തിരമാലയുടെ മകള്‍!
text_fieldsവെയില്‍ പൊള്ളലുകള്‍ കാലടികളെ ചുട്ടുപഴുപ്പിച്ച രാമേശ്വരത്ത് നിന്നും ശാന്തതയുടെ വേലിയേറ്റം മനസ്സില്‍ തിരകളില്ലാതെ ഇരച്ചു കയറ്റുന്ന ധനുഷ്‌കോടിയിലെ കടലിനു നടുവില്‍ വര പോലെ നീണ്ടു കിടക്കുന്ന നീളന്‍ വെള്ളമണല്‍ പരപ്പിലേക്കുള്ള യാത്രക്കിടയിലാണ് അവള്‍, പവിത്ര കുറെ ശംഖുകളും വാരി ഓടിവന്നത്...
അക്കാ അക്കാ... വാങ്കോ അക്കാ....
അവള്‍ നീട്ടിയ പ്ലാസ്റ്റിക് കൂടില്‍ നിറയെ ശംഖുകളാണ് . കടലിന്റെ അടിത്തട്ടില്‍ പവിഴങ്ങളും മുത്തുകളും മല്‍സ്യസുന്ദരിമാരും നിറഞ്ഞ ലോകത്തുനിന്നും മരിച്ചു തീരത്തടിഞ്ഞ ശംഖുകള്‍. പിരിയന്‍ ചുഴികളും വെണ്ണക്കല്‍ തോല്‍ക്കും നിറവും ഉള്ള പുറം തോടുകള്‍. കടലിന്റെ ഇരമ്പം എന്നും എവിടെയും ചെവിക്കരികെ ഇരച്ചു കേള്‍പ്പിക്കുന്ന മോക്ഷം പ്രാപിച്ച കടല്‍ വാസികള്‍.
പത്തു രൂപ അക്കാ.
ആ സഞ്ചി എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു. അമാന്തിച്ചില്ല, പഴ്‌സ് തുറന്ന് അവള്‍ക്കൊരു പത്തു രൂപ നല്‍കി. ശംഖുകള്‍ ഇതാ എന്റെ കയ്യില്‍.
എന്താ പേര്?
പവിത്ര.... പണം വാങ്ങുന്നതിനിടെ അവള്‍ പറഞ്ഞു.
വീട് ?
അങ്കെ... അവള്‍ മണല്‍ പരപ്പില്‍ ദൂരെ ഒരിടത്തുള്ള ഓലക്കുടിലിനു നേരെ കൈചൂണ്ടി.
സ്‌കൂളില്‍ പോയില്ലേ?
പത്തു വയസ്സുകാരിക്ക് കടലിനേക്കാളും സ്‌കൂള്‍ ആണ് ചേരുന്നത് എന്ന വിശ്വാസം അപ്പോഴും എനിക്കുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തില്‍ ഇല്ല; എന്ന മറുപടിയും കുട്ടിത്തം നിറഞ്ഞ ചിരിയും പകരം തന്നിട്ട് അവള്‍ അമ്മക്കരികിലേക്ക് ഓടി.
രാമേശ്വരത്ത് നിന്നും ധനുഷ്‌കോടിയിലേക്കുള്ള ബസ് യാത്രക്ക് എം.എന്‍ ചത്തിരം എന്ന് അറിയപ്പെടുന്ന സ്‌റ്റോപ്പില്‍ അവസാനമാകും. അവിടെ തുരുമ്പുകള്‍ കൊണ്ട് നിര്‍മിച്ചതെന്നു തോന്നിപ്പിക്കും വിധം പഴകിയ ഒരു വാച്ച് ടവര്‍ ഉണ്ട്. അതിന്റെ നിഴല്‍ വന്നു വീഴുന്നിടത്തു തിരമാലകള്‍ കൊണ്ടുവന്നിട്ട വെള്ള മണലില്‍ അവളുടെ അമ്മയിരിപ്പുണ്ട്.
ധനുഷ്‌കോടി കടപ്പുറത്ത് നിന്നും അവരുടെ വീട്ടിലെ ആണുങ്ങള്‍ മുങ്ങിയും പെറുക്കിയും കൊണ്ട് വന്നു കൊടുത്ത ശംഖുകള്‍ തരം തിരിക്കുകയാണ് ആ അമ്മ. അത് ഉറ്റു നോക്കി അവളും അമ്മയുടെ സാരി തലപ്പിന്റെ അരുമയില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു. അവളെ ആദ്യം അങ്ങനെയാണ് കണ്ടത്. എണ്ണയില്ലാത്ത തലമുടിയില്‍ കടല്‍ തിരമാലകള്‍ പറപ്പിച്ചു കൊണ്ട് വരുന്ന കടല്‍ കാറ്റിന്റെ നൃത്തം. ഓട്ടത്തിനിടയില്‍ പണം വീണു പോകാതിരിക്കാന്‍ മുഷിഞ്ഞു വെണ്ണീറു നിറം വന്ന കുപ്പായത്തിലെ കീശ മാത്രം അവള്‍ പൊത്തിപ്പിടിച്ചിട്ടുണ്ട്.
പവിത്രയുടെ അമ്മ ശംഖുകള്‍ തരംതിരിക്കുന്നു
ഇടക്കു ചെക്ക് പോസ്റ്റ് കാക്കുന്ന കുറെ പൊലീസുകാര്‍ അവിടെയെത്തി. പവിത്രയും അനുജനും സന്ദര്‍ശകര്‍ക്ക് പിന്നാലെ പായുന്നതിനിടയില്‍ നിന്നും ജൂനിയര്‍ പോലീസുകാരന്‍ അവരെ കൂട്ടത്തില്‍ പ്രമാണി എന്ന് തോന്നിക്കുന്ന പോലീസുകാരന്റെ അടുത്തെത്തിച്ചു. അവളുടെ കണ്ണുകളില്‍ അല്പം പേടിയുണ്ട്. കുസൃതി നിറഞ്ഞ കാലുകള്‍ക്ക് ആ പേടിയെ ഒഴിവാക്കി മുന്നോട്ടു കുതിക്കാനാകുന്നില്ല. ഷര്‍ട്ടിന്റെ തുമ്പിലും കോളറിലും തിരുപ്പിടിച്ചു അവള്‍ അവിടെ നിന്നും ഇടയ്ക്കിടെ അമ്മയിരിക്കുന്ന ഭാഗത്തേക്ക് പാളി നോക്കും. പൊലീസുകാരുടെ കയ്യിലെ വടിയിലേക്കും നോക്കും.
പവി, നീ എന്താ കഴിച്ചത്? പൊലീസുകാരന്റെ ചോദ്യത്തില്‍ വാല്‍സല്യം. എന്നാല്‍ കണിശതയുള്ള അന്വേഷണം വ്യക്തമാണ്. ആരൊക്കെ വന്നു വീട്ടില്‍? അപ്പയുടെ കൂടെ ആരെങ്കിലും രാത്രി ചോറുണ്ണാന്‍ വന്നോ? എപ്പോള്‍ പോയി? എന്താ കൊണ്ടുവന്നത്? തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍.
ധനുഷ് കോടി എം.എന്‍ ചത്തിരം കടപ്പുറം
പൊലീസിനു അറിയേണ്ടത് ലങ്കന്‍ തീരം ഭേദിച്ചോ ഇന്ത്യന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ചോ ഇന്ത്യന്‍ തീരത്ത് എത്തുന്ന ലങ്കക്കാരെ കുറിച്ചുള്ള സൂചനകളാണ്. ശംഖുകളില്‍ തിരമാലകള്‍ കോരിയെടുത്ത് മണല്‍ പാരപ്പിലെ കുഞ്ഞു കുഴികളില്‍ കടല്‍ ഒഴിച്ച് നിറക്കുന്ന നിഷ്‌കളങ്ക കുരുന്നുകളില്‍ നിന്നും വിവരം ചോര്‍ത്താമെന്നു അവര്‍ക്കറിയാം. അപ്പയുടെ കൂടെ മീന്‍ കൊണ്ട് വരുന്ന ജീപ്പില്‍ കയറി വരുന്നത് ശ്രീലങ്കന്‍ സ്വദേശികളാണോ എന്ന് അറിയാന്‍ ചിലപ്പോഴൊക്കെ മിട്ടായി കൊടുത്തും ഷേക്ക് ഹാന്‍ഡ് നല്‍കിയും ചിലപ്പോള്‍ വിരട്ടിയും പൊലീസുകാര്‍ കാര്യം ആരായും.
അവള്‍ക്കിത് ഇപ്പോള്‍ ശീലമാണ്. കടല്‍ അമ്മയാണ് എന്ന് കരുതുന്നത് പോലെ അന്നം നല്‍കുന്ന ദൈവമാണ് എന്ന് കൂടി അവള്‍ പഠിച്ചിരിക്കുന്നു. മറ്റൊരു തീരത്ത് നിന്നും തിരമാല പൊക്കിയെടുത്തു കൊണ്ട് വരുന്ന മരക്കഷ്ണങ്ങളും കടലില്‍ പോകുന്ന മുക്കുവരുടെ കീറി പോയ വലയും സന്ദര്‍ശകര്‍ നല്‍കുന്ന നാണയതുട്ടുകളും അവള്‍ ഓടിപ്പോയി പെറ്റമ്മയെ ഏല്‍പ്പിക്കും.
അവള്‍ ഇപ്പോഴും അവിടെടെയുണ്ട്.
വെള്ള മണല്‍പരപ്പില്‍ നീലക്കടല്‍ വന്നു തൊടുന്നിടത്ത് അവളുണ്ട്.
അവള്‍, തിരമാലയുടെ മകള്‍!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.