ഓപൺ എ.ഐ യൂടെ 25,000 കോടി നിരസിച്ച് ഗൂഗ്ളിൽ ചേർന്നു; ആരാണ് വരുൺ മോഹൻ?
text_fieldsഎ.ഐ കോഡിങ് സ്റ്റാർട്ടപ്പ് ആയ വിൻഡ്‌സർഫിന്റെ സഹസ്ഥാപകനും സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ വരുൺ മോഹൻ ഗൂഗ്ളിന്‍റെ ഡീപ് മൈൻഡ് വിഭാഗത്തിൽ ചേർന്നു. വരുൺ മോഹനെ കൂടാതെ സഹസ്ഥാപകനായ ഡഗ്ലസ് ചെൻ, ടീമിലെ മറ്റ് മുതിർന്ന അംഗങ്ങൾ എന്നിവരും ഗൂഗ്ളിൽ ചേർന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കഴിവിനെ മെച്ചപ്പെടുത്തുന്നതിനുള്ള ഗൂഗ്ളിന്‍റെ നീക്കമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 20,000 കോടി രൂപ) മൂല്യമുള്ള ഡീലിലാണ് ഗൂഗ്ളിൽ വരുൺ മോഹൻ ചേർന്നത്. വിന്‍ഡ്‌സര്‍ഫിനെ ഗൂഗ്ള്‍ ഈ ഡീലിലൂടെ ഏറ്റെടുക്കുന്നില്ല പകരം വിന്‍ഡ്‌സര്‍ഫിന്റെ ചില ടെക്നോളജികള്‍ക്ക് ഒരു നോണ്‍-എക്സ്ക്ലൂസീവ് ലൈസന്‍സ് ഗൂഗ്ളിന് നല്‍കുന്നതാണ്. ഇത് വിന്‍ഡ്‌സര്‍ഫിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ സഹായിക്കുന്നു. ഇതിലൂടെ വരുൺ മോഹന് വിന്‍ഡ്‌സര്‍ഫിന്റെ ഉടമസ്ഥത നിലനിര്‍ത്താനും മറ്റ് ക്ലയന്റുകളുമായി പ്രവര്‍ത്തിക്കാനും അവസരം നല്‍കുന്നു.
2025-ല്‍ വിന്‍ഡ്‌സര്‍ഫിനെ മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) മൂല്യത്തില്‍ ഏറ്റെടുക്കാന്‍ ഓപൺ എ.ഐ ശ്രമിച്ചിരുന്നു. എന്നാൽ ഓപൺ എ.ഐയുടെ പ്രധാന നിക്ഷേപകനായ മൈക്രോസോഫ്റ്റുമായുള്ള ബൗദ്ധിക സ്വത്തവകാശ (ഐ.പി) വ്യവസ്ഥകളെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ഈ ഡീല്‍ പരാജയപ്പെടുകയാരിന്നു. മൈക്രോസോഫ്റ്റിന് അവരുടെ ടെക്നോളജി പങ്കുവെക്കുന്നതിനോട് വിന്‍ഡ്‌സര്‍ഫ് വിമുഖത കാണിക്കുകയും ഡീലിൽനിന്ന് പിന്മാറുകയും ചെയ്തു.
കാലിഫോര്‍ണിയയിലെ സണ്ണിവെയിലില്‍ ഇന്ത്യന്‍ വംശജരുടെ മകനായാണ് വരുണ്‍ മോഹന്റെ ജനനം. ദി ഹാര്‍ക്കര്‍ സ്‌കൂളില്‍ പഠിച്ച അദ്ദേഹം എ.ഐ.ടിയില്‍ നിന്ന് കംമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും നേടി. ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, അൽഗോരിതങ്ങൾ, ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ് (എം.എൽ), പെർഫോമൻസ് എഞ്ചിനീയറിങ് എന്നിവയിലായിരുന്നു അദ്ദേഹത്തിന്‍റെ പഠനം.
2021ൽ വരുൺ മേഹൻ ഡഗ്ലസ് ചെന്‍ എന്ന സുഹൃത്തുമായി ചേർന്ന് കോഡിയം എന്ന എ.ഐ സ്റ്റാർട്ടപ്പ് ആരംഭിച്ചു. പിന്നീട് ഇത് വിൻഡ്‌സർഫ് എന്ന് പുനർനാമകരണം ചെയ്തു. വിന്‍ഡ്‌സര്‍ഫ് എ.ഐ അധിഷ്ഠിത കോഡിങ് ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് 'വൈബ് കോഡിങ്' എന്ന ആശയത്തിന് ജനപ്രിയത നേടി. ലോഞ്ച് ചെയ്തത് നാല് മാസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ഡെവലപ്പർമാർ ചേർന്നു. കമ്പനി 243 മില്യൺ(ഏകദേശം 2,000 കോടി രൂപ) ഡോളർ സമാഹരിച്ചു. ഇത് അതിന്‍റെ ആസ്തി 1.25 ബില്യൺ ( ഏകദേശം 10,400 കോടി രൂപ) നില ഉയർത്തി.
എ.ഐ രംഗത്ത് കടുത്ത മത്സരമാണ് ഗൂഗ്ൾ, മെറ്റ, ഓപൺ എ.ഐ എന്നിവ നടത്തുന്നത്. കമ്പനികളിലെ മികച്ച എ.ഐ ഗവേഷകരെ ഉയർന്ന വില കൊടുത്തു വാങ്ങി പരസ്പരം മത്സരിക്കുകയാണ് കമ്പനികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.