ഇത്യോപ്യയിലെ ഋതുഭേദങ്ങളിലൂടെ
text_fieldsകിഴക്കന്‍ ആഫ്രിക്കയിലെ ഇത്യോപ്യയിലേക്കുള്ള അവിസ്മരണീയ യാത്രയുടെ അനുഭവങ്ങള്‍ വാക്കിലും ചിത്രങ്ങളിലും പകര്‍ത്തുകയാണ് ‘പകല്‍കിനാവന്‍’ എന്ന ബ്ളോഗെഴുത്തുകാരനും ദുബൈയില്‍ ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റുമായ ഷിജു എസ്. ബഷീര്‍.
ഓരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരംവെക്കാനാവാത്ത ചില അപൂര്‍വ നിമിഷങ്ങളെക്കുറിച്ചാണ്. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കിഴക്കന്‍ ആഫ്രിക്കയിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും വലുപ്പത്തില്‍ 10ാം സ്ഥാനവുമുള്ള ഇത്യോപ്യയിലേക്ക് യാത്രയാകുന്നത്. തലസ്ഥാനനഗരമായ ആഡിസ് അബബയില്‍നിന്ന് 900 കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതിമനോഹരമായ താഴ്വരയിലേക്കായിരുന്നു ഞങ്ങള്‍ ആറംഗസംഘത്തിന്റെ യാത്ര. ആഡിസ് അബബയിലെ ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയോടെ എത്തുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാനായി അവിടെ ഡ്രൈവര്‍ മക്കണ്ണനും ഗൈഡ് മോട്ടിയും കാത്തുനില്‍പുണ്ടായിരുന്നു.
12 മണിക്കൂര്‍ നീണ്ട യാത്രയാണ് ഒമോവാല്ലിയിലേക്ക്. നല്ല തണുപ്പും ഒപ്പം ചെറിയ മഴയും. പെട്ടെന്നുതന്നെ നഗരത്തിന്റെ തിരക്കുകള്‍ മാറി. പുല്ലും മുളയുംകൊണ്ട് മേഞ്ഞ ചെറിയ കുടിലുകളും പച്ചപുതച്ച മനോഹരമായ കുന്നിന്‍ചരിവുകളും കണ്ടുതുടങ്ങി.
നന്നായി ഇംഗ്ളീഷ് സംസാരിച്ച ഡ്രൈവര്‍ മക്കണ്ണന്‍ ഇത്യോപ്യയെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും വാചാലനായി. മോട്ടി ഏതോ ഇത്യോപ്യന്‍ ഗാനം മൂളിക്കൊണ്ടിരുന്നു. റോഡിനിരുവശവും കാപ്പിത്തോട്ടങ്ങളും ചണവും ചോളവും ഇടതൂര്‍ന്നു നിന്നു. വളരെ ചെറിയ കുട്ടികള്‍ വരെ ആടുമാടുകളുടെ കൂട്ടവുമായി പോകുന്നത് കാണാമായിരുന്നു.
ഹാമന്‍ വിഭാഗത്തിലെ അമ്മയും കുഞ്ഞും
ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്യോപ്യ. സമുദ്രനിരപ്പില്‍നിന്ന് 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങള്‍ മുതല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങള്‍ വരെ ഇവിടെ കാണാം. ഇത്ര മനോഹരമായ ഈ നാട്ടില്‍ നമ്മുടെ രൂപയേക്കാള്‍ ഇരട്ടി മൂല്യമുള്ള ഇത്യോപ്യന്‍ ബിറ് ഉള്ള ഇവിടെ എങ്ങനെ ഇത്ര പട്ടിണിയും നിരക്ഷരതയും എന്ന് ഞാന്‍ ആലോചിച്ചു.
കഴുതപ്പുറത്തായിരുന്നു കൂടുതല്‍ ആളുകളും സഞ്ചരിച്ചിരുന്നത്. കാപ്പിയുടെ ജന്മസ്ഥലമാണ് ഇത്യോപ്യ. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കുന്നതും ഇവിടത്തെന്നെ. നൈല്‍ നദിയിലെ 85 ശതമാനം ജലവും, നാലു വശവും കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടെനിന്നാണ് പോകുന്നത്. 200 കിലോമീറ്റര്‍ അകലെ ബുട്ടാ ജിറയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാനായി ഞങ്ങള്‍ ഇറങ്ങി. ഇത്യോപ്യയിലെ പ്രശസ്തമായ ‘ബുന്ന’ എന്ന കാപ്പി കുടിച്ചു. കനലില്‍ മണിക്കൂറുകളോളം തിളപ്പിച്ചാണ് ബുന്ന ഉണ്ടാക്കുന്നത്.
അതുവരെയുണ്ടായിരുന്ന എല്ലാ യാത്രാക്ഷീണവും ഒരൊറ്റ കാപ്പിയില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ പിന്നെയും യാത്ര തുടര്‍ന്നു. ഓരോ 100 കിലോമീറ്റര്‍ പിന്നിടുമ്പോഴും മഴ മാറി വെയിലും വെയില്‍ മാറി തണുപ്പും പിന്നെ ഇളംചൂടും വന്നുകൊണ്ടിരുന്നു. ഏകദേശം പാതി ദൂരം പിന്നിട്ടപ്പോള്‍ മുന്‍കൂട്ടി ബുക് ചെയ്തിരുന്ന ഹോട്ടല്‍മുറിയിലത്തെി ഞങ്ങള്‍. വോലെയിട്ടോ സോടോ എന്ന സ്ഥലത്തെ ഒരു ഇടത്തരം ഹോട്ടലായിരുന്നു അത്.
അതിരാവിലെതന്നെ വീണ്ടും യാത്ര. പോകുന്ന വഴിയിലൊക്കെ കുടിവെള്ളം കന്നാസുകളില്‍ ശേഖരിച്ച് കഴുതകളുടെ പുറത്തു കെട്ടിവെച്ചുപോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. ഒരു കുട്ടിപോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല.
ഏറുമാടത്തില്‍ വിളകള്‍ക്ക് കാവല്‍കിടക്കുന്ന സ്ത്രീ
വഴിയുടെ ഇരുവശത്തുമുള്ള പാടങ്ങള്‍ക്ക് നടുവിലായി കുറെയേറെ ഏറുമാടങ്ങളും അവയിലൊക്കെ ആളുകളുമുണ്ടായിരുന്നു. പാടങ്ങളില്‍ ശല്യക്കാരായി വരുന്ന ആള്‍ക്കുരങ്ങുകളെയും പന്നികളെയും പക്ഷികളെയുമൊക്കെ ഓടിക്കാനാണ് ഏറുമാടങ്ങളിലെ കാവലെന്ന് മക്കണ്ണന്‍ പറഞ്ഞുതന്നു. പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികള്‍വരെയുണ്ടായിരുന്നു ഈ കൂട്ടത്തില്‍. ഒരു ദിവസം രാത്രിയും പകലും മുഴുവന്‍ കാവല്‍നിന്നാല്‍ ഒരു അമേരിക്കന്‍ ഡോളറാണ് ശമ്പളം.
പക്ഷേ, നിറംകെട്ട ഇവരുടെ ജീവിതത്തില്‍ നിറങ്ങളുടെ ഉത്സവംപോലെയാണ് വസ്ത്രധാരണം. കൊണ്‍സോ എന്ന ഗ്രാമത്തിലൂടെ കടന്നുപോയപ്പോള്‍ അതെന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്. എല്ലാവര്‍ക്കും ഒരേപോലെയുള്ള ഉടുപ്പുകളായിരുന്നു എന്നുമാത്രം. നിറവും ഡിസൈനും എല്ലാം ഒന്നുതന്നെ. യൂനിഫോം അണിഞ്ഞ് പോകുന്ന കുട്ടികളുടെ, ചെറുപ്പക്കാരുടെ, മുതിര്‍ന്നവരുടെ ഒരു കൂട്ടംപോലെ തോന്നിച്ചു.
ഞങ്ങളുടെ യാത്ര ടാറിട്ട റോഡ് കടന്ന് ചെമ്മണ്‍ പാതയിലൂടെയായി. ഇനിയുള്ള യാത്ര ചുവന്ന പൊടി പറത്തിയാകുമെന്ന് മക്കണ്ണന്‍ ഓര്‍മിപ്പിച്ചു. പച്ചവിരിച്ച കുന്നുകളും വാഴത്തോട്ടങ്ങളും ചോളവയലുകളും അതിനിടയില്‍ കൂണുകള്‍ പോലെ കുഞ്ഞു കുടിലുകളും നിറഞ്ഞ കാഴ്ചവിരുന്ന്.
ദൊര്‍സെ വില്ലേജിലെ ഒരു വീട്
ഒമോവാല്ലി എന്ന സ്ഥലത്തായിരുന്നു ഞങ്ങള്‍ക്ക് എത്തേണ്ടിയിരുന്നത്. ജോലി തുടങ്ങാന്‍ ഒരു ദിവസം വൈകിയതിനാല്‍ ഞാനും മോട്ടിയും ഡ്രൈവറുംകൂടി അവിടെ ചെറുതായി ഒന്ന് കറങ്ങാന്‍ തീരുമാനിച്ചു. വളരെ വ്യത്യസ്തമായ ജീവിതരീതികളുള്ള ഗോത്ര, ഗിരിവര്‍ഗ വിഭാഗങ്ങളാണ് ദക്ഷിണ ഇത്യോപ്യയിലെ തുന്മിയില്‍ ഉള്ളത്. ഹരോ, മുന്‍സി, ഹാമന്‍ എന്നിവരാണ് പ്രധാനമായും.
ഞങ്ങള്‍ നേരെ പോയത് അവരുടെ ചന്തയിലേക്കായിരുന്നു. ഏറെ നേരം അവിടെയൊക്കെ ചുറ്റിയടിച്ചു. മോട്ടി യോടൊപ്പം ഗോത്രവര്‍ഗക്കാരുടെ വീടുകളില്‍ പോയി. സ്നേഹവും ചിരിയും അമ്പരപ്പും കലര്‍ന്ന മുഖത്തോടെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. ഏറെ നേരം ഞങ്ങള്‍ അവരുടെ ജീവിതം കണ്ടു. പുല്ലും മുളയും മണ്ണും ചേര്‍ത്ത മിശ്രിതംകൊണ്ടാണ് വൃത്താകൃതിയില്‍ കൂടാരംപോലെ ഇവര്‍ വീടുണ്ടാക്കുന്നത്. ഞാന്‍ കുറെ ചിത്രങ്ങളെടുത്തു. ഭൂമിയുടെ ഏതൊക്കെ വിദൂരതകളില്‍ ജീവിതങ്ങളിങ്ങനെ അത്ര വ്യത്യസ്തമായി അജ്ഞാതമായി നമ്മെ കാത്തിരിക്കുന്നുണ്ടാവും.
അന്ന് രാത്രി ഒമോ നദിയുടെ കരയില്‍ ഞങ്ങള്‍ക്കായി നിര്‍മിച്ച തമ്പുകളിലേക്ക് മടങ്ങിപ്പോന്നു. രാത്രി മുഴുവന്‍ മക്കണ്ണന്‍ അവരെക്കുറിച്ച് നിര്‍ത്താതെ സംസാരിച്ചു. പിറ്റേന്ന് വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് അവരുടെ വീടുകളിലേക്ക് അന്തിയുറങ്ങാന്‍ പോകുംവരെയും അവര്‍തന്നെയായിരുന്നു മനസ്സ് നിറയെ. അന്ന് വൈകുന്നേരം അവിടെ ഞങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്ത് വെളുക്കുവോളം നൃത്തം ചെയ്തു, പാട്ടുപാടി. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു രാത്രി. അതില്‍ ചിലര്‍ വളരെ അമ്പരപ്പോടും ആശ്ചര്യത്തോടുംകൂടി ഞങ്ങളുടെ അടുത്ത് വരുന്നു. ചിലര്‍ തൊടുന്നു. ഇത്രമേല്‍ വികസിച്ച ഒരു ലോകത്ത് ഇന്‍റര്‍നെറ്റ്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സ്കൂള്‍ ഇതൊക്കെ എന്തെന്നറിയാതെ ഇപ്പോഴും ഒരുപാട് മനുഷ്യര്‍. പട്ടിണികൊണ്ട് കരുവാളിച്ച മുഖങ്ങളിലും മനുഷ്യസ്നേഹത്തിന്റെ വെണ്‍മ! അന്ന് രാത്രി ഞങ്ങള്‍ ഉറങ്ങിയില്ല. ഓരോ യാത്രയും നമുക്ക് തരുന്നത് ആകസ്മികവും അപൂര്‍വവുമായ അനുഭവങ്ങളാണ്. നാലു ദിവസം ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇടക്ക് ബിസിനസ് ആവശ്യത്തിനായി ഇത്യോപ്യയില്‍ എത്തിയ എന്റെ സുഹൃത്ത് ബിക്കി ഫര്‍ഹാദും എനിക്കൊപ്പം ചേര്‍ന്നു.
ജോലി തീര്‍ത്ത് മടങ്ങുന്നതിനുമുമ്പേ ഒരു ദിവസംകൂടി ഞങ്ങള്‍ക്കവിടെ കിട്ടി. ഇത്യോപ്യയിലെ ഉയര്‍ന്ന മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ദൊര്‍സെ വില്ലേജ് എന്ന സ്ഥലത്തേക്കാണ് ഞങ്ങള്‍ പോയത്. വിസ്മയം ജനിപ്പിക്കുന്ന ഒട്ടേറെ പ്രദേശങ്ങള്‍ പിന്നിട്ട് ഞങ്ങള്‍ ദൊര്‍സെയില്‍ എത്തിയപ്പോള്‍ മഞ്ഞുമൂടി കിടക്കുന്ന മലനിരകള്‍ കണ്ടു.
ദൊര്‍സെയിലെ കുടിലുകള്‍ കണ്ടാല്‍ വളരെ ചെറുതായിരുന്നു. ഉള്ളിലേക്ക് കയറിയാല്‍, ഒരുപാട് മുറികളുള്ള, ഒരു വശത്ത് കാലിത്തൊഴുത്തും മറുവശത്ത് അടുക്കളയും ചേര്‍ന്ന് അതിവിശാലമായ ഒരു വീട്. ചുറ്റും വീടിനേക്കാള്‍ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന വാഴക്കൂട്ടങ്ങള്‍. പരമ്പരാഗത വസ്ത്രങ്ങള്‍ നെയ്യുന്ന നെയ്ത്തുശാലകള്‍, കന്നുകാലിച്ചന്ത... ഇതൊക്കെ മറ്റെവിടെയും കാണാത്ത തരത്തില്‍ വ്യത്യസ്തങ്ങള്‍ ആയിരുന്നു.
ഒരു ജീവിതം മതിയാവില്ലല്ലോ ഭൂമി നമുക്കായി ഒരുക്കിയ ഈ അനന്ത വൈവിധ്യങ്ങളെ അറിയാന്‍. കാമറയില്‍ നിറയെ മനസ്സ് പകര്‍ത്തിയ ചിത്രങ്ങളുമായി ഇത്യോപ്യയോട് വിടപറയുമ്പോള്‍ ഇനിയും ഒരുപാട് തവണ തിരികെ വരും എന്ന് ചുറ്റിലും നിറഞ്ഞ സ്നേഹത്തിന്, അവരെ പൊതിയുന്ന പ്രകൃതിയൊരുക്കിയ കാഴ്ചഭംഗിക്ക് വാക്കുകൊടുക്കാതെ വയ്യായിരുന്നു.
ജൂലൈ 28 ഞായറാഴ്ച വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.