കുടുംബങ്ങളെ മാടി വിളിക്കുന്നു, ദിബ്ബയിലെ ‘ഫാമിലി ഒണ്‍ലി’ ബീച്ച്
text_fieldsദിബ്ബയിലെ ബീച്ചുകള്‍ മനോഹരങ്ങളാണ്. കടലില്‍ വലിയ കുന്നുകള്‍ കാണപ്പെടുന്ന യു.എ.ഇയിലെ തന്നെ അപൂര്‍വ ബീച്ചുകളില്‍ ഒന്നാണിത്. കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശം അനുവദിക്കുന്ന ഇവിടെ വേനല്‍ ആകുന്നതോടെ സ്വദേശികള്‍ പലഭാഗത്തുനിന്നുമെത്തും. കൂടെ കൂടാരം കെട്ടാനുള്ള ആളുകളും കൂറ്റന്‍ ജനറേറ്ററുകളും കാണും. വെള്ളം ശേഖരിക്കാനുള്ള കൂറ്റന്‍ ടാങ്കുകളും കരുതും. വേനല്‍ക്കാലം മുഴുവന്‍ കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയെന്ന സ്വദേശികളുടെ ആശയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് ഇന്നും തുടരുന്നത് കണക്കിലെടുത്താണ് ബീച്ചിന്‍െറ ഒരു ഭാഗം ഫാമിലി ഒണ്‍ലി പാര്‍ക്കായി നിലനിര്‍ത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ ഇവിടെ പ്രവേശിച്ചാല്‍ പൊലീസ് പിടികൂടും. പിഴയും നിയമപരമായ നടപടികളുമുണ്ടാകും. നിരവധി കൂടാരങ്ങളാണ് ഇവിടെ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ വരെ കൂട്ടിയാണ് കുടുംബങ്ങള്‍ ഇവിടെ എത്തുന്നത്. കൂടാരങ്ങള്‍ക്ക് ചുറ്റും താല്‍ക്കാലിക മതിലുകള്‍ സ്ഥാപിക്കുന്നത് ഇവിടെ എത്തുന്നവരുടെ പതിവാണ്.
ക്രിസ്തുവിന് മുമ്പ് തന്നെ ദിബ്ബ ബീച്ചുകള്‍ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കാരണം. കടല്‍ മലയിറങ്ങി പോയതാണോയെന്ന് സംശയം ജനിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കടലില്‍ അങ്ങിങ്ങായി കാണപ്പെടുന്ന കൂറ്റന്‍ കുന്നുകളാണ് ഇതിന് കാരണം. കൂടാതെ കടലോരത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കൂറ്റന്‍ മലകളും. ഫാമിലി ബീച്ചിലേക്ക് പ്രവേശമില്ലെങ്കിലും റോഡില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള നയനമനോഹര കാഴ്ചകള്‍ യാത്രക്കാര്‍ക്ക് കാണാനാകും. എല്ലാവര്‍ക്കും പ്രവേശന അനുമതിയുള്ള ബീച്ചും ഇതിനടുത്ത് തന്നെയുണ്ട്. കടലില്‍ കാണപ്പെടുന്ന ചെറുതും വലുതുമായ ഇത്തരം കുന്നുകള്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അറിയാത്തവരാണ് അപകടത്തില്‍പെടുന്നവരിലധികവും. കാര്‍ഷിക മേഖലകളും കുന്നുകളും മലകളും ഇടകലര്‍ന്ന് കാണപ്പെടുന്നതാണ് ദിബ്ബയുടെ പ്രത്യേകത.
അവധി ദിനങ്ങളില്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് ഇവിടേക്ക് ആളുകള്‍ ഒഴുകുന്നത് ഇത്തരത്തിലുള്ള സുന്ദര കാഴ്ചകള്‍ ഉള്ളതുകൊണ്ടാണ്. സന്ദര്‍ശകരെ കാത്ത് സ്വദേശി തോട്ടങ്ങളില്‍ വിളഞ്ഞ പഴങ്ങളുമായി കച്ചവടക്കാര്‍ കാത്തിരിക്കുന്നുണ്ടാവും. വിളവെടുപ്പ് കാലമായതിനാല്‍ ഇപ്പോള്‍ ഇത്തരം വഴിയോര കച്ചവടക്കാരെ ദിബ്ബയുടെ റോഡരികുകളിലെമ്പാടും കാണാം. ദിബ്ബയിലേക്കുള്ള റോഡ് വികസനം നടക്കുന്നുണ്ട്. ഗതാഗത സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ റോഡരികുകളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇവിടെയെത്തുന്നവര്‍ ഇവ കൃത്യമായി പാലിക്കണം. കയറ്റവും ഇറക്കവും വളവുകളുമുള്ള റോഡുകളാണ് ഇവിടെയുള്ളത്. മസാഫി, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ദിബ്ബയിലേക്കെത്താനാകും. മലകളാലും വൃക്ഷങ്ങളാലും ചുറ്റപ്പെട്ട ചെറിയ ഗ്രാമങ്ങള്‍ കേരളത്തെ ഓര്‍മപ്പെടുത്തുന്നതുകൊണ്ട് മലയാളികള്‍ കുടുംബസമേതം അവധി ആഘോഷിക്കാന്‍ ഇവിടെ എത്താറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.