കൊലയും കൊള്ളയുമില്ല തടവുകാരുമില്ല
text_fieldsകഴിഞ്ഞയാഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഫറോക്കിലെ പി.സി. ബശീര്‍, ആലുവയിലെ ഇബ്രാഹീം കുട്ടി, ഓമശ്ശേരിയിലെ അബ്ദുല്ലത്വീഫ് എന്നിവരായിരുന്നു സഹയാത്രികര്‍. അഗത്തിയില്‍ പുതുതായി നിര്‍മിച്ച പള്ളി ഉദ്ഘാടനമായിരുന്നു യാത്രോദ്ദേശ്യം. ശരിയായ പേര് ആക്കത്തി എന്നാണ്.
അഗത്തി എന്ന കൊച്ചു ദ്വീപില്‍ 8,000ത്തോളമാണ് ജനസംഖ്യ. ജനസാന്ദ്രത ഏറിയിട്ടും അഗത്തിയുടെ അറിയപ്പെടുന്ന ചരിത്രത്തില്‍ ഇന്നോളം ഒരൊറ്റ കൊലപാതകമോ ബലാത്സംഗമോ നടന്നിട്ടില്ല. അവിടത്തെ ജയിലില്‍ ഒരാള്‍പോലുമില്ല. കളവും പിടിച്ചുപറിയുമില്ല. ഞങ്ങള്‍ താമസിച്ച മൂന്നു ദിവസവും വാതില്‍ പൂട്ടാതെയാണ് പുറത്തു പോയിരുന്നത്. നായയും പാമ്പും കാക്കയുമില്ലാത്തതുപോലെത്തന്നെ സ്ത്രീധനവും അഴിമതിയും കൈക്കൂലിയുമില്ല. അഗത്തിയില്‍ അതിസമ്പന്നരോ പരമ ദരിദ്രരോ ഇല്ല. അയല്‍ക്കാരില്‍ അസൂയ ഉണ്ടാക്കുന്ന പടുകൂറ്റന്‍ കൊട്ടാരങ്ങളില്ല. ഇരുനില കെട്ടിടങ്ങള്‍പോലും അത്യപൂര്‍വം. വീടുകള്‍ക്കു ചുറ്റും മതിലുകളില്ലാത്തതുപോലെത്തന്നെ മനസ്സുകളുടെ മുമ്പിലും മതിലുകളില്ല.
രാത്രിയായാല്‍ ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ കൂട്ടംകൂടിയിരുന്ന് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതും സൗഹൃദം പങ്കിടുന്നതും സാധാരണ കാഴ്ചയാണ്. എല്ലാ അര്‍ഥത്തിലും മതം വിഭാവനം ചെയ്യുന്ന പേടിയും പട്ടിണിയുമില്ലാത്ത നാടാണ് അഗത്തി. കരയില്‍ നിന്നെത്തുന്ന മതപുരോഹിതന്മാരുടെ ചൂഷണവും അന്ധവിശ്വാസങ്ങളും ഉദ്യോഗസ്ഥന്മാരുടെ അരുതായ്മകളും കൂടി ഇല്ലായിരുന്നെങ്കില്‍ എന്ന് സുമനസ്സുകളൊക്കെ കൊതിച്ചുപോകും അവിടം കണ്ടാല്‍.
അഗത്തി നിവാസികള്‍ക്ക് ഈ ജീവിതവിശുദ്ധിയും നന്മയും നല്‍കിയത് ആധുനിക ഭൗതിക വിദ്യാഭ്യാസമല്ലെന്നുറപ്പ്. ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ല. ശാസ്ത്രനേട്ടങ്ങളും സാങ്കേതികവിദ്യയുമല്ല. അതൊക്കെയായിരുന്നുവെങ്കില്‍ കേരളീയരായ നാം അവരേക്കാള്‍ എത്രയോ വിശുദ്ധരും നല്ലവരുമാകേണ്ടതായിരുന്നു. ജീവിതസൗകര്യങ്ങളിലും ഭൗതിക വിഭവങ്ങളിലും അഗത്തി നിവാസികള്‍ നമ്മേക്കാള്‍ ഏറെ പിന്നിലാണെങ്കിലും മനഃശാന്തിയിലും സ്വസ്ഥതയിലും വളരെ മുന്നിലാണ്. അതുകൊണ്ടുതന്നെ, അഗത്തിക്ക് ആത്മഹത്യ തീര്‍ത്തും അപരിചിതമാണ്. കുടുംബഭദ്രതയിലും അവര്‍തന്നെ മുന്നില്‍. വിവാഹമോചനം അത്യപൂര്‍വമത്രെ. ദ്വീപ്നിവാസികളെ കളവില്‍നിന്നും കൊള്ളയില്‍നിന്നും കൊലയില്‍നിന്നും മറ്റും തടഞ്ഞുനിര്‍ത്തുന്നത് ദൈവവിശ്വാസവും മതബോധവും തന്നെ. മനുഷ്യരൊക്കെയും ജന്മനാ നല്ലവരാണ്. ദുഷ്ടരോ പാപികളോ അല്ല. പിറന്നുവീഴുന്ന പിഞ്ചുപൈതല്‍ പരമപരിശുദ്ധനാണ്, ഏറെ നിഷ്കളങ്കനും. വളര്‍ന്നു വലുതാകുമ്പോള്‍ ഈ ശൈശവ വിശുദ്ധി നഷ്ടമാവാതിരിക്കുകയാണ് വേണ്ടത്. യഥാര്‍ഥ ദൈവവിശ്വാസം ഇത് സാധ്യമാക്കുന്നു. ദൈവം സദാതന്നെ കണ്ടുകൊണ്ടിരിക്കുന്നു. തന്റെ കര്‍മങ്ങളെ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നു. അതിലെ നന്മ-തിന്മകള്‍ക്കനുസരിച്ച് മരണശേഷം മറുലോക ജീവിതത്തില്‍ രക്ഷാ-ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും. ഈ വിശ്വാസത്തിന്റെ സജീവതയും സുദൃഢതയുമനുസരിച്ച് മനുഷ്യന്‍ തിന്മയില്‍ നിന്നകലുന്നു. നന്മയില്‍ വ്യാപൃതനാവുന്നു.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ തന്റെ ഒരനുഭവം വിശദീകരിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചമ്രവട്ടം സ്വദേശിയായ അദ്ദേഹം പൊന്നാനി ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. തോണിയിലായിരുന്നു യാത്ര. എന്നും ആ തോണിയില്‍ ഒരു വെറ്റിലക്കച്ചവടക്കാരനുണ്ടായിരുന്നു. അയാളുടെ വശം രണ്ടു തരം വെറ്റിലക്കെട്ടുകളും. ഒന്ന് അതിരാവിലെ നുള്ളിയെടുക്കുന്ന പച്ചപ്പുള്ള പുതുവെറ്റിലയുടേത്. രണ്ടാമത്തേത് തലേന്നാള്‍ അങ്ങാടിയില്‍നിന്ന് വില്‍ക്കാതെ മടക്കിക്കൊണ്ടുവന്ന വാടിയ വെറ്റിലയുടേതും. ഇത് ശ്രദ്ധിച്ചു കൊണ്ടിരുന്ന രാധാകൃഷ്ണന്‍ ഒരു ദിവസം അയാളോട് ചോദിച്ചു: 'അല്ല കാരണോരേ, എന്തിനാണ് ഈ രണ്ട് വെറ്റിലക്കെട്ട്? വാടിയ വെറ്റില നല്ലതിന്റെ ഉള്ളില്‍ അടുക്കിവെച്ചാല്‍ പോരേ? എന്നാല്‍, ഒരുകെട്ട് കൊണ്ടുപോയാല്‍ മതിയാകും.നല്ല വിലയും കിട്ടും.'
ഇതുകേട്ട് വെറ്റിലക്കച്ചവടക്കാരന്‍ തന്റെ ഗ്രാമ്യമായ ഭാഷയില്‍ പറഞ്ഞു: 'ന്നാലും മക്കളേ, പടച്ചോന്‍ കാണൂലേ? അവന്‍ നമ്മളെ വെറുതെ വിടുമോ?'
കാലില്‍ ചെരിപ്പില്ലാത്ത, ഷര്‍ട്ട് ധരിച്ചിട്ടില്ലാത്ത, സ്വന്തം പേരുപോലും എഴുതാനറിയാത്ത ഒരു ഗ്രാമീണന്റെ ജീവിതവിശുദ്ധിയാണിത്. ഇതിനു കാരണമായ ഈശ്വരവിശ്വാസമില്ലെങ്കില്‍ സാധാരണക്കാരും പ്രമുഖരും ഒരുപോലെ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാകും. അതിനാലാണല്ലോ വോള്‍ട്ടയര്‍ ഇങ്ങനെ പറഞ്ഞത് 'എന്റെ പാല്‍ക്കാരന്‍ ദൈവവിശ്വാസിയാവുന്നതാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ അയാള്‍ പാലില്‍ വെള്ളം ചേര്‍ക്കും.'
ബുദ്ധിസാമര്‍ഥ്യവും വിദ്യാവര്‍ധനയും വിശുദ്ധജീവിതത്തിന് വഴിയൊരുക്കണമെന്നില്ല. ശാസ്ത്ര ജ്ഞാനത്തിന്റെ സ്ഥിതിയും അതുതന്നെ. സാങ്കേതിക വൈദഗ്ധ്യവും സന്മാര്‍ഗബോധവും തമ്മില്‍ ബന്ധമില്ല. സര്‍ഗസിദ്ധി സദാചാരനിഷ്ഠയുടെ നിദാനമല്ല. ബഹുമുഖ ജീവിതമേഖലകളില്‍ മഹത്വമാര്‍ജിക്കുന്നത് മ്ലേച്ഛവൃത്തികള്‍ക്ക് മറയിടാന്‍ ഏറെ സഹായകമാകുമെന്നതിനാല്‍ പ്രശസ്തരായ പലരും കൊടും കുറ്റവാളികളായിരിക്കും. റൂസോ, ഷെല്ലി, മാര്‍ക്സ്, ഇബ്സണ്‍, ടോള്‍സ്റ്റോയ്, ഹെമിങ്വെ, ബര്‍ട്രാന്റ് റസ്സല്‍, ബ്രഹത്, ഴാന്‍പോള്‍ സാര്‍ത്രെ പോലുള്ള പലരുടെയും ജീവിതത്തിലെ ഹീനവും രാക്ഷസീയവുമായ വശങ്ങളെ പരിചയപ്പെടുത്തുന്നു പോള്‍ ജോണ്‍സണ്‍ രചിച്ച 'ദ ഇന്റലക്ച്വല്‍സ്' എന്ന പുസ്തകം. ടോള്‍സ്റ്റോയ് എന്നും ഡയറി എഴുതുമായിരുന്നു. അത് അദ്ദേഹമറിയാതെ ഭാര്യ വായിച്ചു. ടോള്‍സ്റ്റോയിയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം മുഴുവന്‍ ഭാര്യ അതിന്റെ താളുകളില്‍ കണ്ടു. ഭാര്യ അത്യധികം അസ്വസ്ഥയായി. അതവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തി.
മനുഷ്യനെ നന്നാക്കുന്നതില്‍ പണവും പദവിയും പേരും പ്രശസ്തിയും കലയും സാഹിത്യവും ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ പരാജയപ്പെടുന്നുവെന്നതാണ് ഇന്നോളമുള്ള ചരിത്രാനുഭവം. സമകാലിക ലോകത്തിലെ അനുഭവങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. എന്നാല്‍, യഥാര്‍ഥ ദൈവവിശ്വാസവും മതബോധവും ഈ രംഗത്ത് വിസ്മയകരമായ വിജയം കൈവരിക്കുന്നു. കഴിഞ്ഞകാല ചരിത്രത്തിലെന്നപോലെ മതത്തിന് ഇന്നും ഇത് സാധ്യമാണെന്ന് അഗത്തിയിലെ അനുഭവം തെളിയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.