നീല്‍ ദ്വീപിലെ വയസ്സന്‍
text_fields‘ആകാശത്തിന്റെ നിറം’ എന്ന സിനിമയുടെ ലൊക്കേഷന്‍ തേടിയാണ് ഞങ്ങള്‍ അന്തമാന്‍ ദ്വീപസമൂഹത്തിലെത്തിയത്. നിരവധി ചെറിയ ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് അന്തമാന്‍-നികോബാര്‍ ദ്വീപസമൂഹം. പല ദ്വീപുകളും വളരെ ചെറുതാണ്. ഏതാണ്ട് ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ചെറുദ്വീപുകളും കൂട്ടത്തിലുണ്ട്. തലസ്ഥാനമായ പോര്‍ട്ട്ബ്ലയറില്‍നിന്ന് ഓരോ ദ്വീപിലേക്കും പോകണമെങ്കില്‍ ചെറിയ യാത്രാക്കപ്പലുകള്‍ മാത്രമാണ് ആശ്രയം. പോര്‍ട്ട്ബ്ലയറില്‍നിന്ന് രണ്ടരമണിക്കൂര്‍ സഞ്ചരിച്ചാലെത്തുന്ന നീല്‍ എന്ന ചെറിയ ഒരു ദ്വീപാണ് ഞങ്ങള്‍ ലൊക്കേഷനായി തെരഞ്ഞെടുത്തത്. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ദ്വീപ്. രാവിലെയും ഉച്ചക്കും ഓരോ ചെറിയ യാത്രാക്കപ്പല്‍ വന്നുപോകുന്നതൊഴിച്ചാല്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട ഒരു കുഞ്ഞന്‍ ദ്വീപ്. പത്രം ഇല്ല, ടെലിവിഷന്‍ ഇല്ല, ഇന്‍റര്‍നെറ്റ് ഇല്ല, ടെലിഫോണ്‍ റെയ്ഞ്ച് വല്ലപ്പോഴും മാത്രം, ആകെ താമസക്കാര്‍ ആയിരത്തില്‍ താഴെ മാത്രം. പെട്രോള്‍പമ്പ്, ബാങ്ക്, എ.ടി.എം ഒന്നുംതന്നെയില്ല. ഇതാണ് നീല്‍ ദ്വീപ്. കടലിന്റെ നീലിമയും നിറങ്ങള്‍ മാറിമറിയുന്ന ആകാശവും ഇടതൂര്‍ന്ന കാടും നിറഞ്ഞ ശാന്തമായ പ്രകൃതിയുടെ മടിത്തട്ട്.
കപ്പലില്‍നിന്ന് നീല്‍ ദ്വീപ് കണ്ടപ്പോള്‍തന്നെ ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു, ‘ആകാശത്തിന്റെ നിറ’ത്തിന് പറ്റിയ സ്ഥലം. ദ്വീപില്‍ കടലും കാടും കൂടിച്ചേരുന്ന മുനമ്പില്‍ സിനിമയിലെ പ്രധാന വീട് സെറ്റ് ഇടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് വേണ്ടത് സിനിമയില്‍ വൃദ്ധന്മാര്‍ താമസിക്കുന്ന ഒരു ചെറിയ വീടാണ്. ദ്വീപിലെ ഏതെങ്കിലും ഒരു വീട് കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാം എന്ന ധാരണയില്‍ ഞങ്ങള്‍ ഒരു വീട് അന്വേഷിച്ചിറങ്ങി. മനോഹരമായ കൃഷിയിടത്തിന്റെ നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ചെറിയ ഷെഡ് പോലത്തെ വീട് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഒറ്റമുറിയും ചെറിയ അടുക്കളയും മാത്രമുള്ള, തടിപ്പലക ചേര്‍ത്ത് നിര്‍മിച്ച ചെറിയ വീട്. ചുറ്റും നിരവധി കൃഷികള്‍. വീട്ടില്‍ ആകെ ഒരു സ്ത്രീയും രണ്ടു കുട്ടികളും മാത്രമേ ഉള്ളൂ. ഉടമസ്ഥനോട് സംസാരിച്ച് അനുവാദം വാങ്ങണമല്ലോ. ഞങ്ങളുടെ ലോക്കല്‍ സഹായി ‘മല്ലിക്’ ഉടമസ്ഥനെ തിരക്കിയിറങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ ഏതാണ്ട് 40 വയസ്സുള്ള ഒരാളുമായി തിരികെ എത്തി.
അല്‍പം വണ്ണമുള്ള ഒരാള്‍. ഒരു കാക്കിനിക്കര്‍ മാത്രമാണ് വേഷം. അയാളോട് മല്ലിക് കാര്യങ്ങള്‍ വിശദീകരിച്ചു. ഇവര്‍ക്ക് ഏഴു ദിവസത്തേക്ക് ഈ വീടൊന്നുവേണം. ഇവര്‍ വീട് അല്‍പംകൂടി നന്നായി പുതുക്കിപ്പണിയും. ആവശ്യം കഴിഞ്ഞാല്‍ അത് നിങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഉടമസ്ഥന്‍ കുറച്ചുനേരം ഒന്നും മിണ്ടാതെ വായുംപൊളിച്ച് നിന്നു. അയാള്‍ക്ക് ഒരു വസ്തുവും മനസ്സിലായിട്ടില്ല എന്നത് തികച്ചും വ്യക്തമായിരുന്നു. കുറച്ചുനേരം തലചൊറിഞ്ഞ് ആലോചിച്ചതിനുശേഷം അയാള്‍ പറഞ്ഞു: ‘വീടിന്റെ കാര്യം അച്ഛനോടു ചോദിക്കണം.’ പുള്ളിയുടെ അച്ഛന്‍ എവിടെയുണ്ട്? ഞങ്ങള്‍ മല്ലിക്കിനോട് ചോദിച്ചു. ‘ദാ, അവിടെ കൃഷി ചെയ്തോണ്ടിരിക്കാ, ഇപ്പോ വിളിച്ചുകൊണ്ടുവരാം.’ മല്ലിക് വിശാലമായ കൃഷിഭൂമിയിലേക്ക് മറഞ്ഞു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഏതാണ്ട് 80 വയസ്സിനടുത്തുള്ള ഒരു വൃദ്ധനുമായി മല്ലിക് തിരികെ എത്തി.
മല്ലിക് കാര്യങ്ങള്‍ അയാളോടും വിശദീകരിച്ചു. കുറച്ചുനേരം ആകെ സംശയിച്ചുനിന്നശേഷം വയസ്സന്‍ മല്ലിക്കിനോട് ചോദിച്ചു: ഇവര്‍ക്കെന്തിനാണീ വീട്?
സിനിമാ ഷൂട്ടിങ്ങിനാ -മല്ലിക് പറഞ്ഞു.
ഞങ്ങളാരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാണ് ആ വയസ്സന്‍ പിന്നെ ചോദിച്ചത്:
സിനിമയോ, അതെന്താ?
വയസ്സന്റെ ചോദ്യംകേട്ട് ഞങ്ങള്‍ അന്തംവിട്ടു. വയസ്സന്‍ ജീവിതത്തില്‍ സിനിമ കണ്ടിട്ടേയില്ല, അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടേയില്ല. സിനിമ കാണുകയോ അതെന്താണെന്ന് അറിയുകപോലും ഇല്ലാത്ത ഒരാളെ സിനിമ എന്താണ് എന്ന് എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുന്നത്. ഞങ്ങള്‍ എല്ലാവരുംകൂടി അറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞ് ഒപ്പിക്കാന്‍ നോക്കി.
സിനിമ എന്നുവെച്ചാല്‍ ഈ ടെലിവിഷനില്ലേ, അതില്‍ കാണുന്നതുപോലെ...
വയസ്സന്റെ അടുത്ത ചോദ്യം ഉടന്‍ വന്നു:
ടെലിവിഷനോ, അതെന്താ?
അയാള്‍ ജീവിതത്തിലൊരിക്കലും ടി.വി കണ്ടിട്ടേയില്ല.
നീല്‍ ദ്വീപില്‍ ടി.വിയില്ല. ടി.വിയും സിനിമയും കണ്ടിട്ടേ ഇല്ലാത്ത, അതെന്താണെന്നറിയാത്ത ഒരു വയസ്സനാണ് ഞങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഒരു നിമിഷം എന്റെ മനസ്സിലേക്ക് ഒട്ടേറെ ചിന്തകള്‍ കടന്നുവന്നു.
സിനിമ എന്നാല്‍ അതാണെല്ലാറ്റിനും മീതെ എന്ന് ആഘോഷിക്കുന്ന ഒരു നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത്. സിനിമാക്കാര്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങളും ജനങ്ങളുമുള്ള ഒരു നാട്. സിനിമയാണ് ആത്യന്തികമായ കല എന്നുധരിച്ച് മറ്റെല്ലാ കലാരൂപങ്ങളെയും അവഗണിക്കുന്ന ഒരു നാട്. സിനിമയുടെ ഗോസിപ്പുകള്‍ക്ക് നാട്ടിലെ പട്ടിണി മരണത്തെക്കാളും വലിയ തലക്കെട്ട് നല്‍കുന്ന മാധ്യമങ്ങളുടെ നാട്. ജനസംഖ്യയുടെ 30 ശതമാനത്തിലധികം പേരും ബിലോ പോവര്‍ട്ടി ലൈനില്‍ രേഖപ്പെടുത്തുമ്പോഴും പ്രതിവര്‍ഷം നൂറ്റമ്പതോളം സിനിമകള്‍ കേവലം മൂന്നരക്കോടി ജനങ്ങള്‍ക്ക് കാണാനായി നിര്‍മിക്കുന്ന ഒരു നാട്. സിനിമയും സിനിമാക്കാരുമാണ് വലിയ ദിവ്യന്മാരെന്ന് അഹങ്കരിക്കുന്ന ഒരു നാട്ടില്‍നിന്ന് സിനിമകളുടെ പ്രതിനിധികളായി എത്തിയ ഞങ്ങളോട് മൂന്ന് കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു ദ്വീപില്‍നിന്ന് പുറത്തേക്ക് സഞ്ചരിച്ചിട്ടേയില്ലാത്ത 80 വയസ്സായ ഒരു വൃദ്ധന്‍ സ്വന്തം കൃഷിയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന ഇടത്തുനിന്ന് നടന്നുവന്ന് ഞങ്ങളുടെ മുഖത്തേക്ക് നോക്കി ചോദിക്കുന്നു....
‘സിനിമ എന്നുവെച്ചാല്‍ എന്താ....?’
ഇന്ത്യയില്‍ സിനിമ കാണാത്ത, സിനിമ എന്താണെന്നുപോലും അറിയാതെ ജീവിക്കുന്ന എത്രയോ ആളുകളുണ്ട് എന്ന യാഥാര്‍ഥ്യം ഞങ്ങളെ ഓര്‍മപ്പെടുത്തുകയായിരുന്നു അയാള്‍. സിനിമക്കപ്പുറം ഒട്ടേറെ ജീവിതയാഥാര്‍ഥ്യങ്ങളുണ്ട് എന്ന് ആ വയസ്സന്റെ ഒരൊറ്റ ചോദ്യത്തില്‍ തിരിച്ചറിയുന്നു.
നീല്‍ ദ്വീപില്‍നിന്ന് തിരികെ കപ്പല്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു. നാലു ദിവസംകൊണ്ട് ഞങ്ങള്‍ ഈ ദ്വീപിനെ അറിയുകയായിരുന്നു. ഈ ദ്വീപിലെ ആളുകള്‍ക്ക് പണം ഒരവശ്യ വസ്തുവേ അല്ല. ആളുകള്‍ക്ക് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല. രാവിലെ ഉണരുന്നു. സ്വന്തം കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നു. ഭക്ഷണത്തിന് വേണ്ട സാധനങ്ങള്‍ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നു. പണം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ വളരെ അപൂര്‍വം. കൃഷി ചെയ്യുക, ശുദ്ധമായ വായു ശ്വസിക്കുക, മീന്‍പിടിക്കുക, സ്വച്ഛമായി ജീവിക്കുക. നീല്‍ ദ്വീപില്‍ ഒരു വീടുപോലും താഴിട്ട് പൂട്ടാറില്ല. അതിന്റെ ആവശ്യമില്ല. മോഷണം അവിടെ കേട്ടുകേള്‍വിപോലുമില്ല. കഥകളില്‍ വായിക്കുന്നതുപോലെ ഒരു ദ്വീപ്.
തിരികെ കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ കണ്‍മുന്നില്‍നിന്നും നീല്‍ ദ്വീപ് അകന്നുപോകുന്നു. ഞാന്‍ മനസ്സില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു- ഈ ദ്വീപ് എന്നും ഇങ്ങനെത്തന്നെ നിലനില്‍ക്കട്ടെ. സിനിമ ഉള്‍പ്പെടെ ഒരു മാലിന്യവും ഇങ്ങോട്ട് കടന്നുവരാതിരിക്കട്ടെ. ഇതേപോലുള്ള ദ്വീപുകളില്‍, വനാന്തരങ്ങളില്‍, ഹിമാലയന്‍ ഗ്രാമങ്ങളില്‍, ആദിവാസി മേഖലകളില്‍, ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ‘സിനിമ’ എന്ന വാക്കുപോലും കേള്‍ക്കാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നുണ്ട് എന്ന വസ്തുത ഒരു നിമിഷം ഓര്‍ത്താല്‍ സിനിമയാണ് എല്ലാം എന്ന് വിശ്വസിക്കുകയും അതിന്റെ പേരില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടി അഹങ്കരിക്കുകയും ചെയ്യുന്ന എല്ലാവരും ഒരു നിമിഷം നിസ്സാരന്മാരായിപ്പോകും.
ഇന്ത്യന്‍ സിനിമ 100 വര്‍ഷം ആഘോഷിക്കുമ്പോഴും അന്തമാന്‍-നികോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഇതേവരെ ഒരു സിനിമാ തിയറ്റര്‍ ഉണ്ടായിട്ടില്ല. ഹിമാചല്‍ പ്രദേശില്‍, അരുണാചലില്‍, ലഡാക്കില്‍, സിക്കിമില്‍ ഒക്കെ നിരവധി ചെറുഗ്രാമങ്ങളില്‍ അനേകായിരം ആളുകള്‍ സിനിമ കണ്ടിട്ടേയില്ല. എന്തിന് സിനിമ, അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഒരു ഹെല്‍ത്ത് സെന്‍ററോ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു സ്കൂളോ, വൈദ്യുതിയോ കിടക്കാന്‍ സുരക്ഷിതമായ ഒരു വീടോ ഇല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങള്‍ നിറഞ്ഞ ഇന്ത്യയിലാണ് നമ്മള്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് എന്നതും നീലിലെ ആ വൃദ്ധന്റെ ലളിതമായ ചോദ്യം എന്നെ ഓര്‍മപ്പെടുത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.