിരീകരിക്കുകയും ചെയ്യാറുണ്ട്. ഒരിക്കൽ ഈ പരിശോധന പൂർത്തിയായാൽ പിന്നീട് സിം കാർഡ് ആ ഫോണിൽനിന്ന് മാറ്റിയാലും ആപ്പ് വൈഫൈ വഴി പ്രവർത്തിക്കുമായിരുന്നു. ഉദാഹരണത്തിന്, വാട്സ്ആപ്പ് രജിസ്റ്റർ ചെയ്ത സിം കാർഡ് ഒരു ഫോണിൽനിന്ന് ഊരിമാറ്റി മറ്റൊരു ഫോണിൽ ഇട്ടാലും പഴയ ഫോണിൽ ഇന്റർനെറ്റ് ലഭിക്കുന്നുണ്ടെങ്കിൽ വാട്സ്ആപ്പ് തുടർന്നും പ്രവർത്തിക്കുമായിരുന്നു.ഈ രീതിക്കാണ് ഇനി മാറ്റം വരുന്നത്. അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട സിം കാർഡ് ആപ്പ് പ്രവർത്തിക്കുന്ന ഫോണിൽ തന്നെ ഉണ്ടായിരിക്കുകയും സജീവമായിരിക്കുകയും വേണം. ഇതാണ് സിം-ബൈൻഡിങ്.അതായത്, വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഫോണിൽ രജിസ്റ്റർ ചെയ്ത സിം ഇല്ലെങ്കിൽ വൈഫൈ മാത്രം ഉപയോഗിച്ച് ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
നിയമം നടപ്പായോ? എന്ന് മുതൽ പ്രാബല്യത്തിൽ വരും?
തുടക്കത്തിൽ 90 ദിവസത്തിനകം നടപ്പാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ സാങ്കേതികമായ ബുദ്ധിമുട്ടുകളും കമ്പനികളുടെ ആവശ്യങ്ങളും പരിഗണിച്ച് സമയപരിധി നീട്ടി.
2026 ഏപ്രിൽ 2-ന് പാർലമെന്റിൽ നൽകിയ മറുപടിയിൽ നടപ്പാക്കാനുള്ള അവസാന തീയതി ഡിസംബർ 31, 2026 ആണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.2027 ജനുവരി 1 മുതൽ ചട്ടം പ്രാബല്യത്തിൽ വരുമെന്നാണ് ടെലികോം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറിയിച്ചത്.
എന്തിനാണ് ഇങ്ങനെയൊരു നിയന്ത്രണം?
ഇതിന്റെ പ്രധാന ലക്ഷ്യം സൈബർ തട്ടിപ്പുകൾ തടയുകയാണ്. സിം കാർഡ് ഫോണിൽനിന്ന് മാറ്റിയാലും അക്കൗണ്ട് പ്രവർത്തിക്കുന്ന പഴയ രീതി തട്ടിപ്പുകാർക്ക് ദുരുപയോഗം ചെയ്യാൻ കഴിയുമെന്നാണ് ടെലികോം വകുപ്പിന്റെ വിലയിരുത്തൽ.ഉദാഹരണത്തിന്, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങിയശേഷം അതുമായി ബന്ധപ്പെട്ട സിം മറ്റൊരിടത്തേക്ക് മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് മറ്റൊരു സ്ഥലത്ത് വൈഫൈ വഴി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇതുവഴി വിദേശത്തിരുന്നും ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താനുള്ള സാധ്യതയുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.വ്യാജ സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞുള്ള തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ, ഫിഷിങ് തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം നമ്പറുകളുടെ ദുരുപയോഗം കണ്ടെത്തുന്നതിനുമാണ് പുതിയ നിയന്ത്രണം ലക്ഷ്യമിടുന്നത്.
ആരെയൊക്കെയാണ് ഇത് ബാധിക്കുക?
പ്രധാനമായും താഴെ പറയുന്ന രീതിയിൽ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം.
- രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽനിന്ന് ഊരിമാറ്റി വൈഫൈ വഴി മാത്രം വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ.
- ഒരു ഫോണിൽ വാട്സ്ആപ്പ് രജിസ്റ്റർ ചെയ്തശേഷം സിം മറ്റൊരു ഫോണിലേക്ക് മാറ്റി പഴയ ഫോണിൽ ആപ്പ് ഉപയോഗിക്കുന്നവർ.
- സിം കാർഡ് ഇല്ലാത്ത വൈഫൈ ടാബ്ലെറ്റിലോ മറ്റ് ഉപകരണങ്ങളിലോ അക്കൗണ്ട് ഉപയോഗിക്കുന്നവർ.
- വിദേശത്തേക്ക് പോകുമ്പോൾ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സിം വീട്ടിൽവെച്ച് മറ്റൊരു നമ്പർ ഉപയോഗിക്കുന്നവർ.
അതേസമയം, വിദേശയാത്ര ചെയ്യുന്നവർക്ക് രജിസ്റ്റർ ചെയ്ത സിം കാർഡ് അതേ ഫോണിൽ നിലനിർത്താം. റോമിങ് വഴി ഉപയോഗിക്കുന്നവരെ ഈ നിർദേശം ബാധിക്കില്ലെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് വെബിനും നിയന്ത്രണമുണ്ടോ?
ആദ്യ നിർദേശത്തിൽ വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ആറു മണിക്കൂർ കൂടുമ്പോൾ സ്വയം ലോഗ് ഔട്ട് ചെയ്യണമെന്നും വീണ്ടും ക്യുആർ കോഡ് സ്കാൻ ചെയ്ത് ബന്ധിപ്പിക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതിൽ മാറ്റം വന്നു.2026 ഏപ്രിലിൽ രാജ്യസഭയിൽ നൽകിയ മറുപടിയിൽ വെബ് സെഷനുകൾ അവസാനിപ്പിക്കുന്നത് അപകടസാധ്യത വിലയിരുത്തിയുള്ള പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ആറു മണിക്കൂർ എന്ന നിശ്ചിത സമയപരിധി ഇപ്പോൾ സർക്കാർ നിർദേശിച്ചിട്ടില്ല.എന്നാൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ വെബ് സെഷനുകൾ അവസാനിപ്പിക്കാനുള്ള നിയന്ത്രണം ഉണ്ടായിരിക്കും.
ഏതൊക്കെ ആപ്പുകൾക്ക് ബാധകം?
- വാട്സ്ആപ്പ് (WhatsApp)
- ടെലിഗ്രാം (Telegram)
- സ്നാപ്ചാറ്റ് (Snapchat)
- സിഗ്നൽ (Signal)
- ഷെയർചാറ്റ് (ShareChat)
- ജിയോചാറ്റ് (JioChat)
ഇവയ്ക്കു പുറമെ, ഉപയോക്താക്കളെ തിരിച്ചറിയാനോ സേവനം നൽകാനോ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കുന്ന മറ്റ് ആപ്പുകൾക്കും നിർദേശം ബാധകമാകാം.

