അണക്കെട്ടുകള്‍ക്ക് മീതെ പറക്കുന്ന കാറ്റുകള്‍
text_fieldsഈ പാറക്കെട്ടിന്റെ മുകളില്‍ ഇരുന്നാല്‍ താഴെ മലമ്പുഴ ശാന്തമായി ഉറങ്ങുന്നത് കാണാം. ഈ ഡാമും പുഴയും ചുറ്റുവട്ടവുമെല്ലാം പ്രിയപ്പെട്ടതാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇവിടേക്കായിരുന്നു എന്റെ ആദ്യ വിനോദയാത്ര. കഴിഞ്ഞ ഡിസംബറിലും ഞാനീ ഡാമിന്റെ മുകളിലൂടെ നടന്നു. കൂടെ എന്റെ ആറ് വയസ്സുള്ള മകനുമുണ്ടായിരുന്നു. അവന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട തിളക്കത്തിന് കുറേ വര്‍ഷങ്ങളുടെ പഴക്കം തോന്നി. ഉപ്പയുടെ കൈപിടിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നു നീങ്ങിയ എന്റെ കണ്ണുകളില്‍ നിറഞ്ഞ അതേ തിളക്കമല്ലേ അത്?
യാത്രകളില്‍ നമ്മെ ഇപ്പോഴും പിന്തുടരുന്ന ഒരു സഹചാരിയുണ്ട്. കാറ്റ്. നമ്മുടെ മൂഡിനൊപ്പം സന്തോഷിക്കാന്‍, ദുഃഖിക്കാനും പിണങ്ങാനും പരിഭവിക്കാനും ഇത്രയും നല്ലൊരു സഹയാത്രികക്കല്ലാതെ ആര്‍ക്ക് പറ്റും? ഡാമുകള്‍ക്ക് മീതെ പറക്കുന്ന കാറ്റുകള്‍ക്ക് പക്ഷേ ഒരേ ഭാവമാണോ? അല്ളെന്നാണ് എന്റെ പക്ഷം. മലമ്പുഴ ഡാമിലെ കാറ്റ് ഓര്‍മിപ്പിക്കുന്നത് നേരത്തെ പറഞ്ഞ ബാല്യമാണ്. സ്നേഹപൂര്‍വമുള്ള തലോടല്‍ പോലെ. അതിലൊരു വാത്സല്യം ഞാനറിയുന്നുണ്ട്. ഒരു പക്ഷേ, ആദ്യത്തെ യാത്രയും ഉപ്പയുടെ വിരല്‍ത്തുമ്പും ആകാം അത്തരം ഒരു വൈകാരിക തലം മലമ്പുഴക്കാറ്റിനോട് തോന്നാന്‍ കാരണം .
***
രണ്ടറ്റവും കാട്. അതിനെ ബന്ധിപ്പിച്ച്, ശിരുവാണി പുഴയെ നെടുകെ പിളര്‍ന്ന് ശിരുവാണി ഡാം. ചിലപ്പോഴൊക്കെ ഒറ്റപ്പെടാന്‍ ആഗ്രഹിക്കാറില്ലേ നമ്മള്‍...? ഒരു സന്യാസിയെപ്പോലെ അലഞ്ഞും തിരിഞ്ഞും അങ്ങനെയങ്ങനെ. എന്തോ എനിക്കങ്ങനെ തോന്നാറുണ്ട്. അങ്ങനെ തോന്നുമ്പോഴൊക്കെ ഞാന്‍ മനസ്സുകൊണ്ട് ഇവിടെ വരും . ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഇറങ്ങിച്ചെന്ന് പാട്ടിയാര്‍ പുഴയെ നോക്കി ധ്യാനിക്കും. അപ്പോള്‍ കരിമല കുന്നിറങ്ങി ഒരു കാറ്റ് വരും. അത് വട്ടം ചുറ്റുമ്പോള്‍ ഞാനെന്നെ മറക്കും. ഈ കരിമലക്കുന്നില്‍, രണ്ടാം ലോകയുദ്ധ കാലത്ത് ബ്രിട്ടീഷ് റോയല്‍ ഫോഴ്സിന്റെ യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു എന്നുപറയുന്നു. അതിനോടൊപ്പം ഈ കാടിന്റെ നിഗൂഢതയില്‍ മറഞ്ഞുപോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും...?
ശിരുവാണി ഡാം
ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറേ ജീവനും കാണില്ലേ? ഈ അണക്കെട്ടിന് മുകളില്‍നിന്ന് കുറേ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും, വായിച്ചും, പഠിച്ചും അറിഞ്ഞ യുദ്ധത്തിന്റെ ഓര്‍മകള്‍. അതിന്റെ അടയാളമായി ഒരു ദുരന്തവും, പിന്നെ ചുരുളഴിയാത്ത കുറേ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറേ നേരം. ഒരു കാറ്റു വന്ന് ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞുതന്നിരുന്നുവെങ്കില്‍...!
എപ്പോഴും വിലാപകാവ്യം കേള്‍പ്പിച്ചൊരു കാറ്റ് പറന്നുപോവാറുണ്ട്. കക്കയം ഡാമിന്റെ താഴ്വരയില്‍ പെയ്യുന്ന മഴക്ക് പോലും ഉണ്ടാവും ഉപ്പുരസം. ചോദിച്ചുനോക്കൂ ആ കാറ്റിനോട്, എന്തിനിങ്ങനെ വിലാപകാവ്യം പാടി വീശിയകലുന്നു എന്ന്? ഒരു നിമിഷം നിന്ന്, കുറ്റ്യാടി പുഴയില്‍ മുങ്ങാങ്കുഴിയിട്ട് കാറ്റ് പറയും, ഒരച്ഛന്റെ വേദനയെപ്പറ്റി. മകന്റെ ഘാതകരെ തേടി, നീതിദേവതയുടെ കടാക്ഷം തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞുതീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെപ്പറ്റി. അലക്ഷ്യമായി വീശുന്ന കാറ്റിനെപ്പോലെ ആ ചോദ്യവും അവസാനിച്ചു. ഇനിയൊരിക്കല്‍കൂടി കക്കയം ഡാം കാണാന്‍ എനിക്ക് താല്‍പര്യമില്ല.
ഒരു സമരജീവിതത്തെ ഓര്‍മപ്പെടുത്തുന്നൊരു ശിലാഫലകമുണ്ട് കക്കി അണക്കെട്ടിന്റെ ചുവരുകളില്‍. ഉദ്ഘാടനം ചെയ്തത് ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന്. 1967ല്‍ ഈ ഡാം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ഭൂപരിഷ്കരണം തുടങ്ങി കുറേ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഇ.എം.എസ് ഉദ്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. പച്ചനിറമുള്ള വെള്ളത്തിലേക്ക് നോക്കിയിരിക്കാന്‍ ഭയം തോന്നുന്നുണ്ട്. നല്ല ആഴമുണ്ട്. ഒരു നിമിഷം മുങ്ങാങ്കുഴിയിട്ട് അതിന്റെ അടിത്തട്ടിലൊന്ന് പോയിവന്നാലോ എന്നൊരു ഭ്രാന്തന്‍ ആവേശം എന്നെ പിടികൂടി. നിഗൂഢതകളുടെ പുറം ചട്ടകള്‍ ഉണ്ടെന്ന് തോന്നുന്ന ഡാമുകളിലൊക്കെ ഇങ്ങനെ തോന്നാറുണ്ട് എനിക്ക്. ഒരു പക്ഷേ, ചുറ്റും കാണുന്ന നിബിഡ വനങ്ങളാവാം അതുപോലൊരു നിഗൂഢതലം അനുഭവിപ്പിക്കുന്നത്. വല്ലാത്തൊരു അപരിചിതത്വം തോന്നി കക്കിയിലെ കാറ്റിനോട്. ഒട്ടും സൗഹാര്‍ദമില്ലാത്ത ഒന്നുപോലെ. അതിനൊരു കാരണം പറയാന്‍ ഞാനശക്തനാവുന്നു.
കക്കി ഡാം
പച്ചക്കാനം പമ്പ ഹൗസിന്റെ മുറ്റത്തിരുന്നാല്‍ താഴെ പമ്പ ഡാം കാണാം. അടുത്തേക്ക് പ്രവേശം ഇല്ല. ഞാന്‍ താഴോട്ട് നോക്കി നിസ്സഹായനായി ഇരുന്നു. അതറിഞ്ഞോ എന്തോ , താഴെ കാണുന്ന മരങ്ങളുടെ ചില്ല കിലുക്കി ആ കാറ്റ് എന്നെ തേടി ഇങ്ങോട്ടുവന്നു. ഒരു യാത്രയുടെ ആലസ്യത്തിലിരുന്ന എന്നെ കുളിര്‍പ്പിച്ച് സൗഹൃദത്തിലാക്കി. ഒരിത്തിരി പമ്പാ വിശേഷങ്ങളും പറഞ്ഞ് തിരിഞ്ഞോടി. പമ്പയിലെ ഓളങ്ങളെ ഉണര്‍ത്തി അവയോടൊപ്പം ലയിച്ചു. നിമിഷ നേരംകൊണ്ട് പരിചയത്തിലാവുന്ന കൂട്ടുകാരെപ്പോലെ ആയി ഞങ്ങള്‍.
കാടിന്റെ രാത്രിക്കും പകലിനും ചെവിയോര്‍ത്ത് പമ്പ ഹൗസിന്റെ മുറ്റത്ത് ചുറ്റി ത്തിരിയുമ്പോഴെല്ലാം വിശേഷണങ്ങള്‍ പറഞ്ഞ് ആ കാറ്റുമുണ്ടായിരുന്നു കൂടെ. പിറ്റേന്ന് തിരിച്ചിറങ്ങുമ്പോള്‍ യാത്രയയക്കാന്‍ കൂടെ വന്നു. കുറേ ദൂരത്തോളം.
ഏറ്റവും പ്രണയാതുരമായ കാറ്റിനെ അറിയണമെങ്കില്‍ മൂന്നാറിലേക്ക് പോവണം. മാട്ടുപ്പെട്ടി അണക്കെട്ടിന്‍െറ മുകളിലിരുന്നാല്‍ മനോഹരമായ തടാകം കാണാം. സായാഹ്നങ്ങളില്‍ ഇവിടെ പോയി നില്‍ക്കൂ. ദൂരെ കുന്നിന് മുകളില്‍ കോടമഞ്ഞ് കാണാം. കണ്ണുകള്‍ ചിമ്മി ഒന്ന് മാടി വിളിച്ചാല്‍, ആ മഞ്ഞിന്റെ തണുപ്പും വഹിച്ച് മാട്ടുപ്പെട്ടി കാറ്റ് കുതിച്ചുവരും. ഒരാവേശത്തോടെ ആ പ്രണയക്കാറ്റ് നമ്മെ വാരിപ്പുണരും. സ്വയം മറന്ന് നിന്നുപോകവേ തന്നെ സൂര്യന്‍ വഴിമാറും. തടാകത്തിന് മീതെ വെള്ളിവെളിച്ചം വിതറി ചന്ദ്രനുദിക്കും. മിന്നി മിന്നി നക്ഷത്രങ്ങളും. സ്നേഹിച്ചു തുടങ്ങിയാല്‍ വിട്ടുപോരാന്‍ മടിക്കുന്ന പ്രണയിനിയെപ്പോലെ അപ്പോഴുമുണ്ടാവും ആ മാട്ടുപ്പെട്ടിയന്‍ കാറ്റ് നമ്മോടൊപ്പം.
കണ്ടിട്ടില്ളെങ്കിലും ഒന്നു പറയാതെ പോയാല്‍ അതൊരു അനീതിയാവും. കാരണം, എന്റെ കണ്ണുകളെ കുറേ തവണ തേടിവന്ന ഒരു ചിത്രമുണ്ട്. കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്ന മൗനമായ ഒരു നിലവിളിയുണ്ട്. ഒരു നിമിഷം കൊണ്ട് ഇല്ലാതെയായിപ്പോയേക്കാവുന്ന ജീവിതത്തെ ഓര്‍ത്ത്, ഗ്രാമത്തെ ഓര്‍ത്ത്, ഉറ്റവരെയും ഉടയവരെയും ഓര്‍ത്ത് മുല്ലപ്പെരിയാര്‍ ഡാം അങ്ങകലെ നില്‍ക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡാം
അണക്കെട്ടുകള്‍ മാറിമാറി കാറ്റുകൊള്ളാന്‍ ഇറങ്ങുന്ന ഞാന്‍ മുല്ലപ്പെരിയാര്‍ ഡാമിന് മീതെ പറക്കുന്ന കാറ്റിനോട് എന്ത് ചോദിക്കാന്‍? ജീവശ്വാസം നല്‍കുന്ന കാറ്റ് ഡാമിനടുത്ത് എത്തുമ്പോള്‍ വേഗത കുറക്കുന്നുണ്ടാവണം. അത്രയും പതുക്കെ വീശിയാല്‍ അത്രയും ഉറപ്പ് അതിന് നല്‍കാന്‍ പറ്റും എന്ന തോന്നലാവണം അത്. അല്ലെങ്കില്‍, ഒരു കൂട്ടനിലവിളിക്കുപോലും സമയം കിട്ടാതെ വരുന്ന സാഹചര്യത്തിന് മീതെ ഗതികിട്ടാതെ ചുറ്റിത്തിരിയാന്‍ ആ കാറ്റും ആഗ്രഹിക്കുന്നില്ല. ഇങ്ങകലെയിരുന്ന് ഞാന്‍ കൊള്ളുന്ന കാറ്റില്‍ ഒരു പ്രാര്‍ഥന പറത്തിവിട്ടിട്ടുണ്ട്. ഒരുപാട് പേരുടെ പ്രാര്‍ഥന. അതവിടെ ഒരായിരം പ്രാര്‍ഥനകളായി ആ കാറ്റ് എത്തിക്കട്ടെ.
ഭൂമിക്കടിയിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ മകനാണ് ബാണാസുരന്‍. ബാണാസുരന്റെ പേരില്‍ ഒരു അണക്കെട്ട് പൊങ്ങിയപ്പോള്‍ ഒരു ഗ്രാമവും ചവിട്ടിത്താഴ്ത്തപ്പെട്ടു. വാമനനോളം വലുപ്പം ബാണാസുരന് ഇല്ലാതെപോയത് ഭാഗ്യം. അല്ലെങ്കില്‍ തരിയോട് എന്ന ഗ്രാമത്തിനുപകരം കേരളം തന്നെ മുങ്ങിയേനെ. തരിയോട് പഞ്ചായത്തിലെ കരിങ്കാണി, ചൂരാണി, കുമ്പളവയല്‍ എന്നീ ഗ്രാമങ്ങളെ വെള്ളത്തിനടിയില്‍ മുക്കിക്കൊന്നാണ് ബാണാസുര സാഗര്‍ അണക്കെട്ട് തല ഉയര്‍ത്തിനില്‍ക്കുന്നത്. സംസ്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ചവിട്ടിയാണ് നമ്മള്‍ നടക്കുന്നത്. എന്നിരുന്നാലും വീണ്ടും വീണ്ടും നമ്മെ മോഹിപ്പിച്ചു വിളിക്കും ഇവിടത്തെ കാറ്റ്. ഈ പറഞ്ഞ എല്ലാറ്റിലും കൂടുതല്‍ എന്നോട് കൂട്ടുകൂടിയതും ഇവിടത്തെ കാറ്റ് തന്നെ. എത്രയോ തവണ ഒറ്റക്കും കൂട്ടമായും ഞാനിവിടെ വന്നിട്ടുണ്ട്. പ്രിയപ്പെട്ടൊരു കൂട്ടുകാരനോട് സംസാരിച്ചിരിക്കുന്നപോലെ ആ കാറ്റുകള്‍ എന്നോട് കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്. മറ്റു ചിലപ്പോള്‍ കഥാപാത്രം തന്നെയായിട്ടുണ്ട്. പക്ഷേ, ആ വെള്ളത്തിലേക്ക് കണ്ണുമിഴിച്ച് നോക്കിയാല്‍ ചില നിഴല്‍ചിത്രങ്ങള്‍ കാണാം. പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങള്‍ പുഴക്കടിയിലൂടെ ഗതികിട്ടാതെ അലയുന്നതുകാണാം. പുറത്തേക്ക് ചാടാനുള്ള പഴുതുകള്‍ തേടി.
ബാണാസുര സാഗര്‍ ഡാം (ചിത്രം: സിജോയ് റാഫേല്‍)
ബാണാസുര മാത്രമല്ല, എപ്പോഴും ഡാമുകള്‍ കണ്ടു മടങ്ങുമ്പോഴൊക്കെ ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും എന്നില്‍ പകരാറുണ്ട്. ആരുടെയൊക്കെയോ നിലവിളികള്‍. ചവിട്ടിത്താഴ്ത്തപ്പെട്ട അനേക ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍. പിഴുതെറിയലിന്റെ, പുനരധിവാസത്തിന്റെ. പുഴക്കടിയില്‍നിന്ന് അവര്‍ നിര്‍ത്താതെ കരയുമ്പോഴായിരിക്കുമോ ഡാമുകള്‍ നിറഞ്ഞുകവിയുന്നത്..?
how to reach
മലമ്പുഴ ഡാം (പാലക്കാട്)
പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍റില്‍നിന്ന് ഒലവക്കോട് വഴി 13 കിലോമീറ്ററും ഗവ. വിക്ടോറിയ കോളജിന് മുന്നില്‍നിന്ന് തുടങ്ങുന്ന 100 ഫീറ്റ് റോഡിലൂടെ മാട്ടുമന്ത, കടുക്കാംകുന്നം വഴി 10 കിലോമീറ്ററുമാണ് മലമ്പുഴ ഡാമിലേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഒലവക്കോട് ജങ്ഷനാണ്. ഇവിടെനിന്ന് അകത്തത്തേറ, മന്തക്കാട് വഴി എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഡാമിലത്തൊം.
മലമ്പുഴ ഡാം ഉദ്യാനത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി രണ്ടു മണിക്കൂര്‍ ദീപാലങ്കാരങ്ങളുണ്ടാവും. ഉദ്യാനത്തില്‍നിന്ന് വലത്തോട്ടുള്ള കവ റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോക്ക് ഗാര്‍ഡനിലത്തൊം. ഇവിടെയും രാവിലെ പത്തുമുതല്‍ ആറു വരെയാണ് പ്രവേശനം. ഡാം ഉദ്യാനത്തോടനുബന്ധിച്ച റിസര്‍വോയറില്‍ 10 മുതല്‍ ആറുവരെ ബോട്ടിങ് സൗകര്യമുണ്ട്. പെഡല്‍ ബോട്ട്, വാട്ടര്‍ സ്കൂട്ടര്‍, മോട്ടോര്‍ ബോട്ട് എന്നിവ സഞ്ചാരികള്‍ക്ക് വാടകക്ക് ലഭിക്കും. ഉദ്യാനത്തോടനുബന്ധിച്ച് സ്വിമ്മിങ് പൂള്‍ (ചൊവ്വ അവധി), ഫ്രഷ് വാട്ടര്‍ അക്വേറിയം, സ്നേക് പാര്‍ക്ക് എന്നിവയും റോപ് വേയും പ്രവര്‍ത്തിക്കുന്നുണ്ട്.
ശിരുവാണി ഡാം (പാലക്കാട്)
1. മണ്ണാര്‍ക്കാടുനിന്നും NH 213ല്‍ പാലക്കാട്ടേക്കുള്ള ളവഴിയില്‍ ഇടക്കുര്‍ശ്ശി ശിരുവാണി ജങ്ഷനില്‍നിന്നും പാലക്കയം വഴി ശിരുവാണി ഡാം (പാലക്കാട്, കോയമ്പത്തൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ ഇതുവഴിയാണ് പോകേണ്ടത്).
2. മണ്ണാര്‍ക്കാടുനിന്ന് NH 213ല്‍ പാലക്കാട് റൂട്ടില്‍ ചിറക്കല്‍പടി ജങ്ഷനില്‍നിന്ന് കാഞ്ഞിരപ്പുഴ വഴി പാലക്യം ശിരുവാണി ഡാം (കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ഇതുവഴി പോകാം. കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം കാണാം).
3. കോയമ്പത്തൂരില്‍നിന്ന് കാരുണ്യ യൂനിവേഴ്സിറ്റി വഴി സാദിവായല്‍ ചെക്പോസ്റ്റിലൂടെ പ്രത്യേക അനുമതിയോടെ ശിരുവാണിയിലത്തൊം. ദൂരം 35 km (സാധാരണഗതിയില്‍ പ്രവേശനം ലഭിക്കില്ല).
ശിരുവാണി പ്രവേശനം നിയന്ത്രണവിധേയമാണ്. സ്വകാര്യ വാഹനങ്ങള്‍ അനുവാദിക്കില്ല (പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രം അനുവദിക്കും). പാലക്കയം ഇഞ്ചിപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് പാസെടുത്ത് ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ വാഹനത്തില്‍ ശിരുവാണി സന്ദര്‍ശിക്കാം. രണ്ട് വാഹനങ്ങളുണ്ട്. ഒരു വാഹനത്തില്‍ എട്ടു പേര്‍ക്ക് സഞ്ചരിക്കാം. ഇഞ്ചിപ്പാറ സ്റ്റേഷന്‍ നമ്പര്‍: 04924 207042.
പമ്പ, കക്കി ഡാം (പത്തനംതിട്ട)
മൂഴിയാര്‍ ജല വൈദ്യുത പദ്ധതിക്കുവേണ്ടി നിര്‍മിച്ച ഒട്ടനവധി ജലസംഭരണികള്‍ ഗവി മേഖലയിലുണ്ട്. ഇതില്‍ കക്കി, കൊച്ചു പമ്പ തുടങ്ങിയവയാണ് പ്രധാനം. കൂടാതെ ആനത്തോട്, മൂഴിയാര്‍, ഗവി തുടങ്ങിയ അണക്കെട്ടുകളും ഈ പ്രദേശത്താണ്. പ്രധാന വിനോദസഞ്ചാര മേഖല കൂടിയായ ഇവിടേക്ക് നിയന്ത്രിതമായ അളവില്‍ മാത്രമേ വാഹനങ്ങളേയും വിനോദസഞ്ചാരികളേയും ഇപ്പോള്‍ കടത്തിവിടുന്നുള്ളൂ.
പത്തനംതിട്ട ജില്ലയിലെ വനാന്തര്‍ ഭാഗത്തുള്ള ഈ അണക്കെട്ടുകളിലേക്ക് ജില്ലയിലെ ആങ്ങമൂഴി, കോട്ടയം ജില്ലയിലെ എരുമേലി, ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്നും റോഡ് മാര്‍ഗ്ഗം എത്തിച്ചേരാന്‍ കഴിയും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 250 കിലോമീറ്ററും തമിഴ്നാട്ടിലെ മധുര എയര്‍പോര്‍ട്ടില്‍ നിന്നും 195 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 190 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. റെയില്‍ മാര്‍ഗമത്തെുന്നവര്‍ക്ക് തിരുവല്ലയില്‍ നിന്ന് 120 കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 115 കിലോമീറ്ററും യാത്ര ചെയ്യണം. പത്തനംതിട്ടയില്‍ നിന്നും ഈ ജലസംഭരണികള്‍ക്കു മുകളിലൂടെ കുമളി വരെ പോകുന്ന രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും കുമളി വണ്ടിപ്പെരിയാര്‍ വഴി ഇവിടെ എത്തിച്ചേരാന്‍ കഴിയും.
മാട്ടുപെട്ടി അണക്കെട്ട് (ഇടുക്കി)
മൂന്നാര്‍ ടൗണില്‍നിന്നും 12 കിലോമീറ്റര്‍ അകലെയായി മാട്ടുപെട്ടി ജലാശയം സ്ഥിതിചെയ്യുന്നു. മനോഹരമായ പ്രകൃതിദൃശ്യം ആസ്വദിക്കുന്നതിനും ബോട്ടിങ് നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്. ജലാശയ തീരത്ത് സ്വതന്ത്രമായി വിഹരിക്കുന്ന ആനയടക്കമുള്ള വന്യമൃഗങ്ങളെ അടുത്ത് കാണാന്‍ കഴിയുന്നതും മാട്ടുപെട്ടി അണക്കെട്ടിന്റെ പ്രത്യേകതയാണ്. ഇവിടുത്തെ ജലം ഉപയോഗിച്ച് 1.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതിയുമുണ്ട്.
മൂന്നാര്‍ ടൗണില്‍ എത്തിയിട്ട് വേണം മാട്ടുപെട്ടിയിലേക്ക് പോകുവാന്‍. എറണാകുളത്തുനിന്നും വരുന്നവര്‍ നേര്യമംഗലത്ത് എത്തിയ ശേഷം അടിമാലിയില്‍ നിന്നും 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂന്നാറിലത്തൊം. തേക്കടിയില്‍ നിന്ന് വരുന്നവരും തമിഴ്നാട്ടിലെ തേനി, ബോഡി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരും പൂപ്പാറയിലത്തെിയ ശേഷം 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മൂന്നാറിലത്തെും. കോയമ്പത്തൂര്‍ വഴി വരുന്നവര്‍ ഉടുമല്‍പേട്ടയില്‍ എത്തിയ ശേഷം 85 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മൂന്നാര്‍ ടൗണിലത്തൊം. മൂന്നാറില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമാണ് മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക്.
മുല്ലപ്പെരിയാര്‍ ഡാം (ഇടുക്കി)
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുമ്പ് തേക്കടി തടാകത്തില്‍ ബോട്ട് സവാരി നടത്തുന്നവര്‍ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ട് വീക്ഷിക്കാമായിരുന്നു. 2009ല്‍ തേക്കടി ബോട്ട് ദുരന്തത്തോടെ ബോട്ട് സവാരി രണ്ടു മണിക്കൂറില്‍ നിന്നും ഒന്നര മണിക്കൂറായി ചുരുക്കി. ഇതോടെ സഞ്ചാരികള്‍ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ട് കാണാന്‍ കഴിയാതെയായി. പിന്നീട് അണക്കെട്ടിന്‍െറ ബലക്ഷയവും അവകാശ തര്‍ക്കവും സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ 2010ല്‍ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി.
കോട്ടയം-കുമളി പാതയില്‍ (കൊല്ലം-തേനി ദേശീയപാത) വണ്ടിപ്പെരിയാറില്‍ നിന്നും വള്ളക്കടവിലത്തെുക (5 കി.മീ.) ഇവിടെ നിന്നും വനത്തിലൂടെ 20 കി.മീ ജീപ്പില്‍ സഞ്ചരിച്ചാല്‍ അണക്കെട്ടിലത്തൊം. വള്ളക്കടവില്‍ നിന്നും അണക്കെട്ടിലേക്ക് 15 കി.മീ. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്ക് 14 കി.മീ.
ബാണാസുര സാഗര്‍ ഡാം (വയനാട്)
കോഴിക്കോട് നിന്നും കല്‍പറ്റയിലേക്ക് 72 കി.മീ. കല്‍പറ്റയില്‍ നിന്നും ഡാമിലേക്ക് 21 കി.മീ.
കണ്ണൂരില്‍ നിന്നും ഡാമിലേക്ക് 115 കി.മീ. ബംഗളൂരുവില്‍ നിന്നും 256 കി.മീ
കല്‍പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ ബസ് ലഭിക്കും (18 കി.മീ.), പടിഞ്ഞാറത്തറയില്‍ നിന്നും ഡാം വഴി മാനന്തവാടിയിലേക്ക് പോകുന്ന ബസില്‍ കയറുക. പടിഞ്ഞാറത്തറയില്‍ നിന്ന് ഓട്ടോയും ലഭിക്കും (3 കി.മീ).
കോഴിക്കോട് നിന്നും കുറ്റ്യാടി വഴി വരുന്നവര്‍ വെള്ളമുണ്ട 8/4ല്‍ എത്തുക. ഇവിടെ നിന്നും ഡാമിലേക്ക് (7 കി.മീ) ബസ് സര്‍വീസ് ഉണ്ട്.
കക്കയം ഡാം (കോഴിക്കോട്)
കോഴിക്കോട് പട്ടണത്തില്‍നിന്നും 67 കിലോമീറ്ററാണ് കക്കയം ഡാം സൈറ്റിലേക്കുള്ളത്. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് അഞ്ച് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കക്കയം ടൗണില്‍നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഡാം സൈറ്റിലത്തൊന്‍.
കോഴിക്കോടുനിന്നും ബാലുശ്ശേരി -കൂരാച്ചുണ്ട് വഴിയും കക്കയത്തേക്ക് പോകാന്‍ കഴിയും. തലയാട് റൂട്ടിനെ അപേക്ഷിച്ച് മുന്ന് കിലോമീറ്ററും കുറവാണ്. എന്നാല്‍, ഇതുവഴി ഒരു കെ.എസ്.ആര്‍.ടി.സി ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. കക്കയം ടൗണില്‍നിന്നും ടാക്സി വിളിച്ചു വേണം ഡാം സൈറ്റിലെത്താന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.