അഗ്നിവീർ വിവരങ്ങൾ ഡാർക് വെബിൽ വിൽപനക്കുവെച്ച 14കാരൻ പിടിയിൽ
text_fieldsന്യൂഡൽഹി: ഡാർക്ക് വെബിൽ 4,000 അഗ്നിവീർമാരുടെ വ്യക്തിഗത ഡേറ്റ 500 ഡോളറിന് വിൽപനക്കുവെച്ച 14കാരൻ പിടിയിൽ. ഹരിയാനയിലെ ബല്ലഭ്ഗഢിലെ 14കാരനെയാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടിയത്. മുൻ അഗ്നിനീവർമാർക്ക് മറ്റു സർക്കാർ വകുപ്പുകളിൽ തൊഴിലവസരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ടെസ്റ്റ് വെബ്സൈറ്റിലേക്ക് അനധികൃതമായി പ്രവേശനം നേടിയാണ് ഇതിൽനിന്ന് വിവരങ്ങൾ ചോർത്തി പരസ്യം പോസ്റ്റ് ചെയ്തത്. വിവരങ്ങൾ ലഭിക്കാൻ നിർമിത ബുദ്ധി ഉപയോഗിച്ച 14കാരൻ വെബ്സൈറ്റിലേക്ക് എങ്ങനെ കയറിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ് (ഐ.എഫ്.എസ്.ഒ) യൂനിറ്റ് കുട്ടിയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് ഡേറ്റ കണ്ടെടുത്തു. ഇത് യഥാർഥമാണോ എന്ന് പരിശോധിക്കാനും നിയമ ലംഘനത്തിന്റെ വ്യാപ്തി നിർണയിക്കാനുമുള്ള പരിശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കസ്റ്റഡിയിലെടുത്ത ബാലനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഉപകരണങ്ങളിൽനിന്ന് കണ്ടെടുത്തതിനപ്പുറം എന്തെങ്കിലും ഡേറ്റ അപഹരിക്കപ്പെട്ടോ എന്നും ഉദ്ദേശിച്ച ഡേറ്റാബേസ് ആരെങ്കിലും വാങ്ങുകയോ ആക്സസ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. താരതമ്യത്തിനായി ഔദ്യോഗിക അഗ്നിവീർ ഡേറ്റാബേസ് ആവശ്യപ്പെട്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.

