തേനരുവിയായ് തൊമ്മന്‍കുത്ത്
text_fieldsമേഘക്കീറുകളെ ചുംബിച്ച് നില്‍ക്കുന്ന മലനിരകള്‍ക്കിടയിലൂടെ പളുങ്ക്മുത്തുകള്‍ വാരിവിതറി ഹരിതാഭമായ നിബിഡവനത്തെ വാരിപ്പുണര്‍ന്നൊഴുകുന്ന വെള്ളച്ചാട്ടം. ചുറ്റും കൊത്തിയെടുത്തപോലുള്ള പാറക്കുട്ടങ്ങള്‍... ഇടക്കിടക്ക് കൊച്ചു കൊച്ചു തടാകങ്ങള്‍. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് സ്ഥിതിചെയ്യുന്ന പ്രകൃതി സ്നേഹികളുടെ പറുദീസയായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ചാണ് പറയുന്നത്. തൊടുപുഴയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ഈ വെള്ളച്ചാട്ടത്തിന്റെ പ്രശസ്തിയില്‍ ഇവിടെയുള്ള ഗ്രാമത്തെയും ആളുകള്‍ വിളിക്കുന്നത് തൊമ്മന്‍കുത്ത് എന്നുതന്നെ.
നഗരത്തിന്റെ കൃത്രിമ പ്രൗഢിയില്‍ നിന്ന് മാറി ഇവിടുത്തെ പ്രകൃതി ദത്തമായ കാഴ്ചകള്‍ മനസ്സിന് കുളിര്‍മയും ശരീരത്തിന് ഉന്‍മേഷവും സമ്മാനിക്കുന്നു എന്നതാണ് പലരെയും തൊമ്മന്‍കുത്തിലേക്ക് എത്തിക്കുന്ന പ്രധാന ഘടകം. കുത്തിലെ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. പല തട്ടുകളിലായി കുത്തിയൊഴുകി വരുന്ന വെള്ളച്ചാട്ടം കണ്ണാടിയാറെന്ന പുഴയിലേക്ക് പതിക്കുന്നു. തൊമ്മന്‍കുത്ത്, ഏഴുനിലക്കുത്ത്, മുത്തിമുക്ക് എന്നിവിടങ്ങളില്‍ ഏതാണ്ട് നൂറ് അടിയും അതിലധികവും മുകളില്‍ നിന്ന് പാറയില്‍ തട്ടിയാണ് വെള്ളം ചിന്നിച്ചിതറുന്നത്.
പാറകളില്‍ വീഴുന്ന വെള്ളം ഹുങ്കാര ശബ്ദത്തോടെ കണ്ണാടിയാറ്റില്‍ പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. വെള്ളം പാറയില്‍ കൂടി മാത്രം ഒഴുകിയത്തെുന്നതിനാല്‍ സ്ഫടികം പോലെ നിര്‍മലമാണ്. അതിനാല്‍ തന്നെ കണ്ണാടിയാര്‍ എന്ന പേരും അന്വര്‍ഥം തന്നെ. വന്‍പാറക്കെട്ടുകളിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന ജലം ഏഴുനിലക്കുത്തില്‍ പതഞ്ഞുപൊങ്ങുന്ന കാഴ്ച വിവരണാധീതമാണ്. പുഴയിലെ കല്ലുകള്‍ക്കുമുണ്ട് വേറിട്ട ഭംഗി. കൂര്‍ത്തും പരന്നും ഉരുണ്ടും വിവിധ ആകൃതികളില്‍ മാര്‍ബിള്‍പോലെ തിളങ്ങുന്നവ...
പക്ഷിസങ്കേതം കൂടിയാണ് പുഴയുടെ വശങ്ങളിലുള്ള കാടുകള്‍. നഗരത്തിനടുത്ത് ശാന്തമായ പ്രദേശമായതിനാലാകണം ഒട്ടേറെ പക്ഷി മൃഗാദികള്‍ ഇവിടെ താവളമാക്കുന്നത്. കൃത്യമായി അടുക്കിവെച്ചപോലെ ഒന്നിനുമുകളില്‍ ഒന്നായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ വനത്തിന്റെ ശാന്തത അനുഭവിച് കയറിപ്പോകാന്‍ ബഹുരസമാണ്. പുഴയുടെ ഇരുകരകളിലും ഇടതുര്‍ന്ന് നില്‍ക്കുന ചെടികള്‍, വന്‍മരങ്ങള്‍ , വള്ളിപ്പടര്‍പ്പുകള്‍ ഇവയെല്ലാം തൊമ്മന്‍കുത്തിന്റെ മാറ്റുകുട്ടുന്നു.
തൊമ്മന്‍കുത്ത് പുഴയുടെ ഉല്‍ഭവം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്ന് ഏതാണ്ട് 2500 അടി മുകളിലുള്ള പാക്കുളം മേട്ടില്‍ നിന്നാണ്. ഇത് വെള്ളച്ചാട്ടത്തില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെയാണ്. 12 കിലോമീറ്റര്‍ അകലെയുള്ള മുത്തിമുക്കിലാണ് മറ്റൊരു സംഗമ സ്ഥാനം. വെണ്‍മണിയിലുള്ള മറ്റൊരു ചെറിയ പുഴയാണ് ഇവിടെ ലയിക്കുന്നത്. മുത്തിമുക്കിന് മുകളില്‍ പളുങ്കന്‍ കുത്ത് എന്ന ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. ഇതിന് സമീപത്തായി സുരക്ഷിതമായ വലിയൊരു അറയുണ്ട്. വിശാലമായ ഒരുമുറിയോട് ഇതിനെ ഉപമിക്കാം. ഇതിനുള്ളില്‍ കയറാന്‍ സാഹസികത ഒരല്‍പം കൂടുതല്‍ വേണ്ടിവരും.
ചെകുത്താന്‍ കുത്ത്, നാക്കയം കുത്ത്, തെക്കന്‍ തോണിക്കുത്ത്, തുടങ്ങിയ ഏതാനും ചെറുവെള്ളച്ചാട്ടങ്ങളും പിന്നിട്ടാണ് പുഴ തൊമ്മന്‍കുത്തില്‍ എത്തിച്ചേരുന്നത്. മുത്തിമുക്ക് മുതലാണ് വെള്ളച്ചാട്ടം ആരംഭിക്കുന്നത്. തൊമ്മന്‍ കുത്തില്‍ നിന്നും 500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഏഴുനിലക്കുത്താണ് കാണാന്‍ ഏറെ ആകര്‍ഷണീയം. ഇവിടെ പാറക്കെട്ട് ഏഴുനിലകളിലായാണ് സ്ഥിതിചെയ്യുന്നത്. ഓരോതട്ടിലും ജലധാരാളെ ചിതറിത്തെറിപ്പിച്ചാണ് വെള്ളം താഴോട്ട് പതിക്കുന്നത്. പാറയുടെ ഏഴുനിലകളാണ് ഈ വെള്ളച്ചാട്ടത്തെ കൗതുകമുയര്‍ത്തുന്നതാക്കുന്നത്. ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്തിനുമുണ്ട് പ്രത്യേകത. ഇവിടെ പാറകള്‍ക്കിടയില്‍കൂടി കയറി ഇറങ്ങി ഒരു തുരങ്കത്തില്‍ നിന്നെന്ന പോലെയാണ് വെള്ളം വരുന്നത്. കൂടാതെ ഒഴുകിവരുന്ന പുഴ പലസ്ഥലത്തും പാറക്കെട്ടുകളില്‍ തടഞ്ഞ് കൊച്ചുകൊച്ചു തടാകങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് കേരളത്തിന്‍െറ വിവിധ പ്രദേങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. വന്ന് കണ്ട് പോയ നിരവധിപ്പേര്‍ വീണ്ടും ആകൃഷ്ടരായി എത്തുന്നത് മനസ്സില്‍ പതിഞ്ഞ മനോഹര കാഴ്ചയുടെ നൊസ്റ്റാള്‍ജിയ ഒന്നുകൊണ്ടുമാത്രമാണ്. ഓരോവര്‍ഷവും ഇവിടേക്ക് എത്തുന്നവരുടെ എണ്ണം ഇരട്ടിയിലധികമാണ്. വേനലില്‍ നീര്‍ച്ചാലുകളായി ഒഴുകുമ്പോഴും വര്‍ഷകാലത്ത് ആര്‍ത്തിരമ്പുമ്പോഴും തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം മനസിന് നല്‍കുന്ന നിര്‍വൃതി ഈ വര്‍ണനകള്‍ക്കെല്ലാം അപ്പുറത്താണ് എന്നതാണ് സത്യം...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.