‘അതിജീവിക്കണമെങ്കിൽ സ്ക്രോളിങ് സമയം കുറച്ച് എ.ഐ പഠിക്കൂ...’
text_fieldsലോകത്തെ മുൻനിര എ.ഐ കമ്പനികളിലൊന്നായ പെർപ്ലെക്സിറ്റി (Perplexity) സഹ സ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് ശ്രീനിവാസൻ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്തയാളാണ്. സുന്ദർ പിച്ചൈക്കും സത്യ നദെല്ലക്കും ശേഷം ആഗോള ടെക് രംഗത്തെ എണ്ണം പറഞ്ഞ പേരുകാരിലൊരാളായ അരവിന്ദ് ചെന്നൈയിൽനിന്ന് യു.എസിലേക്ക് കുടിയേറിയ ആളാണ്. പെർപ്ലെക്സിറ്റിയുടെ ഏറ്റവും പുതിയ എ.ഐ ബ്രൗസറായ കോമറ്റ് (Comet) സൃഷ്ടിക്കാൻ പോകുന്ന വൻ മാറ്റങ്ങൾ ലോക തൊഴിൽ ഭൂപടത്തിൽതന്നെ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
എക്സിക്യൂട്ടിവ് അസിസ്റ്റന്റ്, റിക്രൂട്ടർ എന്നു തുടങ്ങി നിരവധി വൈറ്റ് കോളർ ജോലികൾ കോമറ്റിന്റെ അവതരണത്തോടെ ഇല്ലാതാകുമെന്ന് അരവിന്ദ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓരോ ആറുമാസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എ.ഐ ലോകത്ത് അതിജീവിക്കാനുള്ള ഏക വഴി, എ.ഐയിൽ പഠിച്ചെടുക്കാൻ പറ്റുന്നതിന്റെ പരമാവധി പഠിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
‘‘എ.ഐ ഫലപ്രദമായി ഉപയോഗിക്കാൻ അറിയുന്നവരും അത് അറിയാത്തവരും എന്ന് ലോകം വിഭജിക്കപ്പെടുകയാണ്. ചെയ്യുന്ന ജോലിയിലും പഠിക്കുന്ന കാര്യങ്ങളിലും എ.ഐ പരമാവധി ഉപയോഗിക്കാൻ അറിയുന്നവരായിരിക്കും അതറിയാത്തവരെക്കാൾ ജോലിക്ക് അനുയോജ്യരായവരെന്ന് കമ്പനികൾ തീരുമാനിച്ചു തുടങ്ങി.’’ - ഒരു അഭിമുഖത്തിൽ അരവിന്ദ് പറയുന്നു.
‘‘ഇൻസ്റ്റഗ്രാമിൽ അനന്തമായി സ്ക്രോൾ ചെയ്യുന്ന ശീലം കുറച്ചുകൊണ്ടുവന്ന്, ആ സമയം കൊണ്ട് പറ്റാവുന്ന അത്ര എ.ഐ ടൂളുകൾ പഠിക്കുക. ചെയ്യുന്ന ജോലിക്കുവേണ്ടി മാത്രമുള്ളതല്ല, ജോലി ചെയ്യുന്ന കമ്പനിക്കു വേണ്ടിയുമല്ല. മറിച്ച്, അതാണ് നിങ്ങൾക്ക് മുന്നിലുള്ള വഴി.’’ -അരവിന്ദ് വിശദീകരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.