വിനോദസഞ്ചാരവും തീര്‍ഥാടനവും ഒറ്റ ഡസ്റ്റിനേഷനില്‍ അനുഭവിക്കാവുന്ന പ്രകൃതിയുടെ പാക്കേജ്, മുരുടേശ്വരം. ശാന്തമായ അറേബ്യന്‍കടലും ചാഞ്ഞിറങ്ങുന്ന പശ്ചിമഘട്ടവും ഇരുവശത്തുനിന്നും താലോലിക്കുന്ന ഭൂമിയാണിത്. കര്‍ണാടകത്തിലെ ഉത്തരകന്നട ജില്ലയില്‍ ഭട്കല്‍ താലൂക്കിലെ ചെറുപട്ടണമാണ് മുരുടേശ്വരം. മനോഹര ബീച്ചും അതിനോട് ചേര്‍ന്ന ക്ഷേത്രവും പിക്നിക് കേന്ദ്രങ്ങള്‍ക്കു ചേര്‍ന്ന റസ്റ്ററന്‍റുകളും റിസോര്‍ട്ടുകളുമെല്ലാം മുരുടേശ്വരത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. കൊങ്കണ്‍ പാതയില്‍ മുരുടേശ്വരത്തിറങ്ങി ഇവിടെയത്തൊം. മംഗലാപുരത്തുനിന്ന് 150 കിലോമീറ്ററാണ് റോഡ് ദൂരം.
.jpg)
മുരുടേശ്വര ക്ഷേത്രത്തിന് മുന്നിലത്തെിയപ്പോള്‍ കണ്ണിന് അഭിമാനം തോന്നി. എന്നാല്‍ കാമറ നാണിച്ചുനിന്നു, സ്വന്തം കഴിവുകേട് ഓര്‍ത്ത്. ശില്‍പങ്ങളില്‍ കുളിച്ചുപുതച്ച് അംബരചുംബിയായി നില്‍ക്കുന്ന ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ഒരു ചിത്രമെടുക്കാന്‍ താല്‍പര്യമുണ്ടാത്ത ആരുമുണ്ടാകില്ല. എന്നാല്‍ കൊണ്ടുവന്ന കാമറക്ക് അതിനുള്ള ശേഷി വേണ്ടേ. എന്‍െറ കാമറയുടെ തോല്‍വിയിയിലേക്ക് പതിവ് ഭാവത്തോടെ നോക്കിയിരിപ്പാണ്, അവിടത്തന്നെ താവളമടിച്ച ചിത്രമെടുപ്പുകാര്‍. ഒടുവില്‍ അവരത്തെി. അംബരചുംബിയും അതിനുമുന്നില്‍ ജാള്യതയോടെ നില്‍ക്കുന്ന ഞാനും അവരുടെ കാമറയില്‍ ഗംഭീരമായി കയറിക്കൂടി.
മനോഹര തീരത്ത്, അറബിക്കടലിലേക്ക് കൈനീട്ടിയ ഭൂമിയില്‍ കാലുറപ്പിച്ച്നില്‍ക്കുന്ന ശിവക്ഷേത്രമാണ് മുരുടേശ്വരം. മുന്നുവശവും കടലാണെന്നാണ് പറയാറ്. എന്നാല്‍ എനിക്കനുഭവപ്പെട്ടത് മൂന്നരയിലേറെയും കടലാണെന്നാണ്.
‘കന്യാകുമാരിസ്ഥിതിയാതിയായി ഗോകര്‍ണാന്തമായി തെക്കുവടക്കുനീളെ അന്യോന മമ്പാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ലരാജ്യം’ എന്നാണ് ഇതിഹാസത്തില്‍ കവി കേരളത്തെ ഭൂമി ശാസ്ത്രപരമായി നിര്‍വചിച്ചത്. ആ നിര്‍വചനത്തില്‍ മുടേശ്വരം കേരളത്തിലാണല്ളോ എന്ന നഷ്ടബോധം നമുക്കിവിടെ വെച്ച് ഓര്‍മവരും.
എത്ര കണ്ടാലും മതിവരാത്ത കമനീയ ശില്‍പങ്ങള്‍. ക്ഷേത്ര ഗോപുരം അതിശയിപ്പിക്കും. ശിവനാണ് മുരുടേശ്വരന്‍. ലോകത്തിലെ രണ്ടാമത്തെ ശിവപ്രതിമയുള്ളത് മുരുടേശ്വരക്ഷേത്രത്തിലാണ്. 123 അടി ഉയരമുണ്ടിതിന്. ഇവിടുത്തെ ഐതിഹ്യ പെരുമയോളം വര്‍ണ്ണിക്കാനുണ്ട് പ്രകൃതി സൗന്ദര്യത്തെയും. കൊല്ലൂരിലേക്കും കുടജാദ്രിയിലേക്കുമെല്ലാം പോകുന്ന തീര്‍ത്ഥാടകരുടെ ഇഷ്ട സ്ഥലം കൂടിയാണ് മുരടേശ്വരം. ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന കടല്‍ത്തീരമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രം. ഭക്തിയും പ്രകൃതിസൗന്ദര്യവും സംഗമിക്കുന്ന ഈ മണ്ണ് ശാന്തിയുടെ കേന്ദ്രമാകുന്നത് എങ്ങനെയെന്ന് അധികം ആലോചിക്കേണ്ടിവരില്ല.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്ന് ഇവിടേക്ക് 65 കിലോമീറ്ററാണ്. ഏതുവശത്തുകൂടി വരികയാണെങ്കിലും കിലോമീറ്ററുകള്‍ അകലെനിന്നേ മുരുടേശ്വരന്‍ കൈനീട്ടിവിളക്കും. രാജഗോപുരം എന്ന് വിശേഷിപ്പിക്കുന്ന ക്ഷേത്രഗോപുരം അത്രദൂരെനിന്നുതന്നെ കാണാം. 22 നിലകളായി 249 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന രാജഗോപുരം ആരെയും അത്ഭുതപ്പെടുത്തും. കൊത്തുപണികളിലാണ് ഓരോ നിലയും കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഈ ഗോപുരത്തിനകത്ത് ചെറു ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. പ്രധാന ഗോപുരവും ക്ഷേത്രങ്ങളും നിലകൊള്ളുന്നതിന്‍െറ പിന്നിലാണ് ശിവപ്രതിമ. ഒപ്പമുള്ള, നന്ദിയടക്കമുള്ള അനുബന്ധപ്രതിമകളും ആകാര വലിപ്പം കൊണ്ട് തീര്‍ത്ഥാടകരെ വിസ്മയിപ്പിക്കും. പാറക്കെട്ടുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പാറക്കെട്ടുകള്‍ക്കിടയില്‍ നിലകൊള്ളുന്ന ശ്രീകോവിലും മറ്റൊരു ആകര്‍ഷണം. ശില്‍പ ചിത്ര ശൈലികളില്‍ ദ്രാവിഡ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു, മുടേശ്വരം കലാവിരുത്. കെട്ടിട സമുച്ചയത്തിന്‍െറ ഉയരവും വീതിയും വിസ്തൃതിയുമെല്ലാം ആറോ അതിന്‍െറ ഗുണിതങ്ങളോ എന്ന കണക്കിലാണ് നിര്‍മിച്ചത്.
കടല്‍തീരത്തായതിനാല്‍ ഉപ്പുകാറ്റ് ശില്‍പങ്ങള്‍ക്ക് ദോഷം വരുത്താറുണ്ട് എന്ന് പറയുന്നു. അപ്പപ്പോള്‍ പുനര്‍ നിര്‍മ്മാണം വേണ്ടിവരുമെങ്കിലും അത്ഒടുവില്‍ നടന്നത് 1977-ലാണ്. ഒമ്പത് വര്‍ഷം നീണ്ട് നിന്ന നിര്‍മാണ പ്രവര്‍ത്തനമായിരുന്നു അത്. തമിഴ്നാട്ടുകാരായ 300 ശില്‍പ്പികളുടെ രാപ്പകല്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് ഇന്ന് കാണുന്ന മനോഹര ക്ഷേത്ര സമുച്ചയങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. ഗ്രാനൈറ്റും സ്റ്റീലും പതിച്ചാണ് നവീകരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ നിയോഗിക്കുന്ന ട്രസ്റ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ധനുമാസത്തിലാണ് ഇവിടുത്തെ പ്രധാന ഉല്‍സവം. ഓരാഴ്ച നീളുന്ന രഥോല്‍സവമാണിത്. കുംഭമാസത്തില്‍ ശിവരാത്രി ആഘോഷം ഉണ്ടാകും. ത്രികാല പൂജ, ഏകാദശ രുദ്രം, അഷ്ടോത്തരശതം, പഞ്ചാമൃതം തുടങ്ങിയവയാണ് വഴിപാടുകള്‍.

ഇന്ദ്രാദി ദേവതകളാല്‍ പൂജിച്ചു വന്ന സര്‍വ്വാഭിഷ്ടപ്രദമായ പരമശിവന്‍െറ ആത്മലിംഗം കൈവശമാക്കാന്‍ ലങ്കാധിപനായ രാവണന്‍ കഠിന തപസ്സ് ചെയ്തു. തപസ്സില്‍ സംപ്രീതനായ പരമശിവന്‍ വരദാനമായി ആത്മലിംഗം രാവണന് കൈമാറി. പക്ഷെ ഒരു നിബന്ധന, ഒരു കാരണത്താലും ശിവലിംഗം താഴെ വെയ്ക്കരുത്. താഴെ വെച്ച് പോയാല്‍ പിന്നെ തിരിച്ചെടുക്കാനാവില്ല. ആത്മലിംഗം ലങ്കയിലത്തെിയാല്‍ ദേവലോകത്തുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് ദേവന്‍മാര്‍ ഗണപതിയെ ശരണം പ്രാപിച്ചു. ഗോകര്‍ണമത്തെിയപ്പോള്‍, കര്‍മാനുഷ്ഠാനങ്ങളില്‍ വ്യതിചലിക്കാത്ത രാവണന്‍ ലിംഗം കൈമാറാന്‍ ആരെയെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. ഈ സമയം ഗണപതി ഒരു ബ്രാഹ്മണ ബാലന്‍െറ രൂപം ധരിച്ച് രാവണന്‍െറ സമീപമത്തെി. ലിംഗം കൈമാറി രാവണന്‍ നിത്യകര്‍മം നടത്താന്‍ പോയി. പോകും മുമ്പ് ഗണപതി ഒരു നിബന്ധന മുന്നോട്ട് വെച്ചു. മൂന്നുപ്രാവശ്യം വിളിക്കുമ്പോഴേക്കും എത്തിയില്ളെങ്കില്‍ ലിംഗം നിലത്ത് വെയ്ക്കും. ഉചിതമായ സമയം എത്തിയപ്പോള്‍ ഗണപതി രാവണനെ പതിയെ മൂന്ന് വട്ടം വിളിക്കുകയും ലിംഗം നിലത്ത് വെക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ രാവണന്‍, താഴ്ന്നുപോയ ലിംഗം പുറത്തെടുക്കാന്‍ വിഫലശ്രമം നടത്തി. ശ്രമം നിഷ്ഫലമായപ്പോള്‍ ലിംഗത്തെ മൂടിയിരുന്ന ആവരണ വസ്ത്രം വലിച്ചെടുത്ത് ദൂരേക്കെറിഞ്ഞു. ആ വസ്ത്രം വന്ന് വീണ ഇടമാണ് മുരടേശ്വര്‍.
രാവണന്‍ എറിഞ്ഞ ദിവ്യവസ്ത്രം ലിംഗ രൂപം കൈകൊണ്ടുവത്രെ. മുടേശ്വര്‍ എന്നത് പില്‍ക്കാലത്ത് മുരുടേശ്വര്‍ എന്നായി മാറുകയാണ് ഉണ്ടായതെന്നും പറയപ്പെടുന്നു. പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന് പുറമെ ഗണപതി, ഗൗരി, ദത്താത്രേയന്‍, സുബ്രഹ്മണ്യന്‍, ഹനുമാന്‍, നവഗ്രഹങ്ങള്‍, നാഗദേവതകള്‍ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. മുരുടേശ്വരത്തിന് ചുറ്റിനില്‍ക്കുന്ന പര്‍വതത്തില്‍ കമണ്ഡല തീര്‍ത്ഥം, ജടാ തീര്‍ത്ഥം, ഭീമ തീര്‍ത്ഥം, ശംഖ തീര്‍ത്ഥം എന്നിങ്ങനെ പുണ്യ തീര്‍ത്ഥങ്ങളും ക്ഷേത്ര പരിസരത്തായി ദേവതീര്‍ത്ഥം എന്നൊരു കുളവും ഉണ്ട്. വിശ്വാസിക്കും അവിശ്വാസിക്കും ഹിന്ദുവിനും അഹിന്ദുവിനും മുരുടേശ്വരത്ത് കാണാനും അനുഭവിക്കാനുമേറെയുണ്ട്. ആരയാലും ആശാന്‍ പറഞ്ഞപോലെ, ‘നേരെ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി ആരാകിലെന്ത് മിഴിയുള്ളവന്‍ നിന്നിരിക്കാം...’
.jpg)
മുരുടേശ്വരത്തിന്റെ സമീപത്തുള്ള സഞ്ചാരകേന്ദ്രങ്ങള്‍: ഭട്കല്‍ -16 കി.മീ. ഇടഗുഞ്ച് -20 കി.മീ. ഗോകര്‍ണ്ണം -65 കി.മീ. കാര്‍വാര്‍-120 കി.മീ. കൊല്ലൂര്‍ -63 കി.മീ. ജോഗ് ഫാള്‍സ് -90 കി.മീ. മഞ്ചുഗുനി -90 കി.മീ. ഉഡുപ്പി -100 കി.മീ.