ചക്രം ചവിട്ടുന്ന ചക്രവര്‍ത്തിമാര്‍
text_fieldsടിപ്പുസുല്‍ത്താന്റെ പിന്തലമുറക്കാര് കൊല്‍ക്കത്തയില്‍ സൈക്കിള്‍ റിക്ഷ ചവിട്ടി ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നു.
കൊല്‍ക്കത്ത തെരുവിന്റെ വിവിധഭാഗങ്ങളിലൂടെ അത്തരമൊരു റിക്ഷയില്‍ ഞങ്ങള്‍ സഞ്ചരിച്ചു. മൈസൂര്‍ കടുവയുടെ പിന്മുറക്കാരുടെ ഇല്ലായ്മയുടെ കഥകളുമായി രാജപാതയിലൂടെ ഞങ്ങളെ ആ റിക്ഷക്കാരന് നയിച്ചു....
ഇത് ടിപ്പുസുല്‍ത്താന്റെ ഏഴാംതലമുറയിലെ യുവരാജാവ്, സന്‍വര്‍ ഷാ. കൊല്‍ക്കത്ത തെരുവിന്റെ തിരക്കുപിടിച്ച ജീവിതപ്പാച്ചിലിനൊപ്പം ചവിട്ടിയെത്താന്‍ കഴിയാതെ ആ പഴയ സൈക്കിള്‍ റിക്ഷയിലിരുന്ന് കിതക്കുകയാണ് സന്‍വര്‍ ഷാ. കാളിഘട്ടിലെ പ്രിന്‍സ് അന്‍വര്‍ ഷാ റോഡിനോടു ചേര്‍ന്ന് തലയുയര്‍ത്തി നില്ക്കുന്ന ടിപ്പു മസ്ജിദിനു മുന്നിലൂടെയുള്ള ഒരു സവാരിക്കിടയില്‍ പ്രാരബ്ധങ്ങളുടെ ജീവിതം പറഞ്ഞപ്പോള്‍ മനസ്സുപൊട്ടി. ‘തന്റെ കുടുംബത്തിലെ പലര്‍ക്കും ഇത് അഭിമാനക്ഷതമാണ്. പക്ഷേ, ജീവിക്കണ്ടേ?. മക്കള്‍ക്ക് ഭക്ഷണം കൊടുക്കണ്ടേ? പാരമ്പര്യമുണ്ട്, കോടികളുടെ സ്വത്തുണ്ട്, പക്ഷേ ഒരു നേരത്തെ വിശപ്പകറ്റാന്‍ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല.’
കൊല്‍ക്കത്ത തെരുവിന്റെ വിവിധഭാഗങ്ങളിലൂടെ ആ റിക്ഷയില്‍ ഞങ്ങള്‍ സഞ്ചരിച്ചു. മൈസൂര്‍ കടുവയുടെ പിന്മുറക്കാരുടെ ഇല്ലായ്മയുടെ കഥകളുമായി രാജപാതയിലൂടെ ഞങ്ങളെയും കൊണ്ടുപോകുമ്പോള്‍ വലിയ വലിയ കെട്ടിടങ്ങള്‍ കാണിച്ചു പറഞ്ഞു: ‘അതൊക്കെ ഞങ്ങളുടെ സ്വത്തായിരുന്നു. എല്ലാം അന്യാധീനപ്പെട്ടു. ഇനിയും ഒരുപാട് ഭൂമിയുണ്ട്. അനുഭവിക്കാനുള്ള യോഗമില്ലാതെ പോയി.’ നമ്മുടെ രാജ്യം ഒരു ദേശാഭിമാനിയുടെ പിന്മുറക്കാരോട് ചെയ്യുന്ന ക്രൂരതയുടെ നേര്ച്ചിത്രങ്ങളിലൂടെയാണ് സന്‍വര്‍ ഷായുടെ റിക്ഷ നീങ്ങിയത്.
ടിപ്പു സുല്‍ത്താനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. വലിയ കൊട്ടാരവും കോട്ടകളുമൊക്കെയുണ്ടെന്നറിയാം. മൈസൂരില്‍ പോകാന്‍ മോഹമുണ്ട്. ഖബറിടം കാണണമെന്ന തന്റെ സഫലീകരിക്കാത്ത അഭിലാഷത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. ആ വലിയ മനുഷ്യന് തങ്ങള്‍ അപമാനമാകുന്നല്ലോ എന്ന ഭയമാണ് ഉള്ളുനിറയെ.
പൈതൃകത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് പിടയും. ഒരു ദു:സ്വപ്നം പോലെ ഒരുപാട് ചിത്രങ്ങള്‍ ഭയാശങ്കകള്‍ പടര്‍ത്തും. ഒരു സാധാരണ റിക്ഷക്കാരനായിരുന്നെങ്കില് മനസ്സിനിത്ര ഭാരം താങ്ങേണ്ടിവരില്ലായിരുന്നു. എത്ര പേരാണ് അന്വേഷിച്ചുവരുന്നത്. പക്ഷേ, എല്ലാവരും കണ്ട് ചിത്രങ്ങളെടുത്ത് പോകുമെന്നല്ലാതെ ഞങ്ങളുടെ ദുരവസ്ഥക്ക് ഒരു മാറ്റവുമില്ല.
നഗരത്തിന്റെ വിശേഷങ്ങളും കുടുംബ പുരാണങ്ങളും പറഞ്ഞ അദ്ദേഹം റിക്ഷ ആഞ്ഞ് ചവിട്ടി. ടിപ്പുവിന്റെ ശേഷക്കാരില്‍ ആദ്യ റിക്ഷ വലിക്കാരനാണിദ്ദേഹം. പിന്നെ സ്വന്തം സഹോദരന് അന്‍വര്‍ ഷായും ഈ തൊഴില്‍ സ്വീകരിച്ചു. മക്കളെയെല്ലാം നല്ലനിലയിലെത്തിക്കണമെന്നുണ്ട്. എന്നാല്‍, ഭക്ഷണത്തിനുതന്നെ ബുദ്ധിമുട്ടുന്നിടത്ത് അധിക സ്വപ്നങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം സ്വയം ഉണര്‍ത്തി. പിന്നെ തിരിച്ച് പ്രിന്‍സ് അന്‍വര്‍ ഷാ റോഡിനരികിലെ അവരുടെ താമസസ്ഥലത്തെത്തി. വളരെ ശോച്യാവസ്ഥയിലുള്ള വീട്. കുടുംബ സ്വത്തില്നിന്നുള്ള ഒരു പ്ളോട്ടിലാണ് താമസം. എന്നാല്‍, ഇന്നുവരെ അവകാശം പതിച്ചുകിട്ടിയിട്ടില്ല. കേസുകളുടെ നൂലാമാലകള്‍. കേസു കൊടുക്കാനും തിരിച്ചു പിടിക്കാനുമൊക്കെ പണം വേണം. ഭക്ഷണത്തിനുതന്നെ ബുദ്ധിമുട്ടുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിലര്ഥമില്ലെന്നു ഷാ പറഞ്ഞു.
വീടിനുമുന്നില്‍ പടിഞ്ഞിരിക്കുന്ന ചമനാരാ ബീഗത്തെ കണ്ടു. അവര്‍ക്ക് നാല് ആണ്മക്കളും രണ്ടു പെണ്മക്കളുമാണ്. എല്ലാവരും ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു. അന്‍വര്‍ ഷായും സന്‍വര്‍ ഷായും റിക്ഷവലിക്കാരാണ്. മറ്റൊരു മകന് ഹുസൈന് അലി ഷാ സീറ്റു കവറുകള്‍ തുന്നിക്കൊടുക്കുന്നു. അവരുടെ വീടിനു മുന്നില്‍തന്നെ ഒരു പഴയ തയ്യല്‍ മെഷീനിട്ടാണ് തുന്നല്‍. പ്രിന്‍സ് അന്‍വര്‍ ഷാ റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളെ നോക്കി ഏതെങ്കിലും വാഹനം സീറ്റ്കവര്‍ തുന്നാന്‍ നിര്‍ത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വലിയ വാഹനങ്ങളൊന്നും അധികം വരാറില്ല. ഓട്ടോറിക്ഷക്കാരും സൈക്കിള്‍ റിക്ഷക്കാരുമൊക്കെ സീറ്റ് കവര്‍ തുന്നാന്‍ വരും. അന്നന്നത്തെ ജീവിതത്തിനുള്ളത് കിട്ടിയാലായി. മറ്റൊരു മകന് ദിന്‍വര്‍ ഷാ ഒരു ചെറിയ റസ്റ്റാറന്റ് നടത്തുന്നു.
തന്റെ മക്കളില്‍ പട്ടിണിയില്ലാത്തവന് ദിന്‍വര്‍ ഷായാണെന്ന് ആ അമ്മ കണ്ണീരോടെ പറഞ്ഞു. പെണ്മക്കളെ കുറിച്ച് സംസാരിച്ചപ്പോള്‍ ചമനാരാ ബീഗത്തിന് തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. നെഞ്ചിലെ വേദനയാണവരെന്ന് ഹൃദയംതൊട്ട് പറഞ്ഞു. അക്ബരി ഖാത്തൂനും ജഹനാരാ ബീഗവും വയസ്സ് അധികമായിട്ടും അതില്‍ ഒരാളെ പോലും വിവാഹം ചെയ്തയക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇല്ലായ്മക്ക് നടുവില്‍ ബാധ്യതയായി അവര്‍ വീട്ടിലിരിക്കുന്നു.
ഈ കഥകളെല്ലാം കേട്ടെങ്കിലും ഇവര്‍ ടിപ്പുവിന്റെ തലമുറയില്‍പെട്ടവര്‍ തന്നെയാണോ എന്ന സംശയം എന്റെയുള്ളില്‍ ഉടലെടുത്തിരുന്നു. കോടിക്കണക്കിനു രൂപയുടെ സ്വത്തു വകകളുള്ളതിനാല് പലരും അവകാശവാദങ്ങളുമായി വരാറുണ്ടെന്ന് വഖഫ് ബോര്‍ഡില്‍നിന്ന് അഭിപ്രായ പ്രകടനമുണ്ടായി. അതു കൊണ്ടുതന്നെ ആധികാരികത അറിയാന്‍ തീരുമാനിച്ചുറച്ചു. എസ്പ്ളനേഡിലെ ടിപ്പു മസ്ജിദിലെ അന്‍വറലി ഷാ (ഇദ്ദേഹവും ടിപ്പു സുല്‍ത്താന്റെ തലമുറയിലെ അംഗമാണ്)യുടെ ഓഫിസില്‍നിന്ന് ടിപ്പു സുല്‍ത്താന്റെ മക്കളുടെ വംശാവലി പട്ടികയില്‍ ഈ കുടുംബത്തിലെ നാലു പേരുടെയും വിവരങ്ങളുണ്ട്. ടിപ്പു സുല്‍ത്താന്റെ മകന് പ്രിന്‍സ് ഫതഹ് ഹൈദറിന്റെ നേരിട്ടുള്ള കുടുംബ പരമ്പരയിലാണ് ഈ നിര്‍ധന കുടുംബത്തിന്റെ കണ്ണി. പ്രിന്‍സ് ഫതഹ് ഹൈദറിന്റെ മകന് പ്രിന്‍സ് മുഹമ്മദലി ഷാ, അവരുടെ മകന് പ്രിന്‍സ് ഇനായത്തിന്റെ മകന് പ്രിന്‍സ് ശുജാഉല്‍ മുല്‍കിയുടെ മകന് പ്രിന്‍സ് തൈമൂര്‍ ഷായുടെ മകന് എസ്.എം. അക്തര്‍ ഷായുടെ മക്കളാണ് ഈ നാലു പേരും. തങ്ങളുടെ കുടുംബത്തിന്റെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ കാണിക്കാന്‍ സന്‍വര്‍ ഷാ മറന്നിരുന്നില്ല. ഏക്കര്‍ കണക്കിനു ഭൂമിയാണ് ആളുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ചില വസ്തുവകകളില്‍ കൂറ്റന്‍ കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉയര്‍ന്നിരിക്കുന്നു. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടുന്ന ഒരു പിന്മുറക്കാരന്റെ നെടുവീര്‍പ്പുകള്‍ കരയുന്ന റിക്ഷാചക്രങ്ങളുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ ഉയര്‍ന്നുകേട്ടു.
രണ്ടു പേരുടെയും റിക്ഷപോലും സ്വന്തമല്ല. 25 രൂപ ദിവസക്കൂലിക്ക് വാടകക്കെടുത്തതാണിവ. പത്തും പന്ത്രണ്ടും മണിക്കൂര്‍ റിക്ഷ വലിച്ചാല്‍ കിട്ടുക 250ഓ 300ഓ രൂപയാണ്. അതില്‍നിന്ന് വാടകയും മറ്റും കിഴിച്ചാല്‍ നൂറോ ഇരുനൂറോ ബാക്കിയാവും. ഇതുകൊണ്ടു വേണം വലിയ കുടുംബത്തെ പോറ്റാന്‍.
കാളിഘട്ടിലെ പ്രശസ്തമായ ശ്മശാന ഭൂമിക്കരികിലൂടെ നീങ്ങിയപ്പോള്‍ റിക്ഷയുടെ കരകരപ്പ് വര്‍ധിച്ചു. ഭയത്താല്‍ പണിക്കാരനായ പാവം രാജകുമാരന്റെ കാലുകള്‍ കൂട്ടിപ്പിടിച്ചു. വലിയ അക്രമി സംഘത്തിന്റെ കൈയിലാണ് ആ പ്രദേശം മുഴുവന്‍. അവിടേക്ക് അടുക്കാന്‍ പോലും കുടിയേറിയവര്‍ ആരെയും അനുവദിക്കില്ല. പൊലീസിനെയും ഭരണകൂടത്തെയുമൊന്നും അവര്‍ക്ക് ഭയമില്ല. അതുകൊണ്ടുതന്നെ ടിപ്പു സുല്‍ത്താന്‍ കുടുംബത്തിലെ വഖഫ് ട്രസ്റ്റുകളുടെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ പോലും ജീവഭയംമൂലം ഇവിടെ സന്ദര്‍ശിക്കാറില്ല. കൊല്‍ക്കത്ത മലയാളി അസോസിയേഷന് ഭാരവാഹി ഗോപിയേട്ടന്റെ കൂടെ ധൈര്യപൂര്‍വം ഞങ്ങള്‍ അവിടെ പ്രവേശിച്ചു. ഒന്നുമറിയാത്ത ഭാവത്തില്‍ പടമെടുത്തു തുടങ്ങിയതോടെ ആളുകള്‍ തടിച്ചുകൂടി. അവര്‍ കൂട്ടംകൂടി ആക്രമിക്കുമെന്നിടത്തെത്തിയപ്പോള് ഞങ്ങള്‍ പടമെടുപ്പുനിര്ത്തി പുറത്തുപോന്നു. ആ പ്രദേശം അനധികൃതമായി ഒരുവിഭാഗം കൈവശപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ അവസരവാദത്തിന്റെ പേരില്‍ പാര്‍ട്ടികള്‍ ഈ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അവകാശികള്‍ക്ക് കിടപ്പാടംപോലുമില്ലാത്ത ഗതിവന്നിട്ടും ഈ നഗരം ആക്രമണങ്ങള്‍ക്കും കൈയേറ്റത്തിനുമെതിരെ അതിക്രൂരമായ മൗനം പാലിക്കുന്നു.
ടിപ്പു സുല്‍ത്താന്റെ മരണത്തിനുശേഷം(1799) കുടുംബത്തെ വെല്ലൂരിലേക്കാണ് മാറ്റിത്താമസിപ്പിച്ചത്. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് ശക്തമായ എതിരാളിയായിനിന്ന മൈസൂര്‍ കടുവയുടെ മക്കള്‍ വീണ്ടും ഒരു ശക്തിയായി തങ്ങള്‍ക്കെതിരെ പടയൊരുക്കം നടത്തുമോ എന്ന ഭീതി ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നു. വെല്ലൂര്‍ കോട്ടയില്‍ ഒരു കലാപം നടന്നതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ആസ്ഥാനത്തേക്ക് ടിപ്പു സുല്‍ത്താന്റെ ആണ്‍മക്കളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. 32 പേരടങ്ങുന്ന സംഘത്തെ മദ്രാസില്‍നിന്നു 1806 സെപ്റ്റംബര്‍ 12നാണ് കൊല്‍ക്കത്തയില്‍ എത്തിച്ചത്.
കൊല്‍ക്കത്തയില്‍ ജീവിതമാരംഭിച്ച ടിപ്പു സുല്‍ത്താന്റെ മക്കള്‍ കഠിനപ്രയത്നത്തിലൂടെ ഈ വലിയ പട്ടണത്തില്‍ തങ്ങളുടെ മുദ്രകള്‍ ചാര്‍ത്താന്‍ മറന്നിട്ടില്ല. നഗരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ടിപ്പു മസ്ജിദുകള്‍ ഇതിന് ഉദാഹരണമാണ്. വാസ്തുശില്പ മേന്മയും നിര്‍മാണ വൈദഗ്ധ്യവുംകൊണ്ട് ഈ പള്ളികള്‍ ഇന്നും ആകര്‍ഷണീയമാണ്.
ഇന്ന് ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാര് വലിയ കുടുംബമായിത്തീര്‍ന്നിരിക്കുന്നു. റിക്ഷ വലിക്കാര്‍ തൊട്ട് വലിയ ബിസിനസുകാരും ഹൈക്കോടതി അഭിഭാഷകരും ഈ ഗണത്തില്‍പെടുന്നു. മുഹ്സിന് ഷായുടെ (ടിപ്പു സുല്‍ത്താന്റെ മകന് പ്രിന്‍സ് മുഈനുദ്ദീന്റെ പരമ്പരയിലാണ് ഇവര്‍)മകന് ബക്തിയാര്‍ ഷാ ഹൈകോടതി അഭിഭാഷകനാണ്. ടിപ്പു സുല്‍ത്താന്റെ പൈതൃകങ്ങള്‍ ഏറെ സൂക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്ത ഹുസൈന് ഷായുടെ വീട്ടില്‍ ടിപ്പുവിന്റെ നാണയശേഖരമുണ്ട്. ടിപ്പു സുല്‍ത്താനെക്കുറിച്ച് രചിക്കപ്പെട്ട പുസ്തകങ്ങളില്‍ ഏറ്റവും അപൂര്‍വമായ ഗ്രന്ഥങ്ങള്‍ എല്ലാം അദ്ദേഹം ശേഖരിച്ചുവെച്ചിരിക്കുന്നു.
സൂസന് സ്ട്രോങ് എഴുതിയ ‘ടിപ്പൂസ് ടൈഗര്‍’ എന്ന പുസ്തകം കാണിച്ച് അദ്ദേഹം വിവിധ യൂറോപ്യന്‍ മ്യൂസിയങ്ങളിലുള്ള ടിപ്പുവിന്റെ വസ്തുവകകളെക്കുറിച്ച് വിശദീകരിച്ചു. വിലമതിക്കാനാവാത്ത രത്നങ്ങളും സുല്‍ത്താന്റെ അപൂര്‍വശേഖരത്തിലെ രേഖകളും ഇതര വസ്തുക്കളും വിക്ടോറിയ മ്യൂസിയത്തിലെയും ആല്‍ബര്‍ട്ട് മ്യൂസിയത്തിലെയും ഏറ്റവും ആകര്‍ഷണീയമായ വസ്തുക്കളാണ്. ടിപ്പു സുല്‍ത്താന്റെ കിരീടത്തിലെ രത്നങ്ങളും രഹസ്യസ്വഭാവമുള്ള ആയുധങ്ങളും വിലപിടിപ്പുള്ള ആഭരണങ്ങളും ചിത്രങ്ങളും കാണിച്ച് അദ്ദേഹം പറഞ്ഞു: ‘മോഷ്ടാക്കളാണ് ഇന്ന് ഇത് അഭിമാനപൂര്‍വം സൂക്ഷിക്കുന്നത്. ഒരു തലമുറക്ക് അവകാശപ്പെട്ടതാണ് യുദ്ധാനന്തരം ഓഫിസര്‍മാരും പട്ടാളവും മത്സരബുദ്ധിയോടെ മോഷ്ടിച്ചു കടത്തിയത്. ആര്‍ക്കാണ് ചരിത്രത്തിലും അതിന്റെ പിന്നാമ്പുറത്തെ ദുരിതപൂര്‍ണമായ വര്‍ത്തമാനത്തിലും താല്പര്യം. ആ വലിയ ദേശാഭിമാനിയുടെ പിന്മുറക്കാരുടെ ഒരു നേരത്തെ വിശപ്പടക്കാനുള്ള പരിശ്രമങ്ങള്‍ ചെന്നവസാനിക്കുന്നത് തേഞ്ഞു തീരുന്ന റിക്ഷാ ചക്രങ്ങളിലാണ്.’
വിജയ് മല്യ ടിപ്പുവിന്റെ വാള് ലേലത്തിലെടുത്തപ്പോള്‍ ശക്തമായ അഭിമാനബോധമാണ് ഇന്ത്യന്‍ മാധ്യമങ്ങളുണര്ത്തിയത്. ഒരു കള്ളു രാജാവ് സ്വന്തമാക്കിയ ആ ഉടവാളിന്റെ മഹിത പാരമ്പര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഒരു കൊള്ളമുതല്‍ വില്പന നടത്തുന്നതിന്റെയും അത് ജനസമൂഹത്തിന്റെ മുന്നില്‍നിന്ന് അഭിമാനപൂര്‍വം വിലയുറപ്പിച്ച് ലേലത്തില്‍ പിടിക്കുന്നതിന്റെയും സാംഗത്യത്തെ കുറിച്ച് കൊല്‍ക്കത്തയിലെ ഈസ്റ്റ് ഇന്ത്യാ ആസ്ഥാനത്ത് വെച്ച് ബംഗാള്‍ മുസ്ലിം ലീഗ് സെക്രട്ടറി ജഹാംഗീര്‍ ചോദ്യങ്ങളുയര്‍ത്തി. കൊള്ളനടത്തിയവരും ലേലത്തിലെടുത്തവരും പൊതുസമൂഹത്തിലും ലോകമാധ്യമ ദൃഷ്ടിയിലും പുണ്യാളന്മാരാണ്. ഇത്തരമൊരു ലോകത്ത് ഈ മുതലിന്റെ യഥാര്‍ഥ ഉടമകള്‍ നിന്ദ്യരും നികൃഷ്ടരുമാകുന്നതിന്റെ യുക്തിയും മറ്റൊന്നല്ല.
വിദ്യാഭ്യാസത്തിന്റെ കുറവാണ് ധീരദേശാഭിമാനിയുടെ പിന്മുറക്കാരെ ഇത്തരമൊരു ദുരവസ്ഥയിലെത്തിച്ചത്. സാങ്കേതികജ്ഞാനവും അക്ഷരവിദ്യാഭ്യാസവും കഴിഞ്ഞതലമുറയില്‍ ഒരു കുടുംബത്തെ കൈവിട്ടു. അതിന് പ്രത്യേക കാരണങ്ങളുണ്ടാവും. എന്നാല്‍, ഇവരുടെ അടുത്ത തലമുറയും ചക്രങ്ങള്‍ ആഞ്ഞു ചവിട്ടി ജീവിക്കാന്‍ വിധിക്കപ്പെടരുത്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന് ഇവര്‍ക്ക് സാധിക്കുന്നില്ല. സാമ്പത്തികപ്രയാസംതന്നെ മുഖ്യകാരണം. വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന കേരളീയ സമൂഹത്തിലെ സംഘടനകള്‍ക്ക് ഈ കുട്ടികളെ സഹായിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്കിയാല് ആ കുട്ടികള്‍ കേരളത്തില്‍വന്ന് പഠിക്കാനും തയാറാണ്. വീണ്ടും വീണ്ടും സൈക്കിള്‍ റിക്ഷകളുടെ നീണ്ടനിരകളും യുവ രാജാക്കന്മാരുടെ ശോച്യ ചിത്രങ്ങളുമാണ് മാധ്യമങ്ങളും വായനക്കാരും പ്രതീക്ഷിക്കുന്നതെന്ന ധ്വനി ഈ കുടുംബത്തിന്റെ ദയനീയശബ്ദത്തിലുണ്ട്. അയര്‍ലന്‍ഡിലെയും ലണ്ടനിലെയും മ്യൂസിയത്തില്‍നിന്ന് വിലമതിക്കാനാവാത്ത കൊള്ളമുതലുകള്‍ ഇന്ത്യാ രാജ്യത്തിന് വിട്ടുകൊടുക്കുമെന്ന് ഇനിയും തലമുറകളോളം എഴുതുകയും പ്രസംഗിക്കുകയുമാവാം. കാളിഘട്ടിലെ അന്യാധീനപ്പെട്ട സ്ഥലത്തിന്‍െറ വിസ്തൃതിയും വിലയും തിട്ടപ്പെടുത്തി മുമ്പ് കൊല്‍ക്കത്ത ഭരിച്ചവരെയും പുതുതായി അധികാരത്തിലിരിക്കുന്നവരെയും കുറ്റപ്പെടുത്താം.
എന്നാല്‍, അതിനൊന്നും അനന്തതയിലേക്ക് മിഴിച്ചുനില്‍ക്കുന്ന ഈ റിക്ഷക്കാരുടെ കണ്ണിലെ ആധിയകറ്റാനാവില്ല. ഈ കുടുംബത്തിന്റെയുള്ളിലെരിയുന്ന കനലിന് ഒരല്പം ശമനംവരുത്താന്‍ കഴിയില്ല. നിറങ്ങളുള്ള അക്ഷരങ്ങള്‍ പാറിപ്പറക്കുന്ന ഒരു പള്ളിക്കൂടത്തില്‍ ഈ പുതിയ തലമുറയെ പ്രവേശിപ്പിക്കാനായാല് അതായിരിക്കും ടിപ്പു എന്ന വലിയ ദേശാഭിമാനിയോട് ഇന്ന് കാലംചെയ്യുന്ന വലിയ നീതി. അത്രക്ക് അധികമായിരുന്നു ടിപ്പുവിന്റെ അറിവിനോടുള്ള പ്രതിബദ്ധത. വിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.