Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightശാസ്ത്രത്തിന്റെ...

ശാസ്ത്രത്തിന്റെ നഗരത്തില്‍

text_fields
bookmark_border
ശാസ്ത്രത്തിന്റെ നഗരത്തില്‍
cancel

ജര്‍മനിയുടെ യാത്രാ ഭൂപടങ്ങളിലൊന്നും പരതിയാല്‍ ഗോട്ടിന്‍ഗന്‍ എന്ന നാട് കണ്ടെന്നുവരില്ല. ബര്‍ലിനെയോ ഫ്രാങ്ക്ഫര്‍ട്ടിനെയോ അപേക്ഷിച്ച് ഗോട്ടിന്‍ഗന്‍ ഒരു നഗരം പോലുമല്ല. ഒരു ചെറിയ ടൗണ്‍ഷിപ്പെന്നു പറയാം. നോക്കിലും വാക്കിലും തികച്ചും സാധാരണക്കാരായ ഒരു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഒരു ചെറുപട്ടണം. അതില്‍തന്നെ കാല്‍ഭാഗവും വിദ്യാര്‍ഥികള്‍. അധികമൊന്നും അറിയപ്പെടാത്ത ഇവിടെ പറയത്തക്കതായി 300 വര്‍ഷത്തോളം പഴക്കമുള്ള ഒരു സര്‍വകലാശാലയുണ്ട്. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ ഇവിടേക്ക് വന്നത്തെുന്നു. അവരുണ്ടാക്കുന്ന ആരവങ്ങളൊഴിച്ചാല്‍ പൊതുവെ ഉറങ്ങിക്കിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് ഗോട്ടിന്‍ഗന്‍.

നഗരത്തിലെ ഒരു പഴയ സെമിത്തേരിയിലെ പാര്‍ക്കില്‍ ചെല്ലുമ്പോള്‍ നിറയെ ആളുകളായിരുന്നു. ബെഞ്ചുകളിലിരുന്ന് സൊറ പറയുന്നവര്‍, മരച്ചുവട്ടിലെ ഏകാന്തഗായകര്‍, കുടുംബത്തോടൊപ്പം ഭക്ഷണം ചുട്ടെടുക്കുന്നവര്‍... സംഗീതസാന്ദ്രമായ ഈ വാരാന്ത്യം പലരും ആഘോഷിക്കുന്നത് ശവക്കല്ലറകളില്‍ ചാരിയിരുന്നാണ്. ഇവയില്‍ മിക്കവാറും 1800കളിലും അതിനുമുമ്പും മരിച്ചവരാണ്. അതുകൊണ്ടാവണം, പുതിയ പൂക്കളോ കത്തിനില്‍ക്കുന്ന മെഴുകുതിരികളോ ഇവിടെ കാണാനില്ല.
ഒരു കല്ലറ സാമാന്യം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചുറ്റും ചെടികള്‍ നട്ട് അലങ്കരിച്ചിട്ടുണ്ട്. കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്നയാളുടെ മുഖം മാര്‍ബിളില്‍ കൊത്തിവെച്ചിരിക്കുന്നു. ആ മുഖം പല പുസ്തകങ്ങളിലും കണ്ട് പരിചയമുണ്ട്. ആ പേരും ലോകപ്രശസ്തമാണ്: കാള്‍ ഫ്രെഡറിക് ഗൗസ് (1777-1855). ഗണിത ശാസ്ത്രത്തിന്റെ രാജകുമാരനെന്നറിയപ്പെടുന്ന സാക്ഷാല്‍ ഗൗസിന്റെ അന്ത്യവിശ്രമ കേന്ദ്രമാണത്.

ഗൗസ് താമസിച്ചിരുന്ന വീട് (ഫോട്ടോ: ഡോ. നിര്‍മല്‍ ത്യാഗു)

ഒരര്‍ഥത്തില്‍ ഒരു പ്രേതനഗരമാണ് ഗോട്ടിന്‍ഗന്‍. അതു ജീവിക്കുന്നത് ഗതകാലത്തിന്‍െറ പ്രൗഢിയിലാണ്. ഒരുകാലത്ത് ഈ നഗരത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ പ്രശസ്തിയും അവര്‍ നാഗരികതക്കു നല്‍കിയ സംഭാവനകളുമാണ് ഗോട്ടിന്‍ഗന്റെ കൈമുതല്‍. അവരുടെ പേരുകളിലാണ് ഇവിടത്തെ തെരുവുകള്‍ അറിയപ്പെടുന്നതുതന്നെ. വീടുകള്‍ക്കു മുകളില്‍ പഴയ താമസക്കാരുടെ പേരുകള്‍ ഇന്നും അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

നഗരത്തിന്റെ സെമിത്തേരിയില്‍ ഒരു ഭാഗത്ത് 10 നൊബേല്‍ സമ്മാനജേതാക്കളെ അടുത്തടുത്തായി സംസ്കരിച്ചിരിക്കുന്ന ഇടമുണ്ട്. 10 നൊബേല്‍ സമ്മാന ജേതാക്കള്‍ ഒരുമിച്ചോ എന്നു സംശയിക്കേണ്ട. വൈകുന്നേരങ്ങളില്‍ തങ്ങളുടെ അപ്പവും വാങ്ങി വീടുകളിലേക്ക് വേച്ചുവേച്ചു പോകുന്ന ഈ മനുഷ്യര്‍ അമ്പതോളം നൊബേല്‍ സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട് എന്നതുകൂടി അറിയണം. നൊബേല്‍ സമ്മാനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ, ആല്‍ഫ്രഡ് നൊബേലിന്റെ കാലത്തിനും എത്രയോ മുമ്പ്, ഗൗസും വെബറും വൈദ്യുതകാന്തിക സിദ്ധാന്തത്തിന്‍െറ അടിത്തറ പാകിയത് ഇവിടെ വെച്ചാണ്. ജീവലോകത്തെ അതീന്ദ്രിയ സിദ്ധാന്തങ്ങള്‍ക്ക് അവസാനം കുറിക്കുകയും ഓര്‍ഗാനിക് കെമിസ്ട്രി തുടങ്ങിവെക്കുകയും ചെയ്ത അതേ വൂളര്‍, അക്ഷമനായി ഉലാത്തിയത് ഈ തെരുവുകളിലൂടെയാണ്. മാക്സ് പ്ളാങ്കും മാക്സ് ബോണും ഹെയ്സന്‍ബര്‍ഗും ക്വാണ്ടം ബലതന്ത്രത്തിന്‍െറ പൊരുളന്വേഷിച്ചത് ഈ കൊച്ചു നാട്ടിന് പുറത്തുവെച്ചാണ്. ജര്‍മനിയുടെ ദേശീയ കവിയും കാള്‍ മാര്‍ക്സിന്റെ സുഹൃത്തുമായിരുന്ന എന്‍റീഷ് ഹെയ്നെ, ന്യൂക്ളിയര്‍ ശാസ്ത്രജ്ഞനായ ഓപ്പന്‍ ഹെയ്മര്‍, ക്വാണ്ടം ബലതന്ത്രത്തിലെ മറ്റ് അഗ്രഗാമികളായ പൗളി, എന്‍റികോ ഫെര്‍മി, പ്രശസ്ത ഗണിത ശാസ്ത്രജ്ഞരായ ജോണ്‍ വോണ്‍ നോയ്മാന്‍, ഡേവിഡ് ഹില്‍ബര്‍ട്ട്, ഫെലിക്സ് ക്ളേയെന്‍, ജ്യാമിതി കണ്ടുപിടിച്ച ബെന്‍ഹാര്‍ഡ് റീമാന്‍, ശാസ്ത്രലോകത്തെ വരാനിരിക്കുന്ന പല സിദ്ധാന്തങ്ങളെയും മുമ്പേ മനനം ചെയ്ത ക്രാന്തദര്‍ശിയായ തത്ത്വചിന്തകന്‍ ഇമ്മാനുവല്‍ കാന്‍റ് എന്നിങ്ങനെ ആധുനിക ശാസ്ത്രത്തെയും തത്ത്വചിന്തയെയും പുനര്‍നിര്‍വചിച്ച ധിഷണാശാലികളില്‍ വലിയൊരു വിഭാഗം ഇവിടെ ജീവിച്ചിരുന്നവരോ പഠിച്ചവരോ ആണ്.

ഗോട്ടിന്‍ഗനിലെ സെമിത്തേരി

ഗോട്ടിന്‍ഗനിലത്തെി മൂന്നു മാസത്തോളം ഞങ്ങള്‍ താമസിച്ചിരുന്നത് ബുര്‍ണര്‍ സ്ട്രാസ്സെയിലെ മാക്സ് പ്ളാങ്ക് സൊസൈറ്റിയുടെ അതിഥിമന്ദിരത്തിലായിരുന്നു. ബൂണ്‍സണ്‍ ബര്‍ണര്‍ വഴി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വരെ സുപരിചിതനായ റോബര്‍ട്ട് ബൂണ്‍സന്റെ പേരിലാണ് ആ തെരുവ്. ആ കെട്ടിടമാവട്ടെ ഗോട്ടിന്‍ഗന്‍ യൂനിവേഴ്സിറ്റിയുടെ ഫിസിക്സ് ഡിപാര്‍ട്മെന്‍റ് ആയിരുന്നു ഒരു കാലത്ത്.
ജര്‍മനിയുടെ ഈ ഭാഗം ഒരു മലയോര പ്രദേശമാണ്. ചെറുതും വലുതുമായ മലനിരകള്‍, പച്ചപ്പു നിറഞ്ഞ കാടുകള്‍, അവക്കിടയില്‍ ഗോതമ്പും സൂര്യകാന്തികളും കടുകും വിളയുന്ന പാടങ്ങള്‍. വേനല്‍ കഴിഞ്ഞതോടെ പാടങ്ങള്‍ മിക്കതും ഉണങ്ങി സ്വര്‍ണനിറമായിട്ടുണ്ട്. ഇത്രയും മനോഹരമായ സ്ഥലത്തുനിന്നും ഉദാത്തമായതു മാത്രമേ വരുക സാധ്യമുള്ളൂ. പക്ഷേ, ഇതേ മണ്ണില്‍നിന്നുതന്നെയല്ളേ മനുഷ്യചരിത്രത്തിലെ ഇരുണ്ട ഏടുകളുടെയും തുടക്കം? അതെങ്ങനെ സംഭവിച്ചു?

ഇളം തണുപ്പുള്ള ഒരു വൈകുന്നേരം കാടിനുള്ളിലൂടെ പലതും ആലോചിച്ച് വെറുതെ നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ആരും കാണരുതെന്നപോലെ ഒരു സ്തൂപം ആ കാടിനുള്ളില്‍ കണ്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച സൈനികര്‍ക്കുള്ള ഒരു സ്മാരകമായിരുന്നു അത്. ബര്‍ലിനിലൊക്കെ യുദ്ധത്തിന്റെ സ്മരണികകള്‍ ഒരുപാട് കാണാമെന്നു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ ഒന്നു കാണുന്നത്. അതും ഒരു നാണക്കേടെന്നപോലെ ഒളിപ്പിച്ചുവെച്ച രൂപത്തില്‍.
യുദ്ധത്തില്‍ ആയുധം വിറ്റ് ലാഭമുണ്ടാക്കിയ കാനഡയില്‍പോലും മുക്കിനു മുക്കിനു കൂറ്റന്‍ യുദ്ധസ്മാരകങ്ങള്‍ കാണാമായിരുന്നു. എന്നാല്‍, ഗോട്ടിന്‍ഗനില്‍ യുദ്ധത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒന്നും കണ്ടിട്ടില്ല. യുദ്ധം ജര്‍മനി അഭിമാനത്തോടെ ഓര്‍ക്കുന്ന ഒരേടല്ല. പരാജയം മാത്രമാവില്ല കാരണം: അന്നത്തെ ഫാഷിസ്റ്റ് ഭരണകൂടത്തിന്‍െറ മനുഷ്യവിരുദ്ധമായ മുഖമെന്താണെന്ന് തുറന്നുകാണിക്കാന്‍ ന്യൂറന്‍ബര്‍ഗില്‍ നടന്ന വിചാരണകള്‍ക്ക് കഴിഞ്ഞു എന്നതും കൂടി കൊണ്ടാവണം.

ഗോട്ടിന്‍ഗന്‍ ഒരു മലയോരപ്രദേശമാണ്. ഇവിടത്തെ സാധാരണ ദൃശ്യങ്ങളിലൊന്ന്

ഗോട്ടിന്‍ഗന്റെ ചരിതം എഴുതുന്നവര്‍ എല്ലായ്പ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. ഈ നഗരത്തിന്റെയും സര്‍വകലാശാലയുടെയും പ്രാധാന്യം കാരണം രണ്ടാം ലോകയുദ്ധത്തില്‍ ഇതിന് കേടുപാടൊന്നും പറ്റാതെ സംരക്ഷിക്കുവാന്‍ വേണ്ടി നാസികള്‍ ബ്രിട്ടീഷ് അമേരിക്കല്‍ സേനകളുമായി രഹസ്യധാരണയുണ്ടാക്കിയത്രെ. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകളെ ജര്‍മനി തൊടില്ളെന്നും പകരം ഗോട്ടിന്‍ഗനെ ഒഴിവാക്കണമെന്നുമായിരുന്നത്രെ ധാരണ. യുദ്ധത്തില്‍ ഗോട്ടിന്‍ഗനിലെ കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല എന്നതു സത്യമാണ്. എന്നാല്‍, സര്‍വകലാശാലയെ സംരക്ഷിക്കാന്‍ വേണ്ടി ഇവരെല്ലാം ഒരുമിച്ചു എന്നുപറയുന്നത് വിചിത്രമായി തോന്നുന്നു. ഒരു സര്‍വകലാശാല വെറും കെട്ടിടങ്ങള്‍ മാത്രമാണോ?

സത്യത്തില്‍ യുദ്ധം തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ സര്‍വകലാശാലയുടെ നാശം ആരംഭിച്ചിരുന്നു. ശാസ്ത്രത്തെയും കലകളെയും ജര്‍മനെന്നും വൈദേശികമെന്നും വേര്‍തിരിച്ചുകൊണ്ടായിരുന്നു വിജ്ഞാനത്തിനു മുകളില്‍ നാസികളുടെ അക്രമം ആരംഭിച്ചത്. പിന്നാലെ കമ്യൂണിസ്റ്റുകളെയും ജൂതന്മാരെയും വേട്ടയാടാനാരംഭിച്ചതോടെ സര്‍വകലാശാലകളില്‍നിന്ന് വലിയൊരു വിഭാഗത്തിന് പലായനം ചെയ്യേണ്ടി വരുകയോ അല്ലാത്തവരെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയക്കുകയോ ചെയ്തു. ഹെയ്സന്‍ ബര്‍ഗിന്‍െറ ഗുരുവായിരുന്ന മാക്സ് ബോണ്‍ ഒരഭയാര്‍ഥിയെപോലെ കുറെ കാലം ഇന്ത്യയിലും ഉണ്ടായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനു പോലും രക്ഷയുണ്ടായിരുന്നില്ല.
സ്വതന്ത്രചിന്തയെയും ആശയങ്ങളെയും നശിപ്പിച്ച് കെട്ടിടങ്ങളെ മാത്രം സംരക്ഷിച്ചിട്ടെന്തു കാര്യം? 300 വര്‍ഷത്തെ പാരമ്പര്യമുള്ള ഗോട്ടിന്‍ഗന്‍ സര്‍വകലാശാലക്കു പിന്നീടൊരിക്കലും അതിന്റെ പ്രൗഢി വീണ്ടെടുക്കാനായിട്ടില്ല.
* * * *

ഗോട്ടിന്‍ഗന്‍ സര്‍വകലാശാല ലൈബ്രറി (ഫോട്ടോ: ഡോ. നിര്‍മല്‍ ത്യാഗു)

ഇളം വെയിലുള്ള ഒരു വൈകുന്നേരം മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നു ഞാനും താരിഖും. ഞങ്ങളുടെ ഗ്രൂപ്പിലെ ഗവേഷണവിദ്യാര്‍ഥിയാണ് താരിഖ്. പേരുകൊണ്ട് പാകിസ്താനിയാണെങ്കിലും താരിഖ് ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. പലപ്പോഴും നാട്ടുകാര്‍ ചോദിക്കാറുള്ള ഒരു ചോദ്യം ഞാന്‍ അല്‍പം തമാശയായി താരിഖിനോട് ചോദിച്ചു: ഈ കറുത്ത മുടിയും ഗോതമ്പിന്റെ നിറമുള്ള തൊലിയും കറുത്ത കണ്ണുകളും എപ്പോഴെങ്കിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ? താരിഖ് ചിരിച്ചു. അവന്‍െറ അമ്മയെ പോലെ ചെമ്പന്മുടിയും വെള്ളാരങ്കണ്ണുകളും ഉള്ള ഒരു ജര്‍മന്‍കാരി വിടാതെ കൂടിയിരിക്കുന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങളൊന്നും ഇതേ വരെ ഉണ്ടായിട്ടില്ളെന്നായിരുന്നു കുസൃതി നിറഞ്ഞ മറുപടി.

വിദേശനാടുകളിലൊക്കെ വംശീയവിവേചനമാണെന്ന തരത്തിലുള്ള ഒരു പ്രചാരണം നമ്മുടെ നാട്ടില്‍ കൊണ്ടുപിടിച്ചു നടക്കാറുണ്ട്. അത്തരം സ്ഥലങ്ങള്‍ കാണുമായിരിക്കും, എന്നാല്‍ അവ പറയപ്പെടുന്നത്ര വ്യാപകമല്ല. താരിഖ് ഉള്‍പ്പെടെ പല വംശത്തില്‍പെട്ട ആളുകളെയും ഇവിടെ വെച്ചു പരിചയപ്പെടുകയുണ്ടായി. അവര്‍ക്കാര്‍ക്കും എന്തെങ്കിലും തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടി വന്നുവെന്നു പറഞ്ഞുകേട്ടിട്ടില്ല. താരിഖ് തന്നെ പറഞ്ഞത് ജര്‍മന്‍ സംസാരിക്കാമെങ്കില്‍ ഈ സമൂഹവുമായി എളുപ്പം ഇഴുകിച്ചേരാമെന്നാണ്. അതു ശരിവെക്കുന്നതാണ് എന്റെയും അനുഭവം. അല്ളെങ്കിലും നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍വരുന്ന പാവം ബംഗാളികളോട് നമ്മള്‍ കാണിക്കുന്നതിന്‍െറ നൂറിലൊന്നു വംശീയ വിവേചനം വേറൊരിടത്തും നേരിട്ടു കണ്ടിട്ടില്ല.

ഗോട്ടിന്‍ഗന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്.ഡി ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ നഗരത്തിലെ ഒരു പ്രതിമയെ ചുംബിക്കുന്ന ചടങ്ങിന്റെ ദൃശ്യം (ഫോട്ടോ: ഹരീന്ദ്രനാഥ് കടവത്ത്)

ജര്‍മനിക്കകത്തു ഗോട്ടിന്‍ഗന്‍ എത്ര മാത്രം പേരുകേട്ട നഗരമാണെന്നു ഞാന്‍ താരിഖിനോട് ചോദിച്ചു. എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു മറുപടി. ജര്‍മനിയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഗോട്ടിന്‍ഗനെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടാവില്ലത്രെ. പൊതുവെ തത്ത്വചിന്തകരുടെയും കവികളുടെയും നാടായി അറിയപ്പെടുന്ന ജര്‍മനിയില്‍ ഗോട്ടിന്‍ഗനും അവിടത്തെ ശാസ്ത്രജ്ഞരും ഒരു വലിയ കാര്യമൊന്നുമല്ലായിരിക്കും.
സംസാരത്തിനിടയില്‍ തൊട്ടടുത്ത കെട്ടിടങ്ങള്‍ ചൂണ്ടി താരിഖ് പറഞ്ഞു: ‘കാന്തിക ചിത്രങ്ങളുടെ (flash magnetic resonance imaging) വിദ്യ കണ്ടു പിടിച്ചയാള്‍ ജോലി ചെയ്യുന്നത് ആ കെട്ടിടത്തിലാണ്. സ്കെഡ് മൈക്രോസ്കോപി കണ്ടുപിടിച്ച മനുഷ്യന്‍ ഈ കെട്ടിടത്തിലും.’
ലോക ശാസ്ത്രത്തെ നയിച്ചിരുന്ന പഴയ കാലത്തെ പ്രതാപമൊന്നും ഇല്ലായിരിക്കാം. എന്നാലും, ലോകത്തെ മാറ്റിമറിക്കുന്ന ശാസ്ത്രം ഇന്നും വീട്ടുകാര്യം പോലെയാണ് ഗോട്ടിന്‍ഗന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story