Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightആല്‍പിന്‍ മലനിരയിലൂടെ...

ആല്‍പിന്‍ മലനിരയിലൂടെ കൂകിവിളിച്ച്...

text_fields
bookmark_border
ആല്‍പിന്‍ മലനിരയിലൂടെ കൂകിവിളിച്ച്...
cancel

ഒരു തണുത്ത രാത്രിയിലായിരുന്നു കൂട്ടുകാരുമൊത്ത് ഷിംലയിലേക്ക് തിരിച്ചത്. റോഡ് മാര്‍ഗം യാത്ര സുഖകരമായിരുന്നെങ്കിലും അതായിരുന്നില്ല ലക്ഷ്യം. ഏഴു മലകള്‍ കടന്ന് ആല്‍പിന്‍ പര്‍വതനിരയിലൂടെ ചൂളം വിളിച്ചോടുന്ന കുഞ്ഞന്‍ ട്രെയിനിലൊരു സവാരി! 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ (1903) ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ലോഡ് കഴ്സണ്‍ നിര്‍മിച്ചതാണീ സാഹസിക പാത.

ദല്‍ഹിയില്‍നിന്ന് ഏകദേശം ആറേഴ് മണിക്കൂറെടുക്കും ഹരിയാനയിലെ കല്‍ക്കയിലേക്ക്. അവിടെനിന്നാണ് സ്വര്‍ഗസുന്ദരമായ ടോയ് ട്രെയിന്‍ യാത്ര (Toy Train). ഏഴു മലകള്‍ താണ്ടി, കുന്നുകളും പാലങ്ങളും വളവുകളും തിരിഞ്ഞ് ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്ക്. ബസ് വഴിയോ ടാക്സി വഴിയോ പോവുകയാണെങ്കില്‍ വെറും മൂന്നു മണിക്കൂറേ വേണ്ടിവരൂ. 103 ഗുഹകളും ടണലുകള്‍ താണ്ടി 900ത്തില്‍ കൂടുതല്‍ വളവുകളും തിരിഞ്ഞ്, 969ഓളം പാലങ്ങളും കടന്ന് 95 കി.മീറ്റര്‍ കയറി വേണം ഷിംലയിലെത്താന്‍. ആറുമണിക്കൂറെടുക്കും യാത്ര. മണിക്കൂറില്‍ 25 മുതല്‍ 30 കി.മീറ്ററാണ് ഈ കുഞ്ഞു തീവണ്ടിയുടെ വേഗത.

ബ്രിട്ടീഷ്ഭരണകാലത്ത്1903ല്‍ വസന്തകാല കൊട്ടാരത്തിലേക്കായി (Summer Palace) വെട്ടിയുണ്ടാക്കിയതാണീ കുഞ്ഞുപാത. ഏവരെയും അദ്ഭുതപ്പെടുത്തുന്നവിധമാണിതിന്‍െറ നിര്‍മാണം. വെറും രണ്ടടി ആറിഞ്ച് വീതിയേ റെയില്‍ പാളത്തിനുള്ളൂ. ഇരുന്നൂറോളം യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ട്രെയിനില്‍ ഏഴ് ബോഗികളാണുണ്ടായിരുന്നത്.

ട്രെയിനില്‍ തിരക്കുണ്ടാവുമെന്ന് നേരത്തേതന്നെ അറിഞ്ഞിരുന്നു. എട്ടുമണി ആയപ്പോഴേക്കും വണ്ടിയെത്തി. കല്‍ക്ക -ഷിംല മെയില്‍. ഓടുന്ന വണ്ടിയില്‍ ചാടിക്കയറി ഇരിപ്പിടമൊപ്പിച്ചു. 10 മിനിറ്റിനകം ട്രെയിന്‍ നിറഞ്ഞു. ആറുമണിക്ക് എത്തേണ്ട വണ്ടിയാണത്രെ അത്. കല്‍ക്കയില്‍നിന്ന് യാത്ര തുടങ്ങിയതുമുതല്‍ ഹിമാലയത്തിന്‍െറ സുന്ദരദൃശ്യങ്ങളായിരുന്നു അകമ്പടിയേകിയത്. മൂന്നു നാല് കി.മീറ്റര്‍ കഴിഞ്ഞപ്പോള്‍ തണുത്ത പ്രഭാതത്തിലും പരിശീലനം നടത്തുന്ന ഇന്ത്യന്‍ അതിര്‍ത്തിപ്പട്ടാളത്തെ കണ്ടു.

കല്‍ക്കയിലെ ചെറിയ നഗരം കഴിഞ്ഞയുടനെത്തന്നെ വണ്ടി കയറ്റം കയറിത്തുടങ്ങി. ഇരു വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ സൂര്യ കിരണങ്ങള്‍ പതിക്കുന്നുണ്ട്. തണുപ്പുകാലത്ത് മാത്രം കിട്ടുന്ന പഴങ്ങളുമായി കച്ചവടക്കാര്‍ സജീവം. ഇതിനിടെ ഒരാള്‍ പത്രങ്ങളുമായി വന്നു. സുന്ദരമായ പ്രകൃതിഭംഗിയില്‍ പുറംലോകത്തെ ആരു ശ്രദ്ധിക്കാന്‍? പത്രം വാങ്ങാതിരുന്നതില്‍ അയാള്‍ അല്‍പം നീരസംകാണിച്ചു.
കല്‍ക്കയില്‍നിന്ന് ഷിംല വരെ ഇരുപതോളം സ്റ്റേഷനുകളാണുള്ളത്. മലകള്‍ കയറിയിറങ്ങുന്ന ഓരോയിടത്തും ചെറിയ ചെറിയ സ്റ്റേഷനുകള്‍. വിറകുകെട്ടുകളുമായി പെണ്ണുങ്ങള്‍ വരിവരിയായി മലയിറങ്ങി വരുന്ന ദൃശ്യം സുന്ദരമായിരുന്നു.

വണ്ടി‘സൊന്‍വാര’സ്റ്റേഷന്‍ വിട്ട് അല്‍പം കഴിഞ്ഞപ്പോള്‍ മനോഹരമായ ഷിവാലിക് കുന്നുകള്‍ കണ്ടു. അടുത്ത രണ്ടാമത്തെ സ്റ്റേഷന്‍ ബാരോഗ് ആണെന്ന് കൂടെയുണ്ടായിരുന്ന നാട്ടുകാരിലൊരാള്‍ പറഞ്ഞു. അല്‍പം കഴിഞ്ഞ് വണ്ടി നിന്നു. സ്റ്റേഷനൊന്നുമല്ല. എന്‍ജിന്‍ കേടുവന്നതായിരുന്നു. വണ്ടി ഇപ്പോള്‍ പോവില്ലെന്നറിഞ്ഞപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി. ആര്‍ക്കും ധൃതിയില്ല. വണ്ടി വൈകുന്നതിനെക്കുറിച്ച് പരാതിയില്ല, ബഹളമില്ല. നാട്ടുകാരായ യാത്രക്കാരില്‍ ചിലര്‍ മാത്രം മുറുമുറുത്തു.

ഏകദേശം രണ്ടു മണിക്കൂര്‍ അവിടെ ത്തന്നെ കിടന്നു. വണ്ടി ചലിച്ചുതുടങ്ങിയപ്പോള്‍ നാട്ടുകാരായ മൂന്നുനാലുപേര്‍ വണ്ടി കുലുക്കാന്‍ തുടങ്ങിയിരുന്നു. രണ്ടാള്‍ പിടിച്ചു കുലുക്കിയാല്‍ കുലുങ്ങുന്ന ഭാരമേ അതിനുള്ളൂ.

കുറച്ചുകഴിഞ്ഞ് റെയിലിന് സമാന്തരമായി റോഡിലൂടെ കുതിച്ചുപായുന്ന കാറുകള്‍ കണ്ടു. റോഡിന്‍െറ വശങ്ങളിലായി നിര്‍മിക്കപ്പെട്ട വീടുകള്‍ക്ക് മുകളിലാണ് കാര്‍ പാര്‍ക്കിങ്. തൊട്ടുതൊട്ടാണ് വീടുകളുടെ നിര്‍മാണം. ചിലത് മലയോട് ചാരി നിര്‍മിച്ചവയാണ്. മറ്റു ചിലത് അല്‍പം മാറി കൂട്ടമായി നില്‍ക്കുന്നു.

വണ്ടി ബാറോഗിലെത്തി. കൂട്ടത്തില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് ബാറോഗ്. നഗരത്തില്‍നിന്ന് മാറി മലയുടെ മടിത്തട്ടിലെ കുഞ്ഞു താവളം. ശാന്തവും സുന്ദരവുമായ ചുറ്റുവട്ടം. 103 ടണലുകളില്‍ ഏറ്റവും വലുതും ഒരു കി.മീറ്ററിലധികം നീളമുള്ളതുമായ ടണല്‍ ഇവിടെയാണുള്ളത്.
ഈ ടണലിന്‍െറ പിന്നില്‍ സങ്കടകരമായൊരു ചരിത്രമുണ്ട്. പാത നിര്‍മിച്ചിരുന്ന എന്‍ജിനീയര്‍ ബാറോഗിന്‍െറ പേര്‍ തന്നെയാണ് ടണലിനും നല്‍കിയിരിക്കുന്നത്. ടണല്‍നിര്‍മാണത്തിനായി ഇരുവശങ്ങളില്‍നിന്നും കുഴിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ പിഴച്ചു. പാത കൂട്ടിമുട്ടാതായി വന്നു. ഗവണ്‍മെന്‍റിന്‍െറ പണം പാഴാക്കി എന്ന കാരണത്താല്‍ ബ്രിട്ടീഷ് അധികാരികള്‍ അദ്ദേഹത്തിന് ഒരു രൂപ പിഴ ചുമത്തി. എന്നാല്‍, അപമാനഭാരത്താല്‍ തന്‍െറ വളര്‍ത്തു നായയെയും കൂട്ടി നടക്കാനിറങ്ങിയ ബാറോഗ് സ്വയം നിറയൊഴിച്ചു. ഇദ്ദേഹം മരിച്ച സ്ഥാനത്താണിന്ന് കാണുന്ന സര്‍ക്കാര്‍ സ്ഥാപനമായ ‘ബാറോഗ് പൈന്‍ വുഡ് ഹോട്ടല്‍’ (Barog pinewood hotel) സ്ഥിതിചെയ്യുന്നത്. ബാറോഗിനുശേഷം ഹെര്‍ലിങ്ട്ടണ്‍ (Herlington) ആണ് ഇതിന്‍െറ പണി പൂര്‍ത്തിയാക്കിയത്. ഇരു വശങ്ങളിലും പൈന്‍,ഓക് മരങ്ങളാല്‍ സുന്ദരമായ ഈ പാത ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

അധികം ദൂരത്തല്ലാതെ മലഞ്ചെരിവില്‍ വെട്ടിയുണ്ടാക്കിയ മഞ്ഞ പൂന്തോപ്പ് പോലെ കടുക് വിളഞ്ഞുനില്‍ക്കുന്നത് കാണാമായിരുന്നു.
ബാറോഗിനുശേഷം മൂടല്‍മഞ്ഞിന്‍െറ ശക്തി കൂടിക്കൊണ്ടിരുന്നു. സോലാനും ഷോഗായിയും പിന്നിട്ട് വണ്ടി കയറിക്കൊണ്ടിരുന്നു. കോട്ടി എത്തിയപ്പോഴേക്കും തണുപ്പിന്‍െറ കാഠിന്യം കൂടിക്കൂടി വന്നു. ഇടതൂര്‍ന്ന മരങ്ങള്‍ ചുറ്റുപാടിന് കാടിന്‍െറ പ്രതീതിയുണ്ടാക്കി. ഞങ്ങളുടെ പഫിങ് ബില്ലിയേക്കാള്‍ സുന്ദരമാണ് നിങ്ങളുടെയീ പാതയെന്ന് സഹയാത്രികനായ ആസ്ട്രേലിയക്കാരന്‍ പറഞ്ഞു.
പറഞ്ഞതിലും മൂന്നു മണിക്കൂര്‍ വൈകി ഷിംലയിലിറങ്ങിയ ഞങ്ങളെ മഞ്ഞിന്‍ കണങ്ങളാണ് വരവേറ്റത്. വാഹനത്തില്‍ കയറിയപ്പോള്‍ സുന്ദരമായ ആ തീവണ്ടിപ്പാത കാഴ്ചയില്‍നിന്ന് മലകയറി മാഞ്ഞുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story