തിരകളില്‍ ഊയലാടി മീന്‍ മണമുള്ളൊരു യാത്ര
text_fieldsമരുഭൂമിയുടെ സ്വഭാവം തന്നെയാണ് കടലിനും. അപ്രതീക്ഷിതമായി അതു മാറിക്കൊണ്ടിരിക്കും.... തിരൂര്‍ക്കാരനായ ഹംസക്കോയയും ശിഷ്യരും അബൂദാബിയില്‍ തിരകള്‍ക്കടിയില്‍ മീന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു!
പുലര്‍ച്ചെ 3.30. അബൂദബിയിലെ അല്‍ വത്തീന്‍ തുറമുഖം. ബോട്ടുകള്‍ക്കിടയിലൂടെ ഹംസക്കോയ നടന്നു നീങ്ങി. എല്ലാ ഒരുക്കങ്ങളുമായി ചെറിയ ഫൈബര്‍ ബോട്ടില്‍ യൂസുഫും താജുദ്ദീനും കാത്തിരിപ്പുണ്ട്. ബോട്ടില്‍ കയറി ഹംസക്കോയ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. തിരകള്‍ മുറിച്ചു മാറ്റി ബോട്ട് മുന്നോട്ടു നീങ്ങി. തുറമുഖം വിട്ടതോടെ ആ പോക്കിന് വേഗം കൂടി. എന്‍ജിന്റെ മുരള്‍ച്ചക്കൊപ്പം മലപ്പുറം ചുവയില്‍ ഹംസക്കോയ കഥകള്‍ പറഞ്ഞു തുടങ്ങി. പതിറ്റാണ്ട് പിന്നിട്ട കടല്‍ ജീവിതത്തിന്റെ കാറ്റും കോളും ആ കഥകളിലുണ്ടായിരുന്നു.
വത്തീനില്‍ നിന്ന് മീന്‍ പിടിക്കാനുള്ള യാത്രകളില്‍ ചാകരകള്‍ ലഭിച്ചതും വെറുംകൈയോടെ മടങ്ങിയതും പായ്ക്കപ്പലോട്ട മല്‍സരത്തിന് സഹായിയായതും ആഴക്കടലില്‍ അറബിക്കൊപ്പം ചൂണ്ടയിടാന്‍ പോയതുമൊക്കെ ഹംസക്കോയ പറഞ്ഞു കൊണ്ടിരുന്നു. മരുഭൂമിയെ തഴുകി തലോടുന്ന കടലിന്റെ പ്രത്യേകതകളും ഇടക്കിടെ വാക്കുകളില്‍ നിറഞ്ഞു. അര മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും കരയും കെട്ടിടങ്ങളും കണ്ണില്‍ നിന്ന് മറഞ്ഞു. ഇടക്കിടെയുള്ള ചെറു തുരുത്തുകള്‍ ഒഴിച്ചാല്‍ ചുറ്റും വെള്ളം. തിരകളില്‍ ഊഞ്ഞാലാടി ബോട്ട് മുന്നോട്ടു നീങ്ങി. ഹംസക്കോയയും ശിഷ്യരും മൂളിപ്പാട്ടും പാടി തിരകള്‍ക്കടിയില്‍ മീന്‍ തിരഞ്ഞു.
യാത്ര ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ചില ഭാഗങ്ങള്‍ കറുത്തു കണ്ടു. അപ്പോള്‍ ഒരു കോളുകണ്ട സന്തോഷമായിരുന്നു മൂവര്‍ സംഘത്തിന്റെ മുഖത്ത്. കടല്‍ കറുത്തുകാണുന്ന ഭാഗത്ത് മീനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹംസക്കോയ പറഞ്ഞു. പക്ഷേ, നാട്ടിലെ പോലെ എവിടെയും ഇവര്‍ക്ക് വല വീശാന്‍ സാധിക്കില്ല. പ്രത്യേകം ലൈസന്‍സുള്ള കേന്ദ്രങ്ങളുണ്ട്. യാത്രക്കിടെ കടലില്‍ ഇരുമ്പ് വല കൊണ്ടുണ്ടാക്കിയ വൃത്തങ്ങള്‍ കണ്ടു. ഇത്തരം വൃത്തങ്ങളിലേക്കാണ് പോകുന്നതെന്നും അവിടെയാണ് മീന്‍ പിടിക്കാന്‍ അനുവാദമുള്ളതെന്നും ഹംസക്കോയ പറഞ്ഞു. യാത്ര ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അനുവദിക്കപ്പെട്ട സ്ഥലത്തത്തെി.
കടലില്‍ കമ്പിവേലി ഉപയോഗിച്ച് വൃത്തത്തില്‍ സൃഷ്ടിച്ച ഒരു കുളമായിരുന്നു അത്. ചെറിയ വിടവിലൂടെ അകത്തുകിടക്കുന്ന മല്‍സ്യങ്ങള്‍ക്ക് പിന്നീട് പുറത്തുകടക്കാന്‍ പറ്റില്ല. വേലിയേറ്റമായതിനാല്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയില്ല. വെള്ളമിറങ്ങുന്നതും കാത്ത് അടുത്തുള്ള തുരുത്തില്‍ ബോട്ട് നിര്‍ത്തി അല്‍പം വിശ്രമം. വെള്ളം കുറഞ്ഞുതുടങ്ങിയതോടെ ബോട്ട് ‘ഇരുമ്പ് വേലി കുള’ത്തോട് അടുപ്പിച്ചു. വലയുമായി ഹംസക്കോയയും ശിഷ്യരും കടലിലേക്കിറങ്ങി കുളത്തിനുള്ളിലേക്ക് കടന്നു.
ഇരുമ്പ് വലയോട് ചേര്‍ത്ത് മല്‍സ്യങ്ങള്‍ക്കുള്ള കെണിയായി വലകള്‍ വിരിക്കുന്ന ജോലി 20 മിനിറ്റിലധികം നീണ്ടു. മീനുകളെല്ലാം വലക്കുള്ളിലൊതുക്കി വല ചുരുക്കാന്‍ തുടങ്ങി. വല ചുരുങ്ങിയതോടെ മീനുകള്‍ പെടാപ്പാട് തുടങ്ങി. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വലക്ക് പുറത്തേക്ക് ചാടി ചിലര്‍ രക്ഷപ്പെട്ടു. നിന്നെ നാളെ പിടിച്ചോളാം, ഒരു ദിവസം കൂടി ജീവിക്ക് എന്നായിരുന്നു രക്ഷപ്പെട്ട മീനുകളോട് ഈ തിരൂര്‍ക്കാരന്റെ കമന്‍റ്.
വല ചുരുക്കി മീനുകളുമായി കുളത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമമായിരുന്നു പിന്നീട്. ചെറിയ വിടവിലൂടെ വലയുമായി ഒരു കണക്കിന് ‘കടലിലെ കുള’ത്തിന് പുറത്തെത്തി. ബോട്ടിലേക്ക് മീന്‍ വലിച്ചുകയറ്റാനുള്ള ശ്രമം ആരംഭിച്ചു. വല വലിച്ചുകയറ്റി കുടഞ്ഞിട്ടതോടെ ബോട്ടിന്റെ അടിത്തട്ട് മുഴുവന്‍ ചെറുമീനുകളാല്‍ നിറഞ്ഞു. ജീവനുവേണ്ടിയുള്ള ഇവയുടെ പിടക്കലായിരുന്നു പിന്നീട്. ശ്വാസം കിട്ടാന്‍ പിടക്കുന്ന മീനുകളുടെ ചിതറിത്തെറിച്ച ചെതുമ്പലുകള്‍ ബോട്ടില്‍ നിറഞ്ഞു. ഒറ്റത്തവണ കൊണ്ട് തന്നെ വലയില്‍ കുടുങ്ങിയത് 300ലധികം കിലോ മല്‍സ്യമാണ്.
മീനുകളുമായി മടക്കയാത്രക്ക് ഹംസക്കോയ തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. ഒരു ഫോട്ടോക്കായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. കാരണം ചോദിച്ചപ്പോള്‍ ഒരു ഭാഗത്തേക്ക് കൈ ചൂണ്ടുകയാണ് ചെയ്തത്. അവിടെ ചെറിയൊരു മണല്‍ കൂന ഉയര്‍ന്നുവരുന്നു.
അവ വലുതാകും മുമ്പ് തുറമുഖം പിടിക്കാനുള്ള ധൃതിയായിരുന്നു ആ മുഖത്ത്. ബോട്ട് അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുന്നതിനിടെ മണല്‍ക്കൂനകള്‍ കടലില്‍ അങ്ങിങ്ങ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
മരുഭൂമിയുടെ സ്വഭാവം തന്നെയാണ് കടലിനും. അപ്രതീക്ഷിതമായി അതു മാറിക്കൊണ്ടിരിക്കും. ശാന്തമായ കടല്‍ കലിതുള്ളാനും അധികം സമയമെടുക്കില്ല. മണല്‍ക്കൂനകള്‍ ഉയര്‍ത്തി ബോട്ടുകളുടെ യാത്ര തടയാനും സമയം വേണ്ട. മണല്‍ക്കൂനകളിലൂടെ ബോട്ട് തള്ളിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്ന് ഹംസക്കോയ പറഞ്ഞു. ഇപ്പോള്‍ കൈവെള്ളയിലെ വരകള്‍ പോലെ ഈ മനുഷ്യന് കടലിനെ അറിയാം. അതിനാല്‍ തന്നെ അപകടങ്ങളും മുന്‍കൂട്ടി കാണുന്നു.ബോട്ടിലുള്ള മല്‍സ്യത്തിന് ഏകദേശം 1500 ദിര്‍ഹത്തോളമാണ് ഇവര്‍ക്ക് ലഭിക്കുക. ഇതില്‍ പകുതി സ്പോണ്‍സര്‍ക്കുള്ളതാണ്. ബാക്കിയുള്ളതാണ് മൂന്ന് പേര്‍ക്കും കൂടി ലഭിക്കുക.
ഇടക്ക് 5000 ദിര്‍ഹത്തിനുള്ള മല്‍സ്യം ലഭിച്ചിട്ടുണ്ട്. കൈയും വീശി മടങ്ങേണ്ടി വന്നിട്ടുമുണ്ടെന്നും അവര്‍ പറയുന്നു. കടല്‍ ചൂടു പിടിച്ചപ്പോഴേക്കും അല്‍ വത്തീന്‍ തുറമുഖത്ത് ബോട്ട് അടുത്തു. തുറമുഖത്ത് ഇറക്കി ഹംസക്കോയയും ശിഷ്യരും യാത്ര പറഞ്ഞു; ഇനി ഉള്‍ക്കടലില്‍ അയക്കൂറയെ പിടിക്കാന്‍ ചൂണ്ടയുമായി പോകാമെന്ന വാഗ്ദാനത്തോടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.