സൗദിയിൽ മുമ്പനായി വാട്സ്ആപ്; ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്
text_fieldsജിദ്ദ: സൗദിയിലെ ഡിജിറ്റൽ ഉപയോഗ മേഖലയിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ആധിപത്യം പുലർത്തുന്നതായി കമ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമീഷൻ (സി.എസ്.ടി.സി) റിപ്പോർട്ട്. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വാട്സ്ആപ്പിന്റെ ഉപയോഗ നിരക്ക് 92.2 ശതമാനമാണ്. 79.9 ശതമാനവുമായി യൂട്യൂബ് രണ്ടാം സ്ഥാനത്തും 79 ശതമാനവുമായി സ്നാപ്ചാറ്റ് മൂന്നാം സ്ഥാനത്തുമാണ്. കമീഷൻ പുറത്തിറക്കിയ ‘സൗദി ഇന്റർനെറ്റ് 2024’ റിപ്പോർട്ട് പ്രകാരം ഈ മൂന്ന് ആപ്ലിക്കേഷനുകളും എല്ലാ പ്രായക്കാർക്കിടയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിദ്യാഭ്യാസം, ജോലി, വിനോദം എന്നിവയിലെ ഉപയോഗത്തിന് പുറമേ, ദൈനംദിന ആശയവിനിമയം, ഉള്ളടക്കം പങ്കിടൽ, വികസനങ്ങളുടെ തുടർനടപടികൾ എന്നിവക്കായി ഉപയോക്താക്കൾ ഇവയെ ആശ്രയിക്കുന്നതാണ് ഇതിന് കാരണം.
74.6 ശതമാവുമായി ടിക്ടോക്ക് നാലാം സ്ഥാനത്തും 44.1 ശതമാനവുമായി ഇൻസ്റ്റഗ്രാം അഞ്ചാം സ്ഥാനത്തും 37.3 ശതമാവുമായി എക്സ് ആറാം സ്ഥാനത്തുമാണ്. ഇത് സംവേദനാത്മകവും ദൃശ്യപരവുമായ ഉള്ളടക്കത്തോടുള്ള ഉപയോക്താക്കളുടെ മുൻഗണനകളുടെയും മനോഭാവങ്ങളുടെയും വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഈ ആപ്ലിക്കേഷനുകൾക്ക് പ്രായഭേദമന്യേ വ്യത്യസ്ത ജനപ്രീതിയാണ് ലഭിക്കുന്നതെന്ന് ഡാറ്റ കാണിക്കുന്നു. 10 മുതൽ 19 വരെ പ്രായക്കാരെ പരിഗണിക്കുമ്പോൾ സ്നാപ്ചാറ്റിനാണ് കൂടുതൽ ഉപയോക്താക്കൾ. ഈ പ്രായക്കാരിൽ 85.9 ശതമാനം പേർ സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്നു. യൂട്യൂബിന് 84.5 ശതമാനം, ടിക് ടോക്കിന് 79.9 ശതമാനം, വാട്ട്സ്ആപ്പിന് 79 ശതമാനം, ഇൻസ്റ്റഗ്രാമിന് 42.2 ശതമാനം എന്നിങ്ങനെയാണ് ഉപയോഗ നിരക്ക്. അതേസമയം, 20 മുതൽ 29 വരെ പ്രായക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്ട്സ്ആപ് ആണ്. 94.5 ശതമാനം. തൊട്ടുപിന്നാലെ സ്നാപ്ചാറ്റ് 90.3 ശതമാനം, ടിക് ടോക്കിന് 84.4 ശതമാനം, യൂട്യൂബിന് 81.5 ശതമാനം, ഇൻസ്റ്റഗ്രാമിന് 57.7 ശതമാനം എന്നിങ്ങനെയാണ് ഉപയോഗ നിരക്ക്.
30 മുതൽ 39 വരെ പ്രായക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം ഇപ്രകാരമാണ്: വാട്ട്സ്ആപ് 96 ശതമാനം, സ്നാപ്ചാറ്റ് 81.3 ശതമാനം, യൂട്യൂബ് 80.3 ശതമാനം, ടിക് ടോക്ക് 75.9 ശതമാനം, ഇൻസ്റ്റഗ്രാം 48.5 ശതമാനം. 40 മുതൽ 49 വരെ പ്രായക്കാരിൽ 96.3 വാട്ട്സ്ആപ് ഉപയോഗവും 80 ശതമാനം യൂട്യൂബും 73 ശതമാനം സ്നാപ്ചാറ്റും 69.6 ശതമാനം ടിക്ടോക്കും 38.5 ശതമാനം ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നു. 50-59 പ്രായക്കാർ 95.1 ശതമാനം വാട്ട്സ്ആപ്, 75.8 ശതമാനം യൂട്യൂബ്, 60 ശതമാനം സ്നാപ്ചാറ്റ്, 59.7 ശതമാനം ടിക്ടോക്ക്, 25.2 ശതമാനം ഇൻസ്റ്റഗ്രാം ഉപയോക്താക്കളാണ്. 60-74 പ്രായക്കാരിൽ 85.1 ശതമാനം വാട്ട്സ്ആപ്പും 58.4 ശതമാനം യൂട്യൂബും 40.8 ശതമാനം സ്നാപ്ചാറ്റും 45.5 ശതമാനം ടിക്ടോക്കും 14.4 ശതമാനം ഇൻസ്റ്റഗ്രാമും ഉപയോക്താക്കളാണെന്ന് റിപ്പോർട്ട് പറയുന്നു.
മിക്ക പ്ലാറ്റ്ഫോമുകളിലും പുരുഷന്മാരാണ് കൂടുതൽ ഉപയോക്താക്കളെന്ന് റിപ്പോർട്ട് കാണിക്കുന്നു. പുരുഷന്മാരിൽ വാട്ട്സ്ആപ് ഉപയോഗം 94.4 ശതമാനമാണ്. സ്ത്രീകളിൽ ഇത് 89.1 ശതമാനമാണ്. പുരുഷന്മാരിൽ 84.9 ശതമാനവും സ്ത്രീകളിൽ 73.1 ശതമാനവുമാണ് യൂട്യൂബ് ഉപയോക്താക്കൾ. എന്നാൽ സ്നാപ്ചാറ്റ്, ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉപയോഗത്തിൽ സ്ത്രീകളാണ് മുന്നിൽ.സ്നാപ്ചാറ്റ് ഉപയോഗിക്കുന്നതിൽ കൂടുതൽ സ്ത്രീകളാണ്. 86.3 ശതമാനം സ്ത്രീകൾ സ്നാപ്ചാറ്റ് ഉപയോഗിക്കുമ്പോൾ പുരുഷന്മാരുടെ ഉപയോഗ നിരക്ക് 73.6 ശതമാനം മാത്രമാണ്. ടിക്ടോക്ക് സ്ത്രീകൾ 75.2 ശതമാനവും പുരുഷന്മാർ 74.1 ശതമാനവും ഉപയോഗിക്കുന്നു. സ്ത്രീകളുടെ ഇൻസ്റ്റഗ്രാം ഉപയോഗം 48.8 ശതമാനവും പുരുഷന്മാരുടേത് 40.6 ശതമാനവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.