ഹെര്‍മിറ്റാജ് നല്‍കിയ വിരുന്ന്
text_fieldsജര്‍മനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേരിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണം. പ്രസിദ്ധ സംഗീതജ്ഞന്‍ റിച്ചാര്‍ഡ് വാഗ്നറുടെ (Richard Wagner) പാദ സ്പര്‍ശത്താല്‍ അനുഗ്രഹീതമായ മണ്ണ്. അതായിരുന്നു ബൈരോയിത് (Bayreuth). അംബരചുംബികളായ കെട്ടിടങ്ങളും, കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഹൈവേ റോഡുകളും അതിമനോഹരങ്ങളായ പൂന്തോട്ടങ്ങളും അങ്ങനെ എല്ലാമുള്ള ബൈരോയിത് ഒരു മായാ ലോകംതന്നെ ആയിരുന്നു. ഓരോ ദിവസവും അവിടം ഓരോ പുതിയ കാഴ്ചകള്‍ സമ്മാനിച്ചു. അന്നൊരു ശനിയാഴ്ചയാണ് ഹെര്‍മിറ്റാജ് (Hermitage) സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്.
കൂറ്റന്‍ കെട്ടിടങ്ങള്‍ ഇരുവശവുമുള്ള റോഡിലൂടെ ബസ് ഹെര്‍മിറ്റാജ് ലക്ഷ്യമാക്കിയാത്ര തുടങ്ങി. മുന്നോട്ടു പോകുംതോറുംകെട്ടിടങ്ങള്‍ വഴിമാറി ചെറിയതും വലിയതുമായ മരങ്ങള്‍ റോഡിനിരുവശവും പകരമായി വന്നുകൊണ്ടിരുന്നു. ഹെര്‍മിറ്റാജ്എത്തുന്നതിനു മുമ്പ് ബസിന്റെ യാത്ര വിശാലമായ പാടത്തിനു നടുവിലൂടെയായി. ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രക്കൊടുവില്‍ ബസ് ഹെര്‍മറ്റാജിനു മുന്നില്‍ നിര്‍ത്തി. പുറത്തിറങ്ങിയപ്പോള്‍ തണുപ്പ് വീണ്ടും കനത്തു. ഒരുകൊടുംകാടിലേക്കാണ് പ്രവേശിക്കാനുള്ളതെന്നു തൊട്ടുമുന്നിലെ കാഴ്ചകള്‍ തോന്നിച്ചു. ഇരുവശവുംകൂറ്റന്‍ മരങ്ങളാല്‍ വേലി തീര്‍ത്ത നടപ്പാതയിലൂടെ അകത്തേക്ക് നടന്നു.
ഹെര്‍മിറ്റാജിന്റെ അകത്തേക്കുള്ള വഴി
ഹെര്‍മിറ്റാജിന്റെ ലോകത്തേക്ക്. കൊടുംകാടിന്‍െറ കാഴ്ചകളിലേക്ക് കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന നടപ്പാതക്കും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഇലപൊഴിയുംകാലം അല്ലായിരുന്നെങ്കില്‍ ആ നടപ്പാതയുടെ ഭംഗിപതിന്‍മടങ്ങ് ആയേനെ എന്ന് തോന്നാതിരുന്നില്ല. ഉണങ്ങിയ ഇലകള്‍ ചവിട്ടി ചുറ്റിലും വീക്ഷിച്ചു സന്ദര്‍ശകര്‍ അകത്തേക്ക് നടന്നു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോഴാണ് മരങ്ങളാല്‍ ചുറ്റപ്പെട്ട ചരിത്ര സ്മരണകള്‍ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കെട്ടിടങ്ങള്‍ കണ്ടുതുടങ്ങിയത്.
ശത്രുക്കളുടെ കണ്ണില്‍പെടാതെ യുദ്ധസാമഗ്രികള്‍ ഒളിപ്പിച്ചുവെക്കാന്‍ 1616ല്‍ അന്നത്തെ ബൈരോയിത് മിലിട്ടറികമാന്‍ഡര്‍ വാങ്ങിയ സ്ഥലം ആയിരുന്നുഅത്. ഹെര്‍മിറ്റാജിന്‍െറ ചരിത്രംതുടങ്ങിയത് അവിടംമുതലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മിലിട്ടറി കമാന്‍ഡറായി വന്ന ജോര്‍ജ് വില്‍ഹിം (George Wilhelm) അവിടെ ഒരു കോട്ട പണികഴിപ്പിച്ചു. ആ കോട്ട പിന്നീട് പഴയ കോട്ട (Old castle) എന്നറിയപ്പെട്ടു. പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടയുടെ മൂന്ന് ഭാഗത്തും ചുറ്റപ്പെട്ടു പ്രസിദ്ധമായ റോടര്‍ മെയിന്‍ റിവര്‍ (Roter Main River) ഒഴുകിനീങ്ങി.
പഴയകോട്ട (Old Castle, Hermitage, Bayreuth)
ജോര്‍ജ് വില്‍ഹിന് ശേഷം ചുമതലയേറ്റ ഫ്രെഡറിക് (Friedarich)ന്റെ കാലത്താണ് ഹെര്‍മിറ്റാജിന്റെ ചരിത്രത്തില്‍ പ്രണയത്തിന്റെ സ്പര്‍ശം കടന്നുവന്നത്. ആ കെട്ടിടങ്ങള്‍ തന്റെ പ്രിയ പത്നിയായ വില്‍ഹെല്‍മിന (Wilhelmina) ക്ക് ഫ്രെഡറിക് പിറന്നാള്‍ സമ്മാനമായി നല്‍കി. കെട്ടിടത്തിന്റെ രൂപ ഭംഗിയില്‍ ആകര്‍ഷയായെങ്കിലും അവര്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയും പുതിയ മുറികള്‍ കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. പഴയ കോട്ടക്കുള്ളിലെ സംഗീതഹാള്‍, ജാപ്പനീസ്കാബിനെറ്റ്, ചൈനീസ് മിറര്‍ കാബിനെറ്റ് ഉള്‍പ്പെട്ട മുറികള്‍ അതീവ മനോഹരങ്ങളായിരുന്നു. വില്‍ഹെല്‍മിന തന്റെ സന്തോഷദിനങ്ങള്‍ കഴിച്ചുകൂട്ടിയത്അവിടെ ആയിരുന്നത്രെ. തന്‍്റെ അനുഭവങ്ങള്‍ കുറിച്ചിടാന്‍ ചൈനീസ് മിറര്‍ കാബിനറ്റ് അവര്‍ ഉപയോഗിച്ചു. ആ സമയത്ത് അവര്‍ വരച്ച പെയ്ന്‍റിങ്ങുകളുംഅവിടെ ഉണ്ടായിരുന്നു. അതോടൊപ്പംകോട്ടക്കു ചുറ്റും പൂന്തോട്ടങ്ങളും പാര്‍ക്കുകളും പുല്‍തകിടികളും ചെറിയ വെള്ളച്ചാട്ടങ്ങളും കൊണ്ട്അലങ്കരിച്ചിരുന്നു. ആ മനോഹാരിത ഹെര്‍മിറ്റാജിനെജര്‍മനിയിലെ മറ്റുസ്ഥലങ്ങളില്‍ നിന്നുംവേറിട്ട് നിര്‍ത്തി. തന്റെ തലമുറയെയും വരുംതലമുറയെയും അത്ആകര്‍ഷിക്കുമെന്ന് അവര്‍ മുന്‍കൂട്ടി കണ്ടു. അത്ശരിവെക്കുന്നതയിരുന്നു അവിടംകണ്ട ജനസഞ്ചയം. ചുറ്റിലുമുള്ള സുന്ദര കാഴ്ചകള്‍ വില്‍ഹെല്‍മിനയുടെ ഭാവനയും ചിന്തയും എത്ര മനോഹരവും മഹത്തരവും പ്രണയാതുരവും ആണെന്ന് സന്ദര്‍ശകര്‍ക്ക് വ്യക്തമാകുന്നതാണ്. കാലങ്ങള്‍ക്കിടയില്‍ പലമാറ്റങ്ങള്‍ വരുത്തിയെങ്കിലും പഴയകോട്ട അതേ പേരില്‍ തന്നെ ഇപ്പോഴും അറിയപ്പെട്ടു.
പഴയ കോട്ടയുടെ പടിഞ്ഞാറായി വെള്ളച്ചാട്ടവും പാര്‍ക്കുംകൊണ്ട് ചുറ്റപ്പെട്ടപുതിയകോട്ട (New Castle) നിര്‍മിച്ചു. വെള്ളച്ചാട്ടത്തിനു അടുത്തായി ഒരു പക്ഷിക്കൂടും ഉണ്ടായിരുന്നു. പുതിയ കോട്ടയുംഅതിന്റെ ഭംഗിയും ആ മഹതിയുടെ ദീര്‍ഘവീക്ഷണത്തിന്റെ മറ്റൊരു ഉദാഹരണമാണ്. പുതിയകോട്ട ആകൃതിയിലുംരൂപകല്‍പനയിലും മറ്റുകെട്ടിടങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. ആര്‍ക് രൂപത്തിലുള്ള ഒരുപോലെയുള്ള രണ്ടുകെട്ടിടങ്ങള്‍ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രത്തില്‍ കൂടിച്ചേരുന്നു. അത് പുതിയ കോട്ടക്ക് അര്‍ധവൃത്താകൃതി നല്‍കി. കോട്ടയുടെ പ്രധാന ആകര്‍ഷണം സൂര്യക്ഷേത്രം തന്നെയാണ്. കല്ലില്‍ ചുവപ്പും നീലയും മഞ്ഞയും നിറത്തില്‍ കൊത്തിയുണ്ടാക്കിയ തിളങ്ങുന്ന ക്ഷേത്രം മനോഹരമാണ്. ആ രൂപഭംഗി സൂര്യനാഥന്റെ വാസ സ്ഥലത്തെ മികവുറ്റ ഒരിടമാക്കിമാറ്റി.
പുതിയ കോട്ട (New Castle, Hermitage, Bayreuth)
പുതിയകോട്ടയുടെ രൂപകല്‍പനയെഅവര്‍ പുരാണവുമായി ബന്ധിപ്പിച്ചു. സുര്യദേവനായ അപ്പോളോ കൊട്ടാരത്തിലെ സൂര്യക്ഷേത്രത്തില്‍ വസിക്കുന്നതായി വിശ്വസിച്ചു. തന്റെ വെളിച്ചംകൊണ്ട് ലോകത്തെ പ്രകാശിപ്പിക്കാന്‍ എന്നും അതിരാവിലെ അവിടെനിന്നു അപ്പോളോ ദേവന്‍ കുതിരകളുമായി സുര്യനെയുമേന്തി ലോകം മുറിച്ച് കടക്കാന്‍ പുറപ്പെട്ടു. ആര്‍ക് രൂപത്തിലുള്ള കെട്ടിടങ്ങള്‍ സൂര്യദേവനെ വണങ്ങുന്ന ലോകത്തെ സൂചിപ്പിച്ചു. ക്ഷേത്രത്തിനു മുന്നിലെ തടാകം കടലിനെയും പക്ഷിക്കൂടിലെ പക്ഷി വായുവിനെയും വേരൂര്‍ന്നു വളരുന്ന ഭൂമിയിലെ മരങ്ങളെയും ഓര്‍മിപ്പിച്ചു. ക്ഷേത്രത്തിനു മുകളിലായി തലയുയര്‍ത്തി ലോകത്തെ നോക്കി സവാരിക്കു തയ്യാറെടുത്തു നില്‍ക്കുന്ന കുതിരകളെ കാണാം. സ്വര്‍ണ നിറത്തിലുള്ള ആ കുതിരകള്‍ക്ക് ഒരുപ്രത്യേക അഴകുണ്ട്.
സൂര്യക്ഷേത്രവും അതിനുമുകളില്‍ സവാരിക്ക് തയ്യാറായി നില്‍ക്കുന്ന സൂര്യദേവന്റെ കുതിരകളും
മരങ്ങള്‍ക്കിടയിലൂടെ കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോഴാണ് കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ചൈനീസ് പവലിയന്‍ ശ്രദ്ധയില്‍ പെട്ടത്. “Schneckenberg” എന്ന് ജര്‍മനിയില്‍ അറിയപ്പെടുന്ന അതിനെ ഒച്ച് കുന്ന് എന്ന് വിളിക്കുന്നു (Schnecke = snail; Berg = hill). കുന്നിന്റെ മുകളിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴി ഒച്ചിനെ ഓര്‍മിപ്പിച്ചു. തടികൊണ്ട് നിര്‍മിച്ച അത് കാണാന്‍ പ്രത്യേക ഭംഗിയുണ്ടായിരുന്നു. കുറച്ചു കൊച്ചുകുട്ടികള്‍ ആ സമയം കുന്നിന്‍ മുകളില്‍നിന്നും താഴേക്ക് ഉരുണ്ട് കളിക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് വേച്ചു കയറി അവര്‍ അത് തുടര്‍ന്നുകൊണ്ടിരുന്നു.
ഒച്ച് കുന്നിനുമുകളില്‍ സ്ഥിതിചെയ്യുന്നചൈനീസ് പവലിയന്‍
കാട്ടിനുള്ളിലെ മനോഹരമായ ഒളിസ്ഥലം എന്ന് ഹെര്‍മിറ്റാജിനെ വിളിക്കാം. പതിനെട്ടാംനൂറ്റാണ്ടിലെ കരവിരുതിന്റെയും ദൃശ്യ മനോഹാരിതയുടെയും സമന്വയത്തെ ഹെര്‍മിറ്റാജ് കാണിച്ചു തരുന്നു. സൂര്യദേവന്‍ തൊട്ടടുത്ത് ഉണ്ടായിട്ടും നട്ടുച്ച സമയത്ത് അവിടം ഇരുട്ട് കയറുന്നത് ശ്രദ്ധിച്ചു. വെളിച്ചം അകലുന്നതിനനുസരിച്ച് തണുപ്പിന്റെ കാഠിന്യവും വര്‍ധച്ചു. മടക്കയാത്രക്ക് തയാറെടുത്തു പുറത്തേക്കു നടന്നു. ബസില്‍ ഇരിക്കുമ്പോഴും മനസ് ഹെര്‍മിറ്റാജില്‍ തന്നെ ആയിരുന്നു. അവിടംവിട്ടു പോരാന്‍ എന്തോ മനസ്സ്കൂട്ടാക്കിയില്ല. അത്രയും അവിസ്മരണീയമായിരുന്നു ഹെര്‍മിറ്റാജ് നല്‍കിയ ദൃശ്യവിരുന്ന്....

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.