നൂറ്റാണ്ടുകളുടെ ചരിത്രം പേറി അല്‍ ബിദിയ പള്ളി
text_fieldsഷാര്‍ജ ഫുജൈറയിലെ ബിദിയ എന്ന കൊച്ചുഗ്രാമം ചരിത്രത്തില്‍ ഇടംപിടിക്കുന്നത് ഇവിടെയുള്ള അല്‍ ബിദിയ (ഒട്ടോമന്‍) മസ്ജിദിന്‍െറ പേരിലാണ്. നൂറ്റാണ്ടുകളായി റമദാനെ സ്വീകരിച്ച നിര്‍വൃതിയില്‍ നില്‍ക്കുന്ന പള്ളിയുടെ നിര്‍മാണ കല ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നാല് മിനാരങ്ങളാണ് പള്ളിക്കുള്ളത്. ഇവയെല്ലാം കൂടി പള്ളിയുടെ അകത്തുള്ള ഒറ്റ തൂണിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള പള്ളികള്‍ എടുത്ത് പരിശോധിച്ചാല്‍ ഇത്തരമൊരു നിര്‍മാണം കണ്ടത്തൊന്‍ സാധിക്കില്ളെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ലഭ്യമായ തെളിവുകള്‍ പ്രകാരവും റേഡിയോ കാര്‍ബണ്‍ അനാലിസിസ് മുഖേനയും നടത്തിയ പഠനത്തില്‍ എ.ഡി 1446 കാലഘട്ടത്തിലായിരിക്കാം പള്ളി നിര്‍മിച്ചതെന്ന് ചില ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ചിലരുടെ അഭിപ്രായം ഇതിലും പഴക്കമുണ്ടെന്നാണ്.
ബിദിയ എന്ന കടലോര, മലയോര, കാര്‍ഷിക ഗ്രാമത്തിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ വിസ്മയപ്പെടുത്തുന്നതാണ്. മലകള്‍ക്കും കടലിനുമിടയില്‍ കാര്‍ഷിക വിളകള്‍ നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ കാഴ്ച ബിദിയക്ക് സ്വന്തമാണ്. കടലിലും നിരവധി മലകളുണ്ട്. ഇവയുടെ വലുപ്പം ഇതുവരെ കണക്കാക്കിയിട്ടില്ല. കടലിലെ മലകള്‍ കണ്ടാല്‍ ആദ്യമായി ഇവിടെ എത്തുന്നവര്‍ വിചാരിക്കുക ആന നീരാടാനിറങ്ങിയതായിരിക്കുമെന്നാണ്.
ബിദിയ ഗ്രാമത്തില്‍ നടത്തിയ ഉദ്ഖനനത്തില്‍ 4000 വര്‍ഷം പഴക്കമുള്ള നിരവധി വസ്തുക്കള്‍ ലഭിച്ചിരുന്നു. ഇതില്‍ ചില വസ്തുക്കള്‍ ബി.സി 1000ല്‍ ഉപയോഗത്തിലുള്ളതായിരുന്നെന്നും തെളിഞ്ഞിരുന്നു. ബിദിയ എന്ന പ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ജനവാസ മേഖലയായിരുന്നു എന്നതിന്‍െറ തെളിവുകള്‍ കാണാന്‍ പള്ളിയുടെ പുറകിലെ മലമുകളിലൂടെ ശ്രദ്ധയോടെ സഞ്ചരിച്ചാല്‍ മതി. കാലത്തിന്‍െറ കാലടികള്‍ പതിഞ്ഞ നിരവധി വാസ സ്ഥലങ്ങളും ഭരണപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന നിര്‍മിതികളും ഇവിടെ ഉണ്ടായിരുന്നുവെന്ന് ബോധ്യമാകും. രണ്ട് നിരീക്ഷണ കോട്ടകള്‍ ഇവിടെ ഇപ്പോഴുമുണ്ട്. ശത്രുക്കള്‍ മലകള്‍ താണ്ടിയോ കടല്‍ കടന്നോ വരുന്നത് ഇവിടെ നിന്നാല്‍ വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു. മണ്‍കട്ടകളും കല്ലുകളും കൂട്ടിയോജിപ്പിച്ച് ചുണ്ണാമ്പും മണലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം പല തട്ടുകളായി പ്ളാസ്റ്റര്‍ ചെയ്താണ് മസ്ജിദും നിരീക്ഷണ കോട്ടകളും നിര്‍മിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ സംഘടിത നമസ്കാരങ്ങള്‍ ബിദിയ പള്ളിയില്‍ നടന്നിരുന്നുവെന്നതിന് തെളിവായി ഇവിടെ പ്രസംഗ പീഠമുണ്ട്.
പള്ളി മുറ്റത്തെ പ്രാചീന കിണര്‍
കടല്‍ വഴി സഞ്ചരിക്കുന്നവര്‍ക്ക് ഇടത്താവളമായിരുന്നു ഈ ഗ്രാമമെന്ന് പറയപ്പെടുന്നു. ഇങ്ങനെയത്തെിയ പോര്‍ച്ചുഗീസുകാര്‍ ഇവിടെ അധിനിവേശം നടത്തിയിരുന്നു. മസ്ജിദിന് മുന്നിലായുള്ള കിണറില്‍ ഇപ്പോഴും വെള്ളമുണ്ട്. പണ്ടുകാലത്ത് കുടിക്കാനും നമസ്കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്താനും ഇതിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. മലയുടെ താഴ്വരയില്‍ നില്‍ക്കുന്ന പള്ളിയുടെ മുകളിലേക്ക് പാറകള്‍ അടര്‍ന്നുവീഴാതിരിക്കാന്‍ സംവിധാനമുണ്ടായിരുന്നു. കടലിലെയും മലകളിലെയും പ്രത്യേക കാലാവസ്ഥയില്‍ നിന്ന് പള്ളിയെ സംരക്ഷിച്ചിരുന്നത് ചുവരുകളില്‍ തേച്ച് പിടിപ്പിച്ചിരുന്ന പ്രത്യേക ചായക്കൂട്ടുകളായിരുന്നു. എന്നാല്‍ ആധുനിക യുഗത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ പള്ളി തകര്‍ച്ച നേരിടാന്‍ തുടങ്ങിയപ്പോള്‍ ദുബൈ മുനിസിപ്പാലിറ്റിയും ഫുജൈറ ഹെരിറ്റേജ് ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗവും സഹകരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പള്ളിയുടെ പ്രാചീനമായ രൂപത്തിന് തെല്ലും പോറലേല്‍ക്കാതെയായിരുന്നു ഇത്.
നവീകരണം പൂര്‍ത്തിയായ പള്ളി 2003 മാര്‍ച്ച് 13ന് സുപ്രീം കൗണ്‍സിലംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. അന്നുതൊട്ട് ഇന്ന് വരെ പള്ളിയുടെ പരിപാലനം ഒരു മലപ്പുറത്തുകാരന്‍െറ കൈയിലാണ്. കോട്ടക്കല്‍ ചങ്ക് വെട്ടി സ്വദേശി നാസറാണ് പള്ളിയുടെ പരിപാലകന്‍. പള്ളിയുടെ പൗരാണികത മന:പാഠമാണിപ്പോള്‍ നാസറിന്. ഇവിടെ എത്തുന്ന മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പള്ളിയുടെ ചരിത്രം മനസ്സിലാക്കാന്‍ നാസര്‍ വഴി സാധിക്കുന്നു. നിരവധി പേരാണ് ഇവിടെ പ്രതിദിനം എത്തുന്നത്. നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ നല്‍കിയാണ് പള്ളി ഇപ്പോള്‍ സഞ്ചാരികളെ സ്വീകരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.