മോസ്കോ ഒരു നദിയുമാണ് (ഭാഗം 3)
text_fields‘പ്രിയപ്പെട്ടവളേ നീയാണ് ഈ ഭൂമിയിലെ ഏറ്റവും സുന്ദരി...’
ക്രിലാസ്കി മെട്രോ സ്റ്റേഷനിലേയ്ക്ക് പോകവേ, റോഡരികില്‍ നടപ്പാതയില്‍ പല വര്‍ണങ്ങളിലുള്ള ചോക്കുകള്‍ ഉപയോഗിച്ച് പ്രണയാതുരനായ ഒരു യുവാവ് എഴുതിവെച്ച വാചകം: ‘പ്രിയപ്പെട്ടവളേ, നീയാണ് ഈ ഭൂമിയിലെ ഏറ്റവും സുന്ദരി; നിന്നെ കാണുവാന്‍ എനിക്ക് മോഹമാകുന്നു’. ഏതോ ഫ്ളാറ്റിന്റെ ജനാല തുറന്നാല്‍ അവള്‍ക്ക് കൃത്യമായി കാണുന്ന രീതിയിലാണ് ‘റോഡെഴുത്ത്’ നിര്‍വഹിച്ചിട്ടുള്ളത്. തലേന്ന് രാത്രി പിരിയുമ്പോള്‍ ഉണ്ടായ ഏതോ സൗന്ദര്യപ്പിണക്കം തീര്‍ക്കുവാന്‍വേണ്ടി പ്രണയപരവശന്‍ രാത്രിമഞ്ഞില്‍ നടത്തിയ സ്നേഹ സമര്‍പ്പണമാണ് റോഡില്‍ കണ്ടത്.
പ്രണയപരവശമാണ് മോസ്കോ യുവത്വത്തിന്റെ ജീവിതം. ബസ് സ്റ്റോപ്പുകള്‍, സീബ്രാവരയ്ക്കു തൊട്ടരികെ, പാര്‍ക്കുകളില്‍, മെട്രോ ട്രെയിനുകളില്‍. എസ്കലേറ്റുകളിലൊക്കെ പ്രണയജോടികളെ ധാരാളമായി കാണാം. പൊതുസ്ഥലങ്ങളില്‍ പ്രണയചേഷ്ടകള്‍ അതിസാധാരണവും. കമിതാക്കള്‍ ഒന്നോ രണ്ടോ വര്‍ഷം പ്രണയിക്കുകയും കൂടെ താമസിക്കുകയും ചെയ്യുന്നു. ഈ ജീവിതത്തിനിടയില്‍ ഒരു കുഞ്ഞു പിറക്കുന്നു. അതിനുശേഷം ഒരുപക്ഷേ ഫോര്‍മല്‍ വിവാഹം നടന്നേക്കാം. അതല്ലെങ്കില്‍ വഴിപിരിഞ്ഞേക്കാം. വിവാഹം നടന്നാല്‍തന്നെ അത് ഏതാനും വര്‍ഷം നിലനിന്നേക്കാം. അതിനുശേഷവും വേര്‍പിരിയലാവാം. ഏതായാലും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ദീര്‍ഘകാലകരാറല്ല റഷ്യക്കാരെ സംബന്ധിച്ച് വിവാഹം. ഇതിനിടയിലും അപൂര്‍മായിട്ടാണെങ്കിലും സുദൃഢമായ ദാമ്പത്യബന്ധം നിലനിര്‍ത്തുന്ന കുടുംബങ്ങളുമുണ്ട്. അച്ഛനാരാണെന്ന് അറിയാതെ വളരുന്ന കുട്ടികളും അകാലത്ത് മരിച്ചുപോയ പിതാവിനെ കാണാതെ വളരുന്ന കുട്ടികളും കേരളീയ സമൂഹത്തില്‍ വളരെ കുറിച്ചുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈതരം കുട്ടികള്‍ ഒട്ടുവളരെ മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരുമായിരിക്കും. ഒരു സമൂഹത്തില്‍ വളരെയേറെപ്പേര്‍ ഈ തരത്തിലുള്ളവരാണെങ്കില്‍ സാമൂഹികമായി അവര്‍ ഒറ്റപ്പെട്ടവരായിരിക്കില്ല. റഷ്യന്‍ സമൂഹത്തില്‍ ഈതരം കുട്ടികള്‍ ധാരാളമുണ്ട്.
യാത്രക്കിടയില്‍ മോസ്കോ നദിക്കരയില്‍ വൊറോവ്യോവി ഗോറി മെട്രോ സ്റ്റേഷനുസമീപം ഒരു വിവാഹപാര്‍ട്ടിയെ കണ്ടു. വരനും വധുവും പാതിരിയും ഉള്‍പ്പെടെ 12 പേരായിരുന്നു അംഗസംഖ്യ. അപ്പോള്‍ നേരിയ മഴച്ചാറല്‍ ഉണ്ടായിരുന്നു. വധു പരമ്പരാഗതമായ ക്രിസ്തീയ വിവാഹവേഷത്തില്‍. വരന്‍ സ്യൂട്ടിലും. യുവാവിന്റെ കൈയില്‍ മുന്നായി മടക്കിയ ഒരു കുടയുണ്ടായിരുന്നു. പന്ത്രണ്ട് പേരടങ്ങുന്ന വിവാഹപാര്‍ട്ടി റഷ്യക്കാരെ സംബന്ധിച്ച് വലിയതാണ്. സാധാരണയായി നാലോ അഞ്ചോ പേരായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. രണ്ടായിരം പേരെ വിളിച്ച് വിവാഹവും സദ്യയും നടത്തുന്ന കേരളീയപരിസരത്തുനിന്ന് വീക്ഷിക്കുമ്പോള്‍ വിചിത്രമാണ് റഷ്യന്‍ വിവാഹം.
ഡോ. ദിലീപ് കുമാറിന്റെ ക്ലിനിക്കല്‍ ജോലിചെയ്യുന്ന ഷേനിയ റഷ്യക്കാരിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അമ്പത്തഞ്ചാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ദ്വിഭാഷിയായി ജോലിചെയ്യുന്നു. ഷേനിയ കേരളത്തില്‍ വന്നിട്ടുണ്ട്. ആയുര്‍വേദത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും യോഗയെക്കുറിച്ചും ബോധവതിയാണ് ഷേനിയ. അവരുടെ ഭര്‍ത്താവ് അക്കൗണ്ടന്‍സി പഠിപ്പിക്കുന്ന സ്കൂളില്‍ അധ്യാപകനാണ്. ഷേനിയയും ഭര്‍ത്താവും ഒരുമിച്ച് ഒരു ഫ്ളാറ്റില്‍ താമസിക്കുന്നു. ഷേനിയയുടെ മകളും ഭര്‍ത്താവും അവരുടെ കുഞ്ഞും കുറച്ചകലെ മറ്റൊരു ഫ്ളാറ്റിലാണ് താമസം. ഷേനിയയുടെ എണ്‍പതു വയസ്സുള്ള അമ്മ തനിച്ച് വേറൊരു ഫ്ളാറ്റിലും. ഇതാണ് റഷ്യന്‍ താമസശൈലി.
ജീവിത സായാഹ്നങ്ങള്‍
റഷ്യയില്‍ സ്ത്രീകളുടെ റിട്ടയര്‍മെന്റ് പ്രായം അന്‍പത്തഞ്ചാണ്. റിട്ടയര്‍ ചെയ്തവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കും. പുരുഷന്മാര്‍ അറുപതു വയസ്സുവരെ ജോലിചെയ്യണം. റിട്ടയര്‍ ചെയ്ത സീനിയര്‍ പൗരന്മാര്‍ക്ക് മ്യൂസിയത്തിലും മറ്റ് വിനോദകേന്ദ്രങ്ങളിലും പ്രവേശനഫീസില്‍ ഇളവ് നല്‍കുന്നു. ജനസംഖ്യയില്‍ സ്ത്രീകളാണ് കൂടുതല്‍. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാന്യമായ പദവിയും പരിഗണനയും കല്‍പ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളോ മോശമായ പെരുമാറ്റമോ ഇല്ലെന്നുതന്നെ പറയാം. സ്ത്രീകളില്‍ ആരുംതന്നെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു കണ്ടില്ല. കൃത്രിമമായ പേള്‍ മാലകളും സ്റ്റീല്‍മാലകളും ധരിക്കുന്ന അപൂര്‍വംപേരെ കാണാന്‍ കഴിഞ്ഞു.
സാധാരണ തൊഴില്‍ മേഖലകളില്‍ സ്ത്രീകളാണ് കൂടുതല്‍. ആഴ്ചച്ചന്തകളിലും കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഭൂരിഭാഗം ജീവനക്കാരും വനിതകളാണ്. റിട്ടയര്‍മെന്റിനു ശേഷവും വനിതകള്‍ പലരും മ്യൂസിയങ്ങളിലും തിയേറ്ററുകളിലും ആയാസം കുറഞ്ഞ ജോലികള്‍ ചെയ്യുന്നു. പുഷ്കിന്‍ മ്യൂസിയത്തിലെ സ്റ്റാഫില്‍ കൂടുതല്‍ പേരും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്. വഴിയരികിലെ ബിയര്‍പാര്‍ലറുകളിലും ചെറുകിട കച്ചവടകേന്ദ്രങ്ങളിലും പഴക്കടകളിലും ജോലിചെയ്യുന്നവരില്‍ കൂടുതലും സ്ത്രീകള്‍ തന്നെ.
കടകളില്‍ പോകുവാന്‍ സഞ്ചിയും കുടയുമായി നീങ്ങുന്ന മുത്തശ്ശിമാര്‍ സാധാരണകാഴ്ചയാണ്. മിക്കവരും എഴുപതിനുമേല്‍ പ്രായമുള്ളവരുമാണ്. ഒരുപക്ഷെ ജീവിതസായാഹ്നത്തിലെ ഏകാന്തതയില്‍നിന്ന് മോചനം നേടുവാനും മനുഷ്യരെ കാണുവാനുമുള്ള ആഗ്രഹം മൂലമാവാം ഈ വൃദ്ധജീവിതങ്ങള്‍ ജീവിതസായാഹ്നത്തിലും ജോലിചെയ്യുന്നത്.
രാവിലെ പാല്‍ക്കാരന്‍ വരാനില്ലാത്ത, പത്രക്കാരന്‍ വരാനില്ലാത്ത, നാട്ടിലെ പൂച്ചകള്‍ക്കെല്ലാം ഉത്സവമായി മീന്‍കാരന്റെ വണ്ടി വരാനില്ലാത്ത, ‘ഇന്ന് എങ്ങോട്ടും പോയില്ലേ?’ എന്ന് കുശലം ചോദിക്കുവാന്‍ ഒരു അയല്‍ക്കാരനില്ലാത്ത റഷ്യന്‍ ജീവിതത്തിന്റെ ഏകതാനത സൃഷ്ടിക്കുന്ന പ്രത്യേക മനോഭാവമായിരിക്കാം റഷ്യക്കാരെ ഒരു പരിധിവരെ മൗനപ്രിയരാക്കിയത്. ട്രെയിന്‍യാത്രക്കിടയില്‍, ബസ് യാത്രക്കിടയില്‍ ഉച്ചത്തില്‍ സംസാരിക്കുന്ന ആരെയും കാണാന്‍ കഴിഞ്ഞില്ല. മൗനമായിരുന്ന് പുസ്തകം വായിക്കുന്നവരോ ഇ-വായനയോ നടത്തുന്നവരാണ് ഭൂരിഭാഗവും.
സംസ്കൃതിയുടെ കാവല്‍ക്കാര്‍
നഗരമധ്യത്തില്‍ സ്ഥാപിച്ച പുഷ്കിന്‍ പ്രതിമ
മോസ്കോ നഗരം തിങ്കളാഴ്ച രാവിലെ ഉണരുകയും വെള്ളിയാഴ്ച വൈകീട്ട് ഉറങ്ങുകയും ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അകലെയുള്ള ഫാം ഹൗസുകളിലോ കുടുംബവീടുകളിലോ ചേക്കേറുന്ന മനുഷ്യരാണ് കൂടുതലും. രണ്ടു ദിവസം ഗ്രാമീണവാസം. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ജാം പതിവാണ്. തിങ്കളാഴ്ച രാവിലെയും ഇതുതന്നെയാണ് സ്ഥിതി.
റഷ്യന്‍ പൈതൃകത്തോടും സംസ്കാരത്തോടും ഇഴപേര്‍ക്കാനാവാത്ത ആത്മബന്ധം പുലര്‍ത്തുന്ന ജനതയാണ് ഇവര്‍. അതുകൊണ്ടുതന്നെ പരമ്പരാഗതമായ റഷ്യന്‍ കലാരൂപങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം കുട്ടികളെക്കൂടി ഇത്തരം പരിപാടികളില്‍ കൊണ്ടുപോകുന്നതും അവരുടെ രീതിയാണ്. മാസത്തിലൊരിക്കലെങ്കിലും ഏതെങ്കിലും പൊതു പരിപാടികളില്‍ കുട്ടികളെ കൊണ്ടുപോകും. ചിത്രപ്രദര്‍ശനമോ നാടകമോ, ബാലെയോ ഓപ്പറയോ എന്തായാലും അതില്‍ മുതിര്‍ന്നവരും കുട്ടികളും പങ്കാളികളാവുന്നു.
ഏറ്റവും മികച്ച വസ്ത്രമണിഞ്ഞ് നന്നായി ഒരുങ്ങിയിട്ടാണ് കലാരൂപങ്ങള്‍ കാണുവാന്‍ എല്ലാവരും എത്തുന്നത്. റഷ്യന്‍പൈതൃകത്തോട് പുലര്‍ത്തുന്ന ആദരവിന്റെചിഹ്നംകൂടിയാണ് സ്വയം തയ്യാറായി എത്തുന്ന ഈ രീതി. മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ് പരമ്പരാഗതകലാരൂപങ്ങള്‍ കാണുവാന്‍ പോകുന്നത് സംസ്കാരത്തോടുള്ള അവമതിയായി കരുതപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ വിനിമയഭാഷ റഷ്യന്‍ മാത്രമാണ്. നിത്യോപയോഗസാധനങ്ങളുടെ പാക്കറ്റുകളിലൊക്കെ റഷ്യന്‍ഭാഷ മാത്രമേയുള്ളു.
വിശാലമായ ഭൂപ്രദേശമാണ് റഷ്യ. കിഴക്കും പടിഞ്ഞാറും തമ്മില്‍ ഏകദേശം 11 മണിക്കൂര്‍ സമയവ്യത്യാസമുണ്ട്. റഷ്യയില്‍ ഒമ്പത് ടൈംസോണ്‍ നിലവിലുണ്ട്. വര്‍ഷത്തില്‍ 17 മണിക്കൂര്‍ പകലും 7 മണിക്കൂര്‍ രാത്രിയുമുള്ള മാസങ്ങളുണ്ട്. അതുപോലെത്തന്നെ രാവിലെ 10 മണിമുതല്‍ 4 മണിവരെ 7 മണിക്കൂര്‍ പകലും ബാക്കി 17 മണിക്കൂര്‍ രാത്രിയുമുള്ള മാസങ്ങളുമുണ്ട്. വ്യത്യസ്തമായ ഭൂപ്രദേശങ്ങളും വംശീയ പാരമ്പര്യവുമുണ്ട്. യുറോപ്യനും മംഗോളിയനും ചേര്‍ന്ന മുഖമാണ് റഷ്യക്കാര്‍ക്ക് ഉള്ളത്. സ്ത്രീകളും പുരുഷന്മാരും ദീര്‍ഘകായരാണ്. ആറടിക്ക് മുകളില്‍ ഉയരമുള്ള പുരുഷന്മാര്‍ സാധാരണ കാഴ്ചയാണ്. പൊക്കത്തിന്റെ കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിറകിലല്ല. ഭൂരിഭാഗം പേര്‍ക്കും വെളുത്ത മുടിയാണ്. അപൂര്‍വം കറുത്ത മുടിക്കാരുമുണ്ട്. ക്രൂഷ്ചേവിന്റെ മുഖം പോലെ, യെത്സിന്റെ മുഖംപോലെ, പുട്ചിന്റെ മുഖം പോലെയുള്ള മുഖരൂപരേഖ ധാരാളമായി കാണാം.
റഷ്യന്‍ഭാഷയേയും സംസ്കാരത്തേയും അകമഴിഞ്ഞ സ്നേഹിക്കുന്ന ജനതയാണ് ഇവര്‍. വൈജ്ഞാനികരംഗത്തെ പുത്തന്‍ അറിവുകള്‍ റഷ്യന്‍ ഭാഷയില്‍ എത്തിക്കുന്ന കാര്യത്തില്‍ ഭരണകൂടം അതീവശ്രദ്ധാലുക്കളാണ്. അന്യഭാഷകളുടെ ആധിപത്യം കടന്നുവരാതിരിക്കുവാനുള്ള ശ്രദ്ധ നമുക്ക് തിരിച്ചറിയാം. ഷോപ്പുകളുടെ പേരും ഷോപ്പുകളില്‍ നിരത്തിവെച്ച സാധനങ്ങളുടെ പേരും റഷ്യന്‍ഭാഷയില്‍ മാത്രമേ എഴുതിയിട്ടുള്ളു.
ഇംഗ്ലീഷ് ഭാഷ അറിഞ്ഞില്ലെങ്കില്‍ മോശക്കാരനാണ് എന്ന ചിന്ത ഇവര്‍ക്ക് ഒട്ടുമില്ല. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്കിടയില്‍പ്പോലും റഷ്യന്‍ഭാഷ അറിയാത്തവര്‍ ധാരാളമുണ്ട്. വിവിധ രാജ്യങ്ങളില്‍ വികസിച്ചുവരുന്ന മെഡിക്കല്‍ സയന്‍സിലെ പുത്തന്‍ അറിവുകള്‍ പെട്ടെന്നുതന്നെ റഷ്യന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
റഷ്യന്‍ ജീവിതത്തിന്റെ ആധികള്‍
പെരിസ്ട്രോയിക്ക കാലഘട്ടത്തിന് മുമ്പ് ജീവിച്ചവര്‍ക്ക് യു.എസ്.എസ്.ആറില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഏറെ മതിപ്പാണ്. താമസസ്ഥലവും ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും വൈദ്യസേവനവും എല്ലാവര്‍ക്കും ലഭ്യമായിരുന്ന കാലത്തെക്കുറിച്ച് ഗൃഹാതുരമായ ഓര്‍മ്മകളിലാണവര്‍. വിതരണത്തിലെ നീതിപൂര്‍വത സാമൂഹ്യമായ നിയന്ത്രണംവഴി സൃഷ്ടിച്ചതായിരുന്നു. വഴിയോരത്ത് ചെറിയ കച്ചവടങ്ങള്‍ നടത്തി ജീവിച്ചിരുന്നവരെ ഒഴിപ്പിക്കുകയും കൂറ്റന്‍ ഷോപ്പിങ് മാളുകള്‍ വഴി മാത്രം വ്യാപാരം നടക്കുകയും ചെയ്തപ്പോള്‍ സമൂഹത്തിന്റെ പൊതുധാരയില്‍നിന്ന് ചിതറിത്തെറിച്ചവരുടെ ദീനവിലാപം എങ്ങുമെത്താതെ പോയി. പണമുള്ളവര്‍ക്കുമാത്രം ചികിത്സ ലഭിക്കുന്ന രീതിയില്‍ ആതുരസേവനരംഗം മാറിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ മാത്രം രോഗാലയങ്ങളായി.
ലോകവിനിമയരംഗത്ത് അതിശക്തമായി നിലനിന്നിരുന്ന റൂബിളിന്റെ സുവര്‍ണകാലം അസ്തമിച്ചപ്പോള്‍ റഷ്യന്‍ ജനത അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയി. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നേടി സുഖമായി ജീവിക്കാമെന്ന ധരിച്ചവരുടെ സ്വപ്നങ്ങള്‍ കരിഞ്ഞുപോയി. സുദീര്‍ഘമായ സേവനകാലത്തിന് കിട്ടിയ ആനുകൂല്യങ്ങള്‍ ഒരു മാസം ജീവിക്കാനുള്ള തുകയുടെ മാത്രം മൂല്യത്തിലൊതുങ്ങി.
സംഘര്‍ഷങ്ങള്‍ പലരേയും നിത്യരോഗികളാക്കി. തലവേദന, ഉറക്കക്കുറവ്, മൈഗ്രേന്‍, ശുഭാപ്തിവിശ്വാസത്തിന്റെ അഭാവം, ആത്മനിന്ദ, ആര്‍ത്രൈറ്റിസ് ഇവയൊക്കെ റഷ്യന്‍ ജീവിതത്തിന്റെസങ്കടങ്ങളായി. പലരും വോഡ്കയില്‍ അഭയം തേടി. അമിതമായ മദ്യപാനവും സിഗരറ്റ് വലിയും പുതിയ ആരോഗ്യപ്രശ്നങ്ങളായി മാറുന്നു.
യാത്രയ്ക്കിടയില്‍ ഡോ. ജയദേവന്റെ തമാശകലര്‍ന്ന കമന്റ്: ‘ദിലീപ്സാറെ, മോസ്കോ മേയര്‍ക്ക് നമുക്കൊരു കത്തെഴുതണം. പതിനെട്ടും ഇരുപതും വയസ്സായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇത്രയധികം സിഗരറ്റ് വലിക്കുന്നത് നിയമംമൂലം നിരോധിക്കണമെന്ന്’. ഏതായാലും ചെറുപ്രായത്തില്‍തന്നെയുള്ള സിഗരറ്റ് വലി സാധാരണമാണ്.
ദ്വിഭാഷിയായ ഷേനിയ പറഞ്ഞു ‘എന്തൊക്കെയായാലും യു.എസ്.എസ്.ആര്‍. ഒരു സുവര്‍ണ സ്വപ്നമായിരുന്നു. അന്ന് പാവങ്ങള്‍ക്ക് പരിഗണന കിട്ടിയിരുന്നു'. പുതിയ കാലത്ത് പണമുള്ളവര്‍ക്ക് ജീവിതം സുഖസമൃദ്ധമാണ്. പാവങ്ങളുടെ കാര്യം കഷ്ടമാണ്.’
ഷേനിയ നന്നായി വായിക്കും. പുഷ്കിന്‍ കവിതകളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്. പുഷ്കിനെക്കുറിച്ച് ആരാധന നിറഞ്ഞ മനസ്സോടെ അവര്‍ സംസാരിച്ചു. ശരാശരിയില്‍ ഉയര്‍ന്ന മലയാളിവായനക്കാരന് ദസ്തയോവ്സ്കിയും ടോള്‍സ്റ്റോയിയും മാര്‍ക്സിം ഗോര്‍ക്കിയും പുഷ്കിനും ചെക്കോവുമൊക്കെ പരിചിതരാണെന്ന് പറഞ്ഞപ്പോള്‍ ഷേനിയ അദ്ഭുതപ്പെട്ടുപോയി. മാത്രവുമല്ല, ഞങ്ങളുടെ നാട്ടിലെ ഒരെഴുത്തുകാരന്‍ ദസ്തയോവ്സ്കിയെക്കുറിച്ച് എഴുതിയ നോവല്‍ 49 പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു എന്നും മലയാളത്തിലെ ‘ബെസ്റ്റ് സെല്ലര്‍’ ആണെന്നും പറഞ്ഞപ്പോള്‍ ഷേനിയ സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി. ‘പെരുമ്പടവം ശ്രീധരന്‍’ എന്ന മലയാളിപേര് ഷേനിയയുടെ റഷ്യന്‍നാവിന് ഒട്ടും വഴങ്ങിയില്ല. ഏറെ പ്രയാസപ്പെട്ട് അവര്‍ ‘പെരുമ്പടവ്’ എന്നുവരെ പറഞ്ഞൊപ്പിച്ചു.
എങ്കിലും മോസ്കോ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവിതരീതിയും സാമൂഹ്യമായ ഇടപെടലുകളിലും വലിയ മാറ്റം സഭവിച്ചിരിക്കുന്നു. പണമുണ്ടാക്കുവാനുള്ള ത്വര എവിടെയും സ്പഷ്ടമായിക്കാണാം. വൈകുന്നേരംവരെ ജോലിചെയ്തത് കൂറ്റന്‍ കാറില്‍ താമസസ്ഥലത്തേയ്ക്ക് പോകുന്നവര്‍ക്കും രാത്രിനേരത്ത് ഔിങ്ങിന് ഇറങ്ങുന്നവര്‍ക്കും മുമ്പില്‍ കൈകാണിക്കാം. അവര്‍ വണ്ടി നിര്‍ത്തും. നമുക്ക് പോകേണ്ട സ്ഥലം പറയാം. ചാര്‍ജ് പിശകാം. പിശകി ഉറപ്പിച്ചാല്‍ യാത്രചെയ്യാം. രാത്രിയാകുമ്പോള്‍ വാഹനത്തിന്റെഉടമസ്ഥന് കുറേ റൂബിള്‍ വരുമാനമുണ്ടാക്കാം.
വര്‍ഷത്തില്‍ പതിനൊന്ന് മാസം കഠിനമായി ജോലിചെയ്ത് പണമുണ്ടാക്കുകയും സുഖമായി ജീവിക്കുകയും ഒരു മാസം യാത്രകള്‍ നടത്തി ജീവിതം ഉല്ലാസപൂര്‍ണമാക്കുകയും ചെയ്യുന്ന യൂറോപ്യന്‍രീതി റഷ്യയില്‍ കുറവാണ്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ജോലി ചെയ്യുകയും ബാക്കി ദിവസങ്ങള്‍ അലഞ്ഞുതിരിഞ്ഞും യാത്രചെയ്തും മദ്യംകുടിച്ചും ആലസ്യത്തില്‍ അഭയം തേന്നു രീതി പ്രകടമായി കാണാം. പഴയ റഷ്യയില്‍ വഴിവാണിഭങ്ങളും ചായക്കടകളും ഉണ്ടായിരുന്നു. മാറിയ കാലത്ത് ഇത്തരം ഒറ്റക്കടകള്‍ പിഴുതുമാറ്റുകയും എല്ലാ വ്യാപാരങ്ങളും ഷോപ്പിങ് മാളുകളില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. മരുന്നുഷോപ്പും മദ്യഷോപ്പുമൊക്കെ ‘ഏകജാലകസംവിധാന’മായി ഷോപ്പിങ് മാളുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പുതിയ മോസ്കോയില്‍ ബിയറും സിഗരറ്റും കൊക്കക്കോലയും മാത്രമാണ് വഴിയോരകടകളില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.
മോസ്കോയില്‍ ക്രിലാസ്കി മെട്രോ റെയില്‍വേ സ്റ്റേഷനുസമീപം നന്നായി നടത്തുന്ന ആഴ്ചച്ചന്തയുണ്ട്. റോഡരുകില്‍ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഈ ആഴ്ചച്ചന്ത നടക്കുന്നു 10x10 അടി ചതുരമുള്ള ഇരുപത് സ്റ്റാളുകളാണ് ഉള്ളത്. ഇരുമ്പുപൈപ്പുകള്‍ ചേര്‍ത്തുവെച്ച് ഉണ്ടാക്കിയ സ്ട്രക്ച്ചറും മുകളില്‍ മഞ്ഞയും പച്ചയും നിറമുള്ള സില്‍പ്പാളിനുമാണ് ഉള്ളത്. സ്റ്റാളുകളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ശീതീകരിച്ച മാംസം, മധുരപലഹാരങ്ങള്‍ പലവ്യഞ്ജനങ്ങള്‍, ഉണക്കിയ പഴങ്ങള്‍ എന്നിവ കമനീയമായി അലങ്കരിച്ച് വെച്ചിട്ടുണ്ട്. ഒരു സ്റ്റാളില്‍ തേന്‍ മാത്രമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മുന്നൂറോളം ഇനം തേന്‍ റഷ്യയില്‍ ഉണ്ടത്രെ. വഴിവാണിഭസ്റ്റാളില്‍ നൂറിലധികം ഇനത്തിലുള്ള തേന്‍ കണ്ടു. മിക്കവാറും സ്റ്റാളുകളില്‍ സ്ത്രീകളാണ് കച്ചവടം ചെയ്യുന്നത്. അപൂര്‍വം സ്റ്റാളുകളില്‍ പുരുഷന്മാരുമുണ്ട്.
മെട്രോ റെയില്‍വേ സ്റ്റേഷന് പുറത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ടാക്സി കാറുകളെല്ലാം വിദേശനിര്‍മ്മിതമാണ്. വിലകൂടിയവയും. ബെന്‍റ്ലി, മേഴ്സിഡസ്, കാംറി, ലാന്‍സ്ക്രൂസര്‍ തുടങ്ങിയ കാറുകളാണ് ടാക്സിയായി ഓടുന്നത്. സ്വകാര്യവാഹനങ്ങളായ കാറുകള്‍ ഇരുപത്തഞ്ചും മുപ്പതും ലക്ഷം രൂപ വിലയുള്ളവയാണ്. ശരാശരി റഷ്യക്കാരന്‍ യൂറോപ്യനെപ്പോലെയോ അമേരിക്കക്കാരനെപ്പോലെയോ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരുതരം പാശ്ചാത്യവല്‍ക്കരണം അനുഭവവേദ്യമാണ്. ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും സ്നേഹവും പരിഗണനയും മതിപ്പും റഷ്യക്കാരില്‍ പ്രകടമാണ്. ‘യു ഇന്ത്യന്‍?’ എന്ന ചോദ്യവും ചോദ്യത്തിനു പിന്നിലെ നിറഞ്ഞ ചിരിയും കണ്ണുകളിലെ പ്രകാശവും നമുക്കു കാണാം. അമിതാബ് ബച്ചനേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും പലര്‍ക്കും കേട്ടറിവുണ്ട്.
കുട്ടികള്‍
കുട്ടികള്‍ക്ക് അതീവശ്രദ്ധയും പരിഗണനയും നല്‍കുന്ന സമൂഹമാണ് റഷ്യയില്‍ ഉള്ളത്. തണുത്ത പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും കാറ്റുകൊള്ളിക്കുന്നതിനും സൂര്യപ്രകാശം ഏല്‍പ്പിക്കുന്നതിനുമായി കുഞ്ഞുവണ്ടികളില്‍ കുട്ടികളെ ഇരുത്തി വീട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് സാധാരണ കാഴ്ചയാണ്.
കാറുകള്‍ക്ക് ബേബിസീറ്റ് നിര്‍ബന്ധമാണ്. യഥാര്‍ഥസീറ്റില്‍ ക്ളിപ്പുകള്‍ ഉപയോഗിച്ച് ബേബിസീറ്റ് ഉറപ്പിക്കുന്നു. ബേബിസീറ്റിന് ബെല്‍റ്റുകള്‍ ഉണ്ടായിരിക്കും. യാത്ര പുറപ്പെടുമ്പോള്‍ കുട്ടിയെ ബേബിസീറ്റില്‍ ഇരുത്തി ബെല്‍റ്റ് മുറുക്കും. കുട്ടിക്ക് സുഖമായി ഇരുന്ന് യാത്രചെയ്യാം; ഉറങ്ങാം. വണ്ടി ബ്രേക്ക് ചെയ്യുമ്പോള്‍ സീറ്റിന്‍നിന്ന് കുട്ടി മുഖംകുത്തി വീഴുകയോ മുന്‍വശത്തെ സീറ്റില്‍ മുഖമിടിച്ച് കരയുകയോ ചെയ്യില്ല.
ഡോ. മുഹമ്മദലിയുടെ മകള്‍ ആസ്യ പഠിക്കുന്ന യു.കെ.ജി. സ്കൂളിന്റെവാര്‍ഷികം. ഇരുപത് കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപികയും ആയയുമുള്ള സദസ്സ്. കലാപരിപാടികള്‍ക്കിടയില്‍ ടീച്ചര്‍ ചോദിച്ചു.
‘വലുതായാല്‍ ആരാവാനാണ് മോഹം?’
കുട്ടികള്‍ പറഞ്ഞു:
‘ടീച്ചര്‍’
‘മ്യൂസിഷ്യന്‍’
‘സയന്റിസ്റ്റ്’
കാണുമ്പോള്‍തന്നെ കുസൃതി തോന്നിക്കുന്ന ഒരാണ്‍കുട്ടി പറഞ്ഞു.
‘വലുതായാല്‍ റഷ്യയ്ക്കുവേണ്ടി സ്പൈ ആവണം!’
(പഴയകാലത്തെ കെ.ജി.ബി.-സി.ഐ.എ. നിഗൂഢ യുദ്ധങ്ങളുടേയും യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിന്റെയും സൂക്ഷ്മങ്ങളായ തന്തുക്കള്‍ റഷ്യക്കാരുടെ ജനിതകത്തില്‍ ഇപ്പോഴുമുള്ളതുപോലെ).
റഷ്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ് റഷ്യന്‍ ബാലെയും ഓപ്പറയും ചിത്രകലയും സര്‍ക്കസും സിനിമയും. റഷ്യന്‍ സംസ്കാരത്തിന്റെ പൈതൃകവുമായി ജൈവികമായ ബന്ധം നിലനിര്‍ത്തുന്നതിനും അവയിലേക്ക് വരുംതലമുറയെ കണ്ണിചേര്‍ക്കുന്നതിനും രക്ഷിതാക്കള്‍ ശ്രദ്ധാലുക്കളാണ്. മാസത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും കലാപരിപാടികള്‍ കുട്ടികളെ കാണിക്കുന്നതിനായി അച്ഛനമ്മമാര്‍ കൊണ്ടുവന്നിരിക്കുമെന്ന് കേരളാ ക്ലിനിക്കിലെ ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ശാസ്ത്രവും സാങ്കേതികവിദ്യയും
ശാസ്ത്ര സാങ്കേതിക വിദ്യകളിലും എന്‍ജിനിയറിങ് വൈഭവത്തിലും റഷ്യക്ക് ശക്തമായ അടിത്തറയും പാരമ്പര്യവുമുണ്ട്. വൈജ്ഞാനികമേഖലകളെ കാലോചിതമായി പരിഷ്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ബോധപൂര്‍വമായ ശ്രമങ്ങള്‍ കാണാം. മികച്ച നഗരാസൂത്രണവും മാലിന്യസംസ്കരണവും എവിടെയും കാണാം. നഗരവീഥികള്‍ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിശാലമായ റോഡിന്റെ അരികുകളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ചട്ടികളില്‍ പലവര്‍ണങ്ങളിലുള്ള പൂക്കള്‍. പൊതുവെ പൂക്കള്‍ക്കെല്ലാം കടുംനിറമാണ്. നഗരമധ്യത്തില്‍, സ്ഥലമുള്ളിടങ്ങളിലൊക്കെ പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇലക്ട്രിക് പോസ്റ്റുകളില്‍ ക്ളാമ്പ് ഉപയോഗിച്ച് ലോഹച്ചട്ടികള്‍ പിടിപ്പിച്ച് അവയില്‍ പൂച്ചെടികള്‍ നട്ടിരിക്കുന്നു. കൊല്ലത്തില്‍ അഞ്ചുമാസവും കടുത്ത ശീതകാലമുള്ള പ്രദേശമാണ് റഷ്യ. കഴിഞ്ഞവര്‍ഷം മൈനസ് 30 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. പ്രദേശമാകെ മഞ്ഞിനടിയിലായിരിക്കും. നട്ടുവളര്‍ത്തിയ പൂച്ചെടികളെല്ലാം മഞ്ഞുകാലത്ത് നശിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവ വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഓരോ മഞ്ഞുകാലത്തിനുശേഷവും വീണ്ടും പൂന്തോട്ട നിര്‍മ്മാണം നടത്തുന്നു. പൂക്കളില്ലാത്ത, നിറമില്ലാത്ത ഒരു ലോകം റഷ്യക്കാര്‍ക്ക് അചിന്ത്യമാണ്.
ഇരുപത്തിനാല് മണിക്കൂറും ചൂടുവെള്ളവും തണുത്തവെള്ളവും ലഭിക്കുന്ന വാട്ടര്‍ടാപ്പുകള്‍ ഉണ്ട്. മഞ്ഞുകാലത്തെ തണുപ്പില്‍ ചൂടുവെള്ളം തണുത്തുറയാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ അവര്‍ക്കറിയാം. മഞ്ഞുകാലത്തെ കൊടുശൈത്യത്തിലും ഫ്ളാറ്റുകളിലെ താപനില പ്ളസ് 20-22 ആയി ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നത് വൈദ്യുതി ഉപയോഗിച്ചുകൊണ്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും പവര്‍കട്ട് ഉണ്ടായിട്ടില്ലെന്ന് ഡോ. ദിലീപ്കുമാര്‍ പറഞ്ഞു. ടാങ്കര്‍ലോറികളില്‍ വെള്ളം കൊണ്ടുവന്ന് പൈപ്പ് ഉപയോഗിച്ച് എല്ലാ ദിവസവും മോക്സോയിലെ റോഡുകള്‍ കഴുകി വൃത്തിയാക്കുന്നു. തുടര്‍ന്ന് കൂറ്റന്‍ വൈപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുന്നു.
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ഇന്‍സ്റ്റന്റ് രീതിയിലാണ്. ചുമരുകളും വാതിലുകളും ജനലുകളും ബ്ലോക്കുകളായി കൂറ്റന്‍ ലോറികളില്‍ കൊണ്ടുവരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ച് അവ ഓരോന്നായി പെറുക്കിവെച്ച് കെട്ടിടം പണിയുന്നു. ഒരു വര്‍ഷംകൊണ്ട് പതിനെട്ടും ഇരുപതും നിലകളുള്ള കെട്ടിടവും അവയില്‍ ആറുന്നൂറില്‍പ്പരം ഫ്ളാറ്റുകളും റെഡി. കല്ലുചെത്താനും പടുക്കുവാനും മരപ്പണി ചെയ്യുവാനും കോണ്‍ക്രീറ്റ് വാര്‍ക്കുവാനുമൊക്കെയുള്ള സമയമോ അധ്വാനമോ ബഹളമോ ഒന്നുമില്ല. ഒരുതരം സൗമ്യമായ, ശാന്തമായ കെട്ടിടനിര്‍മ്മാണരീതി.
കെട്ടിടങ്ങള്‍ക്കെല്ലാം പൊതുവായ ഡിസൈനും കളറുമാണ് കണ്ടത്. വെള്ളയും നീലയും പൊതുനിറമായി തോന്നി. അപൂര്‍വമായി മഞ്ഞയും ബ്രൗണും നിറമുള്ള ഫ്ളാറ്റുകളുമുണ്ട്. ഫ്ളാറ്റുകള്‍ സാമാന്യമായി ഒറ്റ കിടപ്പുമുറികള്‍ ഉള്ളവയാണ്. കിടപ്പുമുറികള്‍ 10x12 അടി വലുപ്പമുണ്ട്. സ്വീകരണമുറികള്‍ വിശാലമാണ്. ധാരാളം ചുമരലമാറകളും പ്രൗഢമായ സോഫകളും എല്ലാ വീടുകളിലും ഉണ്ട്. സോഫകള്‍ നിവര്‍ത്തി കട്ടിലാക്കി അതിഥികള്‍ക്ക് കിടപ്പുമുറിയൊരുക്കാം.
ഫ്ളാറ്റുകളില്‍ ഒരു ടോയ്‌ലറ്റ്, ഒരു കുളിമുറി, ഒരു അടുക്കള എന്നിവയുണ്ട്. മാക്സിമം സ്പേസ് യൂട്ടിലിറ്റി കുളിമുറിയിലും ടോയ്ലറ്റിലും കാണാം. അടുക്കള ചെറുതാണ്. ഒരു ഭാഗത്ത് ഭക്ഷണമേശയുണ്ട്. ചുമരുകളില്‍ പ്രത്യേകതരം വാള്‍പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു. ഓരോ മുറിയോടും ചേര്‍ന്ന് കൂറ്റന്‍ ബാത്റൂമുകള്‍ പണിത് ലക്ഷങ്ങള്‍ ചെലവിടുന്നത് റഷ്യക്കാരുടെ രീതിയല്ല.
ഈച്ച, കൊതുക്, പാറ്റ, ചിലന്തി, ഗൗളി തുടങ്ങിയ ജീവികള്‍ റഷ്യയില്‍ ഇല്ല. ഒരുപക്ഷെ, തണുത്ത കാലാവസ്ഥയില്‍ ഇവയ്ക്ക് അതിജീവനം അസാധ്യമയിരിക്കാം.
മടക്കയാത്ര
ക്രിലാസ്കി 31-ലെ 242-ാം ഫ്ളാറ്റില്‍ ഞങ്ങള്‍ ഏറെനേരം സംസാരിച്ചിരുന്നു - ഡോ. കെ.വി. ദിലീപ് കുമാര്‍, ഡോ. സി.വി. ജയദേവന്‍, പിന്നെ ഞാനും. മാറുന്ന ലോകത്തെക്കുറിച്ചും മാറുന്ന കേരളത്തെക്കുറിച്ചും മാറുന്ന മലയാളിയെക്കുറിച്ചുമുള്ള ആധികളാണ് ഞങ്ങള്‍ പങ്കുവെച്ചത്. മനുഷ്യന്റെ ജീവിതപരിസരത്തുനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന തൃപ്തി എന്ന വികാരത്തെക്കുറിച്ച് ഞങ്ങള്‍ വ്യാകുലരായി. ഒരു അഗ്നിപര്‍വതത്തെ എപ്പോഴും ഭയാശങ്കകളോടെ വീക്ഷിക്കുന്ന മലയാളി വല്ലാത്തൊരു പ്രഹേളികയായി മാറുന്നത് ഞങ്ങള്‍ ആശങ്കകളോടെ കാണുകയായിരുന്നു. നേരം പാതിരകഴിഞ്ഞ് 2 മണി. അയല്‍പക്കത്തെ കുട്ടി രണ്ടുപ്രാവശ്യം ചുമച്ച് സാവധാനം ഉറങ്ങാന്‍ തുടങ്ങിയതുപോലെ....
യാത്രകള്‍ക്ക് മടക്കയാത്രകള്‍ അനിവാര്യമാണ്. തിങ്കളാഴ്ച രാവിലെമുതല്‍ മഴയായിരുന്നു. ശീതക്കാറ്റുമുണ്ട്. തിങ്കളാഴ്ചകളില്‍ മോസ്കോ റോഡുകള്‍ വാഹനത്തിരക്കുമൂലം ശ്വാസംമുട്ടും. നഗരാതിര്‍ത്തികളില്‍നിന്ന് അവധി ദിവസങ്ങള്‍ക്കുശേഷമുള്ള മടക്കയാത്രയുടെ ബഹളവും. ക്രിലാസ്കി 31-ാം നമ്പര്‍ കെട്ടിടത്തിനുപുറത്ത് ഞങ്ങള്‍ മഴയും കണ്ടുനിന്നു. ക്രിലാസ്കി ക്ലിനിക്കിലെ രതീഷും ഞങ്ങള്‍ക്കൊപ്പമുണ്ട്. ട്രാഫിക് തിരക്കുകള്‍ ഒഴിവാക്കി അസാധാരണവഴികള്‍ തെരഞ്ഞെടുത്ത് ഡ്രൈവര്‍ ഞങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.
മടക്കയാത്ര. പുലര്‍ച്ചെ നാല് മണി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ഡല്‍ഹി നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. കൊടുംവേനലില്‍ ആശ്വാസമായി മഴ. മുപ്പത്തെട്ട് ഡിഗ്രി താപനിലയില്‍ നേരിയ ആശ്വാസം. റണ്‍വേയില്‍ കെട്ടിക്കിടക്കുന്ന ജലരാശിയില്‍ വൈദ്യുതി വെളിച്ചത്തിന്റെ സ്വര്‍ണത്തരികള്‍ ചിതറിക്കിടന്നു.
(അവസാനിച്ചു)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.