ക്രിസ്മസ് അവധി എവിടെ ആഘോഷിക്കണം?
text_fieldsലാറ്റിനമേരിക്കയിലും ദക്ഷിണപൂര്‍വേഷ്യയിലുമടക്കം ലോകത്തെ മിക്കയിടങ്ങളിലും ഏറ്റവും മികച്ച കാലാവസ്ഥയുള്ള സമയമാണിത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളുടെ പ്രയാണം കാരണം വര്‍ഷത്തെ അവസാന മാസത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും മറ്റും ചെലവ് കുറവാണ്. ക്രിസ്മസും പുതുവര്‍ഷവും പ്രമാണിച്ച് ഈ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് വര്‍ധിക്കും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോള്‍ ടൂറിസ്റ്റ് സീസണ്‍ ആണ്. ട്രാവല്‍ വെബ്‌സൈറ്റുകളും വിദേശ ടൂര്‍ ഏജന്റുമാരും ഇന്ത്യയില്‍ ഈ സമയത്ത് ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്നത് ഗോവയാണ്. ഗോവയല്ലെങ്കില്‍ മുംബൈയും ദല്‍ഹിയും ഈ സമയത്ത് സന്ദര്‍ശനത്തിന് അനുയോജ്യമാണ്.
നമ്മുടെ കേരളത്തിലും വിന്റര്‍ സീസണ്‍ ആസ്വാദ്യകരമാക്കാന്‍ ഹില്‍ സ്‌റ്റേഷനുകള്‍, വെള്ളച്ചാട്ടങ്ങള്‍, കായലുകള്‍ (പ്രത്യേകിച്ചും ആലപ്പുഴ) എന്നിവിടങ്ങളിലെല്ലാം വിനോദസഞ്ചാരികളുടെ തിരക്ക് ആരംഭിച്ചു. തേക്കടി, മൂന്നാര്‍, വയനാട്, ആതിരപ്പിള്ളിയുമെല്ലാം കേരളത്തില്‍ ഈ സമയത്ത് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ സ്ഥലങ്ങളായി പരിഗണിക്കപ്പെടുന്നു. മുതുമല കടുവ സങ്കേതത്തില്‍ ഏതാനും മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന ആനസവാരി ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം സന്ദര്‍ശിക്കാനും ശൈത്യകാലം ചെലവഴിക്കാനും യോജിച്ച ഏതാനും സ്ഥലങ്ങള്‍ നിര്‍ദേശിക്കുന്നു.
തിരുപ്പിറവിയോടനുബന്ധിച്ച് ഒരു തീര്‍ഥാടന യാത്ര ഉദ്ദേശിക്കുന്ന വിശ്വാസികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് പോകാം. മാതാവിനെ ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ സ്വന്തമാക്കാന്‍ ജാതിമതഭേദമെന്യെ കോടിക്കണക്കിന് മനുഷ്യരാണ് ചെന്നൈയില്‍ നിന്നും 350 കിലോ മീറ്ററോളം അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള പട്ടണത്തിലെത്തുന്നത്. ഭക്തി നിറഞ്ഞ മനസുമായി ദേവാലയങ്ങളില്‍ എത്തി സര്‍വ്വവും സമര്‍പ്പിതമാക്കി കൈകള്‍ കൂപ്പുമ്പോള്‍, ആശ്വാസവും ആനന്ദവും പ്രതീക്ഷകളും മനസിനെ തൊട്ടുണര്‍ത്തുന്നത് അനുഭവിക്കാനാകും. വേളാങ്കണ്ണിയിലേക്ക് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിവിധ പാക്കേജുകള്‍ ലഭ്യമാണ്. വേളാങ്കണ്ണിയെക്കുറിച്ചുള്ള ഐതിഹ്യം, എങ്ങിനെ എത്തിച്ചേരാം തുടങ്ങി വിശദമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഗോവ
ക്രിസ്മസ് അവധിക്ക് സംഗീതവും ഷോപ്പിങും ഭക്ഷണത്തിലെ വൈവിധ്യവും ചുറ്റിക്കറങ്ങലുമെല്ലാമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഗോവയിലേക്ക് പോകുക. ക്രിസ്മസും പുതുവര്‍ഷവും ഗോവയില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. പ്രധാനയിടങ്ങളിലെ ഹോട്ടലുകളില്‍ ബുക്കിങ് പൂര്‍ത്തിയായിരിക്കുന്നു. താമസിക്കാന്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പ്രശ്‌നമില്ല. ക്രിസ്മസും പുതുവര്‍ഷവും -രണ്ട് വിശേഷ ദിനങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഈ സീസണ്‍ ഗോവയില്‍ ഫെബ്രുവരി വരെയാണ്. ഡിസംബറിലെ ഈ അവസാന ആഴ്ച ഗോവയില്‍ ചെലവഴിക്കുകയാണെങ്കില്‍ വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുള്ള വിവിധ ഫെസ്റ്റിവലുകളില്‍ കൂടി പങ്കെടുക്കാം.
കന്യാകുമാരി
വര്‍ഷത്തെ അവസാന സൂര്യാസ്തമയവും പുതു വര്‍ഷത്തെ ആദ്യ സൂര്യോദയവും കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം മനസ്സില്‍ തെളിയുന്നത് കന്യാകുമാരിയാകും. ഒരിക്കലെങ്കിലും കന്യാകുമാരിയില്‍ എത്താത്തവര്‍ വിരളമായിരിക്കും. കന്യാകുമാരിയില്‍ ഇപ്പോള്‍ ടൂറിസ്റ്റ് സീസണാണ്. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കന്യാകുമാരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ തിരക്ക് അല്‍പം കുറയും.
മണാലി
ഈ സീസണില്‍ ഉത്തരേന്ത്യന്‍ യാത്രയാണ് മനസ്സിലെങ്കില്‍ മണാലിയാണ് ഏറ്റവും അനുയോജ്യം. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഹിമാചല്‍ പ്രദേശിലെ മണാലിയിലേക്ക് ഐസ് സ്‌കേറ്റിങ്ങിനായി നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ലോകത്താകമാനമുള്ള സഞ്ചാരികള്‍ എത്തുന്നു. മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരകളിലൂടെയുള്ള സഞ്ചാരം സാഹസികര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും.
ഷില്ലോങ്
കേരളത്തിനു പുറത്തെ ഹില്‍സ്‌റ്റേഷനുകളാണ് ഡിസംബറില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമെങ്കില്‍ മേഘാലയയിലെ ഷില്ലോങ് തെരഞ്ഞെടുക്കുക. മനംമയക്കുന്ന പ്രകൃതിഭംഗിക്കപ്പുറം ഷില്ലോങിലെ ജലപാതങ്ങളും തടാകങ്ങളും സജീവമായിരിക്കുകയാണഅ. പൊതുവേ ശാന്തമായ ഷില്ലേങിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്തുകൊണ്ടും ഈ സീസണില്‍ അനുയോജ്യമാണ്.
പുരി
ഒഡീഷയിലെ പുരി സുന്ദരിയായി പച്ചപ്പ് നിറച്ചു നില്‍ക്കുന്ന സമയമാണിത്. പുരിയിലെ ബീച്ചുകള്‍ ഇപ്പോള്‍ വശ്യമാണ്. പുരിയിലെ ബീച്ചുകള്‍ സ്വസ്ഥം ശാന്തമാണ്. പ്രധാന ഹിന്ദു തീര്‍ഥാട കേന്ദ്രം കൂടിയായ പുരിയില്‍ എത്തിയാല്‍ ജഗന്നാഥ ക്ഷേത്രവും (പുരി ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ചില്‍ക തടാകവും ചില്‍ക വന്യജീവ സങ്കേതവും കാണാതെ മടങ്ങരുത്.
സഞ്ചാരികള്‍ക്ക് ക്രിസ്മസ്-പുതുവത്സരാശംസകള്‍!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.