കോട പൂക്കുന്ന കുടകുമലയിലേക്ക്
text_fieldsനേര്‍ത്തുചിതറുന്ന മഴത്തുള്ളികളുടെ താളത്തിനൊപ്പമാണ് വയനാടിന്റെ കവാടമായ താമരശ്ശേരിയില്‍നിന്ന് തണുത്ത വെളുപ്പാന്‍ കാലത്ത് യാത്ര തുടങ്ങിയത്. കോടയില്‍ മുങ്ങിക്കിടക്കുന്ന, നാരകം പൂക്കുന്ന കുടകുമലകളുടെ വശ്യസൗന്ദര്യം തേടിയായിരുന്നു യാത്ര. കര്‍ണാടകയിലെ ഒരതിര്‍ത്തി ജില്ലയായ കുടകിലേക്ക് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ എത്താനാകും. സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററോളം ഉയരത്തിലുള്ള കുടകിലേക്ക് കണ്ണൂരിന്റെ കവാടം കടന്നാണ് ഞങ്ങള്‍ പോയത്.
വടകരയും കടന്ന് മാഹിയത്തെിയപ്പോഴേക്കും പുലരി കണ്‍തുറന്നിരുന്നു. വായിച്ചറിഞ്ഞ കാലംതൊട്ടേ മയ്യഴി ഒരു സ്വപ്നഭൂമിയാണ്. മയ്യഴിപ്പുഴയുടെ തീരത്ത് അല്‍ഫോണ്‍സച്ചന്‍ നടന്ന വഴികള്‍, പലകുറി താണ്ടിയിട്ടും പിന്നെയും എന്നെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു. കണ്ണടച്ചു തുറക്കുമ്പോഴേക്കും പോണ്ടിച്ചേരിയിലും, വീണ്ടും തിരികെ കേരളത്തിലുമത്തെുന്ന പാതയുടെ നടുവിലെ അദ്ഭുതലോകത്ത് ആലീസിനെപ്പോലെ ഞാന്‍ അതിശയിച്ചുനിന്നു. അല്‍ഫോണ്‍സച്ചന് മുന്നേ നടന്ന ഏതോ ജാലവിദ്യക്കാരന്‍ തന്റെ മന്ത്രവടി നീട്ടി സൃഷ്ടിച്ചതായിരിക്കാം മയ്യഴിയെന്ന് മറുപടിയില്ലാത്ത സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തി.
കേരളത്തിലെ മദ്യപരുടെ പറുദീസയില്‍ കടകള്‍ തുറന്നുവരുന്നതേയുള്ളൂ. മദ്യത്തെപ്പോലെ പെട്രോളിനും വിലകുറഞ്ഞ മാഹിയില്‍നിന്ന് ശകടത്തിന്റെ ദാഹം തീര്‍ത്ത് മാഹിയമ്മയുടെ മണ്ണ് കടന്നു. മലയാളിയുടെ പ്രിയപ്പെട്ട ശ്രീനിയുടെ പ്രിയപ്പെട്ട പാട്യവും കൂത്തുപറമ്പിന്റെ ചുവന്ന മണ്ണും താണ്ടി ഇരിട്ടിയുടെ വന്യഭംഗിയിലേക്ക്, പഴകിപ്പൊളിഞ്ഞ റോഡിലൂടെ ചക്രങ്ങള്‍ ഉരുണ്ടുതുടങ്ങിയപ്പോഴേക്കും മൊബൈല്‍ ഫോണുകള്‍ പിണങ്ങിത്തുടങ്ങി. കാടിന് നടുവിലെ ഇരുട്ടുതിന്ന വഴിയിലൂടെ, കേരളത്തില്‍ തുടങ്ങി കര്‍ണാടകയില്‍ അവസാനിക്കുന്ന കൂട്ടുപുഴ പാലവും കടന്ന്, മാക്കൂട്ടം ചുരം താണ്ടി കന്നടനാടിന്റെ അതിര്‍ത്തി കടന്നു. ‘വെല്‍കം ടു കര്‍ണാടക’ എന്ന റോമിങ് അലര്‍ട്ട് സന്ദേശവുമായി മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇണങ്ങിവന്നപ്പോഴേക്കും കര്‍ണാടകയുടെ ഹൃദയത്തിലൂടെ പ്രഭാതഭക്ഷണം തേടി അലയുകയായിരുന്നു ഞങ്ങള്‍.
ചുരം വാതില്‍ തുറക്കുന്നത് വീരരാജേന്ദ്രപേട്ട് എന്ന വീരാജ്പേട്ടയിലേക്കാണ്. പ്രഭാതഭക്ഷണത്തിനുശേഷം കുടകിന്റെ ജില്ലാ തലസ്ഥാനമായ മടിക്കേരിയിലേക്കായിരുന്നു യാത്ര.
യാത്രയില്‍ കയറ്റത്തിനനുസരിച്ച് തണുപ്പും അരിച്ചുകയറിത്തുടങ്ങി. കുളിരുംകൊണ്ട് മഴവന്നപ്പോള്‍ കുന്നുകയറുന്നത് വെറുതെയായെന്ന് ചെറിയൊരു ആശങ്ക തോന്നാതിരുന്നില്ല. ചീഞ്ഞുനില്‍ക്കുന്ന മഴയും ഒളിച്ചുകളിക്കാനത്തെുന്ന കോടയും കുടകിന്റെ സ്വഭാവമാണെന്നറിഞ്ഞപ്പോള്‍ ആ ടെന്‍ഷന്‍ തീര്‍ന്നു. മടിക്കേരിയില്‍നിന്ന് 45 കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന സുവര്‍ണക്ഷേത്രവും തിബത്തന്‍ സെറ്റില്‍മെന്‍റുമായിരുന്നു ആദ്യ ലക്ഷ്യം.
കുശാല്‍നഗറിനടുത്ത് ബൈലക്കുപ്പയിലാണ് തിബത്തന്‍ സെറ്റില്‍മെന്റ്. പതിനായിരത്തോളം തിബത്തന്‍ അഭയാര്‍ഥികള്‍ക്ക് ഭാരതസര്‍ക്കാര്‍ കണ്ടത്തെിയ സങ്കേതമാണിത്. ഇവരുടെ പ്രധാന ആരാധനാലയമാണ് ഗോള്‍ഡന്‍ ടെംപ്ള്‍. ചാറ്റല്‍മഴയെ കുടയാക്കി ക്ഷേത്രത്തിലത്തെിയപ്പോള്‍ പ്രാര്‍ഥനാസമയമാണ്. കൊത്തുപണികള്‍ തീര്‍ത്ത പല കെട്ടിടങ്ങളുണ്ട് ക്ഷേത്രമതില്‍ക്കെട്ടിനകത്ത്. ബഹളംവെച്ചുള്ള പ്രാര്‍ഥനകളിലൂടെ ദൈവത്തെ ശല്യം ചെയ്യുന്നതിനോട് യോജിക്കാനാകാറില്ലെങ്കിലും തിബത്തന്‍ സന്യാസികളുടെ പ്രാര്‍ഥനാലയത്തില്‍ ശബ്ദങ്ങളുടെ മാന്ത്രികതക്ക് കാതോര്‍ത്തപ്പോള്‍ അദൃശ്യമായ മാസ്മരികത ശക്തിയുള്ളതായി തോന്നി. പുറത്തെ ശബ്ദങ്ങളില്‍നിന്ന് അകത്തെ മന്ത്രധ്വനികളിലേക്ക് കാതുകളെ പറിച്ചുനടുമ്പോള്‍ മറ്റു ചിന്തകള്‍ കീഴടങ്ങിയതുപോലെ. മുന്നില്‍വെച്ച താളിയോലകളില്‍ നോക്കി എല്ലാവരും എന്തൊക്കെയോ വായിക്കുകയും ഒപ്പം കൈയിലെ ചെറിയ മണി മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. നടുവില്‍ ഒരു വലിയ ഉപകരണത്തിന്മേല്‍ ഒരാള്‍ ചെറുവടി കൊണ്ട് താളാത്മകമായി മുട്ടുന്നുണ്ടായിരുന്നു. നിത്യാഭ്യാസത്താല്‍ കൈവരിച്ച ഒരു താളം പ്രാര്‍ഥനകള്‍ക്കുണ്ടായിരുന്നു. തിരക്കുകള്‍ക്കിടയില്‍ ഓടിത്തീര്‍ക്കേണ്ട വലിയ ദൂരമോര്‍ത്ത് അവിടെ നിന്നിറങ്ങി. പ്രധാന മന്ദിരത്തിന്റെ വലിയ ഹാളില്‍ കാര്യമായ തിരക്കില്ല. ചിലര്‍ ഒറ്റക്കിരുന്ന് നിശ്ശബ്ദമായി പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ഫോട്ടോയെടുപ്പിന്റെ തിരക്കില്‍ തന്നെ. വലിയ ബുദ്ധപ്രതിമയും തിബറ്റന്‍ കഥകളുടെ വര്‍ണചിത്രാവിഷ്കാരങ്ങള്‍ നിറഞ്ഞ ചുമരുകളും തിബറ്റന്‍ സുവര്‍ണക്ഷേത്രത്തിന്റെ ആകര്‍ഷണങ്ങളാണ്.
മഞ്ഞവസത്രവും ചുവപ്പ് മേലങ്കിയുമായി തിബത്തന്‍ സന്യാസിമാര്‍ സുവര്‍ണ ക്ഷേത്രത്തിന് ചാരുതയേകി. ദൈവങ്ങള്‍ക്കപ്പുറം ശാശ്വതസത്യം തേടി ലോകനന്മ ലക്ഷ്യമാക്കിയിറങ്ങിയ ബുദ്ധന് ദൈവിക പ്രതിച്ഛായ നല്‍കി നടത്തുന്ന പ്രാര്‍ഥനയെക്കുറിച്ച് മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് യുക്തിക്കും ഭക്തിക്കുമിടയില്‍ അതിര്‍ത്തി തീര്‍ക്കാന്‍ ഏറെ പ്രയാസമാണെന്ന് ഉത്തരം കണ്ടത്തെുമ്പോഴും ബുദ്ധരുടെ പ്രാര്‍ഥനാമുറിയിലെ പെരുമ്പറ എന്റെയുള്ളില്‍ കൊട്ടിത്തീര്‍ന്നിട്ടില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനാകാത്ത ഭാഷയിലും ആചാരങ്ങളിലും അവര്‍ക്ക് അവരുടേതായ ശരികള്‍ ഉണ്ടാകുമെന്ന് സമാധാനിക്കാന്‍ ശ്രമിച്ചു.
ചുവപ്പും മഞ്ഞയും ചുറ്റിയ ലാമക്കുട്ടികള്‍ സുവര്‍ണ ക്ഷേത്രത്തിന്റെ മതില്‍കെട്ടിനകത്ത് ഓടിക്കളിക്കുന്നു. ചുവന്നുതുടുത്ത സന്യാസിക്കുട്ടികളെ ഒപ്പംനിര്‍ത്തി ഫോട്ടോ പകര്‍ത്താന്‍ സഞ്ചാരികള്‍ മത്സരിച്ചു. ക്ഷേത്രത്തിനടുത്തുനിന്ന് പിടികൂടിയ നാലോ അഞ്ചോ വയസ്സുള്ള ലാമക്കുട്ടിയെ തോളത്തെടുത്ത് ഫോട്ടോയെടുക്കുന്നു ഒരു കുടുംബം. ഫേസ്ബുക്കിലിടാന്‍ പറ്റിയ ഫോട്ടോക്കായി ഊഴംകാത്ത് പോസ് ചെയ്യുന്നവര്‍ക്കാര്‍ക്കും ഇപ്പോള്‍ കരയുമെന്ന മുഖഭാവവുമായി നില്‍ക്കുന്ന ആ അഞ്ചു വയസ്സുകാരനോട് ഒരു മനുഷ്യക്കുട്ടിയോട് തോന്നേണ്ട പരിഗണനയില്ലെന്ന് തോന്നി. മറ്റൊരു സന്യാസി വന്ന് അവനെ മോചിപ്പിച്ചുകൊണ്ടുപോകാതിരുന്നെങ്കില്‍ കരയുന്ന ലാമക്കുട്ടിയോടൊപ്പം എന്ന ക്യാച്ച് വേഡുമിട്ട് ആ ഫോട്ടോയും ഷെയര്‍ ചെയ്തേനേ അവരെന്ന് തോന്നി.
ഭക്ഷണത്തിലും ഒരു ചെയ്ഞ്ച് ആകാമെന്ന് കരുതി ഗോള്‍ഡന്‍ ടെംപിളിന്റെ കാന്റീനില്‍ കയറി. സ്റ്റീം മോമോയും എഗ് ഫ്രൈഡ് റൈസും വ്യത്യസ്ത അനുഭവം തന്നെയായി. പുറത്തെ കടകളില്‍ തിബറ്റന്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രതിമകളും വാങ്ങാന്‍ കിട്ടും.
ചോളക്കാടുകളും കാറ്റാടിപ്പാടങ്ങളും കടന്ന് തിബത്തന്‍ സെറ്റില്‍മെന്‍റിലെത്തി. കൃഷിയും മറ്റുമായി കഴിയുന്ന തിബത്തന്‍ സന്യാസിമാരുടെ വാസസ്ഥലവും മാര്‍ക്കറ്റുമെല്ലാം കണ്ടാണ് തിബത്തന്‍ ഭൂമിയോട് വിടചൊല്ലിയത്. മടിക്കേരിയിലേക്കുള്ള വഴിയില്‍ നിസര്‍ഗധമ എന്നൊരു ദ്വീപുമുണ്ട്.
മടിക്കേരിയില്‍ രാജാസ് സീറ്റ് എന്ന ഗാര്‍ഡനിലത്തെിയപ്പോള്‍ ആകാശം കോടമൂടിയിരുന്നു. കുടകിലെ രാജാക്കന്മാരുടെ സായാഹ്ന വിശ്രമകേന്ദ്രമായിരുന്നു രാജാസ് സീറ്റ്. കുടകിന് പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യസമ്പത്ത് ഏറ്റവും നന്നായി ആസ്വദിക്കാവുന്ന വ്യൂ പോയന്‍റാണ് രാജാസ് സീറ്റിലേത്. കുടകിന്റെ അസ്തമയ സൂര്യനെ ഏറ്റവും സുന്ദരമായി ദര്‍ശിക്കാനാകുന്നു രാജാസ് സീറ്റില്‍നിന്നും.
സന്ധ്യയും കോടയും മഴയും ഒപ്പമത്തെിയപ്പോള്‍ കാമറക്ക് പകര്‍ത്തിവെക്കാനാകാത്ത അവാച്യദൃശ്യങ്ങളെ വിട്ട് ഞങ്ങള്‍ ലിറ്റില്‍ ട്രെയിനില്‍ അഭയംതേടി. ഇരുട്ടു മൂടിത്തുടങ്ങുന്ന കുടകിന്റെ നഗരഹൃദയത്തിലൂടെ ഒരു ഓട്ടപ്പാച്ചിലും ചെറിയൊരു ഷോപ്പിങ്ങും കഴിഞ്ഞാണ് മുറിയില്‍ തിരികെയത്തെിയത്.
തലക്കാവേരിയെയും ധ്യാനിച്ചുകൊണ്ടാണ് കുടകിന്റെ പുലരിയിലേക്ക് കണ്‍തുറന്നതെങ്കിലും ആദ്യലക്ഷ്യം അബ്ബി വെള്ളച്ചാട്ടമായിരുന്നു. മടിക്കേരിയില്‍ നിന്ന് പത്തു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളൂ അബ്ബിയിലേക്ക്. വണ്ടിയിറങ്ങി വനപാതയില്‍ നടന്നുതുടങ്ങിയപ്പോഴേ താഴെ ശബ്ദം കേട്ടുതുടങ്ങി. പതിയെ പൂര്‍ണസൗന്ദര്യത്തില്‍ അബ്ബി മിഴികള്‍ക്കു മുന്നിലത്തെി. ലഹരി പിടിപ്പിക്കുന്ന വന്യലാവണ്യമാണ് ജലപാതത്തിന്. എതിരെയുള്ള തൂക്കുപാലത്തില്‍നിന്നാല്‍ അബ്ബിയെ വ്യക്തമായി കാണാം. ജെസി ഫാള്‍സ് എന്നും അബ്ബിക്ക് പേരുണ്ട്. പതഞ്ഞുനുരഞ്ഞുചിതറുന്ന വെള്ളത്തുള്ളികളെ പകര്‍ത്തിയെടുക്കാനാകാതെ കാമറയും മിഴികള്‍പോലും നാണിച്ചുനിന്നു.
കുടകിന്റെ ഭരണസിരാകേന്ദ്രമായ മടിക്കേരിയും പല കാഴ്ചകളും കരുതിവെക്കുന്നുണ്ട്. കോട്ടയും മ്യൂസിയവും തിരക്കിട്ട് ചുറ്റിക്കണ്ടാണ് മടങ്ങിയത്. കോട്ടയില്‍ ക്ഷേത്രവും ജയിലുമുണ്ട്. കോട്ടയും മ്യൂസിയവും കുടകിലെ ആകാശവും പകര്‍ത്താന്‍ കാമറ മതിയാകുംവരെ കണ്‍ചിമ്മിത്തുറന്നു.
കുടകിലെ ഉയരമേറിയ കൊടുമുടികളിലൊന്നായ തടിയന്‍റമള്‍, ഇരുപ്പ് വെള്ളച്ചാട്ടം തുടങ്ങി കാണാത്ത പല വിനോദസഞ്ചാരകേന്ദ്രങ്ങളെയും അടുത്ത യാത്രക്കായി കരുതിവെച്ച് ചില്ലറ ഷോപ്പിങ്ങും നടത്തിയാണ് മടങ്ങിയത്. സുഗന്ധവ്യഞ്ജനങ്ങളും ചോക്ളറ്റും തേനുമെല്ലാം സഞ്ചാരികളെ കാത്ത് കുടകിലെ കടകളില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
മടിക്കേരിയില്‍നിന്ന് 44 കിലോമീറ്ററോളം പോയാല്‍ തലക്കാവേരിയത്തൊം. ബാഗമണ്ഡല ക്ഷേത്രവും കാണാം. കാവേരി, കനിക നദികളുടെ സംഗമസ്ഥാനത്താണത്രേ ബാഗമണ്ഡല സ്ഥിതി ചെയ്യുന്നത്. സുജ്യോതി എന്ന നദി ഭൂമിക്കടിയില്‍ വച്ച് ഇവയോട് ചേരുന്നെന്നും കരുതപ്പെടുന്നു. പുണ്യനദിയായ കാവേരിയുടെ ഉദ്ഭവസ്ഥാനമായ തലക്കാവേരിയില്‍ വനത്തിന് നടുവിലൊരു ഉറവയും തുടര്‍ന്നൊരു നദിയുമൊക്കെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് തലക്കാവേരിയെന്നത് പുത്തന്‍ അറിവായിരുന്നു. ദൂരെനിന്ന് കാണാവുന്ന വലിയ കവാടത്തിനപ്പുറം പടവുകള്‍ കയറി ക്ഷേത്രത്തിലത്തൊം. പടവുകള്‍ക്കിടയില്‍ത്തന്നെയാണ് കാവേരി ഉദ്ഭവിക്കുന്നയിടവും. നാലുവശവും കമ്പിയാല്‍ ബന്ധിച്ച് അകത്ത് പടവുകളിറങ്ങിച്ചെല്ലാവുന്ന തീര്‍ഥക്കുളമാണ് തലക്കാവേരി. വശത്തുകൂടെ പടവുകള്‍ കയറി വ്യൂ പോയന്‍റിലത്തൊം. സമുദ്രനിരപ്പില്‍നിന്ന് 4500ഓളം അടി ഉയരത്തിലാണ് തലക്കാവേരി.
ആവേശത്തിലാണ് പടവുകയറിത്തുടങ്ങിയെങ്കിലും മുകളിലത്തെുന്തോറും ഊര്‍ജം കുറഞ്ഞുതുടങ്ങി. തല കറങ്ങുന്നുണ്ടോയെന്ന സംശയം കൂടെയായപ്പോള്‍ സാഹസികത വേണ്ടിയിരുന്നോയെന്ന് തോന്നി. എന്നാല്‍, കുന്നിന്‍മുകളില്‍ കാത്തിരുന്ന ദൃശ്യവിരുന്ന് ആശങ്കകളെ തഴുകിയകറ്റി. കാഴ്ചകളെ തെളിച്ചും മറച്ചും വന്നുംപോയുമിരുന്ന കോട സഞ്ചാരികളെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. സമാന്തരമായി നില്‍ക്കുന്ന കുന്നുകളും താഴെ കുടകിന്റെ കാപ്പിപ്പാടങ്ങളും നാരകത്തോട്ടങ്ങളും കോടമഞ്ഞിനൊപ്പം ഒളിച്ചുകളിച്ചു.
കണ്ടുകൊതിതീരാത്ത കുടകുകാഴ്ചകളോട് ഉപചാരംചൊല്ലി മലയിറങ്ങുമ്പോള്‍ എന്തോ നഷ്ടബോധം ഉള്ളില്‍ ഉടക്കിനിന്നു. പിണങ്ങിപ്പോന്നിട്ടും പാതിവഴിയെ തിരികെ ചെല്ലുന്ന കോടമഞ്ഞിന്റെ മനസ്സായിരുന്നു എനിക്കുമപ്പോള്‍.
നപ്പോഗ്ലു, മുര്‍ണാട്, ഗോണിക്കുപ്പ, കുട്ട വഴി വയനാട്ടിലൂടെയാണ് തിരികെപ്പോന്നത്. കുടകിന്റെ കുന്നിറങ്ങിയിട്ടുവേണം പതിവുതിരക്കുകളുടെ കുന്നു കയറിത്തുടങ്ങാനെന്നതിനാല്‍ രാജീവ് ഗാന്ധി (നാഗര്‍ഹോളെ) നാഷണല്‍ പാര്‍ക്കിനെയും, തോല്‍പെട്ടി വന്യജീവി സങ്കേതത്തെയും ഞങ്ങള്‍ക്ക് അവഗണിക്കേണ്ടിവന്നു. കുട്ട വനം വഴി വയലുകളുടെ നാട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ക്കായി കാത്തുനിന്നെന്നപോലെ വഴിയോരത്തുകണ്ട ഒറ്റയാന്‍ ഞങ്ങള്‍ നഷ്ടപ്പെടുത്തിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും കാഴ്ചകളുടെയും നിരാശയകറ്റി. മയിലുകളും കുരങ്ങുകളും തളര്‍ന്ന സായന്തനത്തിന് അഴകേറ്റി. വയനാടന്‍ മലനിരകള്‍ക്കുമേലെ ഏഴു വര്‍ണങ്ങള്‍ വിടര്‍ത്തിവന്ന മഴവില്ലും ഞങ്ങളുടെ സന്ധ്യയെ നിറച്ചു. കാട്ടിക്കുളവും മാനന്തവാടിയും പനമരവും കല്‍പറ്റയും കടന്ന് തണുപ്പിനൊപ്പം താമരശ്ശേരി ചുരമിറങ്ങിത്തുടങ്ങിയപ്പോഴേക്കും രാത്രി ഇരച്ചുകയറിത്തുടങ്ങിയിരുന്നു. ഹെയര്‍പിന്‍ വളവുകളിലൊന്നില്‍ ഇരവിഴുങ്ങിയ ചേരയെപ്പോലെ ഒരന്തര്‍ സംസ്ഥാന ടാങ്കര്‍ ചരിഞ്ഞുകിടന്നത് പതിവുകാത്തിരിപ്പിന്റെ വിരസതയിലേക്ക് യാത്രക്കാരെ തള്ളിയിട്ടു. നിത്യയാത്രയില്‍ ചുരമിറങ്ങിക്കയറുന്നവരെ മനസ്സില്‍ നമിച്ച്, ഭൂമി ഉരുണ്ടതാണെന്ന സിദ്ധാന്തം ഒരിക്കല്‍ക്കൂടി ചവച്ച്, യാത്ര പുറപ്പെട്ടയിടത്തുതന്നെ ഞങ്ങള്‍ വണ്ടിയിറങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.