Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമോസ്കോ ഒരു നദിയുമാണ്

മോസ്കോ ഒരു നദിയുമാണ്

text_fields
bookmark_border
മോസ്കോ ഒരു നദിയുമാണ്
cancel
നാടോടിക്കഥകളില്‍നിന്ന് അറിഞ്ഞവരുടെയെല്ലാം ഉള്ളില്‍ ഓരോ വിധത്തിലാവും റഷ്യ എന്ന ദേശം. ഓരോ വര്‍ണങ്ങളില്‍ അതങ്ങനെ പൂത്തുലഞ്ഞ് നില്‍ക്കുന്നു. റഷ്യയുടെ ആത്മാവായ മോസ്കോ നഗരത്തിലൂടെ ഒരു യാത്ര. സോവിയേറ്റ് യൂനിയന്‍െറ തിരുശേഷിപ്പുകള്‍ വിശ്രമിക്കുന്ന, മോസ്കോ നദിയുടെ കരയിലെ ആ മഹാനഗരത്തിന്‍െറ സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ ശ്രമിക്കുകയാണ്, സി. ഹരിദാസന്‍ (ആയുര്‍വേദ കോളജ്, കോട്ടക്കല്‍) എന്ന യാത്രികന്‍
ദല്‍ഹിയിലെ മുപ്പത്തിനാല് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍നിന്ന് മോസ്കോ വിമാനത്താവളത്തിലെ പതിനാറ് ഡിഗ്രി തണുപ്പിലേയ്ക്ക് എയറോഫ്ളോട്ട് വിമാനം പറന്നിറങ്ങുമ്പോള്‍ ജനല്‍ച്ചില്ലുകളില്‍ പൊടിമഞ്ഞ് പറ്റിപ്പിടിച്ചിരുന്നു. കാഴ്ച അതാര്യവും. തണുപ്പില്‍ മുങ്ങാംകുഴിയിട്ട് കെട്ടിടത്തിന്‍്റെ സുരക്ഷിതത്ത്വത്തിന്‍്റെ അരികുപറ്റി.
നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്കുമുമ്പില്‍ മോസ്കോ അനാവൃതമാവുകയായിരുന്നു. ആറുവരി പാതയില്‍ വാഹനങ്ങള്‍ അതിശീഘ്രം ഓടുന്നു. പകല്‍ പതിനൊന്ന് മണിക്കും എല്ലാ വാഹനങ്ങളുടെയും ഹെഡ്ലൈറ്റ് പ്രകാശിക്കുന്നു. കാണുന്ന സ്വകാര്യവാഹനങ്ങളെല്ലാം ലക്ഷങ്ങള്‍ വിലമതിക്കുന്നവയാണ്. അവയെല്ലാം കൂറ്റന്‍ വാഹനങ്ങളും. ആറുവരിപ്പാതയ്ക്കുമപ്പുറം മരങ്ങളുടെ നിബിഡതയാണ്. നഗരമധ്യത്തിലും കാടുകള്‍ സംരക്ഷിക്കപ്പെടുന്നു. വാഹനങ്ങള്‍ ഒരെണ്ണംപോലും ഹോണടിച്ചില്ല. അഥവാ ഹോണടിശബ്ദം കേട്ടാല്‍ മനസ്സിലാക്കിക്കൊളണ്ണം, ട്രാഫിക് നിയമം ലംഘിച്ചതിന് പിറകെവരുന്ന ഡ്രൈവറുടെ ശകാരമാണെന്ന്.
ഡോ. കെ.വി ദിലീപ് കുമാറിന്‍്റെ ഫ്ളാറ്റ് - ക്രിലാസ്കി 31. പതിനേഴ് നില കെട്ടിടത്തില്‍ പത്താംനിലയിലാണ് ഈ ഫ്ളാറ്റ്. ഫ്ളാറ്റിന്‍്റെ നമ്പര്‍ 242. ഇതുപോലെയുള്ള അറുനൂറോളം ഫ്ളാറ്റുകളുടെ സമുച്ചയമാണ് ഈ കെട്ടിടം. തൊട്ടടുത്ത് ഇതുപോലെ മൂന്ന് കെട്ടിടങ്ങള്‍ കൂടിയുണ്ട്. ഓരോ കെട്ടിടസമുച്ചയത്തിനും ഇടയിലുള്ള സ്ഥലം ചെടികള്‍ വെച്ച് മനോഹരമാക്കിയിട്ടുണ്ട്. മരങ്ങളും വള്ളികളും പൂന്തോട്ടവുമുണ്ട്. കുട്ടികള്‍ക്ക് കളിക്കുവാനുള്ള ചെറിയ പാര്‍ക്കും ഒരു ബാസ്കറ്റ്ബാള്‍ കോര്‍ട്ടുമുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഇന്നത്തെ ആദ്യ ഭക്ഷണം കഴിച്ചു. ആറ് മണിക്കൂറിലേറെ നീണ്ട വിമാനയാത്രയുടേയും എമിഗ്രേഷന്‍ പരിശോധനയുടേയും ക്ഷീണമുണ്ട്. ഇരു രാജ്യങ്ങള്‍ക്കിടയിലെ സമയവ്യത്യാസം മൂലമുണ്ടായ ബയോളജിക്കല്‍ ക്ളോക്കിന്‍്റെ അസന്തുലനം ട്യൂണ്‍ ചെയ്യണം. ഞങ്ങള്‍ ബോധമറ്റ് ഉറങ്ങി.
വൈകുന്നേരം. മോസ്കോയിലെ ഷോപ്പിങ് മാള്‍ -ആഷാന്‍. കൂറ്റന്‍ സംവിധാനമാണത്. പഴങ്ങള്‍, പച്ചക്കറികള്‍, ഐസിട്ട മത്സ്യങ്ങള്‍, ഉണക്കിയതും ശീതീകരിച്ചതുമായ ഇറച്ചികള്‍, പലവ്യഞ്ജനങ്ങള്‍, പാത്രങ്ങള്‍, തുണികള്‍, സൗന്ദര്യസംവര്‍ധകവസ്തുക്കള്‍, ചോക്ലെറ്റുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ - എന്തും ഏതും ഇവിടെ കിട്ടും.
സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ആണും പെണ്ണും. വലിയ അളവിലാണ് എല്ലാവരും വാങ്ങുന്നത്. മൂന്നോ നാലോ ആഴ്ചയിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ഒന്നിച്ചു വാങ്ങുകയായിരിക്കും. ഏതായാലും, മിനറല്‍വാട്ടല്‍ വാങ്ങുന്നതുപോലെ നാലും അഞ്ചും മദ്യക്കുപ്പികളും വാങ്ങിക്കുന്നത് കണ്ടു. ഷോപ്പിങ് മാളിനു പുറത്ത് ട്രോളികള്‍ നിരത്തിവെച്ചതിനരികെ യുവാക്കളും യുവതികളും സിഗരറ്റ് വലിക്കുന്നു. രാത്രി 9.30 ആയിക്കാണും. കേരളത്തില്‍ വൈകുന്നേരം 6.30ന്‍്റെ പ്രകാശമുള്ള ആകാശം. ഭക്ഷണം കഴിച്ചു. രാത്രി മഴ പെയ്തു. തണുത്ത കാറ്റ് വീശി. ഉറങ്ങാന്‍ വൈകി.
പ്രാചീന റഷ്യന്‍ തീന്‍മേശ. യൂനിവേഴ്സല്‍ ഷോപ്പിന്റെ കവാടത്തില്‍ ഒരുക്കിയ ദൃശ്യം
മഴയില്‍ കുതിര്‍ന്ന പ്രഭാതം. രാവിലെ എഴുന്നേറ്റ് .ഡോ. ദിലീപ് കുമാര്‍ ജോലിചെയ്യുന്ന ക്രിലാസ്കി ക്ളിനിക്കില്‍ പോയി. പഞ്ചകര്‍മ്മ ചികിത്സ ചെയ്യുന്ന തിയേറ്റര്‍ കണ്ടു. മനോഹരമായി സംവിധാനം ചെയ്ത മുറി. ഇളംപച്ച നിറമുള്ള ജനല്‍കര്‍ട്ടനുകള്‍. മൂലയില്‍ കൗതുകകരമായ സ്റ്റാന്‍്റില്‍ ഫ്ളവര്‍വേയ്സ്. കുഴമ്പിന്‍്റെയോ തൈലത്തിന്‍്റെയോ മണമില്ല. കുഴമ്പും തൈലവും ചൂടാക്കുമ്പോള്‍ ഉയരുന്ന മണം എക്സ്ഹോസ്റ്റ് പൈപ്പുവഴി പുറത്തേയ്ക്ക് പോകുന്നു. നേരിയ സംഗീതം കേട്ടുകൊണ്ട് ചികിത്സയുടെ സുഖാലസ്യത്തിലേയ്ക്ക് പതുക്കെ വഴുതിയിറങ്ങാം.
മോസ്കോയുടെ തനത് വ്യക്തിത്വമാണ് ഇവിടത്തെ മെട്രോ റെയില്‍പാതകളും ട്രെയനിനുകളും. നഗരത്തിന്‍്റെ എല്ലാ ഭാഗങ്ങളേയും മെട്രോ ശൃംഖലകള്‍ ബന്ധിപ്പിക്കുന്നു. ഭൂമി തുരന്ന്, തുരങ്കങ്ങള്‍ തീര്‍ത്ത് അവയില്‍ റെയില്‍പാളമിട്ട് മെട്രോ സംവിധാനം ചെയ്തിരിക്കുകയാണ്. ഭൂനിരപ്പില്‍നിന്ന് അറുപതും എഴുപതും അടി താഴ്ചയിലാണ് ട്രെയനിനുകള്‍. നിതാന്തജാഗ്രതയോടെ മെട്രോ ട്രെയിനുകള്‍ ഓടുന്നു. ഓരോ നാല്‍പ്പത് സെക്കന്‍്റ് ഇടവിട്ട് ഒന്നിനുപിറകെ മറ്റൊന്നായി ട്രെയിനുകള്‍. വടക്കുനിന്ന് തെക്കോട്ടും തെക്കുനിന്ന് വടക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടും ട്രെയിനുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മെട്രോ നിശ്ചലമായാല്‍ മോസ്കോ നിശ്ചചലമാകുമെന്ന് ഡോ. ദിലീപ് കുമാര്‍ പറഞ്ഞു.
മെട്രോ സ്റ്റേഷനിലേക്കുള്ള ഭൂഗര്‍ഭപാതകളില്‍ സദാ വെളിച്ചവും സുഗമമായ വായുസഞ്ചാരവുമുണ്ട്. ആയതിനാല്‍ ഈ ഭൂഗര്‍ഭപാതകളില്‍ നാമൊരിക്കലും അസ്വസ്ഥരാവില്ല. അവിടെമാകെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. മുറുക്കിത്തുപ്പലില്ല; സിഗരറ്റ് കുറ്റികളില്ല; കടലാസ് കഷ്ണങ്ങളുമില്ല. മെട്രോയുടെ നിര്‍മ്മാണത്തിന് ഒരു ചരിത്രമുണ്ട്. യുദ്ധകാലത്ത് ഒരു കൂട്ടബോംബിങ് ഉണ്ടായാല്‍പ്പോലും മുഴുവന്‍ റഷ്യന്‍ നിവാസികളേയും ഉള്‍ക്കൊള്ളുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി പണിത യുദ്ധകാലട്രഞ്ചിന്‍്റെ ധര്‍മ്മംകൂടി ഈ "പാതാളസരണി'കള്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്നുവത്രേ.
വിക്റ്ററി പാര്‍ക്ക്
1945-ല്‍ രണ്ടാംലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ വിജയിച്ചതിന്‍്റെ ഓര്‍മ്മയ്ക്കായി പണിതിരിക്കുന്ന സ്മാരകമാണിത്. സ്മാരകത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഇരുവശങ്ങളിലും പുല്‍ത്തകിടികള്‍. പുല്‍ത്തകിടിയില്‍ മനോഹരമായി തുന്നിച്ചേര്‍ത്തതുപോലെ പൂക്കളങ്ങള്‍. പാര്‍ക്കിന് മുമ്പില്‍ വിശാലമായ മൈതാനം. മൈതാനമാകെ ഇന്‍്റര്‍ലോക്ക് ടൈല്‍ പാകിയിരിക്കുന്നു.

വിക്റ്ററി പാര്‍ക്കിലെ കൂറ്റന്‍ യുദ്ധസ്മാരകം
പാര്‍ക്കിലേയ്ക്കുള്ള പ്രവേശനത്തിന്‍്റെ വലതുഭാഗത്ത് കുത്തിയൊഴുകുന്ന ജലധാരകള്‍. ജലധാരകള്‍ക്കരികെ യാത്രാക്ഷീണമകറ്റുന്ന സന്ദര്‍ശകര്‍. ഇടതുഭാഗത്ത് യുദ്ധം നയിച്ച പഴയകാലത്തെ പടയാളികളുടെ ശില്‍പ്പങ്ങള്‍. മാനംമുട്ടെ നില്‍ക്കുന്ന കൂറ്റന്‍ സ്തൂപമാണ് വിജയത്തിന്‍്റെ സ്മാരകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്തൂപത്തിന് കറുപ്പു കലര്‍ന്ന് ബ്രൗണ്‍ നിറമാണ്. അടിമുതല്‍ മുകള്‍ഭാഗം വരെ യുദ്ധത്തിന്‍്റെയും വിജയത്തിന്‍്റെയും ചിത്രങ്ങള്‍. തൊട്ടരികെ കുതിരപ്പുറത്ത് കുന്തമേന്തിനില്‍ക്കുന്ന പടയാളിയുടെ പ്രതിമ. തെളിഞ്ഞ പകല്‍. രണ്ട് കുതിരകളുടെ പുറത്ത് പോലീസുകാര്‍ നിശ്ശബ്ദമായി റോന്തു ചുറ്റുന്നു. ടാര്‍ ചെയ്ത റോഡില്‍ കുതിരക്കുളമ്പുകളിലെ ലാടങ്ങള്‍ ഞെരിയുന്ന ശബ്ദം. നടന്നുക്ഷീണിച്ചവര്‍ക്ക് ദാഹമകറ്റുവാന്‍ കൊക്കക്കോല കമ്പനിയുടെ വിശാലമായ പന്തല്‍. പന്തലില്‍ ഇരുന്ന് കൊക്കകോലയും ബിയറും കഴിക്കുന്ന മനുഷ്യര്‍. വിക്റ്ററി പാര്‍ക്കിന്‍്റെ വിശാലമായ വീഥികളില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച സ്കേറ്റിങ് യന്ത്രത്തിലേറി യുവാക്കളും യുവതികളും അതിവേഗം യാത്ര ചെയ്യുന്നു.
ഞങ്ങളുടെ തൊട്ടരികെ ഒരു രണ്ടരവയസ്സുള്ള ആണ്‍കുട്ടി സ്കേറ്റിങ് യന്ത്രത്തില്‍കയറി പതുക്കെ മുന്നോട്ടുപോയി. ഉടനെ ഉരുണ്ടുപിരണ്ടു വീണു. വീണ്ടും എഴുന്നേറ്റ് യാത്ര തുടങ്ങി; വീണ്ടും വീഴ്ച. പന്തലില്‍ ഇരുന്ന് കൊക്കക്കോല കുടിക്കുന്ന അച്ഛനും അമ്മയ്ക്കും പ്രത്യേകിച്ച് യാതൊരുവിധ ടെന്‍ഷനുമുള്ളതായി തോന്നിയില്ല. കുട്ടി വീണപ്പോള്‍ അമ്മയ്ക്ക് നെഞ്ചത്തടിയില്ല: നിലവിളിയുമില്ല.
വിക്റ്ററി പാര്‍ക്കിന്‍്റെ പിറകുവശത്ത് മരങ്ങള്‍ നിബിഡമായി വളര്‍ന്നിട്ടുണ്ട്. മരങ്ങള്‍ക്കിടയില്‍ നിലത്ത് ഷാള്‍ വിരിച്ച് കൈകളില്‍ ചിന്മുദ്രയുമായി ധ്യാനത്തിലിരിക്കുന്ന റഷ്യന്‍ യുവതിയെ കണ്ടു. കുറച്ചകലെയായി വിവാഹവേഷത്തില്‍ ഒരു യുവാവും യുവതിയും. ഇടതുകൈയില്‍ സ്ക്രിപ്റ്റ് പാഡുമായി സംവിധായകന്‍. തൊട്ടുപിറകെ ക്യാമറാമാന്‍ - ഏതോ ടി.വി പ്രോഗാം ഷൂട്ടിങ്ങാണ്.
വിക്റ്ററി പാര്‍ക്കിന്‍്റെ പാര്‍ശ്വഭാഗത്ത് റോഡില്‍ യുദ്ധത്തിന്‍്റെ സ്മാരകമായി പഴയ ടാങ്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ടാങ്കിനുമുകളില്‍ കയറി കുട്ടികള്‍ കളിക്കുന്നു. യാത്രികര്‍ ടാങ്ക് പശ്ചാത്തലമായി ഫോട്ടോയെടുക്കുന്നു.
ക്രംലിന്‍ കൊട്ടാരം
വൈകുന്നേരം ക്രെംലിന്‍ കൊട്ടാരത്തിന്‍െറ മുന്നിലത്തെി. കൊട്ടാരത്തിനുചുറ്റും വൃക്ഷങ്ങളുടെ നീണ്ട നിര. തൂവെള്ള നിറമുള്ള കൊട്ടാരത്തിന്‍്റെ ഉയരമുള്ള മുഖപ്പുകള്‍ക്ക് പച്ചയും സ്വര്‍ണനിറവുമാണ്. കൊട്ടാരത്തിനകത്ത് പള്ളികളുടെ ഗോപുരം കാണാം. ക്രെംലിന്‍ കൊട്ടാരത്തിനു ചുറ്റും ഏതാണ്ട് അന്‍പതടി ഉയരത്തില്‍ ചുറ്റുമതിലുകള്‍ പണിതിട്ടുണ്ട്. മതിലുകള്‍ ചുടുകട്ടകൊണ്ട് പണിതവയാണ്. അവയ്ക്ക് "ബ്രിക്റെഡ്' നിറമുള്ള ചായം പൂശിയിരിക്കുന്നു. മതിലുകള്‍ കോട്ടമതിലുകളെ ഓര്‍മ്മിപ്പിച്ചു. കോട്ടഗോപുരങ്ങള്‍ ഉണ്ട്. ഈ ഗോപുരങ്ങളില്‍ ഇരുന്ന് സൈനികര്‍ ചുറ്റുപാടുകളും ശത്രുനീക്കങ്ങളും നിരീക്ഷിച്ചിരിക്കാം. കൊട്ടാരത്തിനുചുറ്റും പുല്‍ത്തകിടികള്‍ വളര്‍ത്തിയിരിക്കുന്നു. അവ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വന്‍മരങ്ങളും ഇലച്ചാര്‍ത്തുകളുമുണ്ട്.
1917-ലെ വിപ്ളവത്തിനുമുമ്പ് ക്രെംലിനിലിരുന്ന് സാര്‍ചക്രവര്‍ത്തിമാര്‍ റഷ്യ ഭരിച്ചു. വിപ്ളവാനന്തരം ലെനിന്‍ ഇവിടെ താമസിച്ചിരുന്നു. ക്രെംലിന്‍ കൊട്ടാരത്തെ ചുറ്റി മോസ്കോനദി ശാന്തമായി ഒഴുകുന്നു. നദിയില്‍ ഉല്ലാസയാത്രയ്ക്കുള്ള വലിയ ബോട്ടുകള്‍. ഞായറാഴ്ചയായതുകൊണ്ട് ബോട്ടില്‍ തിരക്കുണ്ട്. ബോട്ടിന്‍്റെ മുകള്‍ത്തട്ടില്‍ ചായ കുടിച്ച് നഗരക്കാഴ്ച കാണുന്ന യാത്രികര്‍. ക്രെംലിന്‍ കൊട്ടാരത്തിന്‍്റെ മുന്‍ഭാഗത്ത് "പടയാളികളുടെ വിളക്ക്' കാണാം. യുദ്ധത്തില്‍ മരിച്ചവര്‍ക്ക് സ്മാരകമായി പണിത ചെറിയ സ്ക്വയര്‍. അവിടെ അണയാതെ കത്തുന്ന അഗ്നിജ്വാല. യുദ്ധത്തില്‍ മരിച്ച ആര്‍ക്കോ വേണ്ടി ആരോ സമര്‍പ്പിച്ച ഏതാനും പൂങ്കുലകള്‍ പടവുകളില്‍ കാണാം.
ക്രെംലിനോട് ചേര്‍ന്ന് ഗവണ്‍മെന്‍്റ് യൂണിവേഴ്സല്‍ ഷോപ്പ്. ഇത് അന്താരാഷ്ട്ര മാര്‍ക്കറ്റാണ്. തുണിത്തരങ്ങള്‍, കൗതുകവസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലതര്‍ ഉല്‍പ്പന്നങ്ങള്‍, ലതര്‍ ബാഗുകള്‍ എന്നിവയുടെ വലിയ ഷോറൂമുകള്‍ കാണാം. റഷ്യ സന്ദര്‍ശിക്കുന്ന വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും കൂടെ വരുന്നവരും ഇവിടെനിന്ന് "റഷ്യന്‍സ്പര്‍ശ'മുള്ള സാധനങ്ങള്‍ വാങ്ങുന്നു. വില സാമാന്യത്തിലധികമാണ്.
യൂണിവേഴ്സല്‍ ഷോപ്പിന്‍്റെ പ്രവേശനകവാടത്തില്‍ പ്ളാസ്റ്റര്‍ ഓഫ് പാരീസില്‍ ചെയ്ത മനോഹരമായ ശില്‍പ്പമുണ്ട്. പഴയകാല റഷ്യന്‍ തീന്‍മേശയാണ് വിഷയം. ഒരുക്കിവെച്ച തീന്‍മേശ. വിഭവങ്ങളായി റഷ്യന്‍ റൊട്ടി, മാംസം, പഴങ്ങള്‍, ഗ്ളാസ്സില്‍ പകര്‍ന്നുവെച്ച പഴച്ചാറ്, കൂടെ ഒരു വലിയ കുപ്പി വോഡ്കയും. തീന്‍മേശയുടെ മുന്‍വശത്ത് വൃത്തിയായി വസ്ത്രധാരണം ചെയ്ത യുവാവ്. അരികില്‍ അയാളുടെ പ്രിയപ്പെട്ടവളും. ഇരുവരും പരമ്പരാഗതമായ റഷ്യന്‍ വേഷമാണ് അണിഞ്ഞിരിക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍പോലും ഇത് പ്രതിമകളാണെന്ന് തിരിച്ചറിയാന്‍ വിഷമിക്കും. അത്രയ്ക്കും സ്വാഭാവികമാണ് പ്രതിമകളും തീന്‍മേശയും.
റെഡ് സ്ക്വയര്‍
ഷോപ്പിങ് കോംപ്ളക്സിന് മുന്‍വശത്ത് റെഡ് സ്ക്വയര്‍. വിശാലമായ ചത്വരം. നെടുനീളത്തില്‍ ഒറ്റനില കെട്ടിടം. ബ്രൗണ്‍ നിറമാര്‍ന്ന കെട്ടിടത്തിന്‍്റെ നെറ്റിത്തടത്തില്‍ കൂറ്റന്‍ അക്ഷരങ്ങളില്‍ "വി.ഐ. ലെനിന്‍' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സഖാവ് ലെനിന്‍ ഇവിടെ നിത്യനിദ്രയില്‍. (മലപ്പുറത്തു നിന്നത്തെിയ ഒരു യുവ മാര്‍ക്സിസ്റ്റ് നേതാവ് ലെനിന്‍്റെ ഭൗതികശരീരം കണ്ട് മനസ് ത്രസിച്ചതും മുഖപേശികള്‍ വലിഞ്ഞുമുറുകിയതും റെഡ്സ്ക്വയറിലെ മഹാമൗനത്തിനിടയില്‍ മുഷ്ടിചുരുട്ടി "ലാല്‍സലാം സഖാവേ' എന്ന് പതിയെ മൊഴിഞ്ഞതും കൂടെയുണ്ടായിരുന്ന, മലയാളിയായ ഡോ. ഉണ്ണികൃഷ്ണന്‍ വിവരിച്ചു.)


റെഡ് സ്ക്വയര്‍

സെപ്തംബര്‍മാസത്തിലെ റഷ്യന്‍ ആര്‍മി ഫെസ്റ്റിവലിന്‍്റെ ഒരുക്കങ്ങള്‍ നടക്കുന്നതുകൊണ്ട് റെഡ് സ്ക്വയറിലേയ്ക്ക് ഇപ്പോള്‍ പ്രവേശനമില്ല. ചുറ്റും ബാരിക്കേഡുകള്‍ പണിതിരിക്കുന്നു. റെഡ് സ്ക്വയറിന്‍്റെ പിറകുവശത്തെ വിശാലമായ സ്റ്റേഡിയത്തില്‍ ഗാലറിയുടെ പണി നടക്കുകയാണ്. റെഡ് സ്ക്വയറിനോട് ചേര്‍ന്ന് സെന്‍്റ് ബസേലിയസ് ചര്‍ച്ച്. വശ്യമനോഹരമായ നിര്‍മ്മിതിയാണിത്. ബ്രിക് നിറമുള്ള കെട്ടിടം. മനോഹരമായ മകുടങ്ങള്‍. ഏറ്റവും ഉയരമുള്ള മകുടത്തിന് സ്വര്‍ണനിറമുള്ള മുഖപ്പാണ്. മറ്റ് മകുടങ്ങള്‍ ഓരോന്നിനും വ്യത്യസ്തമായ ഡിസൈനും വര്‍ണമിശ്രിതവുമാണ്. കൂറ്റന്‍ സവാളയുടെ ആകൃതിയാണ് മകുടങ്ങള്‍ക്ക്. അവയ്ക്ക് വ്യത്യസ്തമായ ഡിസൈനുകളും. മഞ്ഞയും പച്ചയും നിറമുള്ള മുഖപ്പുണ്ട്; നീലയും വെള്ളയും നിറമുള്ളതുണ്ട്; ചുകപ്പും പച്ചയും നിറമുള്ളതുമുണ്ട്. ചുണ്ടന്‍വള്ളവും കഥകളിയും കേരളത്തിന്‍്റെ മുഖമുദ്രയെന്നതുപോലെ സെന്‍്റ് ബസേലിയസ് ചര്‍ച്ചാണ് മോസ്കോയുടെ അടയാളമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെടാറ്. ചര്‍ച്ചിനെ പശ്ചാത്തലമാക്കി നിരവധി പേര്‍ ഫോട്ടോകളെടുക്കുന്നു.
മോസ്കോ നഗരം ഭംഗിയായി ഡിസൈന്‍ ചെയ്തതും സംരക്ഷിക്കപ്പെടുന്നതുമാണ്. ആറുവരിപ്പാത റോഡുകള്‍. വാഹനങ്ങള്‍ 80-140 കി.മീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്നു. വഴിയാത്രികര്‍ക്ക് നടക്കുന്നതിന് സീബ്രാവരകളും കൃത്യമായ ഇലക്ട്രോണിക് നിര്‍ദേശങ്ങളുമുണ്ട്. ക്രെംലിന്‍്റെ മുന്‍വശത്ത് സീബ്രാലൈനിലല്ലാതെ റോഡു മുറിച്ചുകടക്കുന്ന പുരുഷനെയും സ്ത്രീയെയും ഏതെങ്കിലും വാഹനം ഇടിച്ചുതെറിപ്പിക്കുമെന്ന് ഭയപ്പെട്ട് ഞങ്ങള്‍ നിന്നുപോയി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് റോഡിന്‍്റെ ഇക്കരെപറ്റിയപ്പോള്‍ ഞങ്ങളെ നോക്കി ജാള്യതയോടെ അവര്‍ ചിരിച്ചു - സൈക്കിളില്‍നിന്ന് വീണ ചിരിപോലെ. അവര്‍ രണ്ടുപേരും വിദേശികളാണ്.
മോസ്കോ വര്‍ണങ്ങളുടെ നഗരമാണ്. വഴിയരികില്‍ വലിയ കോണ്‍ക്രീറ്റ് ചട്ടികളില്‍ പല നിറമുള്ള പൂച്ചെടികള്‍ നട്ടിരിക്കുന്നു. കടുംമഞ്ഞ, കടുംചുകപ്പ്, കടുംവയലറ്റ്, കടുംനീല, കടുംപിങ്ക് നിറങ്ങളുള്ള പൂക്കള്‍. ആളുകള്‍ ധരിക്കുന്നതും വര്‍ണവൈവിധ്യമുള്ള വസ്ത്രങ്ങളാണ്. കടുത്തനിറമുള്ള, മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുള്ള വസ്ത്രങ്ങള്‍. വസ്ത്രധാരണത്തിലെ വൈവിധ്യം വിസ്മയപ്പെടുത്തുന്നതാണ്. ചെറിയ കുട്ടികള്‍ മുതല്‍ എഴുപത് കഴിഞ്ഞ അമ്മൂമ്മമാര്‍വരെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ഡിസൈന്‍ ചെയ്യുന്നതിലും ശ്രദ്ധിക്കുന്നു. ഓരോ കെട്ടിടസമുച്ചയത്തിനും ഇടയില്‍ പൂന്തോട്ടങ്ങള്‍ കാണാം. മരങ്ങളും വള്ളികളും പൂച്ചെടികളും തീര്‍ത്ത ഒരു ഹരിതപരിസരം. നഗരവീഥികളില്‍ നിരവധി പൂന്തോട്ടങ്ങള്‍ മോസ്കോയുടെ സവിശേഷതയാണ്. ഫ്ളാറ്റുകള്‍ക്കു മുന്‍വശത്തെ റോഡുകളില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ആര്‍ക്കും കാര്‍ഷെഡ് ഇല്ല. ഇന്ന് പാര്‍ക്ക് ചെയ്ത ഇടം നാളെ കിട്ടണമെന്നുമില്ല. രാത്രിവരെ നടന്നു. ഡോ. ഉണ്ണികൃഷ്ണന്‍്റെ താമസസ്ഥലത്ത് തയ്യാറാക്കിയ ചോറും മീന്‍കറിയും പയര്‍തോരനും കഴിച്ച് കിടന്നു. രാത്രിമഴ തിമര്‍ത്തു പെയ്തു.
വര്‍ണങ്ങളുടെ നഗരം മോസ്കോ. നഗരദിനത്തില്‍ അലങ്കരിച്ച പൊതുവീഥി
നേരം പുലര്‍ന്നു. അവിരാമം ശീതക്കാറ്റ് വീശുന്നു. പുറത്തെങ്ങും ഒരു മനുഷ്യജീവിയുമില്ല. മോസ്കോവിലെ കാലാവസ്ഥ പ്രവചനാതീതമാണ്. തെളിഞ്ഞ പകലിനിടയില്‍ പെട്ടെന്ന് മഴക്കാറുകള്‍ ഉരുണ്ടുകയറും. ശീതക്കാറ്റോടെ മഴ പെയ്യുകയും ചെയ്യും. റഷ്യയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ ചുമല്‍സഞ്ചിയില്‍ എപ്പോഴും കുട കരുതും. ജനല്‍ച്ചില്ലകള്‍ തുറന്നപ്പോള്‍ ശീതക്കാറ്റ് അകത്തേയ്ക്ക് ഇരച്ചുകയറി. മഴയും കണ്ട്, കാറ്റും കണ്ട് മഹാനഗരത്തിന്‍്റെ ശീതീകരിച്ച നിശ്ചലതയും കണ്ട് പകല്‍ ചെലവഴിച്ചു. മലയാളം വാര്‍ത്ത ടിവിയില്‍ കണ്ടു. വൈകുന്നേരം പുറത്തിറങ്ങി. ശീതക്കാറ്റ് വീശിയടിക്കുന്നു. ഇടയ്ക്ക് വീണ്ടും മഴ പെയ്തു. കാറ്റിലും മഴയിലും പതുക്കെ മുന്നോട്ട് നീങ്ങി. മോസ്കോയില്‍ ഒരു ഇന്ദിരാഗാന്ധി സ്ക്വയര്‍ ഉണ്ട്. ഇവിടെ ഇന്ദിരാഗാന്ധിയുടെ പ്രതിമയുണ്ട്. പ്രതിമയ്ക്ക് കറുപ്പു നിറമാണ്. തൊട്ടടുത്തുതന്നെ ഒരു മഹാത്മാഗാന്ധി സ്ക്വയറും. ദണ്ഡിയാത്രയ്ക്ക് പുറപ്പെടുന്ന ഗാന്ധിജിയുടെ പ്രതിമയാണ്. പ്രതിമയ്ക്ക് ബ്രൗണ്‍ നിറമാണ്.
വടികുത്തിനീങ്ങുന്ന ഗാന്ധിജി പ്രതിമയുടെ വടി മധ്യഭാഗത്തുവെച്ച് ഒരിക്കല്‍ എങ്ങനെയോ ഒടിഞ്ഞുപോയി. അപ്പോള്‍, വലതുകൈയില്‍ കൂര്‍ത്ത ഒരായുധവുമായി നില്‍ക്കുന്ന ഗാന്ധിജിയുടെ രൂപംപോലെ ഇന്ത്യക്കാര്‍ക്കാര്‍ക്കോ തോന്നി. ഉടനെതന്നെ അവരിലാരോ മോസ്കോ നഗരസഭയിലേയ്ക്ക് വിവരം ടെലഫോണ്‍ ചെയ്ത് അറിയിക്കുകയും ഗാന്ധിജിയുടെ ഈ രൂപം ഞങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്ന് പറയുകയും ചെയ്തു. ഒരു മണിക്കൂറിനകം ഗാന്ധിജി പ്രതിമയുടെ കൈയില്‍ നീണ്ട "ഗാന്ധിജി വടി' സ്ഥാപിച്ചതായും ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേരള ക്ളിനിക്
ഡോ. ഉണ്ണികൃഷ്ണനും ഡോ. മുഹമ്മദലിയും കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജില്‍നിന്ന് ആയുര്‍വേദപഠനം പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ രണ്ടുപേരും ജോലിചെയ്യുന്ന "കേരളക്ളിനിക്' നന്നായി ഡിസൈന്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ്. കയറിച്ചെല്ലുമ്പോള്‍ മുന്‍ഭാഗത്ത് കൂറ്റന്‍ ഓട്ടുചരക്ക്. ചരക്കിലെ വെള്ളത്തില്‍ പൂക്കള്‍. കെട്ടിടത്തിന്‍്റെ ഇന്‍്റീരിയര്‍ കേരളീയത മുറ്റിനില്‍ക്കുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. വിശാലമായ വാതിലുകളും ജനലുകളും വൃത്തിയുള്ള ടോയ്ലറ്റുകള്‍. സുഗന്ധം ചൊരിയുന്ന പഞ്ചകര്‍മ്മ തിയേറ്റര്‍. കൊട്ടാരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തിരശ്ശീലകള്‍. കേരളീയഭക്ഷണം തയ്യാറാക്കി വിളമ്പുന്ന പാചകശാല. കേരളത്തില്‍നിന്നുള്ള നാല്‍പ്പതോളം ചെറുപ്പക്കാര്‍ ഇവിടെ ആയുര്‍വേദ തെറാപ്പിസ്റ്റുമാരായി ജോലിചെയ്യുന്നു.
രാത്രി ക്രിലാസ്കി 31-ല്‍ ഡോ. ദിലീപ് കുമാറിന്‍്റെ 242-ാം ഫ്ളാറ്റില്‍ ഉറങ്ങി. രാത്രി സമൃദ്ധമായി മഴപെയ്തു. തണുത്ത പ്രഭാതം. അടുക്കളയിലെ ഫ്രഞ്ച് ജനാലയിലൂടെ നഗരവീഥികള്‍ കാണാം. മഴനനഞ്ഞ റോഡ്. ഇലച്ചാര്‍ത്തുകളില്‍ മഴത്തുള്ളികള്‍. ഏതോ ഫ്ളാറ്റിന്‍്റെ ജനാലയിലൂടെ വയസ്സായ ഒരു സ്ത്രീ ഒരുപിടി ധാന്യം മുന്‍വശത്തെ പോര്‍ച്ചിന്‍്റെ മേല്‍ക്കൂരയിലേക്ക് നീട്ടിയെറിഞ്ഞിരിക്കുന്നു. പലതരം പക്ഷികള്‍ പറന്നത്തെി ധാന്യം കൊത്തിപ്പെറുക്കി - മൈനയുണ്ട്; തത്തയുണ്ട്; പ്രാവുണ്ട്; അങ്ങാടിക്കുരുവികളുണ്ട്. കാക്കകളെ കണ്ടില്ല. മോസ്കോവില്‍ കാക്കകള്‍ കുറവാണ്. ഉള്ളവയ്ക്ക് കടുത്ത കറുപ്പുനിറമില്ല. ചാരനിറവും ഉരസുഭാഗം ഏതാണ്ട് വെളുപ്പും.
മറ്റൊരു ഫ്ളാറ്റില്‍ വയസ്സായ വീട്ടമ്മ തുണികൊണ്ട് ജനല്‍ച്ചില്ലുകള്‍ തുടയ്ക്കുന്നു. മലയാളിയായ രതീഷ് വന്നു. രതീഷിന്‍്റെ കൂടെ മെട്രോട്രെയിനില്‍ യാത്ര. മോസ്കോനദിക്കു കുറുകെ ട്രെയിന്‍യാത്ര. ഇരുപുറത്തും നദിയുടെ കാഴ്ച. നദിക്കപ്പുറത്ത് വനം. നദിയിലൂടെ കൂറ്റന്‍ ബോട്ടുകള്‍ ഉല്ലാസയാത്ര നടത്തുന്നു. ബോട്ടുകള്‍ക്കു മുകളില്‍ പാലം. പാലത്തിലൂടെ മെട്രോട്രെയിനുകള്‍ അലറിക്കുതിച്ചു. മെട്രോ ട്രെയിനു മുകളില്‍ റോഡ്. റോഡിലൂടെ വാഹനങ്ങള്‍ അതിവേഗം സഞ്ചരിച്ചു. കൈയില്‍ ചങ്ങലക്കിട്ട നായയെ പിടിച്ചുനില്‍ക്കുന്ന പടയാളിയുടെ ശില്‍പ്പം ‘പ്ളോഷ്ഷദ് റവലൂവി’ മെട്രോ സ്റ്റേഷനില്‍ കാണാം. ട്രെയിന്‍ യാത്രയ്ക്കു പോകുന്നവരും യാത്രകഴിഞ്ഞ് മടങ്ങുന്നവരും നായയുടെ മൂക്ക് സ്പര്‍ശിക്കുന്നു. ഭാഗ്യം വരുന്നതിനും ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനുംവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയാണിത്. മനുഷ്യന്‍്റെ വിരല്‍സ്പര്‍ശം മൂലം നായയുടെ മൂക്ക് മാത്രം വെളുത്തിട്ടുണ്ട്.
കാലങ്ങളോളം നിലനിന്ന ശക്തമായ ഒരു സാമൂഹ്യവ്യവസ്ഥയും ആ വ്യവസ്ഥ നല്‍കിയ സുരക്ഷിതത്വവും ആഴത്തില്‍ അനുഭവിച്ചവരാണ് റഷ്യന്‍ ജനത. കാലത്തിന്‍്റെ മഹാപ്രവാഹത്തിനിടയില്‍ ആ വ്യവസ്ഥ ഇല്ലാതാവുകയും അങ്ങനെ സൃഷ്ടിക്കപ്പെട്ട ശൂന്യത നിലനില്‍ക്കുകയും ചെയ്യുന്നു. ഈ ശൂന്യതയില്‍ അന്ധവിശ്വാസങ്ങളും മന്ത്രവാദവും തഴച്ചുവളരുന്നുവെന്നും ഫലശ്രുതി.
യാചനയുടെ റഷ്യന്‍ മുഖങ്ങള്‍
യാചനയുടെ റഷ്യന്‍ രീതി
യാചന നടത്തുന്നതിന് വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി രീതികള്‍ കാണാനിടയായി. പ്രഭാതത്തിലെ മെട്രോട്രെയിന്‍ യാത്രയ്ക്കിടയില്‍ കയ്യില്‍ തുടലും തുടലിന്‍്റെ അറ്റത്ത് തടിച്ചുകൊഴുത്ത ഒരു നായയുമായി ഒരു ചെറുപ്പക്കാരന്‍ ട്രെയിനില്‍ കയറി. അയാളുടെ കൈയില്‍ ചെറിയൊരു പ്ളാസ്റ്റിക് ബക്കറ്റ് ഉണ്ട്. ബക്കറ്റിന്‍്റെ ഹാന്‍ഡില്‍ നായയുടെ വായില്‍ വെച്ചുകൊടുത്തു. നായ ഹാന്‍ഡില്‍ കടിച്ചുപിടിച്ചു. അയാള്‍ പറഞ്ഞു. നായ പട്ടിണിയാണ്. ആഹാരം കൊടുക്കുവാന്‍ നിവൃത്തിയില്ല. എന്തെങ്കിലും സഹായം തരണം. ട്രെയിന്‍ യാത്രക്കാര്‍ ഉഷാറായി. ബക്കറ്റില്‍ നാണയങ്ങള്‍ നിക്ഷേപിക്കുന്നു. പണം ശേഖരിച്ച ശേഷം അയാള്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്‍്റിലേക്ക് യാത്രയാവുന്നു.


വഴിയരികിലെ വയലിന്‍ വായന... അഭിജാതം ഈ യാചന

മറ്റൊന്ന്: റോഡ് മുറിച്ചുകടക്കുന്നതിനുള്ള ഭൂഗര്‍ഭപാതയ്ക്കരികില്‍ ഇരുന്ന് വയസ്സായ ഒരാള്‍ പാടുകയാണ്. മടിയില്‍ എക്കോഡിയന്‍ ഉണ്ട്. ചെറിയ ഹാന്‍ഡ് മൈക്ക് എക്കോഡിയനില്‍ ഘടിപ്പിച്ചിരിക്കുന്നു. തറയില്‍ ചെറിയ ആംപ്ളിഫയര്‍ ഉണ്ട്. കണ്ണടച്ചിരുന്ന് പാട്ടില്‍ മാത്രം ലയിച്ച് അയാള്‍ പാടുകയാണ്. ഭൂഗര്‍ഭപാതയിലൂടെ തിരക്കിട്ട് വരുന്നവരും പോകുന്നവരും മുന്‍വശത്തെ ബാഗില്‍ നാണയങ്ങളും പത്ത് രൂപയുടെ റൂബിളും നിക്ഷേപിക്കുന്നു. കുറച്ചു പണം ബാഗില്‍ വീണുകഴിയുമ്പോള്‍ ഗായകന്‍ കണ്ണുകള്‍ തുറന്നു. നോട്ടുകള്‍ ശ്രദ്ധാപൂര്‍വം പെറുക്കിയെടുത്ത് ബാഗിന്‍്റെ സ്വകാര്യ അറയില്‍ വെയ്ക്കുന്നു. ഈ പ്രക്രിയ നടക്കുമ്പോഴും പാട്ട് അനുസ്യൂതം തുടരുകയാണ്. ഇനിയും ഒരെണ്ണം: മോസ്കോ മൃഗശാലയുടെ എതിര്‍വശത്തെ ചത്വരത്തില്‍ ഒരു ചെറുപ്പക്കാരന്‍ നിന്നുകൊണ്ട് വയലിന്‍ വായിക്കുന്നു. ടെന്നീസ് ഇതിഹാസമായിരുന്ന ബിയാന്‍ ബോര്‍ഗിനെ അനുസ്മരിപ്പിക്കുന്ന ഉയരമുള്ള ശരീരവും നീണ്ട മുടിയും. സ്ളേറ്റ് നിറമുള്ള ജീന്‍സും മുഴുക്കൈ ഉള്ള ടീഷര്‍ട്ടുമാണ് വേഷം. ഇടതുചുമലില്‍ വയലിന്‍. വലതുകൈയില്‍ "ബോ'. ഇടതുചുമലിന് കുറുകെ തൂക്കിയിട്ടിരിക്കുന്ന പണസഞ്ചിയും. കണ്ണടച്ച് മതിമറന്ന് വയലിന്‍വായന. വയലിന് അകമ്പടിയായി മറ്റ് വാദ്യോപകരണങ്ങള്‍ വായിക്കുന്ന സുഹൃത്തുക്കള്‍ നിലത്തിരിക്കുകയാണ്. സംഘത്തിലെ രണ്ടുപേര്‍ പ്ളാസ്റ്റിക് ബക്കറ്റുകളുമായി പണം പിരിച്ചെടുക്കുന്നു. ചാരുമതിലില്‍ ഇരുന്ന് കടല കൊറിച്ചും ബിയര്‍കുടിച്ചും വയലിന്‍ ആസ്വദിക്കുന്ന ശ്രോതാക്കള്‍. സഹായിയുടെ ബക്കറ്റില്‍ പണം വീണുകൊണ്ടേയിരിക്കുന്നു. ഇനിയും: രാത്രിനേരം. മെട്രോ സ്റ്റേഷനിലേക്കുള്ള വഴിയില്‍ കൈയില്‍ ഒരു ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന യുവതി. ബോര്‍ഡില്‍ എഴുതിയിരിക്കുന്നു - "ദാരിദ്ര്യമാണ്; ഭക്ഷണം കഴിക്കുവാന്‍ പണമില്ല, എന്തെങ്കിലും തരണം'. മുന്‍വശത്തെ ബക്കറ്റില്‍ യാത്രികര്‍ പണം നിക്ഷേപിക്കുന്നു.

ശാന്തമാണ് മോസ്കോ
മോസ്കോനദിപോലെ ശാന്തമാണ് മോസ്കോയിലെ ജനജീവിതവും. തിക്കും തിരക്കുമില്ല. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാവരും സംയമനം പുലര്‍ത്തുന്നു. സീറ്റുപിടിക്കുവാനുള്ള മത്സരമില്ല. സീറ്റ് കിട്ടിയാല്‍ ഇരിക്കും. അല്ലാത്തവര്‍ നില്‍ക്കും. ഒന്നോ രണ്ടോ സ്റ്റേഷന്‍ പിന്നിടുമ്പോഴേയ്ക്കും നില്‍ക്കുന്നവര്‍ക്ക് സീറ്റ് കിട്ടിയിരിക്കും. വാഹനങ്ങളില്‍നിന്ന് ഇറങ്ങിവരുന്നവര്‍ക്കായി വഴി ഒഴിഞ്ഞുകൊടുക്കുന്നത് റഷ്യന്‍ മര്യാദയാണ്. കയറാനുള്ളവര്‍ വശങ്ങളില്‍ ഒതുങ്ങിനില്‍ക്കും. ബസ്യാത്രകളിലും ട്രെയിന്‍യാത്രകളിലും ഉച്ചത്തില്‍ സംസാരിക്കുന്ന ആരെയും കണ്ടില്ല. സംസാരിക്കുന്നതാകട്ടെ, കേള്‍വിക്കാരന് കേള്‍ക്കുവാന്‍ മാത്രം ഉച്ചത്തിലും. കൈയും കലാശവും കാട്ടി ഉച്ചത്തില്‍ സംസാരിക്കുന്നത് റഷ്യന്‍ മര്യാദയല്ല. മെട്രോ ട്രെയിനില്‍ കയറുമ്പോള്‍തന്നെ യാത്രികരില്‍ ഭൂരിഭാഗം പേരും ബാഗ് തുറക്കുന്നു. പുസ്തകമെടുത്ത് വായിക്കുവാന്‍ തുടങ്ങുന്നു. വായിക്കുന്നത് പത്രങ്ങളോ മാസികകളോ അല്ല - പുസ്തകങ്ങള്‍തന്നെ. പുതുതലമുറയില്‍പെട്ടവര്‍ ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് മൊബൈല്‍പാട്ടുകള്‍ കേള്‍ക്കുന്നു. ചിലര്‍ മൊബൈലില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നു.

ട്രെയിനുകളുടെ വാതിലുകളുടെ സമീപം തലയ്ക്കുമുകളില്‍ സഞ്ചാരപഥം ഇലക്ട്രോണിക് സ്ക്രീനില്‍ രേഖപ്പെടുത്തിയിരിക്കും. എത്തിയ സ്റ്റേഷന്‍്റെ പേര് ഇലക്ട്രോണിക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യും. തൊട്ടടുത്ത് വരാനിരിക്കുന്ന സ്റ്റേഷന്‍്റെ പേരും അനൗണ്‍സ് ചെയ്യും. ടെമ്പോട്രാവലര്‍പോലെയുള്ള വാഹനങ്ങള്‍ സുലഭമാണ്. അവയുടെ രീതി ഉള്‍നാടുകളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ജീപ്പ്സര്‍വീസ് പോലെയാണ് - മഷ്റൂത്ത് കാ*. സീറ്റുകള്‍ നിറഞ്ഞാല്‍ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യും. നമ്മുടെ നാട്ടില്‍ ജീപ്പുകളുടേയും ഓട്ടോറിക്ഷകളുടേയും "ഒപ്പിച്ചുകൊണ്ടുപോകുന്ന' യാത്രതന്നെ. ഡ്രൈവറുടെ തൊട്ടുപിറകില്‍ ഇരിക്കുന്ന യാത്രക്കാരന്‍്റെ കൈയില്‍ മറ്റുള്ളവര്‍ പണം നല്‍കുന്നു. അയാള്‍ തുക ഡ്രൈവറെ ഏല്‍പ്പിക്കുന്നു. ഒരുതരം പരസ്പരസഹായസഹകരണംപോലെ.
‘കുഴിമാടമെത്രയോ ഓര്‍മതന്‍ കറുകകള്‍ നിറയെ പുതച്ചിന്നു നില്‍പ്പൂ...’, 1993ല്‍ പ്രസിഡന്‍റ് ബോറിസ് യത്സിന്‍ ഉത്തരവിട്ട പട്ടാള നടപടിയില്‍ മരിച്ചവരുടെ സ്മൃതിമണ്ഡപം
ഒരുപോലെ ഡിസൈന്‍ചെയ്ത എട്ട് സ്കൈസ്ക്രീപ്പര്‍ മോസ്കോയുടെ സവിശേഷതയാണ്. വിശാലമായ കോമ്പൗണ്ടില്‍ പരസ്പരബന്ധിതമായ രീതിയില്‍ കെട്ടിടങ്ങള്‍ പണിയുന്നു. അവയുടെ കൂട്ടത്തില്‍ ആകാശത്തേയ്ക്ക് കുത്തിയുയര്‍ത്തിയ അസ്ത്രം കണക്കെ ഒരു മുഖപ്പൂമുണ്ട്. റഷ്യയുടെ അടയാളമായിട്ടാണ് ഇവ പണിതിരിക്കുന്നത്. പ്രധാനനഗരവീഥിയിലും ചരിത്രപരമായ പ്രാധാന്യമുള്ളിടങ്ങളിലുമാണ് വശ്യമനോഹരമായ ഈ നിര്‍മ്മിതികള്‍. ഇളം ചന്ദനനിറവും വിശാലതയും എല്ലാ സ്കൈക്രീപ്പര്‍ കെട്ടിടങ്ങള്‍ക്കുമുണ്ട്.
സ്കൈസ്ക്രീപ്പറിനും പഴയ പാര്‍ലിമെന്‍്റ് മന്ദിരത്തിനും സമീപം ഞങ്ങള്‍ വൈകുന്നേരം പോയി. ഒരുകാലത്ത് ഇവിടെയിരുന്ന് യുണൈറ്റഡ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കിന്‍്റെ (യു.എസ്.എസ്.ആര്‍) ഭരണത്തലവന്മാര്‍ ലോകശാക്തികബലാബലത്തിന്‍്റെ ചതുരംഗപലകയില്‍ വെട്ടിയും വീഴ്ത്തിയും തടുത്തും മുന്നേറി. പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച രാഷ്ട്രങ്ങള്‍ക്ക് താങ്ങും തണലുമായി മാറി. 1993-ല്‍ ബോറിസ് യെത്സിന്‍ റഷ്യന്‍പ്രസിഡന്‍്റായിരുന്ന കാലം. പ്രസിഡന്‍്റിന്‍്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ പാര്‍ലിമെന്‍്റില്‍ അവതരിപ്പിക്കുന്നു. ബില്ലിനെ പാര്‍ലമെന്‍്റ് അംഗങ്ങള്‍ എതിര്‍ക്കുന്നു. പിന്നീട് നടന്നത് ചരിത്രം. പ്രസിഡന്‍്റ് പട്ടാളത്തെ വിളിക്കുന്നു. പട്ടാളടാങ്കുകള്‍ പാര്‍ലമെന്‍്റ് വളയുന്നു. പാര്‍ലിമെന്‍്റ് അംഗങ്ങള്‍ ബന്ദികളായി പാര്‍ലിമെന്‍്റിനകത്തുതന്നെ കഴിച്ചുകൂട്ടി. യെത്സിന്‍ നല്‍കിയത് അന്ത്യശാസനമായിരുന്നു. ടാങ്കുകള്‍ ഗര്‍ജിക്കുവാന്‍ ഓര്‍ഡര്‍. പാര്‍ലിമെന്‍്റ് മന്ദിരത്തിന്‍്റെ മൂന്നില്‍ ഒരു ഭാഗം ടാങ്ക് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. വഴിയാത്രികര്‍, വിദ്യാര്‍ത്ഥികള്‍, റോഡില്‍ ഇറങ്ങിനില്‍ക്കുന്നവര്‍, ജോലിക്ക് പോകുന്നവര്‍ - ആക്രമണത്തില്‍ മരിച്ചവരില്‍ ഇവരൊക്കെ ഉള്‍പ്പെടുന്നു. 1993-ല്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി തീര്‍ത്ത ചെറിയൊരു രക്തസാക്ഷിസ്തൂപം കണ്ടു. സിമന്‍്റിട്ട് വൃത്തിയാക്കിയ ചെറിയ ചതുരം.

ചതുരത്തിനുപുറത്ത് വെട്ടിയൊതുക്കിയ പുല്‍ച്ചെടികള്‍. ചുവന്ന നിറമുള്ള രക്തസാക്ഷിസ്തൂപത്തിന്‍്റെ നെറുകയില്‍ ചുവപ്പും കറുപ്പും നിറമുള്ള തുണികള്‍. ഇരുമ്പിന്‍്റെ ഫ്ളാഗ് പോസ്റ്റ്. പോസ്റ്റില്‍ ചുവന്ന കൊടി. സ്തൂപത്തിനും കൊടിക്കാലിനുമിടയില്‍ "1993' എന്ന വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അരികിലുള്ള മരങ്ങളില്‍ ചുകന്ന റിബണുകള്‍ ചുറ്റിയിട്ടിരിക്കുന്നു. കാറ്റില്‍ റിബണുകള്‍ അനാഥമായി പാറി. സ്തൂപത്തില്‍ പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ചിരിക്കുന്നു. അവയൊക്കെ വെയിലേറ്റ് വാടിക്കരിഞ്ഞിട്ടുണ്ട്. സ്തൂപത്തിന് പിറകില്‍ നഗരമധ്യത്തിലെ വന്യത. മരിച്ചവരുടെ ചിത്രങ്ങള്‍, പേര്, വയസ്, വിലാസം, തൊഴില്‍ എന്നിവ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അന്നത്തെ പത്രവാര്‍ത്തകളും ചിത്രങ്ങളും ടാങ്ക് വിന്യാസവും ആശുപത്രിയില്‍ പൊള്ളലേറ്റ് കിടക്കുന്നവരുടെ ചിത്രങ്ങളും കരിഞ്ഞ പാര്‍ലിമെന്‍്റ് മന്ദിരത്തിന്‍്റെ ദൃശ്യങ്ങളും കൂറ്റന്‍ ബോര്‍ഡുകളില്‍ ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. പഴയ പാര്‍ലിമെന്‍്റ് മന്ദിരം ഒന്നാകെ പുതുക്കിപ്പണിതിരിക്കുന്നു. ചുറ്റും പുല്‍ത്തകിടികളും മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. മഴക്കാര്‍ മൂടിയ ആകാശം. ശീതക്കാറ്റ് വീശിയടിക്കുന്നു. സൂര്യനെ കാണാത്ത പകലറുതി. ഞങ്ങള്‍ - ഡോ. ദിലീപ് കുമാറും ഡോ. ജയദേവനും ഞാനും നിശ്ശബ്ദരായി നടന്നു.

പിറ്റേന്ന് രാവിലെ മഴയായിരുന്നു. ഉച്ചയ്ക്ക് പുറത്തിറങ്ങി. ക്രിലാസ്കി ക്ളിനിക്കിലെ മലയാളിയായ ബിജു കൂടെ വന്നു. "വിമോചനകനായ യേശുവിന്‍്റെ പള്ളി' (കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ്, ദി സേവിയര്‍) സന്ദര്‍ശിച്ചു. കൂറ്റന്‍ കെട്ടിടമാണ്. 1812-ല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ യുദ്ധത്തിന്‍്റെ വിജയസ്മാരകമായി പള്ളി പണിതു. ജനങ്ങളില്‍നിന്ന് പണം പിരിച്ചെടുത്തുകൊണ്ടാണ് പള്ളി പണിതത്. സാര്‍യുഗത്തിനുശേഷം 1931-ല്‍ യു.എസ്.എസ്.ആര്‍. ഭരണകൂടം ഈ പള്ളി പൊളിച്ചുമാറ്റി. പള്ളി നിന്നിടത്ത് സോവിയറ്റുകളിലെ ജനപ്രതിനിധികള്‍ക്ക് താമസിക്കുന്നതിനായി വലിയ കെട്ടിടങ്ങള്‍ പണിയുവാന്‍ ഉത്തരവായി. എന്തുകൊണ്ടോ പണി തുടങ്ങിയിടത്തുതന്നെ നിലച്ചുപോയി. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ റഷ്യയിലെ ഏറ്റവും വലിയ നീന്തല്‍കുളം ഇവിടെ പണിതു.
യു.എസ്.എസ്.ആര്‍. ഇല്ലാതായപ്പോള്‍, പെരിസ്ട്രോയിക്ക കാലത്ത് ഓര്‍ത്തഡോക്സ് സഭയുടെ അധിപന്‍ ആവശ്യപ്പെട്ടപ്രകാരം നീന്തല്‍ക്കുളം തകര്‍ക്കുകയും പഴയ പള്ളിയുടെ അതേ രൂപത്തിലും വലുപ്പത്തിലും രണ്ടായിരാമാണ്ടില്‍ പുതിയ പള്ളി പണിയുകയും ചെയ്തു. ജനങ്ങളില്‍നിന്ന് പണം സമാഹരിച്ചുകൊണ്ടും പൊതുഖജനാവില്‍നിന്ന് പണം വിനിയോഗിച്ചുകൊണ്ടുമാണ് പഴയ പള്ളി പണിതതെങ്കില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലാണ് പുതിയ പള്ളി പണിതതെന്നുമാത്രം. മാറിയ കാലത്ത് മാറിയ റഷ്യന്‍രീതി!
പള്ളിയുടെ ഉയരം നൂറ് മീറ്ററോളം വരും ഭിത്തികളിലും മേല്‍ക്കൂരയിലും നിരവധി പെയിന്‍്റിങ്ങുകള്‍ കാണാം. പള്ളിക്ക് നാല് വലിയ മകുടങ്ങള്‍ ഉണ്ട്. മധ്യത്തിലെ ഏറ്റവും വലിയ മകുടം സ്വര്‍ണനിറമുള്ള ലോഹത്തകിട് പതിച്ചതാണ്. ചുമരുകളിലും മേല്‍ക്കൂരയിലുമുള്ള പെയിന്‍്റിങ്ങുകള്‍ ബൈബിള്‍ ദൃശ്യങ്ങളുടെ ആവിഷ്കാരങ്ങളാണ്. ഈ ചിത്രങ്ങള്‍ വരയ്ക്കുവാനും പെയിന്‍്റ് ചെയ്യുവാനും സാഹയികമായ കഠിനാധ്വാനം വേണ്ടിവന്നിരിക്കും. മലര്‍ന്നുകിടന്നുകൊണ്ട് മാസങ്ങളോളം നിരവധി കലാകാരന്മാര്‍ നടത്തിയ ആത്മാര്‍പ്പണമാണ് പള്ളിയുടെ മേല്‍പ്പുര.
പള്ളിയില്‍ ധാരാളം പേര്‍ സന്ദര്‍ശകരായി ഉണ്ട്. എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. മെഴുകുതിരികള്‍ കത്തിക്കുന്നു. നേരിയ തണുപ്പ് പ്രസരിക്കുന്ന ശാന്തി അന്തരീക്ഷത്തില്‍ അനുഭവിക്കാം. യേശുവിനെ കുരിശിലേറ്റിയപ്പോള്‍ തറച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഇരുമ്പാണി മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആണിക്ക് ഏകദേശം 7-7.5 ഇഞ്ച് നീളമുണ്ട്. പെരുവിരലിന്‍്റെ വണ്ണവും.
പത്തിരി സ്വപ്നംകണ്ട ഒരു ഡോക്ടര്‍
ഇന്ത്യയ്ക്ക് പുറത്തേക്ക് ആയുര്‍വേദം പ്രചരിപ്പിക്കുവാന്‍ തുടങ്ങുന്നത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലാണ്. പദ്മഭൂഷണ്‍ ഡോ. പി.കെ. വാരിയര്‍, പ്രമുഖ ആയുര്‍വേദപണ്ഡിതനായിരുന്ന ഡോ. എന്‍.വി. കൃഷ്ണന്‍കുട്ടി വാരിയര്‍, അദ്ദേഹത്തിന്‍്റെ സഹധര്‍മ്മിണി ആര്യവൈദ്യന്‍ മാധവിക്കുട്ടി എന്നിവര്‍ ഇറ്റലിയിലേക്ക് നടത്തിയ ദൗത്യത്തില്‍നിന്ന് ഈ യാത്ര ആരംഭിക്കുന്നു. കോട്ടയ്ക്കല്‍ ആയുര്‍വേദകോളെജില്‍നിന്ന് വൈദ്യപഠനം പൂര്‍ത്തിയാക്കിയ ഡോ. നൗഷാദലി, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. മുഹമ്മദലി എന്നിവര്‍ ആയുര്‍വേദത്തിന്‍്റെ പ്രചാരണത്തിനും ചികിത്സാസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ റഷ്യയിലേക്ക് പോവുകയുണ്ടായി. പദ്മഭൂഷണ്‍ ഡോ. പി.കെ. വാരിയര്‍, ഡോ. എന്‍.വി.കെ. വാരിയര്‍, ആയുര്‍വേദകോളെജിലെ അധ്യാപകരായ ഡോ. ടി.വി. ശങ്കരന്‍കുട്ടി, ഡോ. സി.ആര്‍. അഗ്നിവേശ്, ഡോ. കെ.വി. ദിലീപ്കുമാര്‍, മാനസികചികിത്സാകേന്ദ്രത്തിലെ ഡോ. കെ. സുന്ദരന്‍ എന്നിവര്‍ മോസ്കോയില്‍ ആയുര്‍വേദത്തിന്‍്റെ വിത്തുപാകിയവരാണ്. മിതോഷ്ണമേഖലയില്‍നിന്ന് റഷ്യയിലെ ശൈത്യത്തിലേക്കുള്ള യാത്രയും അപരിചിതമായ ഭൂപ്രദേശവും ആഹാരശീലങ്ങളും സാമൂഹ്യവും സാംസ്കാരികവുമായ ജീവിതത്തിലെ മാറ്റങ്ങളും ആവാസവ്യവസ്ഥയിലെ വ്യത്യാസവുംമൂലം ആദ്യകാലയാത്രികര്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചിരിക്കും.
ഒരു റംസാന്‍ നോമ്പുകാലം. ഡോ. മുഹമ്മദലിയുടെ റഷ്യന്‍വാസത്തിന്‍്റെ ആരംഭകാലവും. ഡോ. മുഹമ്മദലിയുടെ കൊണ്ടോട്ടിയിലെ വസതി സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സന്ദര്‍ശനകേന്ദ്രമാണ്. രുചികരമായ നോമ്പുവിഭവങ്ങള്‍ തയ്യാറാക്കുന്നതിലും മറ്റുള്ളവര്‍ക്ക് വിളമ്പുന്നതിലും ആനന്ദം കണ്ടത്തെുന്ന ഉമ്മയും സഹോദരിമാരുമുള്ള വീടാണത്. നോമ്പുകാലത്തെ ധ്യാനാത്മകമായ അന്തരീക്ഷവും തുടര്‍ന്ന് ഈദുല്‍ഫിത്തറിന്‍്റെ ആഹ്ളാദവും നിറയുന്ന ഗൃഹാന്തരീക്ഷം. ഡോ. മുഹമ്മദലി ഞങ്ങളോട് പറഞ്ഞു. അന്നൊക്കെ എന്നും രാത്രിയില്‍ ഞാന്‍ പത്തിരിയാണ് സ്വപ്നം കണ്ടിരുന്നത്. അരിപ്പൊടികൊണ്ട് ഉണ്ടാക്കിയ അമ്പിളിമാമനെപ്പോലെയുള്ള മിനുസമേറിയ തൂവെള്ള പത്തിരികള്‍. സ്വപ്നങ്ങളില്‍ പത്തിരികള്‍ വെള്ളരിപ്രാവുകളായി. മല്ലിയും മുളകും നാളികേരവും വറുത്തരച്ച് ഇഞ്ചിയും ജീരകവും വെളുത്തുള്ളിയും ചേര്‍ത്ത ചുവന്ന മലബാര്‍ കോഴിക്കറി സ്വപ്നങ്ങളിലെ പത്തിരികളില്‍ പടര്‍ന്നൊഴുകി.

ഡോ. മുഹമ്മദലിയുടെ സഹധര്‍മ്മിണി ‘ഇന്ന’ റഷ്യക്കാരിയാണ്. അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. മുഹമ്മദലിയുടെ ഭാര്യാമാതാവും അവരോടൊപ്പം താമസിക്കുന്നു. മുഹമ്മദലിയുടെ ഭാര്യാസഹോദരി അടുത്തയിടെ മരിച്ചു. അവര്‍ക്കൊരു മകനുണ്ട് - ആറ് വയസ്സുള്ള ആണ്‍കുട്ടി. വെളുത്തുതടിച്ച് ശരിയായ റഷ്യക്കാരന്‍ കുട്ടി. ശരീരത്തിന്‍്റെ വളര്‍ച്ച കണ്ടാല്‍ പത്ത് പന്ത്രണ്ട് വയസ്സ് തോന്നും. അവന്‍ പുസ്തകം വായിക്കുന്നു. ഞങ്ങള്‍ സംസാരിക്കവേ ഡോ. മുഹമ്മദലിയേയും ശ്രീമതിയേയും അവന്‍ "മുഹമ്മദ്' "ഇന്ന' എന്നൊക്കെയാണ് സംബോധന ചെയ്തത്. ചെറിയച്ഛന്‍, ചെറിയമ്മ എന്നിവയ്ക്കുള്ള റഷ്യന്‍പദങ്ങളായിരുന്നില്ല. നമ്മുടെ വീട്ടിലെ കുട്ടികള്‍ മുതിര്‍ന്നവരെ ഉണ്ണികൃഷ്ണന്‍, രാമന്‍കുട്ടി, അഹമ്മദ്, കമലം, സരോജം എന്നൊക്കെ പേരു വിളിച്ച് സംസാരിക്കുന്ന രംഗം ആലോചിച്ചുനോക്കൂ. "ഇന്ന' നന്നായി പാചകം ചെയ്യും. അവര്‍ മലബാര്‍ ബിരിയാണി ഉണ്ടാക്കിവെച്ചിട്ടുണ്ട്. കൂടെ പരമ്പരാഗത റഷ്യന്‍ ദോശയും. ഗോതമ്പുപൊടി പാലില്‍ നേര്‍മ്മയായി മാവാക്കി ദോശക്കല്ലില്‍ ചുട്ടെടുക്കുന്ന ദോശ സ്വാദിഷ്ടമാണ്; അതീവമൃദുവും. നാലാക്കി മടക്കിയ ദോശ തേനില്‍ മുക്കിയെടുത്ത് എത്ര വേണമെങ്കിലും കഴിക്കാം.
(തുടരും)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story