Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപച്ചമലയിലെ...

പച്ചമലയിലെ കല്ലുഗ്രാമങ്ങള്‍

text_fields
bookmark_border
പച്ചമലയിലെ കല്ലുഗ്രാമങ്ങള്‍
cancel

ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്.

കൊടുംചൂടില്‍ വരണ്ടുകീറിക്കിടക്കുന്ന മലഞ്ചരിവുകളിലൂടെ ചുറ്റിവളഞ്ഞത്തെുന്ന പര്‍വതശിഖരത്തില്‍ ഇളംകാറ്റും കുളിരുകോരുന്ന തണുപ്പും. വഴികളുടെ ഇരുകരകളിലും താഴേക്കും മേലേക്കും താളത്തിലുയര്‍ന്നുതാഴ്ന്ന് നോക്കത്തൊദൂരേക്ക് പരന്നുകിടക്കുന്ന മണല്‍കൂനകള്‍. നിറവും ആകൃതിയുമെല്ലാം ഒന്നിനൊന്ന് വേറിട്ടുനില്‍ക്കുന്ന പാറക്കെട്ടുകള്‍. മലമടക്കുകളില്‍ കല്ലുകള്‍ വെട്ടിയും കളിമണ്ണുകൊണ്ട് കെട്ടിയും പണിത കുടിലുകള്‍. മനുഷ്യഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലാത്ത പ്രാചീനമായ നടവഴികള്‍. പൗരാണിക ശില്‍പസൗന്ദര്യം സൃഷ്ടിച്ച ഗുഹാമുഖങ്ങള്‍. ആകാശത്തേക്ക് കുതിക്കുന്ന പര്‍വതങ്ങള്‍. ലോകം തലകുനിച്ചുപോകുന്ന മണലറകള്‍. മരുഭൂമിയുടെ ചൂടൊഴിഞ്ഞ മണ്ണുമേടകള്‍. പനിനീരുവെള്ളത്താല്‍ ലോകത്തെയാകെ സുഗന്ധമയമാക്കുന്ന ഗ്രാമങ്ങള്‍. നടന്നത്തൊനാകുമോയെന്ന് കണ്ണുകള്‍ ക്ഷോഭിക്കുമാറത്രയും വിദൂരതയില്‍, കാലുകള്‍ പിന്തിരിഞ്ഞേക്കാവുന്നത്രയും ഉയരത്തില്‍ പണിത കല്ലുകൊട്ടാരങ്ങള്‍. പര്‍വതങ്ങളുടെ മുകളറ്റങ്ങളില്‍ മഹാകോട്ടകള്‍ കെട്ടിയവരുടെ ധീരത ഓരോ ചുവടിലും വിസ്മയമായി നെഞ്ചിലുടക്കുന്ന സഞ്ചാരപഥങ്ങള്‍. ഒമാനികളിതിനെ പ്രണയപൂര്‍വം ഹരിതപര്‍വതമെന്ന് വിളിക്കും. കൊടുംചൂടിലും അരുവിയൊഴുക്കുകയും വസന്തകാലത്ത് വിസ്മയാവഹമായ വര്‍ണവൈവിധ്യമണിഞ്ഞ് പൂത്തുലയുകയും ചെയ്യുന്ന ‘ജബല്‍ അല്‍അഖ്ദര്‍’. സമുദ്രനിരപ്പില്‍നിന്ന് 7500 അടിയോളം ഉയരം. തലസ്ഥാനമായ മസ്കത്തില്‍നിന്ന് 160 കിലോമീറ്റര്‍ ദൂരെയുള്ള പര്‍വതനിര.

കല്ലുവീടുകള്‍
മലമുകളിലെ ചെറുഗ്രാമമാണ് അല്‍ഐന്‍. 50ഓളം വീടുകളുള്ള ഒരു മലഞ്ചരിവ്. എല്ലാം മണ്ണും ചുണ്ണാമ്പും കളിമണ്ണുമൊക്കെ ഉപയോഗിച്ച് കെട്ടിയവ. അല്‍മിയാല്‍ കുടുംബത്തിന്റെ ‘തറവാടാ’ണീ ഗ്രാമം. പക്ഷേ, ഇപ്പോള്‍ ഇവിടെയുള്ളത് രണ്ടേ രണ്ട് വീട്ടുകാര്‍ മാത്രം. മെസൂണ്‍ ഇലക്ട്രിസിറ്റി കമ്പനിയില്‍ എന്‍ജിനീയറായ സലീം ഖല്‍ഫാമിന്റെയും അമ്മാവന്റെയും കുടുംബങ്ങള്‍. സലീമിന്റെ ഇപ്പോഴത്തെ വീടിന് 250 വര്‍ഷത്തെ പഴക്കമുണ്ടത്രെ. ചെറുവാതില്‍ തുറന്ന് ചെല്ലുന്നത് ഉയരത്തിലേക്ക് പടുത്ത വീട്ടിലേക്കാണ്. രണ്ടോ മൂന്നോ നാലോ നിലയെന്ന് പറയാനാകാത്ത വീട്. മുകളിലേക്ക് വളരുന്നു മണ്‍ഗോവണിക്കുചാരെയുള്ള ചെറുവാതിലുകള്‍ തുറക്കുന്നതെല്ലാം ഓരോ തട്ടിലേക്കാണ്. ഇങ്ങനെ ചെറുതും വലുതുമായ വീടുകള്‍. ഇത്തരം 20ഓളം ഗ്രാമങ്ങളാണ് ജബല്‍ അല്‍അഖ്ദറിലുള്ളത്. അമ്പതോ നൂറോ വീടുകളുള്ള ഒരു ചെറുസമൂഹമാണ് ഒരു ഗ്രാമം. ഒരു ഗ്രാമം ഒരു കുടുംബത്തിന്റെ താവളവും. എന്നാല്‍, പലതിലും ഇപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രം. മികച്ച ജോലിയും ജീവിതസൗകര്യങ്ങളും തേടിപ്പോകുന്നു പുതിയ തലമുറ. എന്നാല്‍, പൗരാണിക സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ ഉപേക്ഷിച്ചുപോകാനാകാത്തവര്‍ ഇന്നുമിവിടെ ജീവിക്കുന്നു.

പച്ചമലയുടെ സവിശേഷത അവിടത്തെ ആവാസവ്യവസ്ഥ തന്നെയാണ്. മണ്ണുകൊണ്ട് കെട്ടിയ വീടുകള്‍. ചിലത് പാറക്കല്ലുവെട്ടിയുണ്ടാക്കിയവ. വീടുകളുടെ വാതിലുകള്‍ തീരെ ചെറുതായിരിക്കും. ഉള്ളില്‍ അറപോലുള്ള മുറികള്‍. മണ്ണില്‍ തീര്‍ത്ത ചുവരലമാരകള്‍. വീട്ടുപകരണങ്ങളില്‍ പലതും മണ്‍ നിര്‍മിതം തന്നെ. കൂട്ടുകുടുംബ സങ്കല്‍പത്തിന്റെ പ്രാഗ്രൂപങ്ങളായി ഇടനാഴികള്‍ വേര്‍തിരിക്കുന്ന കൊച്ചുകൊച്ചു വീടുകള്‍. ചില കെട്ടിടങ്ങള്‍ കല്ലുകള്‍ അടുക്കിയുയര്‍ത്തിയതാണെന്ന് തോന്നും. അത്രമേല്‍ വിദഗ്ധമായ ശില്‍പശാസ്ത്രമാണതില്‍ പ്രയോഗിച്ചിരിക്കുന്നത്.

കൊച്ചുവീടുകളുണ്ടാക്കുന്ന അതേ തച്ചുരീതികളില്‍ വലിയ കെട്ടിടങ്ങളും കോട്ടകള്‍കണക്കെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ നിര്‍മിതികളും ഇവിടെയുണ്ട്. പലതും കാലപ്പഴക്കത്താല്‍ ഇടിഞ്ഞ് തകര്‍ന്നുകിടക്കുന്നു. താമസമുപേക്ഷിച്ചുപോയ ഈ കല്ലുവീടുകളില്‍നിന്ന് പക്ഷേ ഇനിയും മനുഷ്യഗന്ധമൊഴിഞ്ഞിട്ടില്ല. വീട്ടുപകരണങ്ങളുടെ അവശിഷ്ടങ്ങളും അങ്ങിങ്ങ് കാണാം. എല്ലാം മണ്ണില്‍ പണിതതിനാലാകണം, നശിച്ചുടഞ്ഞ് മണ്ണിലലിയാന്‍ മടിച്ചുനില്‍ക്കുംപോലെ. മലമുകളിലേക്കുള്ള ഓരോ യാത്രയും കല്‍വഴികളും മുള്‍ക്കൂനകളും കടന്നുപോകേണ്ട കഠിന തപസ്സാണ്. അപകടകരമായ ചരിവുകളിലൂടെയുള്ള നൂല്‍സഞ്ചാരം.

കുത്തനെയുയര്‍ന്ന മലയാണെങ്കിലും ജബല്‍ അല്‍അഖ്ദറിലേക്ക് പോകുന്നവര്‍ക്ക് പക്ഷേ, ഈ വഴിയനുഭവം ഇന്ത്യന്‍ ഗൃഹാതുരത മാത്രമായിരിക്കും. വീതിയേറിയ റോഡുകളും സുരക്ഷാസംവിധാനങ്ങളും വേണ്ടത്ര. എക്സ്പ്രസ് ഹൈവേ യാത്രപോലെ അനായാസകരമായ മലകയറ്റം. ബ്രേക്ഡൗണാകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കുന്ന ‘എസ്കേപ് ലൈനുകള്‍’. ഫോര്‍വീലര്‍ വാഹനങ്ങള്‍ മാത്രമേ ഇങ്ങോട്ട് കടത്തിവിടൂ. ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുന്നു. അധികമാളുകള്‍ ഉണ്ടെങ്കില്‍ ചെക്പോസ്റ്റില്‍ ഇറക്കും. പക്ഷേ, തിരിച്ചയക്കില്ല. തൊട്ടടുത്തുവരുന്ന ആളുകുറവുള്ള വാഹനത്തില്‍ അവരെ പൊലീസ് തന്നെ കയറ്റിവിടും. ഇത്രയും സുഖകരമായ റോഡിന് പക്ഷേ, ഏഴു വര്‍ഷത്തെ ആയുസ്സേ ആയിട്ടുള്ളൂ. മറ്റേതൊരു മലയുംപോലെ കല്ലുപാകിയ ചെറുറോഡായിരുന്നു ഇവിടെയും. അതുതന്നെയുണ്ടായത് 1973ല്‍. പക്ഷേ, ഇവിടെയുള്ള ജനതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
വെള്ളവും വൈദ്യുതിയും ഇവിടെയത്തെിയതും വളരെയടുത്ത കാലത്താണെന്ന് സലീം പറയുന്നു. വെളിച്ചം വരുന്നത് 1997ല്‍ മാത്രം. കുടിവെള്ളമത്തെുന്നത് കിലോമീറ്ററുകള്‍ അകലെനിന്നുള്ള പൈപ്പ്ലൈന്‍ വഴി. താഴ്വരകളിലെയും ചെറിയ ജലാശയങ്ങളിലെയും വെള്ളം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഈ മലനാട് മരുഭൂമിയില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാത്ത ഭൂപ്രദേശമാണ്. റോഡ് ചെന്നത്തെുന്നിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ജനവാസമുള്ളത്. പിന്നീടുള്ള ഗ്രാമങ്ങളെല്ലാം തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ മാത്രം. വാഹനം ചെല്ലുന്നിടത്തിറങ്ങി, മലയിറങ്ങി താഴ്വാരത്തില്‍ ചെന്ന് വീണ്ടും കയറിയാല്‍ ഇത്തരം തകര്‍ന്ന ഗ്രാമങ്ങള്‍ കാണാം.

പൈതൃക ഗ്രാമങ്ങള്‍
ഒമാനിന്റെ ചരിത്രത്തില്‍ വീരചരിതമെഴുതിയ ഭരണാധികാരിയാണ് ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താന്‍. പോര്‍ചുഗീസ് അധിനിവേശത്തെ ചെറുത്തുതോല്‍പിച്ച ഭരണാധികാരി. അക്കാലത്ത് നടന്ന പോര്‍ചുഗീസ് അധിനിവേശവും ഉപരോധവും ചെറുത്തുതോല്‍പിച്ച സെയ്ഫ് ബിന്‍ സുല്‍ത്താന്റെ വീരകഥകള്‍ ഇവിടെ തലമുറ കൈമാറുന്ന പടപ്പാട്ടുകളാണ്. ഈ സുല്‍ത്താന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സീഖില്‍ കാണാം. എ.ഡി 1690ലാണ് ഇവ നിര്‍മിച്ചതെന്ന് കരുതുന്നു.

ഇവിടെയുള്ള ഓരോ ഗ്രാമത്തിനും ഇത്തരം ചരിത്രങ്ങള്‍ പറയാനുണ്ട്. ഈ ആവാസമേഖലകളെ ഒമാന്‍ ഭരണകൂടം പൈതൃകഗ്രാമങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവുമേറെ കൃഷി നടന്നിരുന്ന ഗ്രാമമാണ് ബനീ ഹബീബ് താഴ്വര. ഗുഹാഗൃഹങ്ങളാല്‍ സമൃദ്ധമായിരുന്ന താഴ്വരയില്‍ ഇന്ന് പുത്തന്‍ വീടുകള്‍ ഉയരുന്നതു കാണാം. ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വാദി ബനീ ഹബീബ്, ബദാമും മാതളനാരങ്ങയും അത്തിപ്പഴങ്ങളും വിരിയുന്ന കാര്‍ഷിക ഗ്രാമംകൂടിയാണ്. നിരവധി ഗ്രാമങ്ങളിലേക്ക് ഒറ്റ സ്നാപ്പില്‍ കാഴ്ചയൊരുക്കുന്ന ഗ്രാമമാണ് അല്‍ ഫയാദിയ്യ.
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്. അതിപുരാതനമായ പള്ളികളും അത്യഗാധതയാല്‍ ‘അടിയില്ലാത്ത കിണര്‍’ എന്ന് വിളിപ്പേരുവീണ ആഴക്കിണറുകളും ചില ഗ്രാമങ്ങളില്‍ കാണാം.

പനിനീരു പെയ്യുന്ന മലകള്‍

ഒമാനിനെ കാര്‍ഷികസമൃദ്ധമാക്കുന്നതില്‍ ജബല്‍ അല്‍അഖ്ദറിന് വലിയ പങ്കുണ്ട്. ഏറ്റവുമേറെ പഴങ്ങള്‍ കൃഷിചെയ്യുന്നിടം. ബദാമും മാതളനാരങ്ങയും മുന്തിരിയും അത്തിപ്പഴവും ആപ്പിളും പ്ളമും ഒലിവുമെല്ലാം ഇവിടെയുണ്ട്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാസങ്ങളാണ് വിളവെടുപ്പ് കാലം. 16 ഇനം പഴവര്‍ഗങ്ങള്‍ ഇക്കാലത്ത് ഇവിടെനിന്ന് കൊയ്തെടുക്കും. ഇവിടെ മാത്രം കാണപ്പെടുന്ന തദ്ദേശീയ പഴങ്ങള്‍ വേറെയുമുണ്ട്. ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താനാണ് ഇവിടെ പഴവര്‍ഗകൃഷി ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇമാം സെയ്ഫിന്റെ ഭരണകാലത്തോടെ ഹരിതാഭമായി മാറിയ മലനിരകളെ പിന്നീട് ചരിത്രം ‘ജബല്‍ അല്‍അഖ്ദര്‍ (പച്ചപ്പര്‍വതം)’ എന്ന് വിളിക്കുകയായിരുന്നു. അതുവരെ റദ്വ പര്‍വതങ്ങളെന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.

ജലവിശുദ്ധിയുടെ നിര്‍മലത ‘പനിനീരാ’ക്കി ലോകത്തേക്കൊഴുക്കിവിടുന്ന സുഗന്ധഗ്രാമങ്ങള്‍ ഈ മലമുകളിലാണ്. അല്‍ശരീഖ, അല്‍ഐന്‍, വാദി ബനീ ഹബീബ്, സീഖ് എന്നീ നാല് ഗ്രാമങ്ങളാണ് പനിനീരിന്‍െറ പ്രഭവ കേന്ദ്രങ്ങള്‍. മാര്‍ച്ച് മുതല്‍ മേയ് വരെ ഇവിടെ റോസാദലങ്ങളുടെ വിളവെടുപ്പുകാലമാണ്. ഈ സമയത്ത് മലഞ്ചരിവുകളാകെ റോസ് നിറമുടുത്ത് നില്‍ക്കും.

നിരവധി കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് പനിനീരുല്‍പാദനം. തലമുറകള്‍ കൈമാറിവന്ന രുചിക്കൂട്ടും നിര്‍മാണവിദ്യയുമാണ് പച്ചമലയിലെ പനിനീരിനെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. വിവിധ ഘട്ടങ്ങള്‍ കടന്നുപോകുന്ന, ഒരു ദിവസം നീളുന്ന പരിണാമപ്രക്രിയകളിലൂടെ ഊറ്റിയെടുക്കുന്ന പനിനീര് ഒരു മാസത്തോളം കളിമണ്‍ കുടങ്ങളില്‍ അടച്ചുവെച്ചാണ് അതിന്റെ തെളിമയും മാധുര്യവും സ്വാംശീകരിക്കുന്നത്. ഈ പരമ്പരാഗത രീതി പതിയെ ആധുനീകരണത്തിലേക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, എല്ലാതരം യന്ത്രവത്കരണങ്ങളെയും അതിജയിച്ച് ഈ മലമുകളിലെ കല്ലുഗ്രാമങ്ങള്‍ ഇനിയും നൂറ്റാണ്ടുകള്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാണത്തിലെ ഈടും ചരിത്രത്തിലെ ഈടുവെപ്പുകളും അടിവരയിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story