അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 9 ഡെസ്റ്റിനേഷനുകള്‍
text_fieldsഅടുപ്പമുള്ളവരെല്ലാം അടുത്തുണ്ടാകുന്ന അവധിക്കാലം. അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി കേരളത്തിനകത്തും പുറത്തുമുള്ള 9 ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്തുന്നു. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ എങ്ങനെ, എങ്ങോട്ട് എന്ന ചോദ്യം സ്വാഭാവികം. കേരളത്തില്‍ തന്നെ നിരവധിയുണ്ട് കണ്ടുതീര്‍ക്കാന്‍. കുറച്ചുകൂടി ദീര്‍ഘ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍
ക്ക് കേരളത്തിന് പുറത്തേക്കും യാത്രകള്‍ നീട്ടാം. പാക്കേജ്ഡ് ടൂറുകളും ഹോട്ടല്‍ ബുക്കിങ്ങിനുള്ള ട്രാവല്‍ സൈറ്റുകളും മണ്‍സൂണ്‍ പ്രമാണിച്ച് നിരവധി ഓഫ് സീസണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇതും ഉപയോഗപ്പെടുത്താവുന്നതാണ്. പറഞ്ഞുകേട്ട സ്ഥലങ്ങള്‍ക്കുമപ്പുറം നാടിനെയും സംസ്‌കാരത്തെയും അറിയാനുമാവട്ടെ ഇത്തവണത്തെ യാത്രകള്‍....
ഗോപാല്‍സ്വാമി പേട്ട
മൈസൂര്‍ കാണാന്‍ വയനാട് ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്ക് ഗുണ്ടല്‍പേട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബന്ദിപ്പൂര്‍ റോഡിലൂടെ നീങ്ങിയാല്‍ പൂക്കളുടെ ഈ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാം. നാടുകാണി ചുരത്തിലൂടെ വരികയാണെങ്കില്‍ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക് കഴിഞ്ഞ ശേഷം ഗോപാല്‍സ്വാമി മലകളിലേക്കുള്ള വഴിതേടാം. ജമന്തിയും സൂര്യകാന്തിയും നിറഞ്ഞ പൂപ്പാടങ്ങള്‍ ജൂലൈ അവസാനം മുതല്‍ ആഗസ്റ്റ് വരെ സഞ്ചാരികളുടെ കാമറക്കായി മഞ്ഞ ഫ്രെയിമുകള്‍ ഒരുക്കിവെച്ചിരിക്കുന്നു. താമസസൗകര്യങ്ങള്‍ ഇവിടെ അധികം ലഭ്യമല്ല. സുല്‍ത്താന്‍ ബത്തേരിയോ മൈസൂരോ ബന്ദിപ്പൂരോ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. കൃത്യമായി പ്‌ളാന്‍ ചെയ്യുകയാണെങ്കില്‍ വയനാട്, ഗോപാല്‍സ്വാമി പേട്ട, ബന്ദിപ്പൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, മുതുമലയിലെ ആനസവാരി എന്നിവ കഴിഞ്ഞ ശേഷം മൈസൂര്‍ എന്നിങ്ങനെ യാത്രാപഥം നിശ്ചയിച്ച് ശരിക്കുമൊരു സുന്ദരന്‍ യാത്ര പ്ലാന്‍ ചെയ്യാം.
അവലാഞ്ചെ
ഊട്ടിപ്പട്ടണം ചുറ്റിക്കാണാന്‍ പോകുന്നവര്‍ക്ക് അവിടെ നിന്ന് യാത്രയുടെ എക്സ്റ്റന്‍ഷനായി പ്ലാന്‍ ചെയ്യാവുന്ന സ്ഥലമാണ് അവലാഞ്ചെ. ഊട്ടിയില്‍ നിന്ന് 28 കിലോമീറ്ററേയുള്ളൂ. ചോലക്കാടുകള്‍ക്കു നടുവിലെ മനോഹരമായ തടാകം, കൊടുമുടികള്‍. കാനനഭംഗി നിറഞ്ഞ മലമേടുകളില്‍ ചുറ്റിയടിക്കാനും കൊടുമുടി കയറാനും ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രത്യേക അനുമതി വേണം.
ടൂറിസ്റ്റ് ഗൈഡുകള്‍ കാണിച്ചുതരുന്ന ഊട്ടിക്കപ്പുറം നീലഗിരിയുടെ ദൃശ്യഭംഗിയുടെ മേലാപ്പില്‍ ലയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥലം ഒഴിവാക്കാനാവില്ല. ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ അവലാഞ്ചെ ലോഡ്ജില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ താമസസൗകര്യവും ലഭ്യമാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നീലഗിരി: 0423 2444083
മൂന്നാര്‍-മറയൂര്‍-കാന്തല്ലൂര്‍ ഡ്രൈവ്
മൂന്നാറില്‍ താമസിച്ച് ചായത്തോട്ടങ്ങള്‍ കണ്ട് ഫോട്ടോയും എടുത്തു മടങ്ങുന്ന പതിവിന് വിപരീതമായി മൂന്നാറില്‍ നിന്ന് മറയൂര്‍-കാന്തല്ലൂര്‍ വഴി ഒരു ഡ്രൈവ് പരീക്ഷിക്കാവുന്നതാണ്. മറയൂരിലെ ചന്ദനക്കാടുകളും കാന്തല്ലൂരിന്റെ വന്യസൗന്ദര്യവും ഗ്രാമഭംഗികളും ആരെയും വശീകരിക്കുമെന്നതില്‍ സംശയമില്ല.
തെന്മല
തിരുവനന്തപുരത്തുനിന്ന് 72 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇന്ത്യയിലെ ആദ്യത്തെ പ്‌ളാന്‍ഡ് ഇക്കോടൂറിസം കേന്ദ്രമായ, കൊല്ലം ജില്ലയിലെ തെന്മലയിലത്തൊം. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ വളരെ ഭംഗിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു ഇവിടെ. മരങ്ങള്‍ക്കുമുകളിലൂടെ കെട്ടിനിര്‍ത്തിയിരിക്കുന്ന നടപ്പാതയിലൂടെ താഴെയുള്ള കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നുതുടങ്ങാം.
മൗണ്ടന്‍ ബൈക്കിങ്, റിവര്‍ക്രോസിങ്, റോക്ക് കൈ്‌ളംബിങ് എന്നിങ്ങനെ സാഹസപ്രിയരെ ലക്ഷ്യമിട്ടുള്ള ഇനങ്ങളും ഇവിടെയുണ്ട്. പൂമ്പാറ്റകളെ അടുത്തയാനുള്ള 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ബ്ട്ടര്‍ഫൈ്‌ള വാക്കും സംഘടിപ്പിക്കുന്നു. സഞ്ചാരികള്‍ക്ക് താമസിക്കാനായി ഡോര്‍മിറ്ററിയും ടെന്റുകളും മിതമായ നിരക്കില്‍ ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് തെന്മല ഇക്കോ ടൂറിസം സൊസൈറ്റിയുമായി ബന്ധപ്പെടാം. 0471 2329770, 0475 2344800.
ഹൈദരാബാദ്
അവധിക്കാലത്ത് നാട്ടില്‍ നിന്ന് ഒരാഴ്ച മാറിനില്‍ക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ തീര്‍ച്ചയായും ട്രാവല്‍പ്‌ളാനില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലമാണ് ഹൈദരാബാദ്. ചാര്‍മിനാര്‍, ഹുസൈന്‍സാഗര്‍ തടാകം, രാമോജി ഫിലിംസിറ്റി എന്‍.ടി.ആര്‍ ഗാര്‍ഡന്‍, ലുംബിനി പാര്‍ക്ക് സാലര്‍ജംഗ് മ്യൂസിയം, ഗോല്‍കൊണ്ട കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവയെല്ലാമുണ്ട്. മികച്ചൊരു ഷോപ്പിങ് കേന്ദ്രവും കൂടിയാണിത്. 'ലാഡ്ബസാറി'ല്‍ നിന്ന് കുപ്പിവളകളും വാങ്ങി കിലുക്കാം.
ബിരിയാണി പ്രിയര്‍ക്ക് ഈ നഗരത്തില്‍ രുചിയുടെ പെരുന്നാളായിരിക്കും. നഗരത്തില്‍ മിക്കയിടത്തും ശാഖകളുള്ള പാരഡൈസ് ഹോട്ടല്‍ തനിമയുള്ള ഹൈദരബാദ് ബിരിയാണിക്ക് പേരുകേട്ടതാണ്. ചാര്‍മിനാറിനു സമീപമുള്ള ഷാദാബ് (shadab), ആര്‍.ടി.സി ക്രോസ് റോഡിലെ ബവര്‍ച്ചി (bavarchi) എന്നീ ഭക്ഷണശാലകളും ബിരിയാണിക്ക് പ്രസിദ്ധമാണ്.
ഏറ്റവും ചുരുങ്ങിയത് മൂന്ന് രാത്രിയും നാലുപകലും ഉണ്ടെങ്കില്‍ സ്ഥലം കാണലും ഷോപ്പിങ്ങും ബിരിയാണിത്തീറ്റയും എല്ലാം വെടിപ്പായി നടപ്പാക്കാം. ട്രെയിന്‍ യാത്രയാണ് ഹൈദരാബാദിലേക്ക് സൗകര്യം. ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും കോഴിക്കോട്ടുനിന്നും നേരിട്ട് ഹൈദരാബാദിലേക്ക് പറക്കാനും സാധിക്കും.
മാരാരിക്കുളം
ബീച്ചുകളിലെ ആള്‍ത്തിരക്കും ബഹളവും വൃത്തിയില്ലായ്്മയും കണ്ടുമടുത്തവര്‍ക്ക് ആശ്വസിക്കാന്‍ അവസരം നല്‍കുന്ന ബീച്ച് ഡെസ്റ്റിനേഷനാണ് മാരാരിക്കുളം. കേരളത്തിലെ ഏറ്റവും മികച്ച ബീച്ച് റിസോര്‍ട്ടുകളും ഇവിടെയാണ് ഇടം പിടിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ടാല്‍ ആലപ്പുഴക്ക് 15 കിലോമീറ്റര്‍ മുമ്പേ മാരാരിക്കുളമായി. ദിവസത്തിന് പതിനായിരങ്ങള്‍ വിലനല്‍കേണ്ടിവരുന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടുകളും അതിനുതാഴെയുള്ള ശ്രേണിയിലുള്ള റിസോര്‍ട്ടുകളുമാണ് മാരാരിക്കുളത്തിന്റെ മൂല്യം ഉയര്‍ത്തുന്നത്.
ആലപ്പുഴ/കുമരകം
നക്ഷത്രസൗകര്യങ്ങളുള്ള കെട്ടുവള്ളങ്ങളുടെ നാടാണ് ആലപ്പുഴ. എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ബെഡ്‌റൂമുകളോടുകൂടിയ ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴയുടെ ടൂറിസത്തിന് കുതിപ്പ് നല്‍കിയത്. നല്ല നിലവാരമുള്ള റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ടൂറിസം ഭൂപടത്തില്‍ ആലപ്പുഴയുടെ മൂല്യം ഉയര്‍ത്തുന്നു. രാത്രി ബോട്ടില്‍ ഉറങ്ങാന്‍ മടിയുള്ളവര്‍ക്ക് റിസോര്‍ട്ടുകളില്‍ താമസിച്ച് പകല്‍ യാത്രകള്‍ക്ക് മാത്രമായി ഹൗസ് ബോട്ടുകള്‍ വാടകക്ക് എടുക്കാവുന്നതാണ്. നെഹ്‌റുട്രോഫി ഫിനിഷിങ് പോയന്റില്‍ ജില്ലാ ടൂറിസം കൗണ്‍സില്‍ ഹൗസ് ബോട്ട് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. കായല്‍ ജീവിതത്തിന്റെ വശ്യത ഇതേ ചാരുതയില്‍ കുമരകത്തും ലഭ്യമാണ്.
അതിരപ്പിള്ളി/വാല്‍പ്പാറ
മഴ തിമര്‍ത്തുപെയ്യുമ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം കൂടുതല്‍ മനോഹരമാകുന്നു. അതിരപ്പിള്ളിയില്‍ ഏതുവിഭാഗത്തിനും ചേരുന്ന വിവിധ ബഡ്ജറ്റുകളിലുള്ള റിസോര്‍ട്ടുകളും ഇപ്പോഴുണ്ട്.
സാഹസികരായവര്‍ക്ക് മലക്കപ്പാറ വരെ വനത്തിലൂടെ ഡ്രൈവിനുപോകാനും സാധിക്കും (ചാലക്കുടിയില്‍ നിന്ന് 115 കിലോമീറ്റര്‍). മലക്കപ്പാറയില്‍നിന്ന് 26 കിലോമീറ്റര്‍ കൂടി പോയാല്‍ വാള്‍പ്പാറ. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന ഈ റൂട്ടില്‍ രാത്രിയാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ചാലക്കുടിക്കും വാല്‍പ്പാറക്കും ഇടയില്‍ പെട്രോള്‍ പമ്പുകള്‍ ഇല്ല എന്ന കാര്യവും ഓര്‍മയിലുണ്ടാകുന്നത് നല്ലതാണ്.
വയനാട്/കുടക്
കോടമഞ്ഞിന്റെ പുതപ്പണിഞ്ഞ് നില്‍ക്കുന്ന വയനാട് ചുരം മഴയില്‍ കുളിച്ച് കൂടുതല്‍ സുന്ദരമാകുന്നതിപ്പോഴാണ്. ചുരംകയറി മുകളിലത്തെിയാല്‍ ആദ്യം പൂക്കോട് തടാകം. സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാമായ ബാണാസുര മലകള്‍ക്കിടയില്‍ നിറഞ്ഞുകിടക്കുന്ന കാഴ്ചയും മഴക്കാലത്തെ വിസ്മയങ്ങളിലൊന്ന്. ഇവിടെയും ബോട്ടിങ്ങിന് സൗകര്യമുണ്ട്. തോല്‍പ്പെട്ടി സാങ്ച്വറിയും കുറുവദ്വീപും എടക്കല്‍ ഗുഹയും മുത്തങ്ങ വന്യജീവി സങ്കേതവും എല്ലാം ചേര്‍ന്ന് അവധിക്കാലത്തിനുവേണ്ട ആകര്‍ഷണങ്ങളൊക്കെ വയനാട്ടില്‍ ഒരുക്കിവെച്ചിരിക്കുന്നു. നിരവധി റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഉള്ളതിനാല്‍ താമസസൗകര്യം ഇഷ്ട ബഡ്ജറ്റില്‍ തെരഞ്ഞെടുക്കാം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ബന്ദിപ്പൂര്‍, മൈസൂര്‍, ഊട്ടി എന്നിവടങ്ങളിലേക്ക് ഏറെ പ്രയാസമില്ലാതെ എത്തിച്ചേരാം. തോല്‍പ്പെട്ടി വന്യജീവി സങ്കേതം സന്ദര്‍ശിച്ച് തിരുനെല്ലിവഴി കര്‍ണാടകയിലേക്ക് കടന്ന് കുടകിന്റെ ഓറഞ്ച് മണത്തിലേക്ക് യാത്ര ദീര്‍ഘിപ്പിക്കാം.
(ഹോട്ടല്‍ ബുക്കിങ് സൈറ്റ് stayfinder.in, പാക്കേജ് ടൂര്‍ സൈറ്റ് greenpepperholidays.com എന്നിവയുടെ മാനേജിങ് പാര്‍ട്ണറാണ് ലേഖകന്‍)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.