ഗസ്സയിലെ നെഹ്‌റു
text_fieldsഅങ്ങു ദൂരെ മെഡിറ്ററേനിയന്‍ കടല്‍ തീരത്തെ ഉപരോധിത നഗരമായ ഗസ്സയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ടുമുട്ടുമെന്ന് സാധാരണഗതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു യാത്രികന്‍ പ്രതീക്ഷിക്കുന്നില്ല. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും പേരില്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന ആ നഗരത്തില്‍, ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ഒരു സ്ഥാപനം നമ്മില്‍ അദ്ഭുതമുളവാക്കുക തന്നെ ചെയ്യും. ഗസ്സ നഗരത്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറി ആ നാട് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരനിലുണ്ടാക്കുന്ന സ്വാഭാവികമായും വികാര തരംഗങ്ങള്‍ സൃഷ്ടിക്കും.
ഗസ്സയിലെ രണ്ടാമത്തെ ഏറ്റവും വലിയ യൂനിവേഴ്‌സിറ്റിയാണ് അല്‍ അസ്ഹര്‍. (തെറ്റിദ്ധരിക്കരുത്, ലോക പ്രശസ്തമായ കൈറോവിലെ അല്‍ അസ്്ഹര്‍ യൂനിവേഴ്‌സിറ്റിയുമായി ഇതിനു ബന്ധമൊന്നുമില്ല.) 1991ല്‍ യാസര്‍ അറഫാത്തിന്റെ മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ടതാണ് ഈ സ്ഥാപനം. യാസര്‍ അറഫാത്ത് ഇതിന് മുന്‍കൈ എടുക്കുന്നതില്‍ രാഷ്ട്രീയമായ ചില കാരണങ്ങളുണ്ട്. ഗസ്സയിലെ ഏറ്റവും വലുതും ഫലസ്തീന്‍ ദേശങ്ങളിലെ തന്നെ ഏറ്റവും ശ്രദ്ധേയവുമായ യൂനിവേഴ്‌സിറ്റിയാണ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് ഗസ്സ (ഐ.യു.ജി). എന്നാല്‍ ഐ.യു.ജി ഹമാസ് ആഭിമുഖ്യം പുലര്‍ത്തുന്ന സ്ഥാപനമാണ്. തന്റെ പ്രസ്ഥാനമായ ഫതഹിന് നിയന്ത്രണവും സ്വാധീനവുമുള്ള മികച്ച ഒരു യൂനിവേഴ്‌സിറ്റി ഗസ്സയില്‍ വേണമെന്ന ആഗ്രഹത്തിലാണ് അറഫാത്ത് അല്‍ അസ്ഹറിന്റെ സ്ഥാപനത്തില്‍ താല്‍പര്യമെടുക്കുന്നത്. ഐ.യു.ജി കാമ്പസിന് തൊട്ടടുത്ത് തന്നെയാണ് അല്‍ അസ്ഹറും. 12 ഫാക്കല്‍റ്റികളിലായി പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു.
ഐ.യു.ജി സന്ദര്‍ശിച്ച ശേഷമാണ് കാല്‍നടയായി അല്‍ അസ്ഹറിലേക്ക് പോയത്. ഐ.യു.ജിയുടെ വൃത്തിയും വെടിപ്പും പത്രാസുമൊന്നും അല്‍ അസ്ഹറിനില്ല. അത് നമ്മുടെ നാട്ടിലെ ഒരു സര്‍ക്കാര്‍ കലാലയം പോലെത്തന്നെ. പോസ്റ്ററുകളും ചുമരെഴുത്തുകളും നിറഞ്ഞ കാമ്പസ്. വിദ്യാര്‍ഥികള്‍ അവിടെയുമിവിടെയും വട്ടം കൂടിയിരുന്നു സിഗരറ്റ് പുകക്കുന്നു. അടുത്തിടെ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫതഹ് പ്രവര്‍ത്തകനായ വിദ്യാര്‍ഥി മുഹമ്മദ് ഇല്‍യാന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും കാണാം.
ഐ.യു.ജി സന്ദര്‍ശനത്തിന് ശേഷമായത് കൊണ്ടാകാം അല്‍ അസ്ഹര്‍ ഒട്ടും ആകര്‍ഷകമായി തോന്നിയില്ല. പക്ഷേ, കാമ്പസിന്റെ മധ്യത്തില്‍ മൂന്ന് നിലയില്‍ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന ലൈബ്രറി കെട്ടിടം നമ്മെ ആകര്‍ഷിക്കാതിരിക്കില്ല. കെട്ടിടത്തിന്റെ മുകളില്‍ അറബിയിലെ ബോര്‍ഡ് ഇങ്ങിനെ വായിക്കാം: മക്തബതു ജവഹര്‍ലാല്‍ നെഹ്‌റു. സന്നിഗ്ദതകള്‍ നിറഞ്ഞ യാത്രക്കൊടുവില്‍ ഗസ്സയില്‍ എത്തിച്ചേര്‍ന്ന ഒരു ഇന്ത്യന്‍ യാത്രികനെ സംബന്ധിച്ചിടത്തോളം ഈ കാഴ്ച തന്നെ വലിയ ആശ്വാസമാണ്. ഇന്ത്യക്കാരന്റെ ഒരു പൊടിപോലും കണ്ടുപിടിക്കാനില്ലാത്ത ഈ നഗരത്തില്‍ നെഹ്‌റവിന്റെ പേരിലൊരു കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നത് ആരെയാണ് ആഹ്ലാദിപ്പിക്കാതിരിക്കുക?
ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തിന്റെ സ്മാരകം കൂടിയാണ് ഈ ലൈബ്രറി. രാജ്യം സ്വതന്ത്രമായ അന്നുമുതല്‍ തന്നെ ഫലസ്തീനുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമായിരുന്നു. 'ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എപ്രകാരം അവകാശപ്പെട്ടതാണോ അപ്രകാരം ഫലസ്തീന്‍ ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണ്' എന്ന്, ഫലസ്തീന്‍ വിഷയത്തില്‍ ഗാന്ധിജി തന്നെ നയം വ്യക്തമാക്കിയതാണല്ലോ. ഗാന്ധിജിയുടെ ഈ നയപ്രഖ്യാപനം 1990കള്‍ വരെ ഇന്ത്യയുടെ വിദേശ നയത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള ഫലസ്തീനികളുടെ അഭിലാഷത്തെ ഇന്ത്യ എന്നും പിന്തുണച്ചു പോന്നു. രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണക്കു പുറമെ ഫലസ്തീന് ഭൗതികമായ സഹായങ്ങള്‍ ചെയ്യുന്നതിലും ഇന്ത്യ എന്നും മുന്‍പന്തിയിലായിരുന്നു. സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്താണ് ഫലസ്തീനെ ഇന്ത്യ ഏറ്റവുമധികം സഹായിച്ചത്. നൂറുകണക്കിന് ഫലസ്തീനി വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പോടുകൂടി വിവിധ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഫലസ്തീനി വിദ്യാര്‍ഥികളുടെ സംഘടന പോലും ഇന്ത്യയിലുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ നല്‍കുന്ന സഹായങ്ങളുെട ഭാഗമായാണ് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ഈ ഗംഭീര ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്. 2000 ജൂലൈ രണ്ടിന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിംഗാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ഏഴ് ലക്ഷം ഡോളറാണ് ഈ പദ്ധതിക്ക് ഇന്ത്യ അനുവദിച്ചത്.
ലൈബ്രറിയുടെ താഴെ മുറ്റത്ത് അറബിയിലും ഇംഗ്ലീഷിലും സ്ഥാപിച്ച നാമഫലകം മുഹമ്മദ് ഇല്‍യാന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ കൊണ്ട് പാതി മൂടിയിരിക്കുന്നു. മൂന്ന് നിലകളിലാണ് ലൈബ്രറിയെങ്കിലും വിദ്യാര്‍ഥികള്‍ അധികമൊന്നും അവിടെയില്ല. ഏതാനും സ്റ്റാഫുകള്‍ മാത്രം. ചീഫ് ലൈേ്രബറിയന്റെ അടുത്ത് പോയെങ്കിലും അങ്ങേര്‍ക്ക് വലിയ താല്‍പര്യമില്ലാത്തത് പോലെ. ഇന്ത്യയില്‍ നിന്നുള്ള സംഘം നെഹ്‌റുവിന്റെ പേരിലുള്ള ലൈബ്രറിയില്‍ എത്തിയിട്ടും സാധാരണ ഗസ്സന്‍ വീടുകളില്‍ നിന്ന് ലഭിക്കുന്ന ആവേശം നിറഞ്ഞ ആതിഥ്യത്തിന്റെ പാതി പോലും കിട്ടാത്തത് നിരാശപ്പെടുത്താതെയല്ല. അദ്ദേഹം അല്‍പ സമയം കൂടെ നടന്ന് ലൈബ്രറിയെ കുറിച്ച് കുറച്ചെന്തൊക്കെയോ പറഞ്ഞു തന്നു. വിവിധ വിഷയങ്ങളായി തിരിച്ച് ശാസ്ത്രീയമായി തന്നെയാണ് മൂന്ന് നിലയിലും പുസ്തകങ്ങള്‍ തയാറാക്കി വെച്ചിരിക്കുന്നത്.
മൊത്തത്തില്‍ ഒരു അലസതയും മുരടിപ്പും കാമ്പസിലെങ്ങും പ്രകടം. തൊട്ടുമുമ്പ് ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നുണ്ടായ ആഹ്ലാദകരമായ അനുഭവവും ആവേശകരമായ സ്വീകരണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് ഏറെ പ്രകടം. ഗസ്സയുടെ ഭരണം ഹമാസിന്റെ കൈകളില്‍ വന്ന ശേഷം അല്‍ അസ്ഹറിന് പൊതുവെ മുരടിപ്പാണെന്ന് തോന്നുന്നു. ഭരണകൂടവുമായി പലപ്പോഴും സംഘര്‍ഷത്തിലാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍. റാമല്ലയിലെ ഫതഹ് ഭരണകൂടമാകട്ടെ, ഗസ്സയില്‍ നിലനില്‍ക്കുന്ന സ്ഥാപനമെന്ന നിലക്ക് അല്‍ അസ്ഹറിനെ അധിമകൊന്നും പരിഗണിക്കുന്നുമില്ല. 2000ത്തില്‍ ഗസ്സയില്‍ നടന്ന ഹമാസ്-ഫതഹ് സംഘര്‍ഷവും യൂനിവേഴ്‌സിറ്റിയെ ബാധിച്ചിരുന്നു. ആ വര്‍ഷം ഒക്‌ടോബറില്‍ ഫതഹിന്റെയും ഹമാസിന്റെയും വിദ്യാര്‍ഥി വിഭാഗങ്ങള്‍ കാമ്പസില്‍ ഏറ്റുമുട്ടുകയുണ്ടായി.
ഇന്ത്യയില്‍ നിന്നുള്ള സംഘമെന്ന നിലക്ക് കണ്ടുമുട്ടിയ ഫലസ്തീനി നേതാക്കളെല്ലാം ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. അത്, മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഇന്ത്യ-ഫലസ്തീനി ബന്ധത്തെക്കുറിച്ചാണ്. ഇന്ത്യ തങ്ങളില്‍ നിന്നകലുന്നുവോ എന്ന വേദന അവര്‍ക്കുണ്ട്. ഒരു കാലത്ത് അന്താരാഷ്ട്ര വേദികളില്‍ ഫല്‌സതീനി ലക്ഷ്യത്തിന്റെ ഏറ്റവും വലിയ പിന്തുണക്കാരനായിരുന്നു ഇന്ത്യ. 1975ല്‍ തന്നെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ഔദ്യോഗികമായി അംഗീകരിക്കുയും അവര്‍ക്ക് ന്യൂദല്‍ഹിയില്‍ കാര്യാലയം തുറക്കാന്‍ അനുവദി നല്‍കുകയും ചെയ്തു ഇന്ത്യ. പി.എല്‍.ഒക്ക് ഔഗ്യോഗിക അംഗീകാരം നല്‍കിയ ആദ്യ അറബേതര രാജ്യമാണ് ഇന്ത്യ. 1996ല്‍ ഇന്ത്യയുടെ പ്രതിനിധി കാര്യാലയം ഗസ്സയില്‍ തുറന്നു. (ടി.എസ് തിരുമൂര്‍ത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ ഫലസ്തീന്‍ പ്രതിനിധി. 2003ല്‍ ഈ കാര്യാലയം റാമല്ലയിലേക്ക് മാറ്റി. അതിന് ശേഷം ഗസ്സയില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല. ബി.എസ് മുബാറക്കാണ് റാമല്ല കാര്യാലയത്തിലെ ഇപ്പോഴത്തെ ഇന്ത്യന്‍ പ്രതിനിധി).
ഇന്ന് ഇസ്രയേലിന്റെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഇന്ത്യ. ഇസ്രയേലുമായി ഏറ്റവുമധികം പ്രതിരോധ ഇടപാടുകള്‍ നടത്തുന്ന രാജ്യം. ഇത് ഫലസ്തീനികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതേ സമയം, ഫലസ്തീന് ഇടക്കിടെ ധനസഹായവും മറ്റു ഭൗതിക സഹായങ്ങളും നല്‍കിയാണ് ഫലസ്തീന്‍ സ്‌നേഹം തങ്ങള്‍ക്കുണ്ടെന്ന് പ്രകടിപ്പിക്കുന്നത്. ആഭ്യന്തര രാഷ്ട്രീയത്തിലെ അനിവാര്യതകളാണ് ഇതിന് ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഇത്തരം സാമ്പത്തിക സഹായങ്ങളല്ല, രാഷട്രീയമായ പിന്തുണയാണ് തങ്ങള്‍ക്ക് വേണ്ടതെന്നതാണ് ഫലസതീനികളുെട നിലപാട്.
ഫലസ്തീന്‍ അനുകൂല, സാമ്രാജ്യത്വ വിരുദ്ധ ഇന്ത്യന്‍ വിദേശ നയത്തിന്റെ ഏറ്റവും ശക്തനായ പ്രതിനിധിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. ഫലസ്തീനികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ നേതാവ്. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ വലിയ പുസ്തകാലയം ഗസ്സ സന്ദര്‍ശിക്കുന്ന ഏതൊരു ഇന്ത്യക്കാരനിലും വല്ലാത്തൊരു അഭിമാനബോധമാണുണ്ടാക്കുക. ഇരു ജനതയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ സാക്ഷിയായി ഈ അറിവാലയം ഗസ്സയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ആ പഴയ ബന്ധം ഇനിയും നിലനില്‍ക്കണമേയെന്നതാണ് ഓരോ ഫലസ്തീനിയുടെയും പ്രാര്‍ഥന.
മീഡിയവണ്‍ ടി.വി മാനേജിങ് എഡിറ്ററാണ് ലേഖകന്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.