Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകശ്മീരിലെ ശൈത്യകാല...

കശ്മീരിലെ ശൈത്യകാല വര്‍ത്തമാനങ്ങള്‍

text_fields
bookmark_border
കശ്മീരിലെ ശൈത്യകാല വര്‍ത്തമാനങ്ങള്‍
cancel

ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചിനാബ് നദിയുടെ ഇരുകരകളിലൂടെയും മാമലകള്‍ കയറിയിറങ്ങിയ പന്ത്രണ്ട് മണിക്കൂര്‍ യാത്ര കശ്മീരിലത്തെുമ്പോള്‍ താഴ്വാരം മഞില്‍ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു. ഇലയനക്കം പോലുമില്ലാത്ത· നിശ്ശബ്ദത. കോട മഞ്ഞ് വീണ നനഞ്ഞ നിരത്തുകളും മരങ്ങളും. മൂടല്‍ മഞ്ഞില്‍ കാഴ്ചകള്‍ അവ്യക്തമായിരുന്നു. വാഹനത്തിന്റെ അടച്ചിട്ട ചില്ലിന്റെ നേരിയ വിടവിലൂടെ അരിച്ചിറങ്ങുന്ന കൊടും തണുപ്പ് സഹിക്കാനാവാതെ ഞങ്ങള്‍ അടി മുതല്‍ മുടി വരെ പുതച്ചിരിക്കുകയാണ്. ‘ഭൂമിയിലെ സ്വര്‍ഗ’ത്തിലെ ശൈത്യം ഇത്ര കഠിനമാണെന്ന് അപ്പോഴാണറിയുന്നത്.
താമസസ്ഥലത്തത്തെിയപ്പോള്‍ നേരിയ ആശ്വാസം. തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാവുമുണ്ട്. മുറി ഒന്നടങ്കം ചൂടാക്കുന്നതിന് പകരം കിടക്ക മാത്രം ചൂടാക്കുന്ന ഇലക്ട്രിക് ബ്ളാങ്കറ്റാണ് പുതിമയായി തോന്നിയത്. യൂറോപ് യാത്രയില്‍ പോലും കണാനായിട്ടില്ല. ശൈത്യകാലത്തിന്റെ മുന്നൊരുക്കങ്ങളാവാം.

ലേ-ശ്രീനഗര്‍ ദേശീയപാത 1ല്‍ നിന്ന്‌

കശ്മീരിലെ പ്രഭാതങ്ങള്‍ക്ക് തണുപ്പ് കുറവുള്ളതു പോലെ തോന്നി. പകലാവുന്നതോടെ തണുപ്പും കൂടുന്നു. സന്ധ്യയോടെ അത് പാരമ്യതയിലത്തെുന്നു. കടകമ്പോളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അഞ്ച് മണിയോടെ തന്നെ അടക്കുന്നു. റോഡും വ്യാപാര സ്ഥാപനങ്ങളും പിന്നെ വിജനമായി. ആളുകള്‍ താമസ സ്ഥലങ്ങളിലേക്ക് പിന്‍വലിയുന്നു. ശ്രീനഗറിലെ ഏക മദ്യ ഷാപ്പിനു മുന്നില്‍ പോലും തിരക്കില്ല. മദ്യം നിഷിദ്ധമായതിനാല്‍ കശ്മീരില്‍ ആകെയുള്ളത് ഒറ്റ മദ്യ ഷാപ്പാണ്. അതേസമയം, ബിയര്‍ പെട്ടിക്കടകളില്‍ പോലും ലഭ്യമാണ്. കശ്മീരില്‍ മദ്യപാനികള്‍ കുറവാണെങ്കിലും കുട്ടികളില്‍ വരെ പുകവലി വ്യാപകം.

പഹല്‍ഗാമിലേക്കുള്ള യാത്രാ മധ്യേയാണ് ആപ്പിള്‍ തോട്ടങ്ങള്‍ കണ്ടത്. ചുവന്നുതുടുത്ത ആപ്പിള്‍ കുലകള്‍ അനന്ത്നാഗിന്റെ സൗന്ദര്യമാണ്.

കിലോക്ക് നാല്‍പത് രൂപ വിലയുള്ള ആപ്പിള്‍ കേരളത്തിലത്തെുമ്പോള്‍ നൂറും നൂറ്റി നാല്‍പതും രൂപയായി ഉയരുന്നു. താഴ്വര അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നതോടെ ആപ്പിള്‍ വിളവെടുപ്പും അവസാനിക്കാറായെന്ന് കര്‍ഷകര്‍ പറഞ്ഞു. ആഗസ്തില്‍ തുടങ്ങുന്ന ആപ്പിള്‍ വിളവെടുപ്പ് നവംബര്‍ അവസാനത്തോടെ തീരുന്നു. അനന്ത്നാഗ് ജില്ലയിലും ഗുല്‍മാര്‍ഗിലുമാണ് ആപ്പിള്‍ തോട്ടങ്ങള്‍ പ്രധാനമായും ഉള്ളത്.

സമുദ്ര നിരപ്പില്‍ നിന്ന് 7200 അടി ഉയരത്തിലുള്ള പഹല്‍ഗാം അമര്‍നാഥ് യാത്രയുടെ പ്രവേശന കവാടം കൂടിയാണ്. ലിഡ്ഡര്‍ നദിക്കരയിലുള്ള പഹല്‍ഗാം കശ്മീര്‍ താഴ്വരയുടെ മുഴുവന്‍ മനോഹാരിതയും ആവാഹിച്ചിരിക്കുന്നു. താപനില പതിനൊന്നിലത്തെിയതിനാല്‍ കൈകള്‍ കോട്ടനുള്ളില്‍ നിന്ന് പുറത്തെടുക്കാനാവാത്ത സ്ഥിതി.

കൈകള്‍ മരിവിക്കാതിരിക്കാന്‍ കശ്മീരികള്‍ ശരീരത്തില്‍ കെട്ടി നടക്കുന്ന ‘കാങ്ഡി‘ എന്ന കനല്‍കൊട്ട ശൈത്യകാലത്തിന്‍െറ പതിവുകാഴ്ചകളില്‍ പെടുന്നു.

കാങ്ഡി കനല്‍കൊട്ട

വട്ടത്തില്‍ ചെടിച്ചട്ടി പോലുള്ള മണ്‍ പാത്രത്തില്‍ വെണ്ണീര്‍ നിറച്ച് തീക്കനല്‍ ഇട്ട് പാത്രം ചൂരല്‍ കൊട്ടയില്‍ പൊതിയുന്നു. ഈ കൊട്ടക്ക് കയറിട്ട് കഴത്തില്‍ തൂക്കിയിട്ടാണ് ഇവിടുത്തുകാര്‍ പുറത്തിറങ്ങുന്നത്. സദാ സമയവും കൈ ഇതിനു മുകളില്‍ വെച്ചാണ് നടപ്പ്. അതിനു മുകളില്‍ ഷാള്‍. കണ്ടാല്‍ കശ്മീരികളെല്ലാം കുടവയറന്‍മാരാണെന്നേ തോന്നൂ. 150 രൂപ മുതല്‍ 250 വരെയുള്ള കാങ്ഡി കശ്മീര്‍ വിപണിയില്‍ സുലഭം. യഥാര്‍ഥ കറന്‍സി നോട്ടുകള്‍ കൊര്‍ത്തിണക്കിയുണ്ടാക്കിയ മാലകള്‍ വില്‍പനക്ക് വെച്ചതാണ് വിപണിയിലെ കൗതുകകരമായ കാഴ്ച. വിവാഹ സമയത്ത് വധു വരന് നല്‍കുന്നതാണത്രെ നോട്ട് മാല.

ക്രിക്കറ്റ് ബാറ്റുകളുടെ നിര്‍മാണമാണ് മാറിയ ലോകത്തെ കശ്മീരികളുടെ പ്രധാന തൊഴില്‍. ബാറ്റ് നിര്‍മിക്കുന്ന വില്ളോ മരങ്ങള്‍ യഥേഷ്ടം ഇവിടെ വളരുന്നു. വിളവെടുപ്പ് കഴിഞ്ഞ് ഇല പൊഴിച്ചു തുടങ്ങിയ വാല്‍നട്ട് മരങ്ങളും കുങ്കുമപ്പാടങ്ങളുമാണ് ശൈത്യകാലത്തിന്റെ വേറിട്ട കശ്മീര്‍ കാഴ്ച. ഡാല്‍ തടാകത്തിനു നടുവിലടക്കം ഡ്രൈ ഫ്രൂട്ട് കച്ചവടവും എങ്ങും കാണാം.
തണുപ്പിന്റെ തീവ്രതയിലും ഉറങ്ങാതെ റോന്തു ചുറ്റുന്ന പട്ടാളക്കാരും സൈനിക വാഹനങ്ങളും ഈ സ്വര്‍ഗ താഴ്വാരത്തിന്റെ ദുഖകരമായ മറ്റൊരു കാഴ്ച. നഗരങ്ങളിലും നിരത്തിലും മാത്രമല്ല, പാടങ്ങളിലും തോട്ടങ്ങളിലും തോക്കേന്തിയ സൈനികര്‍ കാവല്‍ നില്‍ക്കുന്നു. ഏതു സമയവും വന്നേക്കാവുന്ന ശത്രുവിനെ കാത്തുള്ള അനന്തമായ കാത്തിരിപ്പ്.

ഗുല്‍മാര്‍ഗിലും സോനമാര്‍ഗിലും ശൈത്യ കാലത്തിന്റെ അടയാളങ്ങള്‍ നിറഞ്ഞുതുടങ്ങി. മഞ്ഞ് തണുത്തുറഞ്ഞ മല നിരകള്‍ സഞ്ചാരികളുടെ ആകര്‍ഷണങ്ങളാണ്. തൂവെള്ള കുന്നുകളും അവയില്‍ നിരന്നുകിടക്കുന്ന പൈന്‍ മരങ്ങളില്‍ വീണുകിടക്കുന്ന മഞ്ഞുകട്ടകളും പോസ്റ്റര്‍ ചിത്രത്തിന്റെ ഓര്‍മയാണുര്‍ത്തുക. താപിനല മൈനസിലേക്കു താഴുന്ന ഡിസംബറിലെ സന്ദര്‍ശകരേറെയും വിദേശികളാണെന്ന് ഞങ്ങളുടെ ലോഡ്ജുടമ ഉമര്‍ ഖാന്‍ പറഞ്ഞു.

കശ്മീര്‍ താഴ്വരയുടെ പ്രതീകമായ ഡാല്‍ തടാകത്തില്‍ പതിവു തിരക്കുകളില്ല. സഞ്ചാരികളെ കാത്ത് ശിക്കാറുകള്‍ (കളിവഞ്ചി) തടാകത്തിനു ചുറ്റും അനക്കമില്ലാതെ കിടക്കുന്നു. വല്ലപോഴും വന്നത്തെുന്ന വിനോദസഞ്ചാരികളുടെ മുമ്പില്‍ ജീവിത പ്രരാബ്ദങ്ങള്‍ അഴിച്ചുവെക്കുകയാണ് ശിക്കാര്‍ ഡ്രൈവര്‍മാര്‍. 30 ദിവസം കളിവഞ്ചി തുഴഞ്ഞാല്‍ കിട്ടുന്നത് 3000 രൂപ. കശ്മീരില്‍ യുവാക്കള്‍ക്ക് തൊഴിലില്ല. തീവ്രവാദ ആക്രമണങ്ങള്‍ ഭയന്ന് ടൂറിസ്ററുകള്‍ കശ്മീരിനെ കൈയൊഴിയുകയാണെന്നാണ് ശിക്കാര്‍ തുഴക്കാരന്‍ പരിതപിച്ചു.

കശ്മീര്‍ സന്തോഷവും ദുഖവുമാണ്. ചിനാര്‍ മരങ്ങളും പൈന്‍ താഴ്വരകളും നല്‍കുന്ന സ്വഛമായ അനുഭൂതി. ദൈവത്തിന്റെ വരദാനം പോലെ പ്രകൃതിയുടെ സുന്ദരമായ കാഴ്ചകള്‍. ഒപ്പം മതവും രാഷ്ട്രീയവും കലുഷിതമാക്കിയ അശാന്തമായ കശ്മീര്‍ ഉണര്‍ത്തുന്ന അസ്വസ്ഥ ചിന്തകളും. 300 കിലോമീറ്റര്‍ താഴെ ജമ്മുവിലേക്ക് മലയിറങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയായത് ഈ ചിത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story