യു.പി.ഐ ഇടപാടുകൾ; മുഖ്യമന്ത്രി ഇടപെട്ടു, വ്യാപാരികൾ പണിമുടക്ക് പിൻവലിച്ചു
text_fieldsബംഗളൂരുവിൽ യു.പി.ഐ ഇടപാടുകൾ സ്വീകരിക്കില്ലെന്ന് ബോർഡ് വെച്ച കച്ചവടക്കാർ
ബംഗളൂരു: യു.പി.ഐ ഇടപാടുകൾ നടത്തുന്ന ചെറുകിട വ്യാപാരികൾക്ക് വാണിജ്യ വകുപ്പ് ജി.എസ്.ടി നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ബുധനാഴ്ച ആരംഭിച്ച പ്രതിഷേധ സമരം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടലിൽ അവസാനിപ്പിച്ചു. മൂന്നു വർഷമായി നികുതി ഇളവ് നൽകിയ സാധനങ്ങളുടെയും സേവനങ്ങളുടെയും കുടിശ്ശികക്ക് വ്യാപാരികൾക്ക് നൽകിയ നികുതി നോട്ടീസുകൾ സംസ്ഥാന സർക്കാർ പിന്തുടരില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബുധനാഴ്ച സൂചനാ സമരം നടത്തിയ കച്ചവടക്കാർ വ്യാഴാഴ്ചയും സമരം തുടരാനും വെള്ളിയാഴ്ച കനത്ത പ്രതിഷേധവുമായി ഫ്രീഡംപാർക്കിൽ റാലി നടത്താനുമായിരുന്നു തീരുമാനം.
കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ബേക്കറീസ്, കോണ്ടിമെന്റ്സ് ആൻഡ് സ്മാൾ എന്റർപ്രൈസസ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധസമരം പ്രഖ്യാപിച്ചത്. കര്‍ണാടക കാര്‍മിക പരിഷത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പുകയില, പാല്, ചായ, കാപ്പി എന്നിവയുടെ വില്പന നിർത്തിവെച്ചിരുന്നു. തുടർന്ന് വ്യാപാരി നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. നോട്ടീസ് നടപടികൾ സംസ്ഥാന സർക്കാർ പിന്തുടരില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ വ്യാപാരികൾ സമരം നിർത്തിവെച്ചതായി അറിയിക്കുകയായിരുന്നു.
യു.പി.ഐ ഇടപാട് ഡേറ്റയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം വാണിജ്യ നികുതി വകുപ്പ് ഏകദേശം 6000 നോട്ടീസുകൾ നൽകിയതായാണ് വിവരം. പഴയ നികുതി കുടിശ്ശികകൾ തുടരില്ലെന്ന് വ്യാപാരികളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തെ കുടിശ്ശിക തീർക്കാനുള്ള നോട്ടീസുകളുമായി ബന്ധപ്പെട്ട കേസുകൾ തുടരരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും വാണിജ്യ നികുതി വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വ്യാപാരികൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
‘വ്യാപാരികൾ രജിസ്റ്റർ ചെയ്യണം. എല്ലാവരെയും നികുതി പരിധിയിൽ കൊണ്ടുവരേണ്ടതിനാൽ രജിസ്ട്രേഷൻ നിർബന്ധമാണ്. നികുതി ഒഴിവാക്കിയ സാധനങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ബിസിനസുകാർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. റൊട്ടി, പാൽ, അവശ്യഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ഇളനീർ പോലുള്ള നികുതി ഒഴിവാക്കപ്പെട്ട സാധനങ്ങളുടെയും സേവനങ്ങളുടെയും നോട്ടീസുകളിൽ തുടർനടപടിയുണ്ടാവില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ സഹായിക്കാൻ ഹെൽപ് ലൈൻ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 40 ലക്ഷം രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾ ഉള്ള വ്യാപാരികൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി, ജി.എസ്.ടി പിരിവിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കർണാടകയെന്ന് ചൂണ്ടിക്കാട്ടി.
വാര്‍ഷിക വരുമാനം 40 ലക്ഷത്തില്‍ കൂടുതലും സേവനവരുമാനം 20 ലക്ഷത്തില്‍ കൂടുതലും ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) രജിസ്ട്രേഷന് എടുക്കണമെന്ന് ജൂലൈ 11ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചിരുന്നു. ജി.എസ്.ടി നോട്ടീസ് ഭയന്ന് നിരവധി വ്യാപാരികള്‍ യു.പി.ഐ പേമെന്റുകൾ സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതിനെതുടർന്ന്, യു.പി.ഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തരുതെന്ന് വാണിജ്യ നികുതി അഡീഷനൽ കമീഷണർ വ്യാപാരികളോട് അഭ്യർഥിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്യാത്ത ആയിരക്കണക്കിന് ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടി നോട്ടീസ് ലഭിച്ചുവെന്നും അവരുടെ യു.പി.ഐ രേഖകൾ വഴിയാണ് അവരെ വകുപ്പ് കണ്ടെത്തിയതെന്നും ചിലരിൽനിന്ന് ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കിയെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പി.ഒ.എസ് മെഷീൻ, ബാങ്ക് പേമെന്റുകൾ, പണം, യു.പി.ഐ തുടങ്ങിയ എല്ലാ പേമെന്റ് രീതികളും കണക്കിലെടുത്താണ് ജി.എസ്.ടി നോട്ടീസ് അയക്കുന്നത്. ഏതു രൂപത്തിലുമുള്ള പണമിടപാടുകൾക്കും ജി.എസ്.ടി ബാധകമാണ്. യു.പി.ഐ പേമെന്റുകൾ നിരസിക്കുന്നതുവഴി വ്യാപാരികൾക്ക് ജി.എസ്.ടിയിൽനിന്ന് ഒഴിവാകാനാവില്ലെന്നും വകുപ്പു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വെട്ടിലായി തെരുവുകച്ചവടക്കാർ
കര്‍ണാടകയിലെ അഞ്ചുലക്ഷത്തോളം വരുന്ന തെരുവു കച്ചവടക്കാരെ വാണിജ്യനികുതി വകുപ്പിന്റെ ജി.എസ്.ടി നടപടി ബാധിച്ചതായി കര്‍ണാടക തെരുവുകച്ചവടക്കാരുടെ അസോസിയേഷന് പ്രസിഡന്റ് സി.ഇ. രംഗസ്വാമി പറഞ്ഞു. വാണിജ്യ വകുപ്പിന്റെ നടപടിക്രമങ്ങള്‍ ഭയന്ന് നഗരത്തിലെ മിക്ക വ്യാപാരികളും പണമിടപാടുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഡിജിറ്റൽ ഇടപാടുകൾ സ്വീകരിക്കില്ലെന്നുമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ക്യു.ആര് കോഡുകള്‍ മിക്ക കടകളില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.
സിഗരറ്റ്, ബീഡി തുടങ്ങിയ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്ക് കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ല. പക്ഷേ, ഉപഭോക്താക്കള്‍ ഡിജിറ്റലായി പണം അടച്ചാല്‍ ജി.എസ്.ടി പരിധി മറികടക്കാൻ സാധ്യതയുണ്ട് എന്നതിനാല്‍ ആളുകളോട് ഇപ്പോള്‍ പണമായിട്ട് നല്‍കാനാണ് ആവശ്യപ്പെടുന്നതെന്ന് ജെ.പി നഗറിലെ ചെറുകിട കച്ചവടക്കാരൻ രാജേഷ് ഷെട്ടി ചൂണ്ടിക്കാട്ടി. ഗൂഗ്ള്‍ പേ, ഫോണ്‍ പേ എന്നിവ വഴിയുള്ള പേമെന്റ് നിര്‍ത്തിയതോടെ വ്യാപാരം കുറഞ്ഞുവെന്നും ചെറിയ ഇടപാടുകള്‍ക്ക് പോലും നികുതി നോട്ടീസ് ലഭിക്കുമെന്ന് ഭയക്കുന്നതായും അരിക്കച്ചവടക്കാരനായ തിമ്മ ഗൗഡ പറഞ്ഞു.
ഹാവേരിയിലെ ഹാദിമാനി മുനിസിപ്പൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്യുന്ന ചെറുകിട പച്ചക്കറി വിൽപനക്കാരനായ ശങ്കർഗൗഡക്ക് 29 ലക്ഷം രൂപയുടെ ജി.എസ്.ടി നോട്ടീസ് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ചെറുകിട കച്ചവടക്കര്‍ക്ക് പുറമെ, ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരും വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസിനെ ആശങ്കയോടെയാണ് കാണുന്നത്. ഓട്ടോ ഡ്രൈവർമാർ ഉപഭോക്താക്കളോട് യു.പി.ഐ ഉപയോഗിക്കുന്നതിനു പകരം പണം നല്കാന് ആവശ്യപ്പെടുന്നുണ്ട്.
പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിന് -ഉപമുഖ്യമന്ത്രി
ജി.എസ്.ടി നോട്ടീസുകൾ അയച്ചതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. കേന്ദ്രം 40 ലക്ഷം രൂപ പരിധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറി, പൂക്കൾ, ഇളനീർ കച്ചവടക്കാർ ഉൾപ്പെടെ 14,000ത്തിലധികം വ്യാപാരികൾക്ക് ജി.എസ്.ടി ഓഫിസുകൾ നോട്ടീസ് നൽകി. ബി.ജെ.പി സർക്കാർ ഈ നോട്ടീസുകൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി.എസ്.ടി നടപ്പാക്കുന്നതിനെ രാഹുൽ ഗാന്ധി എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.കെ. ശിവകുമാർ
സംസ്ഥാനങ്ങൾ ജി.എസ്.ടി പിരിക്കാൻ കേന്ദ്രം സമ്മർദം ചെലുത്തുകയാണ്. ജി.എസ്.ടി പൂളിലേക്ക് ഏറ്റവും ഉയർന്ന വിഹിതം കർണാടക സംഭാവന ചെയ്യുന്നുണ്ട്. പക്ഷേ, ചെറുകിട ബിസിനസുകാരെ കഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കർണാടക നൽകുന്ന ഓരോ 100 രൂപക്കും തിരിച്ച് കേന്ദ്രത്തിൽനിന്ന് 13 രൂപ മാത്രമേ തിരികെ ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.