മരിയന്‍ തീര്‍ഥാടനത്തിന്റെ നിര്‍വൃതി തേടി
text_fieldsഅനിര്‍വചനീയമായ ആത്മീയ ഉണര്‍വ് പ്രദാനം ചെയ്യുന്ന യാത്രകളാണ് തീര്‍ഥാടനങ്ങള്‍. അവ മനസിലുണര്‍ത്തുന്ന ഊര്‍ജം അനുഭവിക്കാത്തവര്‍ വിരളമായിരിക്കും. ഭക്തി നിറഞ്ഞ മനസുമായി ദേവാലയങ്ങളില്‍ എത്തി സര്‍വ്വവും സമര്‍പ്പിതമാക്കി കൈകള്‍ കൂപ്പുമ്പോള്‍, ആശ്വാസവും ആനന്ദവും പ്രതീക്ഷകളും മനസിനെ തൊട്ടുണര്‍ത്തുന്നത് നമുക്കനുഭവവേദ്യമാകും.
ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണ് മരിയ ഭക്തി. ഇന്ത്യയിലെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് വേളാങ്കണ്ണി. ചെന്നൈയില്‍ നിന്നും 350 കിലോ മീറ്ററോളം അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ പട്ടണം. 16-17 നൂറ്റാണ്ടുകളില്‍ നടന്നതായി പറയപ്പെടുന്ന അദ്ഭുതങ്ങളാണ് ഈ തീര്‍ഥാടന കേന്ദ്രത്തിന്റെ ഉത്ഭവത്തിനാധാരം. ജാതിമതഭേദമെന്ന്യെ കോടിക്കണക്കിന് മനുഷ്യരാണ് കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന ഈ ചെറു പട്ടണത്തില്‍ വന്ന് മാതാവിനെ ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ സ്വന്തമാക്കുന്നത്.
മാതാവിന്റെ ദര്‍ശനം ആദ്യമായി ഉണ്ടായതായി പറയപ്പെടുന്നത് ഒരിടയ ബാലനാണ്. അവന്‍ പാലുമായി യജമാനന്റെ വീട്ടിലേക്ക് പോകുന്നവഴി വിശ്രമിക്കാനായി ഒരു കുളത്തിന്റെ തീരത്തുള്ള ആല്‍മരത്തറയില്‍ ഇരുന്നു. ക്ഷീണിതാനായ അവന്‍ ആ ഇരുപ്പില്‍ ഉറങ്ങിപ്പോവുകയും ചെയ്തു. മനോഹരമായ ഒരു ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന അവന്‍ കാണുന്നത് കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ഐശ്വര്യമുള്ള ഒരു സ്ത്രീ തന്നോട് പാല്‍ ചോദിക്കുന്നതാണ്. പാലിന്റെ അളവ് കുറഞ്ഞാല്‍ യജമാനന്‍ വഴക്കു പറയുമെന്ന ചിന്ത അവനെ തളര്‍ത്തിയെങ്കിലും അവന്‍ പാല്‍ നല്‍കുക തന്നെ ചെയ്തു.
എന്നാല്‍ യജമാനന്റെ വീട്ടില്‍ എത്തി പാല്‍കുടം തുറന്ന അവന്‍ കണ്ടത് നിറഞ്ഞു തുളമ്പുന്ന കുടമാണ്. സംഭവം അവന്‍ യജമാനനോട് പറയുകയും അയാള്‍ ഉടന്‍ കുളക്കരയിലേക്ക് വരുകയും ചെയ്തു. ഹൈന്ദവനായ ആ മനുഷ്യനും മാതാവിന്റെ ദശര്‍നമുണ്ടായത്രെ. അന്നു മുതല്‍ അവിടെ മാതാവിനെ വണങ്ങിത്തുടങ്ങി.
ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വേളാങ്കണ്ണിയിലുള്ള 'നടുത്തിട്ട' എന്ന സ്ഥലത്ത് മോരു വില്‍ക്കുന്ന മുടന്തനായ ബാലന് മാതവ് പ്രത്യക്ഷപ്പെട്ട് ഉണ്ണിക്ക് കുടിക്കാനായി മോര് വാങ്ങി. അവന്റെ മുടന്ത് സുഖപ്പെടുത്തിയ മാതാവ് ഈ വിവരം നാഗപട്ടണത്തെ ഒരു കത്തോലിക്കനെ അറിയിക്കുവാനാവശ്യപ്പെട്ടു. ഈ കത്തോലിക്കന് തലേ ദിവസം രാത്രിയില്‍ ഇത്തരമൊരു ദര്‍ശനം ഉണ്ടായിരുന്നു. അയാള്‍ ഉടനെ സ്ഥലത്തെത്തി. അവിടെ വെച്ച് മാതവിന്റെയും ഉണ്ണിയേശുവിന്റെയും ദര്‍ശനമുണ്ടാവുകയും അവിടെ ഒരു ദേവാലയം പണിയണമെന്ന് മാതാവ് നിര്‍ദേശിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ നാടുമുഴുവന്‍ അറിയുകയും അവിടെ ആളുകള്‍ പ്രാര്‍ഥിക്കാനെത്തുകയും ധാരാളം അദ്ഭുത പ്രവൃത്തികള്‍ നടക്കുകയും ചെയ്തു.
17ാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് സിലോണിലേക്ക് പോവുകയായിരുന്ന പോര്‍ച്ചുഗീസ് കപ്പല്‍ കൊടുങ്കാറ്റില്‍പെട്ടു. നാവികര്‍ മാതാവിനെ വിളിച്ചപേക്ഷിക്കുയും കപ്പല്‍ അടുക്കുന്ന ദിക്കില്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണി കഴിപ്പിക്കാമെന്ന് നേരുകയും ചെയ്തു. കപ്പല്‍ സുരക്ഷിതമായി വേളാങ്കണ്ണി തീരത്ത് നങ്കുരമിട്ടു. നാവികര്‍ അവിടെയുണ്ടായിരുന്ന മാതാവിന്റെ ദേവാലയ സന്നിധിയില്‍ എത്തുകയും നല്ല പള്ളി പണിയാന്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെടുകയും പള്ളി പണിയേണ്ട കൃത്യസ്ഥാനം കാണിച്ചുകൊടുക്കുയും ചെയ്തു. ആസ്ഥലത്താണ് ഇപ്പോഴത്തെ പള്ളി സ്ഥാപിച്ചിരിക്കുന്നത്. പള്ളിയിലെ അള്‍ത്താരയില്‍ കാണുന്ന ബൈബിള്‍ കഥകള്‍ ആലേഖനം ചെയ്ത കളിമണ്‍ പെയിന്റിങ് പ്ലെയിറ്റുകള്‍ ചൈനയില്‍ നിന്നു നാവികര്‍ കൊണ്ടു വന്നതാണ്.
എ.ഡി 1771ലാണ് വേളാങ്കണ്ണി ഒരു സ്വതന്ത്ര ഇടവകയാകുന്നത്. 1920ലാണ് ഇന്നുള്ള ഗാത്തിക്ക് മാതൃകയില്‍ പള്ളിയുടെ പുനത്തനിര്‍മാണം നടന്നത്. പ്രധാന തിരുന്നാള്‍ നടക്കുന്നത് ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 8 വരെയാണ്. ഭക്ത ജനത്തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് താമസത്തിനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും അവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. എങ്കിലും അത് പര്യാപ്തമാകാത്തവിധം തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വേളാങ്കണ്ണിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള തഞ്ചാവൂരിലെ ക്ഷേത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്. 500 വര്‍ഷത്തോളം പഴക്കമുള്ള നാഗൂര്‍ ദര്‍ഗ്ഗയും വേളാങ്കണ്ണിക്ക് സമീപം തന്നെയാണ്. വേളാങ്കണ്ണിയില്‍ എത്തുന്നവര്‍ക്ക് ഈ കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
how to reach
പള്ളിയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് വേളാങ്കണ്ണി റെയില്‍വേ സ്‌റ്റേഷന്‍. നാഗപട്ടണത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് കണക്ക്ഷന്‍ ട്രെയിന്‍ കയറി വേളാങ്കണ്ണിയില്‍ എത്താം. എറണാകുളത്തു നിന്ന് രാത്രി പത്തിനു പുറപ്പെടുന്ന കാരയ്ക്കല്‍ എക്‌സ്പ്രസ് ആണ് കേരളത്തിലുള്ളവര്‍ക്ക് വേളാങ്കണ്ണിയില്‍ എത്താന്‍ ഏറ്റവും സഹായകരം. പിറ്റേന്ന് രാവിലെ 11 മണിയോടെ അത് നാഗപട്ടണത്തെത്തും. അവിടെ നിന്ന് കണക്ഷന്‍ ട്രെയിന്‍ കയറി വേളാങ്കണ്ണിയില്‍ എത്താം.
തീര്‍ഥാടന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് തിരിച്ചിറപ്പള്ളിയാണ്. അവിടെ നിന്ന് ബസ് മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വേളാങ്കണ്ണിയില്‍ എത്തിച്ചേരാം.
where to stay
പള്ളിവകയായി ധാരാളം താമസ സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കുട്ടി ബുക്കിങ് ഇല്ല. ബുക്ക് ചെയ്ത് പോകണമെങ്കില്‍ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരും. തിരക്കുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും ഇതാവും ഉചിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.