ആസ്ത്രേലിയൻ ബീച്ചിൽ കരക്കടിഞ്ഞ് നിഗൂഢ വസ്തു; ചിത്രങ്ങൾ വൈറൽ
text_fieldsCredit: Pauline Horton / 7NEWS
ആസ്ത്രേലിയയിലെ ഒരു കടൽത്തീരത്ത് നിഗൂഢ വസ്തു കണ്ടെത്തി. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗ്രീൻ ഹെഡിന് സമീപത്തുള്ള ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ വിചിത്ര വസ്തു കണ്ടെത്തിയത്. വസ്തുവിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ പലരും പല ഊഹാപോഹങ്ങളുമായി എത്തുകയും ചെയ്തു. നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയ വസ്തു ഇതുവരെ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Credit: Pauline Horton / 7 News
2014-ൽ അപ്രത്യക്ഷമായ MH370 വിമാനത്തിന്റെ ഭാഗമായിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, വ്യോമയാന വിദഗ്ധൻ ജെഫ്രി തോമസ് അത് തള്ളിക്കളഞ്ഞു, ബീച്ചിൽ കണ്ട വസ്തു കഴിഞ്ഞ വർഷം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. MH370 അല്ലെങ്കിൽ ബോയിംഗ് 777 വിമാനവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ 12 മാസത്തിനുള്ളിൽ വിക്ഷേപിച്ച റോക്കറ്റിന്റെ ഇന്ധന ടാങ്കാണ് അതെന്ന് തോന്നുന്നു, അത്, ഇന്ത്യൻ മഹാസമുദ്രത്തിലെവിടെയോ പതിച്ച് ഗ്രീൻ ഹെഡിൽ എത്തിപ്പെട്ടതാകാം. “ഇത് MH370, അല്ലെങ്കിൽ ബോയിംഗ് 777-ന്റെ ഭാഗമാകാൻ സാധ്യതയില്ല. ഒമ്പതര വർഷം മുമ്പാണ് MH370 കാണാതാവുന്നത്, അതുകൊണ്ട് തന്നെ ആ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ കൂടുതൽ തേയ്മാനം കാണേണ്ടതാണ്,” -ജെഫ്രി തോമസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
എന്തായാലും കടൽതീരത്ത് അടിഞ്ഞ വലിയ വസ്തുവിനെ ചുറ്റിപ്പറ്റി വെസ്റ്റേൺ ആസ്ത്രേലിയ പോലീസ്, ആസ്ത്രേലിയൻ ഡിഫൻസ് ഫോഴ്സ്, മാരിടൈം പാർട്ണേർസ് എന്നിവർ സംയുക്തമായി അന്വേഷിക്കുന്നുണ്ട്.
‘‘വസ്തുവിന്റെ ഉത്ഭവവും സ്വഭാവവും നിർണ്ണയിക്കാൻ വിവിധ സംസ്ഥാന, ഫെഡറൽ ഏജൻസികളുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വരെ, നിഗമനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, എല്ലാവരും വസ്തുവിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണം’’ - വെസ്റ്റേൺ ആസ്ത്രേലിയ പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.