വാട്സ്ആപ്പ് കാളുകൾ ഇനി ഷെഡ്യൂൾ ചെയ്യാം, വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
text_fieldsവിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമുകൾക്ക് സമാനമായി വാട്സ്ആപ്പിലും കാളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഉപയോഗിക്കാനാകുന്ന വിധമാണ് കമ്പനി പുതിയ സംവിധാനമൊരുക്കിയത്. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേതിനു സമാനമായി മീറ്റിങ്ങുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനും നിശ്ചിത സമയത്ത് അംഗങ്ങള്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും ഇതുവഴി സാധിക്കുന്നു.
നിശ്ചിത സമയത്ത് ഗ്രൂപ്പ് കാളോ വ്യക്തിഗത കാളോ ഷെഡ്യൂള്‍ ചെയ്ത് വെക്കാം. വിഡിയോ കാളിന്റെയോ വോയ്‌സ് കാളിന്റെയോ ഭാഗമാകുന്ന ഉപയോക്താക്കൾക്ക് നേരത്തെ തന്നെ നോട്ടിഫിക്കേഷൻ മെസേജ് ലഭിക്കും. ഇതനുസരിച്ച് തത്സമയം പങ്കെടുക്കാം. കാളിനിടെ തനിക്ക് സംസാരിക്കാനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് 'കൈ ഉയർത്തി' അറിയിക്കാനും റിയാക്ഷനുകള്‍ പങ്കുവെക്കാനും ഉപയോക്താവിന് സാധിക്കും.
ഫോണ്‍ കാളുകള്‍ എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. ഉദാഹരണത്തിന് കാള്‍സ് ടാബില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച ഫോണ്‍ കാളുകള്‍ കാണാനാവും. ഗ്രൂപ്പ് കാള്‍ ആണെങ്കില്‍ ആരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും അറിയാം. ആഗോള തലത്തിലുള്ള ഉപയോക്താക്കള്‍ക്ക് ഘട്ടംഘട്ടമായി പുതിയ ഫീച്ചർ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു.
എങ്ങനെ കാള്‍ ഷെഡ്യൂള്‍ ചെയ്യാം
- വാട്സ്ആപ്പിലെ കാള്‍സ് ടാബ് തുറക്കുക
- + ബട്ടന്‍ ടാപ് ചെയ്യുക
- Schedule call ഓപ്ഷനില്‍ ടാപ് ചെയ്യുക
- ഫോണ്‍ കാളിന്റെ ടോപിക് എന്താണെന്ന് നല്‍കിയതിന് ശേഷം, ലഘു വിവരണവും നല്‍കാം
- ശേഷം കോള്‍ ആരംഭിക്കുന്ന സമയവും അവസാനിക്കുന്ന സമയവും നല്‍കാം
- അവസാനിക്കുന്ന സമയം നല്‍കുന്നില്ലെങ്കില്‍ താഴെ കാണുന്ന Remove end time എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം
- കാള്‍ ടൈപ് വിഡിയോ അല്ലെങ്കിൽ വോയ്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാം
- ഇതിന് ശേഷം Next ബട്ടന്‍ ടാപ് ചെയ്യുക.
- കോണ്‍ടാക്റ്റ് ലിസ്റ്റില്‍നിന്ന് കാളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കാം
- Next ഓപ്ഷൻ നൽകുന്നതോടെ ഷെഡ്യൂള്‍ ചെയ്ത കാളിന്റെ ലിങ്ക് ഉള്‍പ്പെടുന്ന സന്ദേശം തെരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിൽ ലഭിക്കും
- ഷെഡ്യൂള്‍ ചെയ്ത സമയത്ത് ഫോണ്‍ കാള്‍ ആരംഭിച്ചെന്ന നോട്ടിഫിക്കേഷനും എല്ലാവര്‍ക്കും ലഭിക്കും
- സന്ദേശത്തിലെ Join Call ബട്ടന്‍ ടാപ്പ് ചെയ്താല്‍ കാളില്‍ പങ്കെടുക്കാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.